പ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയിൽ കോഴിക്കറിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി സീതാറാമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ സുഹൃത്ത് അരുൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ബെലഗാവിയിലെ ഒരു സ്റ്റീൽ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. ജോലിക്കിടയിൽ താമസസ്ഥലത്ത് സുഹൃത്തുക്കൾക്കൊപ്പമുള്ള മദ്യപാനത്തിനിടയാണ് സംഭവം.
മദ്യപാനത്തിനിടെ കൂടുതൽ ചിക്കൻ കഷണങ്ങൾ കഴിച്ചു എന്നതിനെ ചൊല്ലി സീതാറാമും അരുൺ കുമാറും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ അരുൺ കുമാർ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് സീതാറാമിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സീതാറാം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം സീതാറാമിനെ ആശുപത്രിയിൽ എത്തിച്ച പ്രതി കെട്ടിടത്തിൽ നിന്നും വീണാണ് യുവാവിന് പരിക്കേറ്റതെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ പരിക്കിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അരുൺ കുമാർ കുറ്റം സമ്മതിച്ചു. സംഭവസ്ഥലത്തുനിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Tags : Deepika BreakingNews Argument ChickenCurry Arrest Stab