റെയിൽവേ സ്റ്റേഷന് സമീപം തീപിടുത്തമുണ്ടായ ഹോട്ടൽ
കോൽക്കത്ത: കോൽക്കത്തയിലെ ശിയാൽദ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ തീപിടിത്തം. തിങ്കളാഴ്ച രാവിലെ 9:15ഓടെയാണ് തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞ ഉടൻ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി. സുരക്ഷ മുൻനിർത്തി യാത്രക്കാരെയും പൊതുജനങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ഹോട്ടലിന്റെ ചില്ലുചുവരുകളും വാതിലുകളും തകർത്താണ് അഗ്നിശമന സേനാംഗങ്ങൾ അകത്തേക്ക് വെള്ളം പമ്പ് ചെയ്തത്. ഓക്സിജൻ മാസ്ക് ധരിച്ച് ഉദ്യോഗസ്ഥർ കെട്ടിടത്തിനുള്ളിൽ പ്രവേശിക്കുകയും വൻ ദുരന്തം ഒഴിവാക്കാനായി അവിടെയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പുറത്തേക്ക് മാറ്റുകയും ചെയ്തു.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഏതാനും മാസങ്ങൾക്ക് മുൻപും ഇതേ ഹോട്ടലിൽ തീപിടിത്തമുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഹോട്ടലിനോട് ചേർന്ന് ഒരു ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്. തീ സമീപത്തെ ആശുപത്രിയിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളും ഫയർഫോഴ്സ് സ്വീകരിച്ചിരുന്നു. സംഭവത്തിൽ ഇതുവരെ ആർക്കും പരിക്കേറ്റിട്ടില്ല. കൂടൂതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Tags : Deepika