കൊല്ലപ്പെട്ട അഞ്ജന, ആനി. പോലീസ് കസ്റ്റഡിയിലായ അനില.
ന്യൂയോർക്ക്: അമേരിക്കയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ മറ്റൊരു മലയാളിയുവതി പോലീസ് കസ്റ്റഡിയിലായ സംഭവത്തിൽ നടുങ്ങിയിരിക്കുകയാണ് അമേരിക്കയിലെ മലയാളി സമൂഹം.
കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബിന്റെ ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ ആനി ജേക്കബ് (35), തൃശൂർ പട്ടിക്കാട് മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ് -സുഷമ ദമ്പതികളുടെ മകൾ അഞ്ജന വിജീഷ് (35) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച കലിഫോർണിയയിലെ മിൽപിറ്റാസിലായിരുന്നു ഇരട്ടക്കൊലപാതകം.
സംഭവത്തിൽ മൂന്നിലവ് സ്വദേശിനിയായ അനില എന്ന ഇവരുടെ ഉറ്റ സുഹൃത്തായ മറ്റൊരു മലയാളി യുവതിയാണ് പോലീസ് കസ്റ്റഡിയിലായത്. എന്നാൽ, ശാന്ത സ്വഭാവക്കാരിയായ അനില ഇങ്ങനെ ചെയ്തുവെന്നു വിശ്വസിക്കാൻ ഇനിയും ഇവരെ അറിയുന്ന പലർക്കുമായിട്ടില്ല. വളരെ സൗഹാർദപരമായി ഇടപെടുന്ന സാധാരണ പെൺകുട്ടിയായിരുന്നു അനിലയെന്ന് ഇവർ പറയുന്നു.
ആനിയും അഞ്ജനയും അനിലും ഉറ്റ കൂട്ടുകാരും ഒരേ ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരുമായിരുന്നു. ഒന്നിച്ചു സിനിമ കാണാൻ പോവുകയും പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ ദിവസം ഈ കുടുംബങ്ങൾ ഒന്നിച്ചു സിനിമ കാണാനും ഒാണപ്പരിപാടികളിൽ പങ്കെടുക്കാനും പോയിരുന്നു. ഇത്രത്തോളം അടുപ്പം പുലർത്തിയ ഇവരിൽക്കിടയിൽ ഇങ്ങനെയൊരു പാതകം നടക്കാനുള്ള പ്രകോപനം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ആനിയെ ആദ്യം ഫ്ലാറ്റിൽ കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പാർക്കിംഗ് ഏരിയയിലേക്കു വിളിച്ചുവരുത്തി കാർ ഇടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. പകയോടെ നടത്തിയ കൊലപാതകം പോലെയാണ് ഈ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, കൂട്ടുകാരികൾ രണ്ടുപേരോടും ഒരു പോലെ പക തോന്നാൻ കാരണമെന്തെന്നുള്ളതാണ് മറ്റുള്ളവരെ അലട്ടുന്നത്.
അതേസമയം, ജോലി നഷ്ടപ്പെട്ടതിൽ കുറച്ച് ആഴ്ചകളായി വളരെ അസ്വസ്ഥയായിരുന്നു അനിലയെന്ന് അടുപ്പമുള്ളവർ പറയുന്നുണ്ട്. ജോലി നഷ്ടപ്പെട്ടതു മാനസിക സമ്മർദമായി മാറിയിരുന്നോയെന്ന് സംശയിക്കുന്നവരുണ്ട്. കൊല്ലപ്പെട്ട ആനിയും അഞ്ജനയും അധ്യാപകരായി ജോലി ചെയ്തുവരികയായിരുന്നു. പോലീസ് കസ്റ്റഡിയിൽ ആയതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Tags : US MurderCase Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs