ഡി. ഷീബ
ജയ്പുർ: സ്വാമി മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന ആറാമത് ഇന്ത്യൻ ഓപ്പൺ അണ്ടർ 23 അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി. ഷീബയ്ക്കു സ്വർണനേട്ടം.
വനിതകളുടെ ലോംഗ്ജംപിൽ 6.29 മീറ്റർ ക്ലിയർ ചെയ്താണ് ഷീബ സുവർണനേട്ടം സ്വന്തമാക്കിയത്. ചങ്ങനാശേരി അസംപ്ഷൻ കോളജിന്റെ താരമായ ഷീബ, തിരുവനന്തപുരം പുതിയതുറയിൽ ഉരയിക്കുന്നുപുരയിടം സ്റ്റീഫൻ-ഡയാന ദമ്പതികളുടെ മകളാണ്.
ഷീബയുടെ കായികജീവിതത്തിലെ ആദ്യ ദേശീയ സ്വർണമെഡലാണിത്. അസംപ്ഷനിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്.
കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകനായ ബൈജു ജോസഫിന്റെ കീഴിലാണ് ഷീബ പരിശീലിക്കുന്നത്. ചാന്പ്യൻഷിപ്പിന്റെ ആദ്യദിനമായ ഇന്നലെ കേരള അക്കൗണ്ടിലെത്തിയ ഏകമെഡലാണ് ഷീബയുടെ സ്വർണം.
Tags : Sheeba Under23 Athletics Sports