മഴയെ തുടർന്നു ചിന്നസ്വാമി യിലെ പിച്ച് മൂടുന്നു.
ബംഗളൂരു: ലക്നോവില് തുടങ്ങി, റാഞ്ചിയിലും ഇന്ഡോറിലും ഹൈദരാബാദിലും ആവേശം വിതച്ച്, ബംഗളൂരുവില് എത്തിനില്ക്കുന്ന ഇന്ത്യ x വെസ്റ്റ് ഇന്ഡീസ് ട്വന്റി-20 ക്രിക്കറ്റ് പരമ്പരയുടെ ക്ലൈമാക്സ് ഇന്ന്. അഞ്ചു മത്സര പരമ്പരയിലെ നാലു പോരാട്ടങ്ങള് അവസാനിച്ചപ്പോള് ഇരുടീമും രണ്ടു ജയം വീതം സ്വന്തമാക്കി.
പരമ്പര ട്രോഫി ആര്ക്കെന്നു നിശ്ചയിക്കുന്ന പെരിയ പോരാട്ടം ചിന്നസ്വാമി സ്റ്റേഡിയത്തില് അരങ്ങേറും. രാത്രി ഏഴിന് ആരംഭിക്കുന്ന മത്സരം സ്റ്റാര്സ്പോര്ട്സ് നെറ്റ് വര്ക്കിലൂടെയും ജിയൊ ഹോട്ട്സ്റ്റാറിലൂടെയും ആരാധകര്ക്കു മുന്നിലെത്തും.
സൂപ്പര് ക്ലൈമാക്സ്
ഇന്ത്യ x വെസ്റ്റ് ഇന്ഡീസ് ട്വന്റി-20 പരമ്പര അര്ഹിച്ച ക്ലൈമാക്സാണ് ഇന്നത്തേത്. ഏഷ്യ ഗെയിംസില് സ്വര്ണം നേടിയപ്പോള് ഇന്ത്യന് ടീമിനു കാര്യമായ വെല്ലുവിളി ഇല്ലായിരുന്നു. മറ്റു ടീമുകള് മുന്നിര സംഘത്തെ അയച്ചില്ലെന്നതും അതിന്റെ കാരണങ്ങളില് ഒന്ന്. എന്നാല്, വെസ്റ്റ് ഇന്ഡീസിനെതിരേ ആദ്യ ട്വന്റി-20യില് എട്ടു വിക്കറ്റ് ജയം നേടിയപ്പോള് ഇന്ത്യ ഒന്നു ഞെളിഞ്ഞു.
എന്നാല്, ഇന്ത്യ മുന്നോട്ടുവച്ച 249 പിന്തുടര്ന്നു ജയിച്ച് വിന്ഡീസ് തങ്ങളുടെ നിലപാടു വ്യക്തമാക്കി. ഇന്ഡോറില് ഇന്ത്യ 14 റണ്സ് ജയം നേടിയപ്പോള് ഹൈദരാബാദില് വിന്ഡീസ് 24 റണ്സിന്റെ വിജയത്തില്. കൊണ്ടും കൊടുത്തും ഇരുടീമും ട്രോഫിക്കായുള്ള തയാറെടുപ്പില്.
വെസ്റ്റ് ഇന്ഡീസിനെതിരായ ഏകദിന പരമ്പര 2-1നു നേടിയതിനു പിന്നാലെ ട്വന്റി-20യും നേടാനാണ് ഇന്ത്യന് ടീമിന്റെ ശ്രമം. എന്നാല്, വെറുംകൈയോടെ മടങ്ങാന് ഷായ് ഹോപ്പിന്റെ നേതൃത്വത്തിലുള്ള വിന്ഡീസ് സംഘം തയാറാകില്ല. 2019നുശേഷം ഒരു സന്ദര്ശക ടീം ഇന്ത്യന് മണ്ണില് ട്വന്റി-20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കിയിട്ടില്ലെന്നതും ചരിത്രം.
സഞ്ജു & ഹോപ്പ്
സഞ്ജു സാംസണ് തന്റെ ഇരിപ്പിടം ഉറപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്ന പരമ്പരയാണിത്. റാഞ്ചിയില് 41 പന്തില് 82, ഹൈദരാബാദില് 23 പന്തില് 56. ഈ രണ്ടു മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടെന്നതു മാറ്റിവച്ചാല്, ഇന്ത്യയുടെ ഇന്നിംഗ്സ് നയിച്ചത് സഞ്ജുവായിരുന്നു. ഹൈദരാബാദില് 248 പിന്തുടരുമ്പോള് ആദ്യ മൂന്ന് ഓവറിനുള്ളില് സഞ്ജു അര്ധസെഞ്ചുറി കടന്നെന്നത് ഇന്ത്യയുടെ ടാക്റ്റിക്കല് ഗെയിമിനുള്ള സംഭാവനയായി. അഭിഷേക് ശര്മയെ വരിഞ്ഞുമുറുക്കിയ റോസ്റ്റണ് ചേസിനെ, സഞ്ജു തെരഞ്ഞുപിടിച്ചു ശിക്ഷിച്ചെന്നതും ശ്രദ്ധേയം.
ഇന്ത്യ x വെസ്റ്റ് ഇന്ഡീസ് പരമ്പര ഷായ് ഹോപ്പിന്റെ ആണെന്നു പറഞ്ഞാല് സംശയിക്കേണ്ട. ഏകദിനത്തില് രണ്ടു സെഞ്ചുറിയടക്കം 248 പന്തില് 279 റണ്സ് ഹോപ്പ് നേടി. ട്വന്റി-20യിലും അതേ ഫോം; രണ്ടു സെഞ്ചുറി, 135 പന്തില് 261 റണ്സ്. വിന്ഡീസിനായി ഏകദിനത്തില് ഏറ്റവും കൂടുതല് സെഞ്ചുറിയില് ബ്രയാന് ലാറയെ മറികടന്നു. ട്വന്റി-20യില് ക്രിസ് ഗെയ്ലിനെ (2) പിന്തള്ളി വിന്ഡീസിനായി ഏറ്റവും കൂടുതല് സെഞ്ചുറി (3) നേട്ടം സ്വന്തമാക്കി. ഈ പരമ്പരയില് ഹോപ്പിനെ പുറത്താക്കിയ നാലു മത്സരങ്ങളിലും ഇന്ത്യ ജയിച്ചെന്നതും ശ്രദ്ധേയം.
മഴപ്പേടി
അഞ്ചാം ട്വന്റി-20യില് മഴ വില്ലനായേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നലെ മഴയെത്തുടര്ന്നു പിച്ചുകള് മൂടേണ്ടിവന്നിരുന്നു. ഇന്നും മഴയുണ്ടാകുമെന്നാണ് റിപ്പോര്ട്ട്. രാത്രി ഏഴുമുതല് ഇടിയോടുകൂടിയ മഴയാണ് പ്രവചിക്കപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഡ്രെയ്നേജ് സിസ്റ്റം ഉള്ള ഗ്രൗണ്ടാണ് ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയം.
Tags : India WestIndies T20Cricket Sports