Sports
സ്കോട്ലൻഡ്: സ്കോട്ലൻഡ് ക്രിക്കറ്റ് ടീം പേസർ ബ്രാഡ് വീൽ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. തുടർച്ചയായ പരിക്കുകളെത്തുടർന്നാണ് 30കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
വീൽ 2016ൽ ഹോങ്കോംഗിനെതിരേയാണ് സസ്കോട്ലൻഡിനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഏകദിന, ട്വന്റി20 കളിലായി 44 മത്സരങ്ങളിൽ താരം ടീമിനായി കളിച്ചു.
വർഷം ഇന്ത്യയിൽ നടന്ന ട്വന്റി20 ലോകകപ്പിലായിരുന്നു ബ്രാഡ് വീൽ അവസാനമായി കളിച്ചത്.
Sports
തിരുവനന്തപുരം: രഞ്ജി ട്രോഫി രണ്ടാം മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ കേരളം വിജയം തേടി ഇന്ന് ഒഡീഷയ്ക്കെതിരേ പോരാട്ടത്തിനിറങ്ങും.
ആദ്യ മത്സരത്തിൽ കേരളം ജാർഖണ്ഡിനോട് സമനില വഴങ്ങിയപ്പോൾ ഒഡീഷ ഗുജറാത്തിനോട് പത്ത് വിക്കറ്റിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയിരുന്നു. രാവിലെ 9.30ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Sports
സിഡ്നി: ഓസ്ട്രേലിയയിലെ ആഭ്യന്തര മത്സരമായ വണ് ഡേ കപ്പ് പോരിൽ റിക്കാർഡ് അർധ ശതകവുമായി ഓസീസ് ഓപ്പണർ ജാക്ക് ഫ്രേസർ മക്ഗുർക്.
ക്വീന്സ്ല ൻഡിനെതിരായ പോരാട്ടത്തിൽ സൗത്ത് ഓസ്ട്രേലിയക്കായി താരം വെറും 14 പന്തിൽ അർധ സെഞ്ചുറി നേടി. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ച്വറിയാണിത്.
63 പന്തിൽ 122 റണ്സ് അടിച്ചെടുത്താണ് മക്ഗുർക് ക്രീസ് വിട്ടത്.
Sports
മുംബൈ: ന്യൂസിലൻഡിനെതിരായ ഏകദിന, ടെസ്റ്റ് ക്രിക്കറ്റ് ടീമുകളെ ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യറും നയിക്കും.
നവംബർ നാലു മുതൽ 15വരെയായി അഞ്ച് ഏകദിനങ്ങളാണ് ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യ കളിക്കുക. അതിൽ ആദ്യ നാലു മത്സരങ്ങളിൽ ശുഭ്മാൻ ഗില്ലാണ് ക്യാപ്റ്റൻ.
അഞ്ചാം ഏകദിനത്തിൽ ശ്രേയസ് അയ്യർ ടീമിനെ നയിക്കും. ഏകദിന പരന്പരയ്ക്കു മുന്പായുള്ള ട്വന്റി-20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെയും ശ്രേയസ് അയ്യറാണ് നയിക്കുക.
നവംബർ 19നാണ് രണ്ടു മത്സര ടെസ്റ്റ് പരന്പര. ടെസ്റ്റ് ടീമിനെ പതിവുപോലെ ശുഭ്മാൻ ഗിൽ നയിക്കും. രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർ ഏകദിന ടീമിലുണ്ട്. ഫിറ്റ്നസ് തെളിയിച്ചാൽ കളിപ്പിക്കുമെന്ന വ്യവസ്ഥയിൽ പേസർ പ്രസിദ്ധ് കൃഷ്ണയെയും ടീമിൽ ഉൾപ്പെടുത്തി.
Sports
ബംഗളൂരു: ലക്നോവില് തുടങ്ങി, റാഞ്ചിയിലും ഇന്ഡോറിലും ഹൈദരാബാദിലും ആവേശം വിതച്ച്, ബംഗളൂരുവില് എത്തിനില്ക്കുന്ന ഇന്ത്യ x വെസ്റ്റ് ഇന്ഡീസ് ട്വന്റി-20 ക്രിക്കറ്റ് പരമ്പരയുടെ ക്ലൈമാക്സ് ഇന്ന്. അഞ്ചു മത്സര പരമ്പരയിലെ നാലു പോരാട്ടങ്ങള് അവസാനിച്ചപ്പോള് ഇരുടീമും രണ്ടു ജയം വീതം സ്വന്തമാക്കി.
പരമ്പര ട്രോഫി ആര്ക്കെന്നു നിശ്ചയിക്കുന്ന പെരിയ പോരാട്ടം ചിന്നസ്വാമി സ്റ്റേഡിയത്തില് അരങ്ങേറും. രാത്രി ഏഴിന് ആരംഭിക്കുന്ന മത്സരം സ്റ്റാര്സ്പോര്ട്സ് നെറ്റ് വര്ക്കിലൂടെയും ജിയൊ ഹോട്ട്സ്റ്റാറിലൂടെയും ആരാധകര്ക്കു മുന്നിലെത്തും.
സൂപ്പര് ക്ലൈമാക്സ്
ഇന്ത്യ x വെസ്റ്റ് ഇന്ഡീസ് ട്വന്റി-20 പരമ്പര അര്ഹിച്ച ക്ലൈമാക്സാണ് ഇന്നത്തേത്. ഏഷ്യ ഗെയിംസില് സ്വര്ണം നേടിയപ്പോള് ഇന്ത്യന് ടീമിനു കാര്യമായ വെല്ലുവിളി ഇല്ലായിരുന്നു. മറ്റു ടീമുകള് മുന്നിര സംഘത്തെ അയച്ചില്ലെന്നതും അതിന്റെ കാരണങ്ങളില് ഒന്ന്. എന്നാല്, വെസ്റ്റ് ഇന്ഡീസിനെതിരേ ആദ്യ ട്വന്റി-20യില് എട്ടു വിക്കറ്റ് ജയം നേടിയപ്പോള് ഇന്ത്യ ഒന്നു ഞെളിഞ്ഞു.
എന്നാല്, ഇന്ത്യ മുന്നോട്ടുവച്ച 249 പിന്തുടര്ന്നു ജയിച്ച് വിന്ഡീസ് തങ്ങളുടെ നിലപാടു വ്യക്തമാക്കി. ഇന്ഡോറില് ഇന്ത്യ 14 റണ്സ് ജയം നേടിയപ്പോള് ഹൈദരാബാദില് വിന്ഡീസ് 24 റണ്സിന്റെ വിജയത്തില്. കൊണ്ടും കൊടുത്തും ഇരുടീമും ട്രോഫിക്കായുള്ള തയാറെടുപ്പില്.
വെസ്റ്റ് ഇന്ഡീസിനെതിരായ ഏകദിന പരമ്പര 2-1നു നേടിയതിനു പിന്നാലെ ട്വന്റി-20യും നേടാനാണ് ഇന്ത്യന് ടീമിന്റെ ശ്രമം. എന്നാല്, വെറുംകൈയോടെ മടങ്ങാന് ഷായ് ഹോപ്പിന്റെ നേതൃത്വത്തിലുള്ള വിന്ഡീസ് സംഘം തയാറാകില്ല. 2019നുശേഷം ഒരു സന്ദര്ശക ടീം ഇന്ത്യന് മണ്ണില് ട്വന്റി-20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കിയിട്ടില്ലെന്നതും ചരിത്രം.
സഞ്ജു & ഹോപ്പ്
സഞ്ജു സാംസണ് തന്റെ ഇരിപ്പിടം ഉറപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്ന പരമ്പരയാണിത്. റാഞ്ചിയില് 41 പന്തില് 82, ഹൈദരാബാദില് 23 പന്തില് 56. ഈ രണ്ടു മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടെന്നതു മാറ്റിവച്ചാല്, ഇന്ത്യയുടെ ഇന്നിംഗ്സ് നയിച്ചത് സഞ്ജുവായിരുന്നു. ഹൈദരാബാദില് 248 പിന്തുടരുമ്പോള് ആദ്യ മൂന്ന് ഓവറിനുള്ളില് സഞ്ജു അര്ധസെഞ്ചുറി കടന്നെന്നത് ഇന്ത്യയുടെ ടാക്റ്റിക്കല് ഗെയിമിനുള്ള സംഭാവനയായി. അഭിഷേക് ശര്മയെ വരിഞ്ഞുമുറുക്കിയ റോസ്റ്റണ് ചേസിനെ, സഞ്ജു തെരഞ്ഞുപിടിച്ചു ശിക്ഷിച്ചെന്നതും ശ്രദ്ധേയം.
ഇന്ത്യ x വെസ്റ്റ് ഇന്ഡീസ് പരമ്പര ഷായ് ഹോപ്പിന്റെ ആണെന്നു പറഞ്ഞാല് സംശയിക്കേണ്ട. ഏകദിനത്തില് രണ്ടു സെഞ്ചുറിയടക്കം 248 പന്തില് 279 റണ്സ് ഹോപ്പ് നേടി. ട്വന്റി-20യിലും അതേ ഫോം; രണ്ടു സെഞ്ചുറി, 135 പന്തില് 261 റണ്സ്. വിന്ഡീസിനായി ഏകദിനത്തില് ഏറ്റവും കൂടുതല് സെഞ്ചുറിയില് ബ്രയാന് ലാറയെ മറികടന്നു. ട്വന്റി-20യില് ക്രിസ് ഗെയ്ലിനെ (2) പിന്തള്ളി വിന്ഡീസിനായി ഏറ്റവും കൂടുതല് സെഞ്ചുറി (3) നേട്ടം സ്വന്തമാക്കി. ഈ പരമ്പരയില് ഹോപ്പിനെ പുറത്താക്കിയ നാലു മത്സരങ്ങളിലും ഇന്ത്യ ജയിച്ചെന്നതും ശ്രദ്ധേയം.
മഴപ്പേടി
അഞ്ചാം ട്വന്റി-20യില് മഴ വില്ലനായേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നലെ മഴയെത്തുടര്ന്നു പിച്ചുകള് മൂടേണ്ടിവന്നിരുന്നു. ഇന്നും മഴയുണ്ടാകുമെന്നാണ് റിപ്പോര്ട്ട്. രാത്രി ഏഴുമുതല് ഇടിയോടുകൂടിയ മഴയാണ് പ്രവചിക്കപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഡ്രെയ്നേജ് സിസ്റ്റം ഉള്ള ഗ്രൗണ്ടാണ് ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയം.
Sports
ജയ്പുർ: സ്വാമി മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന ആറാമത് ഇന്ത്യൻ ഓപ്പൺ അണ്ടർ 23 അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി. ഷീബയ്ക്കു സ്വർണനേട്ടം.
വനിതകളുടെ ലോംഗ്ജംപിൽ 6.29 മീറ്റർ ക്ലിയർ ചെയ്താണ് ഷീബ സുവർണനേട്ടം സ്വന്തമാക്കിയത്. ചങ്ങനാശേരി അസംപ്ഷൻ കോളജിന്റെ താരമായ ഷീബ, തിരുവനന്തപുരം പുതിയതുറയിൽ ഉരയിക്കുന്നുപുരയിടം സ്റ്റീഫൻ-ഡയാന ദമ്പതികളുടെ മകളാണ്.
ഷീബയുടെ കായികജീവിതത്തിലെ ആദ്യ ദേശീയ സ്വർണമെഡലാണിത്. അസംപ്ഷനിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്.
കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകനായ ബൈജു ജോസഫിന്റെ കീഴിലാണ് ഷീബ പരിശീലിക്കുന്നത്. ചാന്പ്യൻഷിപ്പിന്റെ ആദ്യദിനമായ ഇന്നലെ കേരള അക്കൗണ്ടിലെത്തിയ ഏകമെഡലാണ് ഷീബയുടെ സ്വർണം.
Sports
ചണ്ഡിഗഡ്: ദേശീയ വനിതാ അണ്ടർ 19 ട്വന്റി-20 ക്രിക്കറ്റ് ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ കേരളത്തിനു ജയം.
മിസോറമിനെ ഒന്പതു വിക്കറ്റിനു കേരളം തോൽപിച്ചു. ആദ്യം ബാറ്റ് ചെയ്ത മിസോറാമിനെ 83 റൺസിൽ ഒതുക്കിയ കേരളം, 37 പന്തുകൾ ബാക്കിനിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. കേരളത്തിനു നോക്കൗട്ടിൽ പ്രവേശിക്കാൻ സാധിച്ചില്ല. സ്കോർ: മിസോറം 20 ഓവറിൽ 83/8. കേരളം 13.5 ഓവറിൽ 87/1.
കേരളത്തിനുവേണ്ടി പാർവതി കുഞ്ഞുമോൻ, സി.വി. അനുഷ്ക, ഇഷിത എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
കേരളത്തിന്റെ അമീറ ബീഗം 36ഉം എൻ.എസ്. ആര്യനന്ദ 18ഉം റൺസ് നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ശ്രേയ സിജുവിന്റെ (19) വിക്കറ്റാണ് കേരളത്തിനു നഷ്ടപ്പെട്ടത്.
Sports
ബംഗളൂരു: വെസ്റ്റ് ഇന്ഡീസിനെതിരായ അഞ്ചാം ട്വന്റി-20യില് പരിക്കേറ്റ പേസര് അര്ഷദീപ് സിംഗിനു പകരം സ്വിംഗ് കിംഗ് ഭുവനേശ്വര് കുമാര് ഇന്ത്യന് ടീമില്.
ഹൈദരാബാദില് നടന്ന നാലാം ട്വന്റി-20യില് വിന്ഡീസിന്റെ ഷമര് ജോസഫിന്റെ പന്തുകൊണ്ട് അര്ഷദീപിന്റെ തോളിനു പരിക്കേറ്റു. പ്രഗ്യാന് ഓജയുടെ നേതൃത്വത്തിലുള്ള ഇടക്കാല സെലക്ഷന് കമ്മിറ്റിയാണ് ഭുവിയെ ടീമിനൊപ്പം ചേര്ത്തത്.
ന്യൂസിലന്ഡിന് എതിരേ നടക്കാനിരിക്കുന്ന എവേ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമില് ഭുവനേശ്വര് കുമാര് ഇടം നേടിയിരുന്നു. 2022 നവംബറിലാണ് ഭുവി ഇന്ത്യന് ജഴ്സിയില് അവസാന ട്വന്റി-20 കളിച്ചത്.
ഞായറാഴ്ച ന്യൂസിലന്ഡിലേക്കു പുറപ്പെടേണ്ട ഇന്ത്യന് സംഘത്തില് അര്ഷദീപ് സിംഗും ഉണ്ട്.
Sports
സാല്സ്ബര്ഗ്: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളില് ഇറ്റാലിയന് ഗ്ലാമര് ടീമായ എസി മിലാനു മിന്നും ജയം.
എവേ പോരാട്ടത്തില് ഓസ്ട്രിയന് സംഘമായ എഫ്സി റെഡ് ബൂള് സാല്സ്ബര്ഗിനെ മറുപടിയില്ലാത്ത നാലു ഗോളിനാണ് എസി മിലാനെ കീഴടക്കിയത്.
ആല്ഫാജൊ സിസെയുടെ ഹാട്രിക് എസി മിലാന്റെ ജയത്തിന് ഇന്ധനമേകി. 15, 32, 49 മിനിറ്റുകളിലായിരുന്നു സിസെയുടെ ഗോള്. 72-ാം മിനിറ്റില് ഗോണ്സാലൊ ഗോമസ് മിലാന്റെ അക്കൗണ്ട് പൂര്ത്തിയാക്കി.
Sports
റായ്പുർ: സിംബാബ്വെയ്ക്കെതിരായ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്കു മിന്നും ജയം. മൂന്നു മത്സര പരന്പരയിലെ ആദ്യമത്സരത്തിൽ നാലു വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
സ്കോർ: സിംബാബ്വെ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 114. ഇന്ത്യ 15.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 116.
ഷാമി മയേഴ്സ് (33 പന്തിൽ 43), കെല്ലിസ് എൻഡോൾവ് (44 പന്തിൽ 42) എന്നിവരാണ് സിംബാബ്വെ ഇന്നിംഗ്സിലെ ടോപ് സ്കോറേഴ്സ്. ഇന്ത്യയുടെ പ്രത്യാക്രമണം നയിച്ചത് ദീപ്തി ശർമയും (37 പന്തിൽ 49) നിക്കി പ്രസാദുമായിരുന്നു (35 പന്തിൽ 39 നോട്ടൗട്ട്). ക്യാപ്റ്റൻ സ്മൃതി മന്ദാന (9), ഷെഫാലി വർമ (4), അനുഷ്ക ശർമ (4), ഹർമൻപ്രീത് കൗർ (1) എന്നിവർ രണ്ടക്കം കാണാതെ മടങ്ങി.
Sports
ഷാങ്ഹായ്: ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നീസ് പുരുഷ സിംഗിള്സില് റഷ്യയുടെ ഡാനില് മെദ്വദേവ് സെമിയില്. ക്വാര്ട്ടറില് അമേരിക്കയുടെ ടോമി പോളിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില് മെദ്വദേവ് കീഴടക്കി. സ്കോര്: 6-3, 1-6, 6-3.
രണ്ടാം സെമിയില് മെദ്വദേവും സ്പെയിനിന്റെ റാഫേല് ജോദറും ഏറ്റുമുട്ടും.
Sports
കോപ്പന്ഹേഗന്: ഡെന്മാര്ക്ക് ഓപ്പണ് ബാഡ്മിന്റണിന്റെ വനിതാ ഡബിള്സില്നിന്ന് ഇന്ത്യയുടെ ട്രീസ ജോളി - ഗായത്രി ഗോപിചന്ദ് സഖ്യം പുറത്ത്. ക്വാര്ട്ടറില് മലേഷ്യയുടെ പേളി താന് - തിന മുരളീധരന് കൂട്ടുകെട്ടിനോടു പരാജയപ്പെട്ടാണ് ട്രീസ - ഗായത്രി സഖ്യം പുറത്തായത്.
സ്കോര്: 21-14, 17-21, 11-21. ആദ്യ ഗെയിം സ്വന്തമാക്കിയശേഷമായിരുന്നു ഇന്ത്യന് സഖ്യം തലകുനിച്ചത്. ലോക 18-ാം നമ്പറായ ട്രീസയും ഗായത്രിയും ആദ്യ ഗെയിമില് 6-4ന്റെ ലീഡ് സ്വന്തമാക്കി മുന്നേറ്റം തുടങ്ങി. ആ കുതിപ്പില് ഗെയിം നേടുകയും ചെയ്തു.
എന്നാല്, രണ്ടും മൂന്നും ഗെയിമില് താളംതെറ്റി. 20 മുതല് 25വരെ നടക്കുന്ന ഫ്രഞ്ച് ഓപ്പണ് ആണ് കണ്ണൂര് സ്വദേശിയായ ട്രീസയുടെയും ഗോപിചന്ദിന്റെ മകളായ ഗായത്രിയുടെയും അടുത്ത ടൂര്ണമെന്റ്.
Sports
വുഹാന്: വുഹാന് ഓപ്പണ് ടെന്നീസ് വനിതാ സിംഗിള്സില് പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് സെമി ഫൈനലില്.
ക്വാര്ട്ടറില് അമേരിക്കയുടെ അന്ന ലിയെ നേരിട്ടുള്ള സെറ്റുകള്ക്കു കീഴടക്കിയാണ് ഇഗ ഷ്യൂങ്ടെക്കിന്റെ സെമിപ്രവേശം. സ്കോര്: 6-4, 6-1.
അതേസമയം, യുക്രെയ്നിന്റെ എലിന സ്വിറ്റോളിന ക്വാര്ട്ടറില് പുറത്തായി. ബ്രിട്ടന്റെ സോണി കാര്ടലാണ് സ്വിറ്റോളിനയെ തോല്പിച്ചത്. സ്കോര്: 2-6, 6-2, 4-6.
Sports
ഇന്ത്യയുടെ വനിത സ്റ്റാർ ക്രിക്കറ്റർ സ്മൃതി മന്ദാന നായികയായി ഇന്ന് അരങ്ങേറും. സിംബാബ്വെയ്ക്കെതിരായ മൂന്ന് ട്വന്റി20 മത്സരങ്ങളിൽ ആദ്യ പോരാട്ടം ഇന്ന് നടക്കുന്പോൾ ടീമിനെ നയിക്കുന്നത് സ്മൃതി മന്ദാനയാണ്. ഹർമൻപ്രീത് കൗർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സ്മൃതി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്.
രണ്ട് ഡബ്ല്യുപിഎൽ കിരീടങ്ങൾ നേടിയ ശേഷമാണ് സ്മൃതി ഇന്ത്യയുടെ ദേശീയ ടീം ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുന്നത്. ഡബ്ല്യുപിഎലിൽ മൂന്ന് തവണ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നയിച്ച് രണ്ട് കിരീട നേട്ടമാണ് സ്മൃതിക്കുള്ളത്. സഹതാരങ്ങൾക്ക് പിന്തുണ നൽകുന്നതിലും തീരുമാനങ്ങൾ കൃത്യയതയോടെ എടുക്കുന്നതിലും മികവുള്ള സ്മൃതിയുടെ നേതൃപാടവം ഇന്ത്യക്ക് കരുത്താകും.
മുൻഗാമിയായ ഹർമൻപ്രീത് കൗർ സ്വീകരിച്ച ആക്രമണോത്സുക ശൈലി സ്മൃതി പിന്തുടരുമോ? ക്യാപ്റ്റൻ എന്ന നിലയിലെ ഉത്തരവാദിത്വങ്ങൾ താരത്തിന്റെ അഗ്രസീവ് ബാറ്റിംഗിനെ ബാധിക്കുമോ? തുടങ്ങി ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് പരന്പരയില് ലഭ്യമാകുക.
ഹർമന് സ്പേസ്
ഹർമൻപ്രീതിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന അന്തരീക്ഷം ഒരുക്കുക എന്നതും സ്മൃതി മന്ദാനയ്ക്ക് വെല്ലുവിളിയാണ്. മുൻ ക്യാപ്റ്റന്മാര്ക്ക് തങ്ങൾ പ്രധാന തീരുമാനങ്ങൾ എടുക്കുന്നവരായി ഇല്ലാത്ത സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നത് പ്രയാസകരമാകും. എന്നാൽ ഡബ്ല്യുപിഎല്ലിൽ പ്രകടമായ മന്ദാനയുടെ നായക മികവിനൊപ്പം സഹതാരങ്ങളുമായി ബന്ധം സ്ഥാപിക്കാനും അവരെ ഉൾക്കൊള്ളാനുമുള്ള കഴിവ് പ്രതീക്ഷ പകരുന്നതാണ്.
വെല്ലുവിളി
ഏഷ്യാ കപ്പും ഏഷ്യൻ ഗെയിംസ് കിരീടങ്ങളും ഉൾപ്പടെ സമീപകാലത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചച്ചെങ്കിലും ഇന്ത്യയുടെ ട്വന്റി20 പ്രകടനം മറ്റ് ടീമുകളെ അപേക്ഷിച്ച് പിന്നിലാണ്. പ്രത്യേകിച്ച് 2020ന് ശേഷം നടന്ന ട്വന്റി20 ലോകകപ്പുകളിൽ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ ടീമുകൾക്കെതിരേ വിജയിക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഈ വെല്ലുവിളി മറികടക്കുകയും മന്ദാനയുടെ ലക്ഷ്യമാണ്.
സിംബാബ്വെയ്ക്കെതിരായ ഹോം പരന്പര മന്ദാനയ്ക്ക് ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച തുടക്കമായിരിക്കും. അടുത്ത വർഷത്തെ ചാന്പ്യൻസ് ട്രോഫി, 2028ലെ ട്വന്റി20 ലോകകപ്പ്, ലോസ് ആഞ്ചലസ് ഒളിന്പിക്സ് എന്നിവയ്ക്കായി ഇന്ത്യ തയാറെടുക്കുന്പോൾ സ്മൃതി മന്ദാനയുടെ കൃത്യമായ തയാറെടുപ്പുകളും മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള സന്നദ്ധതയും നിർണായക പങ്ക് വഹിക്കും.
Sports
അരീന: ഡെൻമാർക്ക് ഓപ്പണ് 2026 ബാഡ്മിന്റണ് പുരുഷ സിംഗിൾസ് പ്രീ-ക്വാർട്ടർറിൽ കിഡംബി ശ്രീകാന്ത് ലോക ചാന്പ്യൻ അലക്സ് ലാനിയറിനോട് പരാജയപ്പെട്ടു.
ഒരു മണിക്കൂറും ആറ് മിനിറ്റും നീണ്ട പോരാട്ടത്തിൽ 21-11, 15-21, 15-21 സ്കോറിനായിരുന്നു ശ്രീകാന്തിന്റെ പരാജയം.
വനിത സിംഗിൾസിലും നിരാശ. അഷ്മിത ചാലിഹ നേരിട്ടുള്ള സെറ്റുകൾക്ക് യാമഗുചിയോട് പരാജയപ്പെട്ടു. 21-18, 21-10 സ്കോറിനായിരുന്നു അഷ്മിതയുടെ തോൽവി.
Sports
ന്യൂഡൽഹി: ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി കളിക്കാരെ വെച്ചുമാറി സണ്റൈസേഴ്സ് ഹൈദരാബാദും ഡൽഹി ക്യാപിറ്റൽസും. ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന ഇടങ്കയ്യൻ പേസർ ടി. നടരാജൻ തന്റെ പഴയ ടീമായ സണ്റൈസേഴ്സ് ഹൈദരാബാദിലേക്ക് തിരിച്ചെത്തി.
ലെഗ് സ്പിന്നർ ഷീഷാൻ അൻസാരി സണ്റൈസേഴ്സിൽനിന്ന് ഡൽഹി ക്യാപിറ്റൽസിലേക്ക് മാറി. 2025ലെ ലേലത്തിൽ 10.75 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് നടരാജനെ സ്വന്തമാക്കിയത്. എന്നാൽ നിലവിൽ അഞ്ച് കോടി രൂപയുടെ പുതുക്കിയ പ്രതിഫലത്തിലാണ് നടരാജൻ 2016ലെ ചാന്പ്യന്മാരായ ഹൈദരാബാദിലേക്ക് തിരിച്ചെത്തുന്നത്.
ഐപിഎൽ 2026 സീസണിൽ ഹൈദരാബാദിനായി പന്തെറിഞ്ഞ 26കാരനായ സീഷാൻ അൻസാരി തന്റെ നിലവിലെ പ്രതിഫലമായ 40 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ ചേരും.
2020 മുതൽ 2024 വരെയുള്ള അഞ്ച് സീസണുകളിൽ സണ്റൈസേഴ്സ് നിരയിലെ അവിഭാജ്യ ഘടകമായിരുന്നു നടരാജൻ.
Sports
ഹൈദരാബാദ്: ട്വന്റി20 ക്രിക്കറ്റിൽ മറ്റൊരു നേട്ടം കൂടി പേരിൽ കുറിച്ച് മലയാളി താരം സഞ്ജു സാംസണ്. രാജ്യാന്തര ട്വന്റി20യിൽ നൂറു സിക്സ് തികയ്ക്കുന്ന ആറാമത് ഇന്ത്യൻ ബാറ്ററെന്ന നേട്ടമാണ് സഞ്ജു സാംസണ് സ്വന്തമാക്കിയത്.
വെസ്റ്റിൻഡീസിനെതിരായ നാലാം ട്വന്റി20 മത്സരത്തിലാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ ടീമിന്റെ സിക്സുകളുടെ എണ്ണം 2,000 കടക്കുകയും ചെയ്തു.
രാജ്യാന്തര ട്വന്റി20യിൽ നിലവിൽ 102 സിക്സുള്ള സഞ്ജു നൂറു സിക്സ് ക്ലബ്ബിലെത്തുന്ന ആറാമത് ഇന്ത്യൻ താരമാണ്. 205 സിക്സുമായി രോഹിത് ശർമയാണ് പട്ടികയിൽ ഒന്നാമത്.
179 സിക്സുകളോടെ സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്തുണ്ട്. 141 സിക്സുള്ള അഭിഷേക് ശർമയാണ് മൂന്നാമത്. ഹാർദിക് പാണ്ഡ്യ (126), വിരാട് കോലി (124) എന്നിവരാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിൽ.
2026ൽ ഇതുവരെ കളിച്ച 24 മത്സരങ്ങളിൽ നിന്നായി 178.44 സ്ട്രൈക്ക് റേറ്റില് സഞ്ജു 687 റണ്സ് നേടിയിട്ടുണ്ട്.
Sports
ഐച്ചി-നഗോയ: ഐച്ചി-നഗോയയിൽ നടക്കുന്ന 2026 പാരാ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടികയും ഇനങ്ങളുമടങ്ങുന്ന പട്ടിക പുറത്തിറക്കി.
ഏഷ്യൻ പാരാ ഗെയിംസിന്റെ അഞ്ചാം പതിപ്പ് 18 മുതൽ 24 വരെ ഐച്ചി-നഗോയയിലാണ് നടക്കുന്നത്. 19 ഇനങ്ങളിലായി 45 രാജ്യങ്ങൾ ഗെയിംസിൽ മത്സരിക്കും.
പാരാ ഗെയിംസിലെ തങ്ങളുടെ മികച്ച പ്രകടനം തുടരുകയാണ് ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം. ചൈനയിലെ ഹാങ്ഷൂവിൽ നടന്ന കഴിഞ്ഞ ഏഷ്യൻ പാരാ ഗെയിംസിൽ 27 സ്വർണ മെഡലുകൾ ഉൾപ്പടെ ആകെ 108 മെഡലുകൾ എന്ന റിക്കാർഡ് നേട്ടം ഇന്ത്യ കൈവരിച്ചിരുന്നു.
2026ലെ പതിപ്പിനായി 11 കായിക ഇനങ്ങളിലായി മത്സരിക്കാൻ 168 കായികതാരങ്ങളുടെ പട്ടികയാണ് ഇന്ത്യ തയാറാക്കിയത്. പാരാലിന്പിക്സിൽ രണ്ടുതവണ ചാന്പ്യന്മാരായ സുമിത് ആന്റിൽ, അവനി ലേഖാറ എന്നിവരും ഉൾപ്പെടുന്നു. ഐച്ചി-നഗോയയിൽ ഇന്ത്യക്ക് സ്വർണ പ്രതീക്ഷയുള്ള താരങ്ങളാണ് ഇരുവരും.
ജാവലിൻ ത്രോ എഫ്64, 10 മീറ്റർ എയർ റൈഫിൾ എന്നീ ഇനങ്ങളിൽ നിലവിലെ ചാന്പ്യന്മാരായാണ് ഇരുവരും മത്സരത്തിനിറങ്ങുന്നത്.
Sports
ന്യൂഡൽഹി: അജിത് അഗാർക്കറിന് പകരം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടർ സ്ഥാനത്തേക്ക് മുൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ വരില്ല.
പാർഥിവ് ഇതുവരെ ബിസിസിഐക്ക് അപേക്ഷ നൽകിയിട്ടില്ല.
നിലവിലെ ഇടക്കാല അധ്യക്ഷനും മുൻ സ്പിന്നറുമായ പ്രഗ്യാൻ ഓജ തന്നെ ഇന്ത്യൻ ടീം ചീഫ് സെലക്്ടറായി പൂർണസമയ ചുമതലയിൽ തുടരും.
Sports
മിലാൻ: ചാന്പ്യൻസ് ലീഗിൽ തകർപ്പൻ ജയവുമായി പാരീസ് സെയ്ന്റ് ജർമെൻ (പിഎസ്ജി) ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. മാഞ്ചസ്റ്റർ സിറ്റിയെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പിഎസ്ജി വീഴ്ത്തിയത്. ഡെസിറെ ദൂവേ (13’), ഉസ്മാൻ ഡെംബലെ (15’), വിറ്റിന്യ (32’) എന്നിവരാണ് ആദ്യ പകുതിയിൽ പിഎസ്ജിക്കായി വലകുലുക്കിയത്.
രണ്ടാം പകുതിയിൽ എർലിംഗ് ഹാളണ്ടിലൂടെ (53’, 75’) സിറ്റി രണ്ട് ഗോളുകൾ തിരിച്ചടിച്ചെങ്കിലും തോൽവി തടയാനായില്ല. പിഎസ്ജിക്കായി മാഗ്നസ് അക്ലിയൂഷ് (63’) നാലാം ഗോൾ നേടി.
റയൽ മാജിക്
രണ്ട് ഗോളുകൾക്ക് പിന്നിൽനിന്ന ശേഷം റയൽ മാഡ്രിഡിന്റെ വന്പൻ തിരിച്ചുവരവ്. എഎസ് റോമയ്ക്കെതിരേ അവസാന മിനിറ്റുകളിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് റയൽ മാഡ്രിഡ് 4-3ന്റെ അവിശ്വസനീയ വിജയം സ്വന്തമാക്കിയത്.
ലിവർപൂളിനും വില്ലയ്ക്കും ജയം
മറ്റൊരു മത്സരത്തിൽ എൽഎഎസ്കെയെ 6-3ന് ലിവർപൂൾ തകർത്തു. ലിവർപൂളിനായി ബ്രാഡ്ലി ബാർകോള ഹാട്രിക് ഗോൾ നേടി. തുർക്കിഷ് ക്ലബ്ബായ ഫെനർബാഷെയെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് ആസ്റ്റണ് വില്ല തകർത്തു.
Sports
സ്യൂറിച്ച്: തന്റെ വിമർശകരോട് ക്ഷമ ചോദിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. വ്യാഴാഴ്ച നടന്ന ഫിഫ ഭരണസമിതി യോഗത്തിൽവച്ചാണ് വിവാദ സംഭവങ്ങളുടെ വിവരങ്ങളോ രേഖകളോ പങ്കുവയ്ക്കാതെ ഇൻഫാന്റിയോ ക്ഷമ അറിയിച്ചത്.
ജൂലൈയിൽ അദ്ദേഹം അവതരിപ്പിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത 4.2 ബില്യണ് ഡോളർ മൂല്യമുള്ള പദ്ധതിയെക്കുറിച്ചുള്ള രേഖകൾ നൽകിയില്ല.
കഴിഞ്ഞ ലോകകപ്പിൽ ഫോളാറിൻ ബലോഗുന് ലഭിച്ച റെഡ് കാർഡ് സംഭവത്തെക്കുറിച്ചും ദേശീയ ടീം മുന്നേറ്റനിര താരത്തെ സഹായിക്കാൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇടപെടലിനെക്കുറിച്ചുള്ളതുമടക്കം വിശദാംശങ്ങളൊന്നും അദ്ദേഹം പങ്കുവച്ചില്ല.
Sports
മിലാൻ: ചാന്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയൻ എംബപ്പെ. റോമയ്ക്കെതിരേ എസ്റ്റാഡിയോ ഒളിന്പിക്കോയിൽ നടന്ന മത്സരത്തിലാണ് 27-ാം വയസിൽ എംബപ്പെ ഈ നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തിൽ റയൽ മാഡ്രിഡ് 4-3ന് വിജയിച്ചു.
2015 സെപ്റ്റംബറിൽ റോമയ്ക്കെതിരേ തന്നെ 28-ാം വയസിൽ ഈ റിക്കാഡ് കുറിച്ച ലയണൽ മെസിയുടെ നേട്ടമാണ് എംബപ്പെ മറികടന്നത്. 17-ാം വയസിൽ, 2016 സെപ്റ്റംബറിൽ മൊണാക്കോയ്ക്ക് വേണ്ടിയായിരുന്നു എംബപ്പെയുടെ ചാന്പ്യൻസ് ലീഗ് അരങ്ങേറ്റം.
പരിശീലകൻ ഹോസെ മൗറീഞ്ഞോയുടെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ സെന്റർ ഫോർവേഡായി ഇറങ്ങിയ എംബാപ്പെ തന്റെ 72-ാം ചാന്പ്യൻസ് ലീഗ് ഗോളും നേടി. ഇതോടെ മുൻ റയൽ താരം റൗൾ ഗോണ്സാലസിനെ മറികടന്ന് ചാന്പ്യൻസ് ലീഗ് എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ എംബപ്പെ അഞ്ചാം സ്ഥാനത്തെത്തി. കഴിഞ്ഞ ചാന്പ്യൻസ് ലീഗ് സീസണിൽ 15 ഗോളുകളോടെ എംബപ്പെ ഗോൾവേട്ടയിൽ ഒന്നാമതായിരുന്നു.
റിക്കാർഡ് തകർത്ത് ഹാളണ്ട്
പിഎസ്ജിക്കെതിരായ മത്സരത്തിൽ മാഞ്ചെസ്റ്റർ സിറ്റി 4-2ന് തോൽവി വഴങ്ങിയെങ്കിലും ഇരട്ട ഗോളുകൾ നേടിയ എർലിംഗ് ഹാളണ്ട് ടൂർണമെന്റിലെ തന്റെ ഗോൾ നേട്ടം 61ൽ എത്തിച്ചു.
ഇതോടെ ചാന്പ്യൻസ് ലീഗിൽ 60 ഗോളുകൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഹാളണ്ട് സ്വന്തമാക്കി. 26 വയസും 85 ദിവസവും പ്രായമുള്ളപ്പോഴാണ് ഹാളണ്ടിന്റെ നേട്ടം. മെസിയുടെ റിക്കാർഡ് ഒരു ദിവസത്തിന്റെ വ്യത്യാസത്തിലാണ് ഹാളണ്ട് മറികടന്നത്.
Sports
വുഹാൻ (ചൈന): വുഹാൻ ഓപ്പണ് വനിത സിംഗിൾസ് ടെന്നീസിൽ ഇഗ ഷ്യാങ്ടെക്കിനും എലീന സ്വിറ്റോലിനയ്ക്കും ജയം. ഇഗ ഷ്യാങ്ടെക്കിന്റെ ജയം അനായാസമായിരുന്നു.
6-1, 6-4 സ്കോറിനാണ് താരം ആഷ്ലിൻ ക്രൂഗരെയെ പരാജയപ്പെടുത്തിയത്. സ്വിറ്റോലിന 6-1, 6-4 സ്കോറിന് ഗ്യൂ ഹാന്യുനെ തോൽപ്പിച്ചു.
അതേസമയം പത്താം സീഡ് ഇവ ജോവിക്കിനെ 4-6, 1-6 സ്കോറിന് 16-ാം സീഡ് മജ ചൗലിൻസ്ക അട്ടിമറിച്ചു. 15-ാം സീഡ് ജാസ്മിൻ പൗലിനിയും അട്ടിമറിയിൽ പരാജയം രുചിച്ചു.
Sports
മാഡ്രിഡ്: വിയ്യാറയലിനെതിരേയുള്ള മത്സരത്തിനിടെ എതിർതാരത്തിന്റെ മുടിയിൽ പിടിച്ചുവലിച്ചതിനും റഫറിയോട് പ്രകോപിതനായി സംസാരിച്ചതിനും റയൽ മാഡ്രിഡ് താരം വിനിസ്യൂസ് ജൂനിയറിന് നാല് ലീഗ് മത്സരങ്ങളിൽ വിലക്ക്. സ്പാനിഷ് സോക്കർ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് താരത്തിനുള്ള ശിക്ഷ പ്രഖ്യാപിച്ചത്.
എതിർതാരത്തിന്റെ മുടിയിൽ പിടിച്ചുവലിച്ചതിന് രണ്ട് മത്സരങ്ങളിൽ വിലക്കും റഫറിയോട് നടത്തിയ പ്രതിഷേധത്തിന് രണ്ട് മത്സരങ്ങളിലെ വിലക്കുമാണ് ശിക്ഷ. വിലക്കിനെ തുടർന്ന് താരത്തിന് ബാഴ്സലോണയ്ക്കെതിരായ നിർണായകമായ ’എൽ ക്ലാസിക്കോ’ മത്സരം നഷ്ടമാകും. കൂടാതെ റേസിംഗ് സന്റാണ്ടർ, വലൻസിയ എന്നിവർക്കെതിരായ എവേ മത്സരങ്ങളിലും താരത്തിന് കളിക്കാനാകില്ല.
വിയ്യാറയലിനെതിരേ 1-0 ന് റയൽ വിജയിച്ച മത്സരത്തിന്റെ 73-ാം മിനിറ്റിലാണ് സംഭവം. പന്തുമായി മുന്നേറുന്നതിനിടെ വിയ്യാറയൽ താരം നഥാൻ സാലിബയുടെ മുടിയിൽ ശക്തമായി പിടിച്ചുവലിച്ചതിനാണ് വിനിസ്യൂസിന് റെഡ് കാർഡ് ലഭിച്ചത്.
റെഡ് കാർഡ് കണ്ടതിന് ശേഷം റഫറി ഇസിഡ്രോ ഡയസ് ഡി മേറയോട് വിനിസ്യൂസ് രോഷാകുലനായി സംസാരിച്ചു. സഹതാരങ്ങൾ തടഞ്ഞുനിർത്താൻ ശ്രമിക്കവെയാണ് വിനിസ്യൂസ് റഫറിയോട് ഉച്ചത്തിൽ സംസാരിച്ചതെന്ന് മത്സര റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിമർശനവുമായി മൗറീഞ്ഞോ
ബുധനാഴ്ച റോമയ്ക്കെതിരായ റയൽ മാഡ്രിഡിന്റെ ചാന്പ്യൻസ് ലീഗ് പോരാട്ടത്തിന് തൊട്ടുമുന്പാണ് വിലക്ക് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
ഇത്തരം തീരുമാനങ്ങൾ പ്രഖ്യാപിച്ച സമയത്തെ കടുപ്പത്തിൽ വിമർശിച്ച മൗറീഞ്ഞോ യാതൊരു നാണവുമില്ലാതെയാണ് അധികൃതർ കാര്യങ്ങൾ ചെയ്യുന്നതെന്നും ആരോപിച്ചു.
Sports
കോട്ടയം: മുംബൈയിൽ നടന്ന 2026ലെ ഏഴാം ഐസിഎസ്ഇ (സിഐഎസ്സിഇ) നാഷണൽ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി മലയാളി വിദ്യാർഥി. അണ്ടർ 17 ഇൻലൈൻ റോഡ് 1 ലാപ് ഇവന്റിലാണ് പള്ളം ബിഷപ്പ് സ്പീച്ച്ലി വിദ്യാപീഠത്തിലെ പത്താം ക്ലാസ് വിദ്യാർഥി റയൻ ബിനോ എബ്രഹാമിന്റെ നേട്ടം.
കോട്ടയത്തെ ഹോട്ട് വീൽസ് റോളർ സ്കേറ്റിംഗ് ക്ലബ്ബിൽ പരിശീലകൻ സി.പി. പ്രസന്നന്റെ കീഴിലാണ് പരിശീലനം. സഹോദരി കിരൺ മാർഗരറ്റ് ബിനോയും അനുജൻ ജോനാഥൻ ജോൺസ് ബിനോയും ജില്ലാ-സംസ്ഥാന തല റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പുകളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കോട്ടയം പൂവന്തുരുത്ത് പുത്തൻപറമ്പിൽ ബിനോമോൻ ഏബ്രഹാം- അഡ്വ. സീനിക്സ് ബിനോ ദമ്പതികളുടെ മകനാണ് റയൻ.
Sports
മാഡ്രിഡ്/മിലാന്: യുവേഫ ചാമ്പ്യന്സ് ലീഗില് ഇംഗ്ലീഷ് ഗ്ലാമര് ടീമായ മാഞ്ചസ്റ്റര് യുണൈറ്റഡും ഇറ്റാലിയന് കരുത്തരായ ഇന്റര് മിലാനും ഞെട്ടറ്റു. അതേസമയം, ജര്മന് ശക്തികളായ എഫ്സി ബയേണ് മ്യൂണിക്ക് ഞെട്ടിയെങ്കിലും സമനിലയോടെ രക്ഷപ്പെട്ടു.
സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിനു മുന്നിലാണ് 2-0നു മാഞ്ചസ്റ്റര് യുണൈറ്റഡ് വീണത്. മത്സരത്തിന്റെ 49-ാം സെക്കന്ഡില് അത്ലറ്റിക്കോ മാഡ്രിഡ് ലീഡ് നേടി. പാബ്ലൊ ബാരിയോസിന്റെ വകയായിരുന്നു ഗോള്. അത്ലറ്റിക്കോ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളാണിത്.
ബ്രൂഗയുടെ ചരിത്രം
ബെല്ജിയന് ക്ലബ്ബായ, ക്ലബ് ബ്രൂഗയാണ് ഇന്റര് മിലാനെ ഞെട്ടിച്ചത്. ഇന്റര് മിലാന് എതിരേ ബെല്ജിയന് ക്ലബ്ബിന്റെ ആദ്യജയം. ഇന്ററിന്റെ ഹോം ഗ്രൗണ്ടായ സാന്സിറൊയില് അരങ്ങേറിയ, ഏഴു ഗോള് ത്രില്ലറില് 4-3നു ബ്രൂഗ ജയമാഘോഷിച്ചു. ഒരു ഇറ്റാലിയന് ക്ലബ്ബിനെതിരേ ബെല്ജിയന് ക്ലബ്ബ് ആദ്യമായാണ് യൂറോപ്യന് പോരാട്ടത്തില് നാലു ഗോള് നേടുന്നത്.
ഇറ്റലിയിൽ ജനിച്ച, ജര്മന് അണ്ടര് 21 ടീമില് കളിച്ച നിക്കോളോ ട്രെസോള്ഡിന്റെ ഹാട്രിക്കാണ് ക്ലബ് ബ്രൂഗയെ ചരിത്രജയത്തിലെത്തിച്ചതെന്നതാണ് വാസ്തവം.
മാസ് വൈക്കിംഗ്
ജര്മന് വമ്പന്മാരായ എഫ്സി ബയേണ് മ്യൂണിക്കിനെ 3-3ന്റെ സമനിലയില് തളച്ച് നോര്വീജിയന് ക്ലബ്ബായ വൈക്കിംഗ് എഫ്കെ യൂറോപ്പിനെ ഞെട്ടിച്ചു.
വൈക്കിംഗിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു. ആദ്യ പകുതിയില്തന്നെ വൈക്കിംഗ് 2-0ന്റെ ലീഡ് നേടി.
Sports
ജംഷഡ്പുര്: കേരളം x ജാര്ഖണ്ഡ് രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടം സമനിലയില്. ഫോളോ ഓണ് ചെയ്ത് രണ്ടാം ഇന്നിംഗ്സിനായി ബാറ്റിംഗിന് ഇറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില് 62 റണ്സെടുത്ത് നില്ക്കെ കളി സമനിലയില് അവസാനിപ്പിക്കാന് തീരുമാനിക്കുകയായിരുന്നു.
ജാര്ഖണ്ഡിന്റെ കൂറ്റന് സ്കോറായ 587 റണ്സിനെതിരേ കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് 395ന് അവസാനിച്ചിരുന്നു. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതോടെ ജാര്ഖണ്ഡിനു മൂന്നു പോയിന്റ് ലഭിച്ചു. സ്കോര്: ജാര്ഖണ്ഡ് 587. കേരളം 395, 62/2 (ഫോളോ ഓണ്).
ആറു വിക്കറ്റിന് 269 റണ്സ് എന്ന നിലയില് അവസാന ദിവസം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തിനു സല്മാന് നിസാറും (135 പന്തില് 43), ആദിത്യ സര്വാടെയും (135 പന്തില് 95) ചേര്ന്നുള്ള കൂട്ടുകെട്ട് പ്രതീക്ഷ നല്കി. ഏഴാം വിക്കറ്റില് ഇവര് 104 റണ്സ് കൂട്ടിച്ചേര്ത്തു. ഏദന് ആപ്പിള് ടോം (മൂന്ന്) വേഗം മടങ്ങി. ജാര്ഖണ്ഡിനായി ഉത്കര്ഷ് സിംഗും മനീഷി സിംഗും നാലു വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സില് കേരളത്തിനായി അഭിഷേക് പി. നായര് (21 നോട്ടൗട്ട്) പോരാട്ടം തുടര്ന്നു. ആദ്യ ഇന്നിംഗ്സില് അഭിഷേക് സെഞ്ചുറി (126) നേടിയിരുന്നു. സച്ചിന് ബേബി (37), രോഹന് കുന്നുമ്മല് (1) എന്നിവരുടെ വിക്കറ്റാണ് നഷ്ടപ്പെട്ടത്.
Sports
ആലുവ: വെറ്ററൻ സ്പോർട്സ് ആൻഡ് ഗെയിംസ് നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ വെറ്ററൻസ് ചാമ്പ്യൻഷിപ്പിൽ മിക്സഡ് റിലേയിൽ കേരളത്തിനു സ്വർണം.
കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മീറ്റിൽ 4 x 100 മീറ്റർ മിക്സഡ് റിലേയിലാണു സ്വർണം നേടിയത്. ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി, വിജയൻ വടുതല, രാജം ഗോപി, തങ്കമ്മ എന്നിവരാണു റിലേയിൽ കേരളത്തിന് അഭിമാനമായത്.
70 വയസിനു മുകളിലുള്ളവർ എന്ന വിഭാഗത്തിലാണു മത്സരിച്ചത്.
Sports
തിരുവനന്തപുരം: തലസ്ഥാനനഗരിയെ ബാസ്കറ്റ്ബോളാല് വിസ്മയിപ്പിച്ച് സ്ലോവേനിയന് അക്രോബാറ്റിക് ബാസ്കറ്റ്ബോള് സംഘമായ ‘ഡങ്കിംഗ് ഡെവിള്സ്’.
കേരളത്തില് ആദ്യമായാണ് ഒരു അന്താരാഷ്ട്ര ഡങ്കിംഗ് ടീം കായികപ്രകടനം നടത്തുന്നത്. കാണികളെ മുള്മുനയില് നിര്ത്തിയ രണ്ടു വമ്പന് ഷോകളാണ് സംഘം തലസ്ഥാനത്തു കാഴ്ചവച്ചത്.
സംസ്ഥാന കായിക ദിനാചരണം, കേരള കായിക വിപ്ലവത്തിന് അടിത്തറയിട്ട ലഫ്. കേണല് ഗോദവര്മ രാജയുടെ (ജി.വി. രാജ) ജന്മവാര്ഷികം എന്നീ പശ്ചാത്തലത്തില് കായിക-യുവജനകാര്യ വകുപ്പ് സംഘടിപ്പിച്ച ‘സ്പോര്ട്സ് നൈറ്റ് 2026’ന്റെ ഭാഗമായാണ് സ്ലോവേനിയന് സംഘത്തിന്റെ പരിപാടി അരങ്ങേറിയത്.
സോഷ്യല് മീഡിയയില് തരംഗം സൃഷ്ടിക്കുന്ന ഈ സംഘം ട്രാംപോളിന് ലോഞ്ചുകള്, സ്ഫോടനാത്മകമായ ബാസ്കറ്റ്ബോള് ഡങ്കുകള്, അര്ബന് ആര്ട്ട് എന്നിവ കോര്ത്തിണക്കി വിസ്മയം തീര്ത്തു.
Sports
ലക്നോ: വിനു മങ്കാദ് ട്രോഫിയില് (അണ്ടര് 19) കേരളത്തിനു തോല്വി. മുംബൈയോട് ആറ് വിക്കറ്റിനു കേരളം തോല്വി വഴങ്ങി.
ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 307 റണ്സ് എടുത്തു. എട്ടു പന്ത് ബാക്കിവച്ച് നാലു വിക്കറ്റ് നഷ്ടത്തില് മുംബൈ ലക്ഷ്യത്തിലെത്തി.
കേരളത്തിന്റെ കെ.ആര്. രോഹിത് 110 പന്തില് 118 റണ്സുമായി പോരാട്ടം നയിച്ചു. ടൂര്ണമെന്റില് രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണ്. രോഹിതും മാനവ് കൃഷ്ണയും (74 പന്തില് 67) ചേര്ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണു കേരളത്തെ കരകയറ്റിയത്. തോമസ് മാത്യു 61 റണ്സുമായി പുറത്താകാതെ നിന്നു.
മുംബൈയ്ക്ക് ഓപ്പണര്മാരായ അഭിനവ് സാഹയും (51) ആയുഷ് മഖ്വാനയും (74) ചേര്ന്ന് മികച്ച തുടക്കം നല്കി. 73 പന്തില് 87 റണ്സുമായി ആര്യന് പുറത്താകാതെ നിന്നു. കേരളത്തിനുവേണ്ടി ഇഷാന് കുനാല് മൂന്നു വിക്കറ്റ് വീഴ്ത്തി.
Sports
വയനാട്: സി.കെ. നായിഡു ട്രോഫിയില് (അണ്ടര് 23) കേരളം, പോണ്ടിച്ചേരിക്കെതിരേ 59 റണ്സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി.
കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 515നെതിരേ ബാറ്റിംഗിന് ഇറങ്ങിയ പോണ്ടിച്ചേരി 456 റണ്സിനു പുറത്തായി. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ കേരളം വിക്കറ്റ് പോകാതെ 15 റണ്സ് എടുത്തു.
ക്യാപ്റ്റന് നിതിന് പ്രണവിന്റെയും വാലറ്റക്കാരുടെയും പോരാട്ടമാണ് പോണ്ടിച്ചേരിയുടെ ഇന്നിംഗ്സ് 456ല് എത്തിച്ചത്.
185 റണ്സ് എത്തിയപ്പോള് അഞ്ചു വിക്കറ്റ് കൈമോശംവന്ന പോണ്ടിച്ചേരിയെ ക്യാപ്റ്റന് നിതിന് പ്രണവും (74) വിക്രം കുമാറും (80) ചേര്ന്നാണ് കരകയറ്റിയത്. കേരളത്തിനു വേണ്ടി കൈലാസ് ബി. നായര് മൂന്നും ആദിത്യ ബൈജുവും വിജയ് വിശ്വനാഥും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ഷാങ്ഹായ്: ഷാങ്ഹായ് ഓപ്പണ് ടെന്നീസ് പുരുഷ സിംഗിള്സില് റഷ്യയുടെ ഡാനില് മെദ്വദേവ് ക്വാര്ട്ടറില്.
ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ പ്രീക്വാര്ട്ടറില് കീഴടക്കിയാണ് റഷ്യന് താരത്തിന്റെ മുന്നേറ്റം. സ്കോര്: 6-4, 7-5. അമേരിക്കയുടെ ടോമി പോള്, നോര്വെയുടെ കാസ്പര് റൂഡ്, സ്പെയിനിന്റെ റാഫേല് ജോദര് എന്നിവരും ക്വാര്ട്ടറിലെത്തി.
Kerala
ഗാങ്ടോക്: 42ാമത് ഓൾ ഇന്ത്യ ഗവർണേഴ്സ് ഗോൾഡ് കപ്പിന്റെ സെമിഫൈനലിൽ ഗോകുലം കേരള എഫ്സി ഇന്ന് ആക്രാമണ് എസ്സി സിക്കിമിനെ നേരിടും. ഗാങ്ടോക്കിലെ പാൽജോർ സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചിനാണ് കിക്കോഫ്.
ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് മലബാറിയൻസ് സെമിയിലെത്തിയത്. ആദ്യ മത്സരത്തിൽ തണ്ടർബോൾട്ട് നോർത്ത് യുണൈറ്റഡിനെ 4-1ന് പരാജയപ്പെടുത്തിയ ഗോകുലം, രണ്ടാം മത്സരത്തിൽ സുദേവ ഡൽഹി എഫ്സിയെ 2-1നും തോൽപ്പിച്ചു.
ബ്രസീലിയൻ സ്ട്രൈക്കർ വിക്ടർ മത്യൂസ് രണ്ട് മത്സരങ്ങളിൽ നിന്നായി മൂന്ന് ഗോളുകൾ നേടി മികച്ച ഫോമിലാണ്. പുതിയ പരിശീലകൻ കാർലോസ് എഡ്വാർഡോ പരേരയ്ക്ക് കീഴിൽ ആക്രമണ ഫുട്ബോളും മികച്ച ടീം ഒത്തിണക്കവും പ്രകടിപ്പിച്ചാണ് ഗോകുലത്തിന്റെ മുന്നേറ്റം.
കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 2-1ന് തോൽപ്പിച്ചാണ് ആക്രാമണ് എസ്സി സെമിയിലെത്തിയത്. ഇന്ത്യൻ ഫുട്ബോൾ ലീഗ് 2026-27 സീസണിന് മുന്നോടിയായി ഗോൾഡ് കപ്പിൽ ഫൈനലിലെത്തുന്നതും കിരീടം നേടുന്നതും ടീമിന് വലിയ ആത്മവിശ്വാസം പകരും.മത്സരം No.10 Sportsൽ തത്സമയം സംപ്രേഷണം ചെയ്യും.
Sports
ഡർബൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ 421 റണ്സ് വിജയലക്ഷ്യമുയർത്തി ഓസ്ട്രേലിയ. ഒന്നാം ഇന്നിംഗ്സിൽ 190 റണ്സ് നേടിയ ഓസീസിനെ തകർച്ചയിൽനിന്ന് രക്ഷിച്ച മാറ്റ് റെൻഷോ രണ്ടാം ഇന്നിംഗ്സിൽ 99 പന്തിൽ 82 റണ്സുമായി ടോപ് സ്കോററായി. പിച്ചിന്റെ സ്വഭാവം മാറുന്നതുകണ്ട് അതിവേഗം സ്കോർ ചെയ്ത ഓസ്ട്രേലിയ ചായയ്ക്കു മുന്പ് ആറു വിക്കറ്റിന് 314 റണ്സ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു.
ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 390 റണ്സ് നേടി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ 284ൽ അവസാനിച്ചിരുന്നു.
Sports
കൊച്ചി: ഫോര്ത്ത് വേവ് ഫൗണ്ടേഷന് ‘പ്രോജക്ട് വേണ്ട’ എന്ന പേരില് ലഹരിക്കെതിരേയുള്ള പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ‘വേണ്ട’ കപ്പ് 2026 ഫുട്ബോള് മത്സരം കൊച്ചിയിലും പുറത്തും കൗമാരക്കരുത്തിന്റെ പുതിയ ആവേശമാകുകയാണ്.
കളിയിലൂടെ ലഹരിവിമുക്തമായ അന്തരീക്ഷം എന്നതാണ് ‘വേണ്ട’ കപ്പിന്റെ പ്രമേയം. ‘വേണ്ട’ കപ്പിന്റെ ഒമ്പതാം പതിപ്പില് എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ സ്കൂള് വിദ്യാര്ഥികള്ക്കായുള്ള മേഖലാ മത്സരങ്ങള് പനമ്പിള്ളി നഗറിലുള്ള സൂപ്പര്കോച്ച് മുത്തൂറ്റ് ഫുട്ബോള് ക്ലബ്ബിലാണു പുരോഗമിക്കുന്നത്. നാലു ജില്ലകളില് നിന്ന് ആണ്കുട്ടികളുടെയും പെണ്കുട്ടികളുടെയും 20 വീതം ടീമുകള് മത്സരിക്കുന്നുണ്ട്.
സംസ്ഥാനത്തെ നാലു മേഖലകളില് നടക്കുന്ന മത്സരങ്ങളില് ആകെ 160 സ്കൂള് ടീമുകളില് നിന്നായി 1600 വിദ്യാര്ഥികള് മത്സരിക്കും. കൊച്ചിയില് നടക്കുന്ന മേഖലാ മത്സരങ്ങള് 15നു സമാപിക്കും.
Sports
ലിസ്ബൺ: ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നസറിനായി വീണ്ടും ഗോളടിയിൽ സജീവമായിരിക്കുന്നു, ഒപ്പം പോർച്ചുഗലും തങ്ങളുടെ ക്യാപ്റ്റനെ തിരിച്ചുകിട്ടാൻ ആഗ്രഹിക്കുന്നു.
യുവേഫ നേഷൻസ് ലീഗിനിടെ അനുമതിയില്ലാതെ ദേശീയ ടീം ക്യാന്പിൽ നിന്നുള്ള അദ്ദേഹത്തിന്റെ മടങ്ങിപ്പോക്കുമായി ബന്ധപ്പെട്ട അച്ചടക്ക നടപടികൾ നിലനിൽക്കുന്നുണ്ടെങ്കിലും, പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രൊഎൻകയും പരിശീലകൻ ഹൊർഹെ ജെസ്യൂസും അദ്ദേഹം തിരിച്ചുവരണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിഷയം പരിഹരിക്കപ്പെട്ടുകഴിഞ്ഞാൽ പോർച്ചുഗലിനെ പ്രതിനിധീകരിക്കാൻ താൻ ഇപ്പോഴും തയറാണെന്ന് റൊണാൾഡോയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നവംബറിലെ മത്സരങ്ങൾ അടുത്തുവരുന്പോൾ, താരത്തിനു വിളി വരുമോ?
ഗോളടിച്ചു തുടങ്ങി
കഴിഞ്ഞ വെള്ളിയാഴ്ച അൽ-നസറിനായി ദിരിയ ക്ലബ്ബിനെതിരേയുള്ള 3-0 വിജയത്തിൽ 23-ാം മിനിറ്റിൽ ആദ്യ ഗോൾ നേടിക്കൊണ്ട് റൊണാൾഡോ ക്ലബ് ഫുട്ബോളിലേക്ക് തിരിച്ചെത്തി. കരിയറിൽ 1000 ഗോളെന്ന നാഴികക്കല്ലിലേക്ക് അടുക്കുന്ന താരത്തിന്റെ 980-ാം ഗോളായിരുന്നു അത്.
ഒക്ടോബറിലെ അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളയിൽ പോർച്ചുഗൽ ദേശീയ ടീം ക്യാന്പ് വിട്ടതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ മത്സരമായിരുന്നു ഇത്. അന്താരാഷ്ട്ര ഭാവിയെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടയിൽ, പോർച്ചുഗലുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അനിശ്ചിതത്വത്തിൽ തുടരുന്പോഴും, ‘മഹത്വം അധ്വാനത്തിലൂടെ നേടുന്നതാണ് ’ എന്ന് എഴുതിയ വലിയ ബാനറുമായാണ് അൽ-നസർ ആരാധകർ അദ്ദേഹത്തെ വരവേറ്റത്. കൂടാതെ ഏഴാം മിനിറ്റിൽ അവർ അദ്ദേഹത്തിന്റെ പേര് ആവർത്തിച്ച് ആർത്തുവിളിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ വെള്ളിയാഴ്ച അച്ചടക്ക നടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും ശനിയാഴ്ചയാണ് അത് പരസ്യമാക്കിയത്. കേസ് അടിയന്തരസ്വഭാവമുള്ളതാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് അവർ അതിനെ അച്ചടക്ക അന്വേഷണ സമിതിക്ക് കൈമാറി.
അനുമതിയില്ലാതെ ക്യാന്പ് വിട്ടുപോയതിനെത്തുടർന്ന് റൊണാൾഡോയ്ക്ക് ആദ്യം സ്വയംമേയുള്ള താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നുവെന്നും, തുടർന്ന് നടപടികൾ ആരംഭിച്ചപ്പോൾ മറ്റൊരു പ്രിവന്റീവ് സസ്പെൻഷൻ കൂടി ഉത്തരവിട്ടിരുന്നുവെന്നും ഫെഡറേഷൻ വ്യക്തമാക്കി.
എന്നിരുന്നാലും, നവംബറിലെ അന്താരാഷ്ട്ര ഇടവേളയ്ക്കായി ഫെഡറേഷന് തങ്ങളുടെ ക്യാപ്റ്റനെ തിരിച്ചുകിട്ടണമെന്ന് പ്രൊഎൻക വ്യക്തമാക്കിയതോടെ മണിക്കൂറുകൾക്കകം പൊതുവായ സമീപനത്തിൽ മാറ്റമുണ്ടായി.
Sports
ബെയ്ജിംഗ്: ചൈന ഓപ്പണ് കിരീടം നേടുന്ന ആദ്യ ചൈനീസ് താരമായി ഷെങ് ക്വിൻവെൻ ചരിത്രം കുറിച്ചു. അവരുടെ ആദ്യത്തെ ഡബ്ല്യുടിഎ 1000 കിരീടം കൂടിയാണിത്. വനിതാ സിംഗിൾസ് ഫൈനലിൽ ക്വിൻവെൻ 7-5, 6-4ന് മിറ ആൻഡ്രീവയെ തോൽപ്പിച്ചു. ക്വാർട്ടർ ഫൈനൽ മുതൽ ചൈനീസ് താരത്തിന്റെ ആധിപത്യമായിരുന്നു. ക്വാർട്ടർ മുതൽ ഫൈനൽ വരെയായി തുടർച്ചയായ രണ്ടു സെറ്റ് ജയമാണ് നേടിയത്.
Sports
ജംഷഡ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റ് 2026-27 സീസണിലെ ആദ്യ മത്സരത്തിൽ കേരളത്തിനെതിരേ ജാർഖണ്ഡിന് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ജാർഖണ്ഡ് 587 റണ്സാണ് അടിച്ചെടുത്തത്. ആദിത്യ സിംഗ് (147), ശിഖർ മോഹൻ (143), വിരാട് സിംഗ് (108) എന്നിവരുടെ സെഞ്ചുറി കരുത്താണ് ജാർഖണ്ഡിനെ വൻ സ്കോറിലെത്തിച്ചത്. കേരളത്തിന്റെ ബൗളർമാരിൽ വൈശാഖ് ചന്ദ്രൻ അഞ്ച് വിക്കറ്റുമായി തിളങ്ങി.
അഞ്ച് വിക്കറ്റിന് 289 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ജാർഖണ്ഡ് കേരള ബൗളർമാർക്ക് വലിയ വെല്ലുവിളിയുയർത്തി മുന്നോട്ടുപോയി. ആറാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് സിംഗും ആദിത്യ ചന്ദ്രേഷ് സിംഗും ചേർന്ന് 227 റണ്സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. സ്കോർബോർഡ് 506 റണ്സിൽ നിൽക്കവേ വിരാട് സിംഗിനെ പുറത്താക്കി വൈശാഖ് ചന്ദ്രനാണ് വിക്കറ്റ് നേടിയത്.
സ്റ്റാർ പേസർമാരായ എം.ഡി. നിധീഷിനും ഏദൻ ആപ്പിൾ ടോമിനും വിക്കറ്റ് നേടാനാകാതെ പോയത് തിരിച്ചടിയായി.ജലജ് സക്സേന മൂന്ന് വിക്കറ്റും ആദിത്യ സർവതെ രണ്ട് വിക്കറ്റും വീഴ്ത്തി.
Sports
കോട്ടയം: 2025-26ലെ ജി.വി. രാജ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച കായിക താരങ്ങൾക്കുള്ള പുരുസ്കാരങ്ങൾക്ക് പുരുഷ വിഭാഗത്തിൽ എൽദോസ് പോളും വനിതാ വിഭാഗത്തിൽ ട്രീസ ജോളിയും അർഹരായി.
മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ജേതാക്കൾക്ക്. 2022ലെ കോമണ്വെൽത്ത് ഗെയിംസിൽ സ്വർണമെഡലും ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ഫൈനലിൽ പ്രവേശിക്കുകയും കൂടാതെ ട്രിപ്പിൾ ജംപിൽ ദേശീയ-അന്തർദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തതിനാണ് എൽദോസിന് പുരസ്കാരം. ബാഡ്മിന്റണിൽ ഏഷ്യൻ വനിതാ ടീം ചാന്പ്യൻഷിപ്പ് സ്വർണം, കോമണ്വെൽത്ത് ഗെയിംസ് ടീം വെള്ളിയും വനിതാ ഡബിൾസിൽ വെങ്കലവും നേടിയതാണ് ട്രീസ ജോളിയെ പുരസ്കാരത്തിലെത്തിച്ചത്.
ഒളിന്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഡോ. പി. ടി. ജോസഫ് നേടി രണ്ടു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് ജേതാവിനു നൽകുന്നത്.
മികച്ച കായിക പരിശീലകനായി അനൂപ് ജോസഫിനെയും മികച്ച കായിക അധ്യാപകനായി (കോളജ് വിഭാഗം) ഡോ. സദാനന്ദൻ സി. എസിനെയും തെരഞ്ഞെടുത്തു.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിനാണ് മികച്ച കോളേജിനുള്ള പുരസ്കാരം. മികച്ച സ്പോർട്സ് ഹോസ്റ്റൽ കായികതാരം പുരുഷ വിഭാഗത്തിൽ എഡ്വിൻ പോൾ സിബിയും വനിതാ വിഭാഗത്തിൽ പി. അനാമികയും അർഹരായി. പാരാ കായികരംഗത്തെ സംഭാവനകൾക്ക് ജോബി മാത്യുവിനെയും ഫുട്ബോൾ രംഗത്തെ ദീർഘകാല സേവനങ്ങൾക്കായി വിക്ടർ മഞ്ഞിലയെയും അവാർഡ് കമ്മിറ്റി പ്രത്യേകമായി പരാമർശിച്ചു.
അഞ്ജു ബോബി ജോർജ്, പി.ആർ. ശ്രീജിഷ്, ഡോ. ബിനു ജോർജ് വർഗീസ്, സനിൽ പി. തോമസ് അടങ്ങുന്ന സമിതിയാണ് ജേതാക്കളെ നിർണയിച്ചത്.
Sports
തൃശൂർ: ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയിട്ടും സംസ്ഥാന സർക്കാരിൽനിന്ന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നു ലോംഗ് ജംപ് താരം ആൻസി സോജൻ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കായികതാരങ്ങൾക്കു ലഭിക്കുന്ന പാരിതോഷികവും പിന്തുണയും കുറവാണെന്നും ആൻസി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങൾ കായികതാരങ്ങൾക്കു മെച്ചപ്പെട്ട തുക പാരിതോഷികമായി നൽകുകയും പരിശീലനത്തിനായി പ്രത്യേക പദ്ധതികളും പ്രതിമാസ സ്റ്റൈപ്പൻഡുകളും ഏർപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഒളിമ്പിക്സ് പോലുള്ള മത്സരങ്ങൾക്കു തയാറെടുക്കാൻ ഇത്തരം സാമ്പത്തികസഹായം അനിവാര്യമാണ്.
മെഡൽ നേടി ദിവസങ്ങൾ കഴിഞ്ഞിട്ടും മന്ത്രിമാരാരും വിളിച്ചില്ലെന്നും ആൻസി പറഞ്ഞു. കേരളം വിടുന്നതിനെക്കുറിച്ചുള്ള വാർത്തകൾക്കു പിന്നാലെ ഞായറാഴ്ച കായികമന്ത്രി ഒ.ജെ. ജനീഷ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നു മന്ത്രി അറിയിച്ചതായും ആൻസി വ്യക്തമാക്കി.
സംസ്ഥാന സർക്കാർ 30 ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്. ഏഷ്യൻ ഗെയിംസിൽ 6.53 മീറ്റർ ചാടിയാണ് ആൻസി വെള്ളി നേടിയത്. 6.55 മീറ്റർ ചാടിയ ചൈനീസ് താരത്തിനായിരുന്നു സ്വർണം.
Sports
തിരുവനന്തപുരം: ഏഷ്യയിലെതന്നെ ഏറ്റവും വലിയ കൗമാര കായികമേളയായ സംസ്ഥാന സ്കൂള് കായിക മേളയുടെ ഭാഗ്യ ചിഹ്നം കുട്ടു പ്രകാശനം ചെയ്തു. നിയമസഭാ മീഡിയാ റൂമില് നടന്ന ചടങ്ങില് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്. ഷംസുദ്ദീന് സംഘാടക സമിതി ചെയര്മാന് എം.എ.റസാഖിന് ഭാഗ്യചിഹ്നം നല്കിയാണ് പ്രകാശനം നിര്വ്വഹിച്ചത്.
ചടങ്ങില് എംഎല്എ മാരായ പാറയ്ക്കല് അബ്ദുള്ള, കെ.കെ. രമ, പി.കെ ഫിറോസ്, കെ. പ്രവീണ് കുമാര്, സി.കെ. കാസിം, കെ.ജയന്ത്, അഡ്വ. ഫൈസല് ബാബു, കെ.എം.അഭിജിത്ത്, വി.ടി. സൂരജ്, വിദ്യ ബാലകൃഷ്ണന്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഡി. സജിത്ത് ബാബു, ഡയറക്ടര് അരുണ് കെ. വിജയന്, എഡിജി സി.എസ്. സന്തോഷ്, സ്പോട്സ് ജോയിന്റ് ഡയറക്ടര് പി.ആര്. ശ്രീജേഷ് തുടങ്ങിയവര് പങ്കെടുത്തു.
കുട്ടുവിനെ രൂപകല്പന ചെയ്തത് കൊല്ലം ജില്ലയിലെ കെഎന്എന്എം എച്ച്എസ്എസ് ആന്ഡ് വിഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്ഥിനിയായ ആര്.എസ്. ലക്ഷ്മി നന്ദനയാണ്.
Sports
കോൽക്കത്ത: കഴിഞ്ഞ ലോകകപ്പിൽ തകർപ്പൻ പ്രകടനത്തോടെ ശ്രദ്ധേയനായ കേപ് വർദെ ഗോൾ കീപ്പർ വൊസീഞ്ഞ ഡിസംബറിൽ ഇന്ത്യയിലെത്തും. സ്പോർട്സ് പ്രൊമോട്ടറായ ശതദ്രു ദത്തയാണ് താരത്തെ ഇന്ത്യയിൽ എത്തിക്കാനൊരുങ്ങുന്നത്. കേപ് വർദെ അരങ്ങേറ്റ സീസണിൽ മുന്നേറിയപ്പോൾ നിർണായകമായത് ഗോൾവല കാത്ത വൊസീഞ്ഞയുടെ പ്രകടനമായിരുന്നു.
നാൽപ്പതുകാരനായ വൊസീഞ്ഞ ഇപ്പോൾ ചിലിയിലെ കോളോ കോളോ ക്ലബ്ബിന്റെ താരമാണ്. അവിടെയെത്തി അദ്ദേഹത്തെ കണ്ടശേഷമാണ് ഇന്ത്യാസന്ദർശനം ശതദ്രു സ്ഥിരീകരിച്ചത്.
അവസരം വന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കളിക്കാൻ താത്പര്യമുണ്ടെന്ന് വൊസീഞ്ഞ അറിയിച്ചതായും പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് നൽകാൻ തന്റെ ജഴ്സി ഒപ്പിട്ട് നൽകിയതായും ശതദ്രു പറഞ്ഞു.പെലെ, എമിലിയാനോ മാർട്ടിനെസ്, ലയണൽ മെസി തുടങ്ങിയവരെ കോല്ക്കത്തയിലെത്തിക്കാൻ മുൻകൈയെടുത്തയാളാണ് ശതദ്രു.
Sports
തിരുവന്തപുരം: ഫുട്ബോൾ പ്രേമികൾക്ക് കാൽപന്തുകളിയുടെ വിരുന്ന് സമ്മാനിച്ച് മലപ്പുറം എഫ്സി തിരുവനന്തപുരം കൊന്പൻസ് പോരാട്ടം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ വിജയം കൊന്പൻസിന് സ്വന്തം.
90 മിനിറ്റ് വരെ രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്ന മലപ്പുറം എഫ് സിയെ ഇഞ്ചുറി ടൈമിൽ നേടിയ രണ്ട് ഗോളുകൾക്ക് കൊന്പൻസ് സമനിലയിലേക്ക് എത്തുകയും മത്സരം പെനാൽറ്റി ഷൂട്ട് ഒൗട്ടിലേക്ക് നീങ്ങുകയും ആയിരുന്നു. പെനാൽറ്റി ഷൂട്ട് ഒൗട്ടിൽ 4-2ന് തിരുവനന്തപുരം കൊന്പൻസ് സൂപ്പർ ലീഗ് കേരളയിൽ ജേതാക്കളായി.
മത്സരത്തിന്റെ തുടക്കം മുതലേ മലപ്പുറത്തിന്റെ ആധിപത്യമായിരുന്നു. 14-ാം മിനിറ്റിൽ മലപ്പുറം ആദ്യ ഗോൾ നേടി. ഫ്രഞ്ച് താരമായ ക്യാപ്റ്റൻ അമാഡു സുക്കോനയാണ് ടീമിന് ലീഡ് നേടിക്കൊടുത്തത്. ആദ്യപകുതിയുടെ അവസാന പത്തുമിനിറ്റിൽ മത്സരം പൂർണമായും കൊന്പൻസിന്റെ നിയന്ത്രണത്തിൽ ആയിരുന്നു.
64-ാം മിനിറ്റിൽ മലപ്പുറം എഫ്സി ലീഡ് ഉയർത്തി. മലയാളി താരം മുഹമ്മദ് റിസ്വാൻ ആണ് മലപ്പുറത്തിന് രണ്ടാം ഗോൾ സമ്മാനിച്ചത്. തുടർന്ന് 90 മിനിറ്റ് വരെ മലപ്പുറം എഫ്സി രണ്ട് ഗോളിന് മുന്നിലായിരുന്നു. എന്നാൽ ഇഞ്ചുറി ടൈമിൽ ഗോർഡനും (90+1) കിറ്റാറ്റുലുവും (90+7)
നേടിയ ഗോളുകൾ കൊന്പൻസിന് സമനില സമ്മാനിച്ചു. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയും 4-2ന് കൊന്പൻസ് വിജയം സ്വന്തമാക്കുകയുമായിരുന്നു.
Sports
വെല്ലിംഗ്ടണ്: ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരന്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് മത്സരങ്ങൾക്കും അവസാന രണ്ട് മത്സരങ്ങൾക്കുമായി രണ്ട് വ്യത്യസ്ത ടീമുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫിൻ അലൻ, ലോക്കി ഫെർഗൂസൻ, ടിം സീഫെർട്ട് എന്നിവർ ഏകദിന ടീമിലേക്ക് തിരിച്ചെത്തി. പരിക്കിനെ തുടർന്ന് ട്വന്റി20 പരന്പര കളിക്കാതിരിക്കുന്ന രചിൻ രവീന്ദ്ര ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള ടീമിൽ ഇടം നേടി. നവംബർ നാലിന് ഓക്ലൻഡിലെ ഈഡൻ പാർക്കിലാണ് പരന്പര ആരംഭിക്കുന്നത്.
മിച്ചൽ സാന്റ്നർ ടീമിനെ നയിക്കും. അവസാന രണ്ട് ഏകദിനങ്ങൾക്കായി ഏഴ് പുതിയ കളിക്കാർ ടീമിനൊപ്പം ചേരും. 2023ന് ശേഷമാണ് ഫിൻ അലനും ലോക്കി ഫെർഗൂസനും ഏകദിന ടീമിൽ ഇടംനേടുന്നത്. സാക്ക് ഫൗൾക്സ്, വില്ല്യം ഒറൂർക്കെ, ബെൻ സിയേഴ്സ് എന്നിവർ പരിക്കിന്റെ പിടിയിലാണ്.
Sports
പുതുച്ചേരി: ഇന്ത്യ എയ്ക്ക് ആശ്വാസ ജയം. ഓസ്ട്രേലിയ എയ്ക്കെതിരായ മൂന്നാം മത്സരത്തിൽ 49 റണ്സിനായിരുന്നു ഇന്ത്യ എയുടെ ജയം. ആദ്യ രണ്ട് മത്സരത്തിലും വൻ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ എ പരന്പര നഷ്ടമാക്കിയിരുന്നു. സ്കോർ: ഇന്ത്യ എ- 47.3 ഓവറിൽ 275. ഓസ്ട്രേലിയ എ- 46.2 ഓവറിൽ 226.
Sports
\കെയ്റോ: ഈജിപ്തിലെ കെയ്റോയിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ഉദയ്വീര് സിദ്ധു സ്വർണം നേടി.
24കാരനായ ഷൂട്ടർ ആകെ 240.6 പോയിന്റ് നേടി.
രണ്ടാം സ്ഥാനത്തെത്തിയ ജർമനിയുടെ ക്രിസ്റ്റ്യൻ റീറ്റ്സിനേക്കാൾ 0.5 പോയിന്റ് മുന്നിലായിരുന്നു ഉദയ്വീര് സിദ്ധു. 219.8 പോയിന്റുമായി ഇറ്റലിയുടെ പൗലോ മോണ വെങ്കലം നേടി.
Sports
കൊച്ചി: റഷ്യയിലെ റ്റുലയിൽ നടന്ന 20-ാമത് ഏഷ്യൻ സ്കൂൾസ് ചെസ് ചാന്പ്യൻഷിപ്പിൽ അണ്ടർ-9 ആണ്കുട്ടികളുടെ വിഭാഗത്തിൽ ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്സ് ഇനങ്ങളിൽ ഇന്ത്യക്ക് വെള്ളി മെഡൽ. ആലപ്പുഴ സ്വദേശികളായ അർണവ് ആനന്ദ്, നെയ്തൽ ഡി. അൻസേര, തൃശൂർ സ്വദേശി ഇലാൻ ഷെഫീഖ് എന്നിവരടങ്ങിയ സംഘമാണ് മൂന്നു വിഭാഗങ്ങളിലും വെള്ളി മെഡൽ നേടി അഭിമാനമായത്. റഷ്യയാണ് ചാന്പ്യൻമാർ.
റഷ്യയിലെ റ്റുലയിൽ രണ്ടിന് ആരംഭിച്ച ചാന്പ്യൻഷിപ്പിൽ 12 രാജ്യങ്ങളിൽ നിന്ന് ഏഴുമുതൽ 17 വയസുവരെയുള്ള കുട്ടികളാണ് മത്സരിച്ചത്. ഗോഹട്ടിയിൽ നടന്ന നാഷണൽ ചാന്പ്യൻഷിപ്പിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയാണ് യഥാക്രമം ഇലാൻ ഷെഫീഖ്, നെയ്തൽ ഡി. അൻസേര, അർണവ് ആനന്ദ് എന്നിവർ ഏഷ്യൻ മത്സരത്തിന് യോഗ്യത നേടിയത്.
ചേർത്തല പൊന്നാംവെളി വടക്കേമഠം ആനന്ദിന്റെയും (യുഎഇ) ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥ വിനീതയുടെയും മകനാണ് അർണവ്. കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ നാലാംക്ലാസ് വിദ്യാർഥി. തുന്പോളി മാതാ സ്കൂളിലെ വിദ്യാർഥിയായ നെയ്തൽ ഡി. അൻസേര ആലപ്പുഴ പൂന്തോപ്പ് സ്വദേശിയായ ധീരേഷ് അൻസേരയുടെയും സിമിയുടെയും മകനാണ്. തൃശൂർ പാവറട്ടി സ്വദേശിയായ ഇലാൻ ഷെഫീഖ് മസ്കറ്റിലെ ബൗഷർ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിയാണ്. ഷഫീഖും നഷീജയുമാണ് മതാപിതാക്കൾ.
Sports
പുനെ: ഐഎസ്എല്ലിൽ കേരളത്തിന് വിജയത്തുടക്കം. ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്റർ കാശിയെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് പോയിന്റും ബ്ലാസ്റ്റേഴ്സിന് സ്വന്തമായി.
മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ വിബിൻ മോഹനാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. കോറോ സിംഗ് നൽകിയ പാസ് വിബിൻ നേരെ വലയിലേക്കെത്തിക്കുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളുമെത്തി.
ഇന്റർ കാശി താരം പ്രതീക് ചൗധരിയുടെ കാലിൽ നിന്ന് നഷ്ടപ്പെട്ട പന്ത് പിടിച്ചെടുത്ത് കുതിച്ച ആന്ദ്രെ ഗ്രീൻ ആണ് ബ്ലാസ്റ്റേഴ്സിനായി രണ്ടാമതും വല കുലുക്കിയത്.
Sports
ഇന്ത്യൻ സൂപ്പർ ലീഗ് പതിമൂന്നാം സീസണിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റ്ഴേ്സ് ഇന്നിറങ്ങും. വൈകിട്ട് അഞ്ചിന് നടക്കുന്ന മത്സരത്തിൽ ഇന്റർ കാശിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പുതിയ ഉടമകളെത്തിയതോടെ കൂടുതൽ വിദേശതാരങ്ങൾ ടീമിൽ എത്തി.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണ തന്നെയാണ് ഐക്കണ് താരം. 22 കോടിയോളം ചെലവഴിച്ച് പുതിയ തുടക്കത്തിനാണ് ബ്ലാസ്റ്റേഴ്സ് ശ്രമം. പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡിലും ആരാധകർക്ക് പ്രതീക്ഷകളേറെയാണ്.
കഴിഞ്ഞ സീസണിലെ പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും ഇല്ലെന്നതാണ് ഈ സീസണിന് ആശ്വാസം.പക്ഷേ, വിട്ടുപോയ നിരാശരായ ആരാധകരെ തിരിച്ചുകൊണ്ടുവരാൻ മികച്ച പ്രകടനം പുറത്തെടുത്തേ തീരൂ.
Sports
ശ്രീനഗർ: രഞ്ജി ട്രോഫി ഈ സീസണിലെ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഗ്രൂപ്പ് ഘട്ടത്തിൽ നിലവിലെ ചാന്പ്യന്മാരായ ജമ്മു-കാഷ്മീർ തങ്ങളുടെ ആദ്യ മത്സരത്തിൽ ഷേർ-ഇ-കാഷ്മീർ സ്റ്റേഡിയത്തിൽ മധ്യപ്രദേശിനെ നേരിടും.
സൂപ്പർ പേസ്
ഇറാനി കപ്പിലെ തോൽവി മറന്ന് പരിചിതമായ മൈതാനത്ത് തിരിച്ചുവരവിനുള്ള അവസരമാണ് ജമ്മു-കാഷ്മീരിന്റെ ലക്ഷ്യം. ഇറാനി കപ്പിൽ ആറ് വിക്കറ്റ് വീഴ്ത്തിയ ഉമർ നസീറിന് വിശ്രമം നൽകിയെങ്കിലും പേസർ ഒൗഖിബ് നബിയുടെ സാന്നിധ്യം ജമ്മു-കാഷ്മീരിന് കരുത്തു പകരും. നാസിർ ലോണും സുനിൽ കുമാറും പേസ് ആക്രമണം ശക്തമാക്കുന്പോൾ ഉമ്രാൻ മാലിക്കിനെ ടീമിലേക്ക് പരിഗണിച്ചില്ല.
ബാറ്റിംഗ് തലവേദന
ജമ്മു-കാഷ്മീരിന് ബാറ്റിംഗാണ് ആശങ്ക. തങ്ങളുടെ ഹോം ഗ്രൗണ്ടിലെ ആനുകൂല്യം മുതലാക്കണമെങ്കിൽ ശുഭം ഖജൂരിയ, ഖമ്രാൻ ഇഖ്ബാൽ, അബ്ദുൾ സമദ്, ക്യാപ്റ്റൻ പരസ് ദോഗ്ര എന്നിവർ മികവ് പുറത്തെടുക്കേണ്ടിവരും.മികച്ച കൂട്ടുകെട്ടുകൾ ഉയർത്തുക ബാറ്റിംഗ് നിരയ്ക്ക് വെല്ലുവിളിയാകും.
മധ്യപ്രദേശ് സെറ്റ്
അതേസമയം മത്സരത്തിനുള്ള തയാറെടുപ്പിൽ മധ്യപ്രദേശിന് ആശങ്കകളില്ല. കാലാവസ്ഥയുമായി പൊരുത്തപ്പെടാന് ഒരാഴ്ചയായി ശ്രീനഗറിൽ ചെലവഴിച്ച ടീം ആദ്യ മത്സരത്തിന് സെറ്റാണ്. ശുഭം ശർമ നയിക്കുന്ന ടീമിന് പരിക്കിന്റെ ആശങ്കകളില്ല. രജത് പാട്ടിദാറും വെങ്കിടേഷ് അയ്യരും ടീമിൽ ഉണ്ടാകില്ലെങ്കിലും യാഷ് ദുബെ, ഹർഷ് ഗൗലി, ഹിമാൻഷു മന്ത്റി എന്നിവരിലൂടെ ബാറ്റിംഗ് നിര ശക്തമാണ്.
ബൗളിംഗ് സ്ട്രോംഗ്
പരിചയസന്പന്നനായ പേസർ ആവേശ് ഖാൻ നയിക്കുന്ന കുൽദീപ് സെൻ ഉൾപ്പെടുന്ന ബൗളിംഗ് നിരയ്ക്ക് ആതിഥേയരെ സമ്മർദത്തിലാക്കാൻ മികവുണ്ട്. സാരൻഷ് ജെയിനും കുമാർ കാർത്തികേയയും തങ്ങളുടെ പരിചയസന്പത്തുമായി എതിരാളികളെ കറക്കിവീഴ്ത്താൻ ഇറങ്ങുന്നതോടെ മധ്യപ്രദേശിന്േറത് സന്തുലിതമായ ബൗളിംഗ് നിരയായി മാറും.
Sports
പനാജി: രഞ്ജി ട്രോഫിക്കുള്ള ഗോവ ടീമിൽ ഇടംപിടിക്കാതെ അർജുൻ തെണ്ടുൽക്കർ. പുതിയ സീസണിലേക്കുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
ഇന്ന്് തുടങ്ങുന്ന രഞ്ജി ട്രോഫിയിൽ ഗോവയുടെ ആദ്യ എതിരാളികൾ ബറോഡയാണ്.
ടീം മാറാൻ ഉദ്ദേശ്യമില്ലെന്നും ഗോവയ്ക്കുവേണ്ടിത്ത ന്നെ തുടർന്നും കളിക്കുമെന്നും അർജുൻ നേരത്തേ വ്യക്തമാക്കിയിരുന്നു. 2022 മുതലാണ് അർജുൻ ഗോവയ്ക്കായി കളിക്കാൻ തുടങ്ങിയത്. മുംബൈ ടീമിൽ അവസരം കുറഞ്ഞതോടെയായിരുന്നു ഈ മാറ്റം.
ഗോവയ്ക്കായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ അർജുൻ സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 153 റണ്സും 15 വിക്കറ്റും നേടി.
ഗോവയ്ക്കായി ഇതുവരെ 24 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 685 റണ്സും 52 വിക്കറ്റുകളും നേടി.
Sports
ഹോൾക്കർ: വെടിക്കെട്ടിനെ പിടിച്ചുകെട്ടി പരന്പരയിൽ മുന്നിലെത്താൻ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിനിറങ്ങും. റാഞ്ചിയിൽ നടന്ന രണ്ടാം മത്സരത്തിൽ വന്പൻ സ്കോർ അടിച്ചെടുത്തിട്ടും വിൻഡീസ് ബാറ്റർമാരെ തളയ്ക്കാനാകാതെ തളർന്ന് ഇന്ത്യൻ ബൗളിംഗ് നിര സമ്മർദത്തിലാണ്.
അതേസമയം ഫോമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് അയ്യരുടെ നേതൃപാടവം ഇന്ത്യക്ക് കരുത്തു പകരും. ഹോൾക്കർ സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴിനാണ് മത്സരം നടക്കുക. ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചിരുന്നു. അഞ്ച് മത്സര പരന്പര നിലവിൽ 1-1 സമനിലയിലാണ്.
രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്റെ വെടിക്കെട്ട് അർധസെഞ്ചുറിയുടെയും ശ്രേയസ് അയ്യരുടെയും തിലക് വർമയുടെയും ഫിനിഷിംഗിലൂടെയും 249 റണ്സ് നേടി. ഇഷാൻ കിഷനും തകർത്തടിച്ചു.
എന്നാൽ മറപടി ബാറ്റിംഗിൽ തുടക്കത്തിൽ വിൻഡീസിന് രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഷായ് ഹോപിന്റെ സെഞ്ചുറി ടീമിന് ജയം സമ്മാനിച്ചു.റൂതർഫോർഡ് അർധസെഞ്ചുറി നേടിയപ്പോൾ റൊമാരിയോ ഷെഫേർഡ് 13 പന്തിൽ 34 റണ്സ് നേടി നിർണായകമായി.
Sports
മദീര: അനുവാദമില്ലാതെ ദേശീയ ടീം ക്യാന്പിൽ നിന്ന് ഇറങ്ങിപ്പോയ സൂപ്പർ താരം ക്രിസ്റ്റ്യാനോയെ സസ്പെൻഡ് ചെയ്ത് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ. ഫെഡറേഷന്റെ നിയമാവലി പ്രകാരം ക്രിസ്റ്റ്യാനോയെ വിലക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ എത്ര മാസത്തേക്കാണ് വിലക്ക് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അച്ചടക്കസമിതി വിഷയം ചർച്ച ചെയ്ത് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒരുമാസം മുതൽ ആറുമാസം വരെ വിലക്കിയേക്കാം.
ഒരുമാസത്തിൽ കൂടുതലാണ് വിലക്കെങ്കിൽ താരത്തിന് ഡെൻമാർക്ക്, വെയിൽസ് ടീമുകൾക്കെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾ നഷ്ടമാകും. എന്നാൽ വിഷയത്തിൽ സഹതാരങ്ങളോട് മാപ്പ് പറഞ്ഞ പശ്ചാത്തലത്തിൽ വിലക്കിന്റെ കാലാവധി കുറയ്ക്കാനുള്ള സാധ്യതയുണ്ട്.
പരിശീലകൻ ഹൊർഹെ ജെസ്യൂസ് വാക്കു പാലിച്ചില്ലെന്ന് ആരോപിച്ചാണ് ക്രിസ്റ്റ്യാനോ ടീം ക്യാന്പ് വിട്ടത്. ഫെഡറേഷന്റെ ഏത് ശിക്ഷയും സ്വീകരിക്കുമെന്ന് താരം പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ഫെഡറേഷന്റെ നിയമാവലി പ്രകാരം, ദേശീയ ടീമിലേക്ക് ഒൗദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട ഏതൊരു കളിക്കാരനും കൃത്യമായ കാരണങ്ങളില്ലാതെ പരിശീലന സെഷനുകളിലോ മത്സരങ്ങളിലോ ഫെഡറേഷന്റെ മറ്റ് ഒൗദ്യോഗിക പ്രവർത്തനങ്ങളിലോ പങ്കെടുക്കാതിരിക്കുകയോ ക്യാന്പ് ഉപേക്ഷിച്ചു പോവുകയോ ചെയ്താൽ ഒന്നു മുതൽ ആറു മാസം വരെ വിലക്ക് ലഭിക്കും. പ്രഫഷണൽ കളിക്കാരനാണെങ്കിൽ ഇതിന് പുറമെ ഏകദേശം 500 മുതൽ 1,000 യൂറോ വരെ പിഴയും അടയ്ക്കേണ്ടി വരും.
നേഷൻസ് ലീഗിൽ നോർവേക്കെതിരായ മത്സരത്തിൽ താരത്തെ വാം അപ്പ് ചെയ്യിച്ചശേഷം മത്സരത്തിന് ഇറക്കിയില്ല. ഇക്കാര്യത്തിൽ പരിശീലകനും താരവും തമ്മിൽ ഭിന്നതയുണ്ടായി. തുടർന്ന് പ്രകോപിതനായ റൊണാൾഡോ ടീം ക്യാന്പ് വിടുകയായിരുന്നു.
Sports
അരീന: ബുണ്ടസ്ലിഗ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ വഴങ്ങി ബയേണ് മ്യൂണിക്ക്. ഓഗ്സ്ബർഗിനെതിരായ മത്സരത്തിൽ വെറും എട്ട് സെക്കൻഡിനുള്ളിലാണ് ബയേണ് മ്യൂണിക്ക് ഗോൾ വഴങ്ങിയത്.
കിക്ക്- ഓഫിന് തൊട്ടുപിന്നാലെ റോബിൻ ഫെൽഹോവർ ബയേണ് ഗോൾ പോസ്റ്റിൽ പന്തെത്തിച്ചാണ് റിക്കാർഡിട്ടത്.മത്സരത്തിൽ ഇരു ടീമും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
Sports
ഷാർജ: അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചിട്ട് എട്ട് വർഷം കഴിഞ്ഞിട്ടും വെടിക്കെട്ട് ബാറ്റിംഗ് തുടർന്ന് ദക്ഷിണാഫ്രിക്കയുടെ മുൻതാരം എ.ബി. ഡി. വില്ലിയേഴ്സ്. ലെജെൻഡ്സ് വേൾഡ് ചാന്പ്യൻഷിപ്പിൽ 40 പന്തിൽ പുറത്താകാതെ 111 റണ്സാണ് 42കാരനായ താരം അടിച്ചെടുത്തത്. ഓസ്ട്രേലിയ ചാന്പ്യൻസിനെതിരായ മത്സരത്തിൽ ടീമിന് വിജയവും സമ്മാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ചാന്പ്യൻസ് ഡി ആർസി ഷോട്ട്, ഡേവിഡ് വാർണർ, ജോ ബേണ്സ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിൽ 20 ഓവറിൽ 209 റണ്സാണ് നേടിയത്. മറുപടി ബാറ്റിംഗിൽ മൂന്നാമനായി ക്രീസിലെത്തിയ ഡി വില്ലിയേഴ്സ് ആറ് ഫോറുകളും 11 സിക്സറുകളും പറത്തി.
ദക്ഷിണാഫ്രിക്ക ചാന്പ്യൻസ് വെറും 15.2 ഓവറിൽ ലക്ഷ്യം മറികടന്നു. വെറും 37 പന്തിൽ നിന്നാണ് അദ്ദേഹം തന്റെ സെഞ്ചുറി പൂർത്തിയാക്കിയത്. 29 പന്തിൽ 62 റണ്സ് എടുത്ത ഓപ്പണർ റിച്ചാർഡ് ലെവി മികച്ച പിന്തുണ നല്കി.
Sports
റാഞ്ചി: രണ്ടാം ട്വന്റി-20 ക്രിക്കറ്റ് പോരാട്ടം വെസ്റ്റ് ഇൻഡീസ് റാഞ്ചി. ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ (45 പന്തിൽ 102 നോട്ടൗട്ട്) മിന്നും സെഞ്ചുറിയുടെ ബലത്തിൽ വിൻഡീസ് ആറു വിക്കറ്റിന് ഇന്ത്യയെ കീഴടക്കി. സ്കോർ: ഇന്ത്യ 20 ഓവറിൽ 249/5.
വെസ്റ്റ് ഇൻഡീസ് 18.3 ഓവറിൽ 252/4. കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ സന്ദർശകർക്കായി ഷെർഫെയ്ൻ റൂഥർഫോഡ് (37 പന്തിൽ 84), റൊമാരിയൊ ഷെപ്പേർഡ് (13 പന്തിൽ 34 നോട്ടൗട്ട്) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യയുടെ മായങ്ക് അഗർവാൾ മൂന്നു വിക്കറ്റ് വീഴ്ത്തി. ഇതോടെ അഞ്ചു മത്സര പരന്പ 1-1 നു സമനിലയായി.
കോഹ്ലിക്കൊപ്പം സഞ്ജു
വെസ്റ്റ് ഇന്ഡീസിന് എതിരായ രണ്ടാം ട്വന്റി-20യില് സഞ്ജുവിന്റെ ബാറ്റില്നിന്നു പിറന്നത് 82 റണ്സ്. 41 പന്തില്നിന്നായിരുന്നു അത്. പന്ത് നിലംതൊടാതെ ഗാലറിയിലേക്കു പറന്നത് നാലു പ്രാവശ്യം. ഗ്രൗണ്ടില് ചുംബിച്ചശേഷം വേലിക്കെട്ടുഭേദിച്ചത് ഒമ്പതു തവണ. 200 ആയിരുന്നു സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്.
നേരിട്ട 21-ാം പന്തിലായിരുന്നു സഞ്ജു അർധസെഞ്ചുറി തികച്ചത്. ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരേ ട്വന്റി-20യിൽ അതിവേഗം അർധസെഞ്ചുറി എന്ന വിരാട് കോഹ്ലിയുടെ റിക്കാർഡിനൊപ്പവും സഞ്ജു എത്തി. 2019ൽ മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലായിരുന്നു കോഹ്ലിയുടെ റിക്കാർഡ് ഇന്നിംഗ്സ്.
സഞ്ജു-അഭിഷേക്
സഞ്ജുവിനെ പുറത്തിരുത്തിയേക്കും എന്ന ആശങ്കയോടെയായിരുന്നു ഇന്നലെ നേരം പുലര്ന്നത്. എന്നാല്, ടോസ് ഇടാനെത്തിയപ്പോള് കാര്യങ്ങള് വ്യക്തം. സഞ്ജു സാംസണും അഭിഷേക് ശര്മയും ഇന്ത്യന് ഇന്നിംഗ്സ് ഓപ്പണ് ചെയ്യും. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റുമായി ക്രീസില് എത്തുകയും ചെയ്തു. സഞ്ജു - അഭിഷേക് ഓപ്പണിംഗ് വിക്കറ്റില് പിറന്നത് നാല് ഓവറില് 42 റണ്സ്. 12 പന്തില് 20 റണ്സ് സ്വന്തമാക്കിയ അഭിഷേക് ശര്മ പുറത്തായതോടെ സഞ്ജുവിന്റെ കൂട്ടായി ഇഷാന് കിഷന് എത്തി.
ആദ്യ ട്വന്റി-20യില് സെഞ്ചുറി നേടിയ ക്യാപ്റ്റന് ശ്രേയസ് അയ്യറിനൊപ്പം ഇന്ത്യയെ ജയത്തിലെത്തിച്ച ഇഷാന് കിഷന് മികച്ച ഫോമിലായിരുന്നു. തകര്ത്തടിച്ചു മുന്നേറിയ ഇഷാന് കിഷന് 22 പന്തില് രണ്ടു സിക്സും ആറു ഫോറും അടക്കം 43 റണ്സ് നേടിയശേഷമാണ് പുറത്തായത്. റോസ്റ്റണ് ചേസിന്റെ പന്തില് ബൗള്ഡാകുകയായിരുന്നു. തുടര്ന്നെത്തിയ ശിവം ദുബെയെയും (7) റോസ്റ്റണ് ചേസ് ബൗള്ഡാക്കി. സ്കോര് ബോര്ഡില് 162 റണ്സ് ഉള്ളപ്പോള് സഞ്ജു പുറത്ത്. ഷമര് സ്പ്രിംഗറിന്റെ പന്തില് ഡീപ്പില് കമില് പുരാന്റെ ക്യാച്ചിലൂടെ സഞ്ജു പവലിയനിലേക്കു മടങ്ങി.
അയ്യര് - വര്മ
ക്യാപ്റ്റന് ശ്രേയസ് അയ്യറും തിലക് വര്മയും ക്രീസില് ഒന്നിക്കുന്നതായിരുന്നു പിന്നീടു കണ്ടത്. ലക്നോവില് 43 പന്തില് ആറു സിക്സും പത്തു ഫോറും അടക്കം 102 റണ്സുമായി പുറത്താകാതെ നിന്നു പ്ലെയര് ഓഫ് ദ മാച്ചായ ശ്രേയസ് അയ്യര്, ഇന്നലെ റാഞ്ചിയിലും ഒട്ടും മോശമാക്കിയില്ല. 18 പന്തില് മൂന്നു സിക്സും മൂന്നു ഫോറും അടക്കം 40 റണ്സ് നേടിയാണ് ശ്രേയസ് മടങ്ങിയത്. തിലക് വര്മ 18 പന്തില് മൂന്നു സിക്സും മൂന്നു ഫോറും അടക്കം 44 റണ്സുമായി പുറത്താകാതെനിന്നു. അഞ്ചാം വിക്കറ്റില് ഇവര് 33 പന്തില് 83 റണ്സ് അടിച്ചു. അതോടെ ഇന്ത്യന് സ്കോര് 20 ഓവറില് 249/5.
Sports
2025 ഒക്ടോബര് 10; അതായത് ഇന്നേക്ക് കൃത്യം ഒരു വര്ഷം മുമ്പ്... അന്നുള്ള വാര്ത്തകള് ഇങ്ങനെ: രാജ്യത്തെ ഒന്നാം ഡിവിഷന് ഫുട്ബോള് ലീഗായ ഇന്ത്യന് സൂപ്പര് ലീഗ് (ഐഎസ്എല്) മത്സരങ്ങള് ഇത്തവണ ഉണ്ടാകാന് സാധ്യതയില്ല.
സംപ്രേഷണാവകാശം സംബന്ധിച്ച് റിലയന്സിന്റെ ഫുട്ബോള് സ്പോര്ട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎല്) ഓള് ഇന്ത്യ ഫുട്ബോള് ഫെഡറേഷനും (എഐഎഫ്എഫ്) തമ്മില് ധാരണയില് എത്താത്തനിലായിരുന്നു അത്. ‘ലെറ്റസ് ഫുട്ബോള്’ എന്ന ആപ്തവാക്യവുമായി 2014ല് ആരംഭിച്ച ഐഎസ്എല് ജീവവായു ഇല്ലാതെ പിടയുന്നതായും ഇന്ത്യയിലെ ക്ലബ് ഫുട്ബോളിന്റെ കാര്യം അവതാളത്തിലായെന്നുമായിരുന്നു സൂചന. ഒടുവില് 2026 ഫെബ്രുവരി-മേയില് വെട്ടിച്ചുരുക്കിയ ലീഗ് നടത്തി ഐഎസ്എല്ലിന്റെ കണ്ണിമുറിയാതെ എഐഎഫ്എഫ് തടിതപ്പി.
പ്രതിസന്ധികള് തരണം ചെയ്ത്, പുതിയ മുഖവുമായി ഐഎസ്എല് ഇന്നു മുതല് ഫുള് സ്വിംഗില് രംഗത്ത്. 2026-27 സീസണ് ഐഎസ്എല് ഫുട്ബോളിന് ഇന്നു കിക്കോഫ്. ഉദ്ഘാടന മത്സരത്തില് ബംഗളൂരു എഫ്സിയും എസ്സി ഡല്ഹിയും തമ്മില് ഏറ്റുമുട്ടും. വൈകുന്നേരം അഞ്ചിനു ബംഗളൂരു എഫ്സിയുടെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നു നടക്കുന്ന രണ്ടാം മത്സരത്തില് എഫ്സി ഗോവ, ചെന്നൈയിന് എഫ്സിയെ നേരിടും.
നവമുഖം
ക്ലബ്ബുകള്ക്ക് ലീഗില് അധികാരമുള്ള പുതിയൊരു ചുവടുവയ്പ്പിനാണ് ഐഎസ്എല് ഇത്തവണ തുടക്കം കുറിക്കുന്നത്. ഈ സീസണിലുള്ള 13 ക്ലബ്ബുകള്ക്കാണ് കൊമേഷ്യല് ആന്ഡ് ഓപ്പറേഷണല് അധികാരം. മാത്രമല്ല, കഴിഞ്ഞ മൂന്നു വര്ഷത്തിനിടെ ലീഗിനു പുതിയൊരു സിഇഒ, പുതിയ ടൈറ്റില് സ്പോണ്സര് (എംജി മോട്ടോഴ്സ്) തുടങ്ങിയവയും ഇത്തവണത്തെ ഐഎസ്എല്ലിന്റെ പ്രത്യേകതയാണ്. 2025-26 സീസണില് ഒഴിവാക്കേണ്ടിവന്ന ഹോം-എവേ രീതി ഇത്തവണ തിരിച്ചെത്തുന്നുണ്ടെന്നതും ആവേശകരമാണ്.
ബംഗളൂരു x ഡല്ഹി
ഇന്ത്യന് സൂപ്പര് സ്ട്രൈക്കര് റയാന് വില്യംസാണ് ബംഗളൂരു എഫ്സിയുടെ മുന്നേറ്റം നയിക്കുന്നത്. പാനമ, ബ്രസീല്, ഉറുഗ്വെ ടീമുകള്ക്കെതിരേ ഇന്ത്യന് ആക്രമണം നയിച്ചതിനുശേഷമാണ് റയാന് വില്യംസ് ഡല്ഹിക്കെതിരേ ഇറങ്ങുന്നതെന്നതും ശ്രദ്ധേയം.
റയാന് വില്യംസ് - സുനില് ഛേത്രി സഖ്യമാണ് ബംഗളൂരുവിന്റെ ആക്രമണം നയിക്കുന്നത്. ഇന്ത്യന് ഗോള് കീപ്പറായ ഗുര്പ്രീത് സിംഗ് സന്ധുവാണ് ബംഗളൂരുവിന്റെ വല കാക്കുന്നതെന്നതും ശ്രദ്ധേയം.
പഴയ ഹൈദരാബാദ് എഫ്സിയാണ് എസ്സി ഡല്ഹി. കഴിഞ്ഞ വര്ഷം ഒക്ടോബറിലായിരുന്നു ഹൈദരാബാദ് എഫ്സി, എസ്സി ഡല്ഹിയായി രൂപാന്തരപ്പെട്ടതെന്നതും ശ്രദ്ധേയം. ബംഗളൂരു എഫ്സിയും ഡല്ഹിയും തമ്മില് കഴിഞ്ഞ സീസണിലാണ് ആദ്യമായി മുഖാമുഖം ഇറങ്ങിയത്. അന്നത്തെ പോരാട്ടത്തില് ബംഗളൂരു 2-0നു ജയിച്ചു.
ജംഷഡ്പുര് ഇല്ല
2017 മുതല് ഐഎസ്എല്ലിലെ സജീവ സാന്നിധ്യമായിരുന്ന ജംഷഡ്പുര് എഫ്സിയുടെ അഭാവവും 2026-27 സീസണിന്റെ ഒരു പ്രത്യേകതയാണ്. ടാറ്റയുടെ പിന്ബലത്തില് കളത്തിലെത്തിയ ജംഷഡ്പുര് എഫ്സി, ഈ സീസണ് മുതല് ഐഎസ്എല്ലില്നിന്നു പിന്മാറി.
ഐഎസ്എല്ലില് സ്വന്തമായി മൈതാനവും ട്രെയ്നിംഗ് സൗകര്യങ്ങളും ഉണ്ടായിരുന്ന ഏക ക്ലബ്ബായിരുന്നു ജംഷഡ്പുര് എഫ്സി എന്നതും മറ്റൊരു വസ്തുത. പ്രവര്ത്തനം നിര്ത്തിയ ജംഷഡ്പുര് എഫ്സി, ഐഎസ്എല് സ്പോര്ട്ടിംഗ് ലൈസന്സ് അടക്കം ചര്ച്ചില് ബ്രദേഴ്സ് എഫ്സിക്കു കൈമാറിയിട്ടുണ്ട്. 2021-22 ഐഎസ്എല് ലീഗ് വിന്നേഴ്സ് ഷീല്ഡ് ജേതാക്കളാണ് ജംഷഡ്പുര് എഫ്സി.
Sports
ലാഹോര്: ഏഷ്യന് ചാമ്പ്യന്സ് ട്രോഫി ഹോക്കിക്കായി ഇന്ത്യയിലേക്കു വരില്ലെന്ന് പാക്കിസ്ഥാന് അറിയിച്ചു. സുരക്ഷാ കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.
മാത്രമല്ല, പാക് ടീമിന് അവരുടെ സര്ക്കാരിന്റെ സമ്മതപത്രം ലഭിച്ചിട്ടില്ല. ഇതോടെ പാക്കിസ്ഥാനു പകരം ഏഷ്യന് ചാമ്പ്യന്സ് ട്രോഫിയില് ബംഗ്ലാദേശ് കളിക്കുമെന്നു തീരുമാനമായി.
ഇതു മൂന്നാം തവണയാണ് പാക് ഹോക്കി ടീം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂര്ണമെന്റുകളില്നിന്നു പിന്മാറുന്നത്. കഴിഞ്ഞ വര്ഷം ഏഷ്യ കപ്പ്, ജൂണിയര് ലോകകപ്പ് മത്സരങ്ങളില്നിന്നും പാക് ഹോക്കി ടീം പിന്മാറി. 2026 ഏഷ്യന് ഗെയിംസില് പാക് സീനിയര് പുരുഷ ടീം വെങ്കലം നേടിയിരുന്നു.
Sports
അബുദാബി: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് ക്രിക്കറ്റില് ബംഗ്ലാദേശ് ഭേദപ്പെട്ട നിലയില്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ആദ്യ ദിനം അവസാനിപ്പിക്കുമ്പോള് എട്ടു വിക്കറ്റ് നഷ്ടത്തില് 317 റണ്സ് എന്ന നിലയിലാണ്.
മികച്ച തുടക്കമാണ് ബംഗ്ലാദേശിനായി ഓപ്പണര്മാരായ ഷദ്മാന് ഇസ്ലാം (67), ടന്സിദ് ഹസന് (83) ചേര്ന്ന് നല്കിയത്.
ഏകദിന ശൈലിയില് ബാറ്റുവീശിയ ഇരുവരും ചേര്ന്ന് ആദ്യ വിക്കറ്റില് 22.5 ഓവറില് 124 റണ്സ് കൂട്ടിച്ചേര്ത്തു. പിന്നാലെ എത്തിയ മൊമിനുള് ഹഖ് 39 റണ്സ് നേടി.
എന്നാല്, 184ന് രണ്ടില്നിന്നും 225ന് അഞ്ച് വിക്കറ്റിലേക്കു ബംഗ്ല കടുവകള് വീണു. ലിറ്റണ് ദാസ് 53 റണ്സുമായി സ്കോര് 300 കടത്തി. അഫ്ഗാനിസ്ഥാനുവേണ്ടി മുഹമ്മദ് സലീം മൂന്നും യമീന് അഹമ്മദാസി, ഇസ്മത് അലാം എന്നിവര് രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
Sports
കണ്ണൂര്: സൂപ്പര് ലീഗ് കേരള ഫുട്ബോളില് മൂന്നാം റൗണ്ടിലെ ആദ്യമത്സരത്തിൽ നിലവിലെ ജേതാക്കളായ കണ്ണൂര് വാരിയേഴ്സ് എഫ്സിക്ക് ജയം. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ഇന്നലെ രാത്രി നടന്ന പോരാട്ടത്തിൽ ഫോഴ്സ കൊച്ചിയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ആതിഥേയർ വീഴ്ത്തിയത്.
കണ്ണൂരിനു വേണ്ടി സെര്ബിയന് താരം ബോഗ്ദാന് സ്റ്റെമാന്കോവിച്ചും ഫസലുറഹ്മാനും വലകുലുക്കി. രാഹുല് രാജു കൊച്ചിയുടെ ആശ്വാസ ഗോള് നേടി. ഇതോടെ മൂന്നു മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റുമായി വാരിയേഴ്സ് മുന്നിലെത്തി. ഫസലു റഹ്മാന് ആണ് മത്സരത്തിലെ താരം.
നിജോ ഗില്ബര്ട്ടാണ് വാരിയേഴ്സിന്റെ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത്. 39-ാം മിനിറ്റിലായിരുന്നു ആദ്യഗോൾ. പ്രതിരോധതാരം അല്വാരോയില് നിന്ന് കിട്ടിയ പന്ത് മുഹമ്മദ് സിനാൻ നിജോയ്ക്ക് എത്തിച്ചു. വലതുവിംഗില് നിന്ന് നിജോ ബോക്സിലേക്ക് നല്കിയ ഉഗ്രന് ക്രോസിൽ ബോഗ്ദാന് സ്റ്റെമാന്കോവിച്ച് കൃത്യമായി തലവച്ചതോടെ വലകുലുങ്ങി.
ആദ്യ പകുതിയുടെ അവസാന നിമിഷം ഫോഴ്സ കൊച്ചി ഗോൾമടക്കുമെന്നു തോന്നിച്ചു. ടൊററ്റ ജൂണിയര് എടുത്ത ഫ്രീകിക്കിലായിരുന്നു തുടക്കം. പ്രതിരോധ താരം റോക്കയുടെ ഹെഡറില് നിന്ന് ലഭിച്ച പാസ് സെന്മാന് ഫാരിസ് ഗോളാക്കി മാറ്റാന് ശ്രമിച്ചെങ്കിലും കണ്ണൂര് ഗോള് കീപ്പര് അജ്മൽ കൈയിലൊതുക്കി.
രണ്ടാം പകുതിയുടെ മൂന്നാം മിനുട്ടിൽ ഫസലു റഹ്മാനിലൂടെ കണ്ണൂര് ലീഡുയർത്തി. ബോഗ്ദാനിൽ നിന്ന് ലഭിച്ച പന്തുമായി വലത് വിംഗിലൂടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം. ഒടുവില് ബോക്സിലേക്ക് മനോഹരമായ ക്രോസ്. മുഹമ്മദ് സിനാനും അസിയർ ഗോമസും ഗോളിന് ശ്രമിച്ചെങ്കിലും പന്തു തൊടാനായില്ല. ബോക്സിനകത്ത് മാര്ക്ക് ചെയ്യാതെ നിന്ന ഫസലു റഹ്മാന് പന്ത് കൃത്യമായി വലയിലെത്തിച്ചു.
നാല് മിനിറ്റിനുള്ളിൽ കൊച്ചി തിരിച്ചടിച്ചു. വലത് വിംഗില് നിന്ന് നിഥിന് മധുവും ഹര്ഷല് റഹ്മാനും നടത്തിയ മുന്നേറ്റത്തിനൊടുവില് ഹര്ഷല് നല്കിയ ക്രോസ് രാഹുല് രാജു ഗോളാക്കി മാറ്റുകയായിരുന്നു. തുടര്ന്ന് ഉണര്ന്ന് കളിച്ച ഫോഴ്സ കൊച്ചിക്ക് തുടരെ അവസരങ്ങള് ലഭിച്ചെങ്കിലും ഫലംകണ്ടില്ല. 66 ാം മിനിറ്റില് ലഭിച്ച സുവർണാവസരം കണ്ണൂരും പാഴാക്കി. 86 ാം മിനിറ്റില് റെഡ് കാർഡ് കണ്ടതിലൂടെ ഫോഴ്സ കൊച്ചി പത്ത് പേരായാണ് കളിതീർത്തത്.