ആൻഡി ഫ്ലവർ
ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനില്ലെന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു കോച്ച് ആൻഡി ഫ്ലവർ. ഐപിഎൽ ഫ്രാഞ്ചൈസിയായ ആർസിബി, ദ ഹണ്ട്രഡ് ടൂർണമെന്റിലെ ലണ്ടൻ സ്പിരിറ്റ് എന്നീ ടീമുകൾക്കൊപ്പം തുടരും. നിലവിലെ ഈ പരിശീലക വേഷത്തിൽ താൻ അതീവ സന്തുഷ്ടനാണെന്നും ഇംഗ്ലണ്ട് കോച്ചാകാനുള്ള മത്സരത്തിൽ നിന്ന് സ്വയം പിന്മാറുകയാണെന്നും ഫ്ലവർ വ്യക്തമാക്കി.
മക്കല്ലത്തിന് പകരക്കാരനാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന പേരുകളിലൊന്നായിരുന്നു ആൻഡി ഫ്ലവറിന്റേത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് മാനേജിംഗ് ഡയറക്ടർ റോബ് കീയുമായി സംസാരിച്ച് തന്റെ തീരുമാനം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ചെയ്യുന്ന ജോലിയിൽ വളരെ സന്തുഷ്ടനാണ്.
മികച്ച രണ്ട് ഫ്രാഞ്ചൈസികൾക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. ചുറ്റും നല്ല കളിക്കാരും നല്ല മനുഷ്യരുമുണ്ട്. 2009 മുതൽ 2014 വരെ ഇംഗ്ലണ്ടിനെ പരിശീലിപ്പിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. ആ നാളുകൾ ഏറെ പ്രിയപ്പെട്ടതാണ്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് കോച്ചാവുക എന്നത് വലിയൊരു ബഹുമതിയാണ്. എന്നാൽ ഈയൊരു സമയത്ത് നിലവിലെ ചുമതലകളിൽ തന്നെ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ആൻഡി ഫ്ലവർ പറഞ്ഞു.
Tags : AndyFlower IPLCoach England BrendonMcCullum Sports SportsNews Cricket