അഭിജീത് ദീപ്കെ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംഘടിപ്പിച്ച തിരംഗ യാത്രയിൽ പങ്കെടുക്കാനിരിക്കെ കസ്റ്റഡിയിലായ അഭിജീത് ദീപ്കെയ്ക്ക് ജാമ്യം. ഒരു വർഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന വ്യവസ്ഥയുള്ള പീസ് ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിന് ശേഷമാണ് ദീപ്കെയ്ക്ക് ജാമ്യം ലഭിച്ചത്.
കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനിരിക്കെ ജണ്ടേവാലയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ദീപ്കെയെ പൊലിസ് കസ്റ്റഡിയിലെടുത്തത്. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരംഗ മാർച്ചിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് പൊലിസ് നേരത്തേ ദീപ്കെയ്ക്ക് നോട്ടീസ് നൽകിയിരുന്നു.
കഴിഞ്ഞ പത്തിന് ജന്തർ മന്തറിലെ മാർച്ചിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ ദീപ്കെയെയും സിജെപി നേതാക്കളായ സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽവെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അന്നത്തെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. അന്ന് ദീപ്കെ ഉൾപ്പെടെയുള്ളവർക്ക് കോടതി കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ഇതിന് പിന്നാലെയാണ് വീണ്ടും കസ്റ്റഡിയിലായത്. അതേസമയം ദീപ്കെയ്ക്കൊപ്പം കസ്റ്റഡിയിലെടുത്ത ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നേഹ ബോറയെ പൊലിസ് വിട്ടയച്ചിരുന്നു.
Tags : abhijit dipke granted bail strict condition Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash