പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വനിതാ പ്രവർത്തകരെ മർദിച്ച പൊലിസുകാർക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതി നൽകാനെത്തിയ ഇടത് വനിതാ സംഘടനാ നേതാക്കളെ പരിഹസിച്ച ഡൽഹി പൊലിസ് ഡെപ്യൂട്ടി കമ്മീഷണർ മാപ്പ് പറഞ്ഞു. ഫോട്ടോ എടുക്കാൻ വന്നതാണോ എന്ന പരിഹാസച്ചോദ്യത്തെച്ചൊല്ലി ശക്തമായ പ്രതിഷേധമുയർന്നതോടെ ഡിസിപി മൂന്ന് തവണ സോറി പറഞ്ഞ് ഖേദം പ്രകടിപ്പിച്ചത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ വനിതാ പ്രവർത്തകരെ മർദിച്ച പൊലിസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകാനെത്തിയപ്പോഴായിരുന്നു സംഭവം. ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് പി.കെ. ശ്രീമതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഘം ഡിസിപിയെ കാണാനെത്തിയത്.
ആദ്യം പ്രതിഷേധക്കാരെ കാണാൻ വിസമ്മതിച്ച ഉദ്യോഗസ്ഥൻ പിന്നീട് നേതാക്കളെ കണ്ടപ്പോൾ ഫോട്ടോ എടുക്കാനാണോ വന്നതെന്ന് ചോദിച്ച് പരിഹസിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച വനിതാ നേതാക്കൾ, പരസ്യമായി മാപ്പുപറയാതെ ഉദ്യോഗസ്ഥനെ പ്രതിഷേധസ്ഥലത്തുനിന്ന് മടങ്ങാൻ അനുവദിക്കില്ലെന്ന് നിലപാടെടുത്തു. തുടർന്ന് പ്രവർത്തകർ ഡിസിപിയെ വളഞ്ഞു. പ്രതിഷേധം ശക്തമായതോടെ അദ്ദേഹം മാപ്പ് പറയുകയായിരുന്നു.
ഇതോടെയാണ് മണിക്കൂറുകൾ നീണ്ട നാടകീയ സംഭവങ്ങൾക്ക് താൽക്കാലിക വിരാമമായത്. വനിതകളുടെ ആത്മാഭിമാനത്തെയും സമരവീര്യത്തെയും ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പ്രവണതകൾക്കെതിരെ ശക്തമായി മുന്നോട്ടുപോകുമെന്ന് ആനി രാജയും പി.കെ. ശ്രീമതിയും വ്യക്തമാക്കി.
Tags : Delhi Police Deputy Commissioner DCP Apology Women Protesters Annie Raja P.K. Sreemathy