മുഖ്യമന്ത്രി വി.ഡി.സതീശൻ പമ്പയിൽ എത്തിയപ്പോൾ.
പത്തനംതിട്ട: ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഈ തീർഥാടനകാലം കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്കായി തിരുപ്പതി മാതൃകയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി പമ്പയിൽ എത്തിയശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനുമായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. പൊലിസ്, ഫയർഫോഴ്സ് സേനകളെ സേനാമേധാവികളുടെ നേതൃത്വത്തിൽ വിന്യസിക്കും. പമ്പയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിലയ്ക്കലിൽ 6,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ജർമൻ മാതൃകയിലുള്ള ഷെഡ് നിർമിക്കും. തീർഥാടകർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ 22 മെഡിക്കൽ എമർജൻസി യൂണിറ്റുകളും സജ്ജമാക്കും.
അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങൾക്ക് ഇത്തവണ ക്ഷാമമുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. വഴിപാട്, പ്രസാദ വിതരണം തുടങ്ങിയവ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലായിരിക്കും. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് മൂലമുള്ള മാലിന്യപ്രശ്നം ഒഴിവാക്കാൻ നിയന്ത്രണസംവിധാനം ഉറപ്പാക്കും. മാലിന്യനിർമാർജനം സമയബന്ധിതമായി നടപ്പാക്കുകയും ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യും.
ശബരിമല തീർഥാടകർക്കായി 461 കെഎസ്ആർടിസി ബസുകൾ സജ്ജമാക്കും. വിവിധ ക്ഷേത്രങ്ങളെയും ശബരിമലയെയും ബന്ധിപ്പിച്ച് ടെമ്പിൾ കണക്ടിവിറ്റി ഉറപ്പാക്കും. റോഡ് സുരക്ഷ ശക്തമാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തും. ചാലക്കയം റോഡ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ 15 കോടി രൂപ ചെലവിൽ നവീകരിക്കുകയാണ്. നിർമാണപ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തീർഥാടകർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. ദർശനം സുഗമമാക്കുന്നതിനും ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിവിധ വകുപ്പുകൾ ഏകോപിതമായി പ്രവർത്തിക്കും. ഈ തീർഥാടന സീസണിൽ ഭക്തർക്ക് സുഗമമായ ദർശനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Tags : Sabarimala Tirupati Model Kerala Chief Minister Sabarimala Pilgrimage Mandala Makaravilakku Pilgrim Facilities Sabarimala Temple