ടൊറന്റോ: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ ഇഞ്ചുറി ടൈം ഗോളിൽ വീഴ്ത്തി ഘാനയ്ക്ക് നാടകീയ വിജയം. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഘാന പനാമയെ പരാജയപ്പെടുത്തിയത്. മത്സരം ഗോൾരഹിത സമനിലയിലേക്ക് നീങ്ങുകയാണെന്ന് ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് 95-ാം മിനിറ്റിൽ കലെബ് യിറെങ്കിയിലൂടെ ഘാന വിജയഗോൾ അടിച്ചെടുത്തത്. പുതിയ പരിശീലകൻ കാർലോസ് ക്വിറോസിന് കീഴിൽ ലോകവേദിയിൽ ഘാനയ്ക്ക് ഇതോടെ മികച്ചൊരു തുടക്കമായി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ പനാമയാണ് കൂടുതൽ ആധിപത്യം പുലർത്തിയത്. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ പനാമയുടെ മുന്നേറ്റ താരം സിസിലിയോ വാട്ടർമാൻ തൊടുത്ത തകർപ്പൻ ഹാഫ് വോളി ഘാന ഗോൾകീപ്പർ ലോറൻസ് അതി സിഗി അസാമാന്യ മെയ്വഴക്കത്തോടെ തട്ടിയകറ്റി. അതിനുശേഷവും പനാമ നിരന്തരം ഘാന പ്രതിരോധത്തെ സമ്മർദത്തിലാക്കി. 38-ാം മിനിറ്റിൽ അതി സിഗിയുടെ ഒരു പഞ്ച് ക്ലിയറൻസിന് ശേഷം ലഭിച്ച പന്ത് പനാമയുടെ സിസാർ റാമോസ് അടിച്ചെങ്കിലും ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.
രണ്ടാം പകുതിയിൽ ഇരു ടീമുകളും മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. ഒന്നാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഘാന ഗോൾകീപ്പർ അതി സിഗിയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ബെഞ്ചമിൻ അസാരെ രണ്ടാം പകുതിയിൽ ഗ്ലൗസണിഞ്ഞു. കളി അവസാനത്തോടടുത്തതോടെ ഇരു ടീമുകളും ഗോളിനായി കടുത്ത ആക്രമണം അഴിച്ചുവിട്ടു. ഒടുവിൽ 94 മിനിറ്റുകൾ നീണ്ട നിരാശയ്ക്ക് വിരാമമിട്ട് 95-ാം മിനിറ്റിൽ ഘാന ആരാധകർ കാത്തിരുന്ന ആ നിമിഷമെത്തി. പകരക്കാരനായി ഇറങ്ങിയ ബ്രാൻഡൻ തോമസ്-അസാന്തെ ഇടതുവശത്തുനിന്നും പന്തുമായി അതിവേഗം മുന്നേറി ബോക്സിലേക്ക് നൽകിയ കൃത്യതയാർന്ന ക്രോസ്, ബോക്സിനുള്ളിൽ നിലയുറപ്പിച്ചിരുന്ന കലെബ് യിറെങ്ക്യി ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയ്ക്കുള്ളിലാക്കുകയായിരുന്നു.
Tags : Ghana 2026 FIFA World Cup Latest News Sports