x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേട്ടനും തലയുമാകാൻ ഇതാ കളിമുറ്റത്തു കത്തനാർ!, കൗതുകമായി വൈദികരുടെ ക്രിക്കറ്റ് ടീം

മാത്യു ആന്‍റണി
Published: April 22, 2026 04:26 PM IST | Updated: April 22, 2026 05:29 PM IST

കത്തനാർ ക്രിക്കറ്റ് ക്ലബിലെ അംഗങ്ങൾ.

ചങ്ങനാശേരി: കടമറ്റത്തു കത്തനാർ അദ്ഭുതങ്ങൾ കാണിച്ച് കാണികളെ വിസ്മയിപ്പിച്ചെന്നാണ് ചരിത്രം. ദേ ഇവിടെ ഒരു കത്തനാർ സംഘം ക്രീസിൽ വിസ്മയങ്ങൾ കാണിച്ച് കാണികളുടെ കൈയടി വാങ്ങാനൊരുങ്ങുന്നു. രാവിലെ പള്ളിയിലെ പ്രാർഥനകൾ കഴിഞ്ഞെത്തിയതാണ് ഫാ. ജോബി മൂലയിൽ. മുറിയുടെ മൂലയ്ക്കിരിക്കുന്ന ക്രിക്കറ്റ് ബാറ്റിലേക്കാണ് ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ കൂടിയായ ഫാ. ജോബിയുടെ കണ്ണുപാഞ്ഞത്. ഗ്ലൗസും പാഡും ബാറ്റുമായി ജോബിയച്ചൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ബാക്കിയുള്ളവരും റെഡി.

ബാറ്റും ബോളുമൊക്കെയായി ക്രിക്കറ്റ് മൈതാനത്തേക്കാണ് സംഘത്തിന്‍റെ യാത്ര. ഇതു കത്തനാർ ക്രിക്കറ്റ് ക്ലബ് (കെസിസി). ചങ്ങനാശേരി അതിരൂപതയിലെ ക്രിക്കറ്റ് പ്രേമികളായ വൈദികർ ചേർന്നു രൂപം നൽകിയ ക്രിക്കറ്റ് ക്ലബ്. ഇന്നു കളിക്കളത്തിൽ കാണികൾക്കു കൗതുകം പകരുകയാണ് ഈ ടീം. കഴിഞ്ഞ ദിവസം കോർപറേറ്റ് അധ്യാപകർക്കായി ചങ്ങനാശേരിയിൽ സംഘടിപ്പിച്ച ടിസിഎൽ ക്രിക്കറ്റ് ടൂർണമെന്‍റിൽ ഗസ്റ്റ് ടീം ആയി എത്തിയ കത്തനാർ ക്ലബ് കാണികളുടെ കൈയടി വാങ്ങിയാണ് മടങ്ങിയത്. നല്ല തയാറെടുപ്പും പരിശീലനവും കഴിഞ്ഞാണ് ഇവർ കളിക്കാനായി ഇറങ്ങുന്നത്. സെമിനാരി പഠനകാലത്തെ ക്രിക്കറ്റ് കമ്പമാണ് വൈദികരായ ശേഷവും ഇവർ വിടാതെ പിന്തുടരുന്നത്.

K-Rail Survey

സച്ചിൻ മുതൽ വത്തിക്കാൻ വരെ

ക്ലബ്ബിലെ അംഗങ്ങൾക്കു ക്രിക്കറ്റ് എന്നതു വെറുമൊരു തമാശക്കളിയല്ല. "സച്ചിൻ ടെണ്ടുൽക്കറെ കണ്ടാണ് ഞങ്ങൾ ക്രിക്കറ്റിനെ പ്രണയിച്ചു തുടങ്ങിയത്. ഒരു നല്ല കളിക്കാരനായിരിക്കുക എന്നതുപോലെ പ്രധാനമാണ് നല്ലൊരു മനുഷ്യനാകുക എന്ന സച്ചിന്‍റെ വാക്കുകളും ഞങ്ങൾക്ക് പ്രചോദനമാണ്- ഫാ. ജോബി പറയുന്നു. ഇതിനിടയിൽ വത്തിക്കാൻ ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള വാർത്തകളും കത്തനാർ സംഘത്തിന് ആവേശം പകർന്നു. ടീം ക്യാപ്റ്റൻ ഫാ. ജോജിൻ ഇലഞ്ഞിക്കലിന്‍റെ പക്കലുള്ള ഫ്രാൻസിസ് മാർപാപ്പ ഒപ്പിട്ട ബാറ്റ് ടീമിനു വലിയ പ്രചോദനമാണ്. വത്തിക്കാൻ ക്രിക്കറ്റ് ക്ലബ് ഉദ്ഘാടന വേളയിൽ ഫ്രാൻസിസ് മാർപാപ്പ ഒപ്പിട്ട ടീമിന്‍റെ ഓഫിഷ്യൽ ക്രിക്കറ്റ് ബാറ്റ് പിന്നീട് വത്തിക്കാൻ ടീമിലെ കളിക്കാർ ഫാ. ജോജിൻ ഇലഞ്ഞിക്കലിനു സമ്മാനിക്കുകയായിരുന്നു.

സ്പോർട്സ് എന്ന മരുന്ന്

ഇന്നത്തെ തലമുറ മൊബൈൽ ഫോണുകൾക്കു മുന്നിൽ തളയ്ക്കപ്പെടുന്പോൾ, അവരെ മൈതാനങ്ങളിലേക്കു തിരികെ എത്തിക്കുക എന്ന വലിയ ലക്ഷ്യം കൂടി ഈ വൈദികർക്കുണ്ട്. തോൽവികൾ എങ്ങനെ അഭിമുഖീകരിക്കണമെന്നു കളി മൈതാനങ്ങൾ നമ്മെ പഠിപ്പിക്കും. അതു ജീവിതത്തിലെ വലിയ സമ്മർദങ്ങളെ അതിജീവിക്കാൻ കുട്ടികളെ സഹായിക്കും- ഫാ. ജോസഫ് പുതുവീട് പറയുന്നു . ഇടവക പ്രവർത്തനങ്ങളുടെയും ഔദ്യോഗിക തിരക്കുകളുടെയും ഇടയിൽ മനസും ശരീരവും ഫിറ്റ് ആയി നിർത്താൻ ഈ ക്രിക്കറ്റ് കളി സഹായിക്കുമെന്ന് ഇവർ ഒരേ സ്വരത്തിൽ പറയുന്നു. 51-ാം വയസിലും പന്തെറിയാൻ എത്തുന്ന ഫാ. ഡൊമിനിക് മുരിയൻകാവുങ്കലിനെപ്പോലുള്ളവർക്കു ക്രിക്കറ്റ് ഒരു പാഷൻ ആണ്. നിലവിൽ നാൽപതോളം വൈദികർ ഈ കൂട്ടായ്മയിലുണ്ട്. പൗരോഹിത്യ ജീവിതത്തിനൊപ്പം സ്പോർട്സ്മാൻ സ്പിരിറ്റും ചേർത്തുവച്ചു യുവതലമുറയ്ക്കു പ്രചോദനമാവുകയാണ് കത്തനാർ ക്രിക്കറ്റ് ക്ലബ്.

Tags : clergy cricket priest team cricket sports

Recent News

Corehub Up