ടി.എസ്. ലിബിന്
ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ കിരീട പോരാട്ടത്തിലേക്ക് ഇനിയുള്ളത് മണിക്കൂറുകളുടെ അകലം മാത്രം... ആര് കപ്പുയര്‍ത്തും, "ഗോട്ട്' ലയണല്‍ മെസിയുടെ അര്‍ജന്റീനയോ ലാമിന് യമാല്‍ എന്ന കൗമാരപ്രതിഭയുടെ സ്പെയിനോ..? തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് മെസിയുടെ അര്‍ജന്റീനയിറങ്ങുമ്പോള്‍ 2010നുശേഷം ഫൈനലില്‍ മാറ്റുരയ്ക്കാന്‍ സ്പെയിനിറങ്ങും. ന്യൂയോര്‍ക്കിലെ ന്യൂജഴ്സി സ്റ്റേഡിയത്തില്‍ തിങ്കള്‍ പുലര്‍ച്ചെ 12.30ന് കിരീട പോരിന്റെ ആദ്യ വിസില്‍ മുഴങ്ങും. അവസാന വിസില്‍ മുഴങ്ങുമ്പോള്‍ ന്യൂജഴ്സിയില്‍, ജഴ്സി ഊരി ഏതു ടീം ആഘോഷിക്കുമെന്നതിനാണ് ഫുട്ബോള്‍ ലോകം കാത്തിരിക്കുന്നത്.
സ്പേസ് ഉണ്ട്!
ഫിഫ ലോകകപ്പ് 2026 കിരീട പോരില്‍ സ്പെയിന് ആദ്യ ഫൈനലിസ്റ്റായി സ്പേസ് നേടി; കരുത്തുറ്റ കിലിയന്‍ എംബപ്പെ നയിക്കുന്ന ഫ്രാന്‍സിനെ സെമിഫൈനലില്‍ നിഷ്പ്രഭമാക്കിയുള്ള മുന്നേറ്റം. ടൂര്‍ണമെന്റില്‍ ഗോള്‍ വഴങ്ങുന്നതില്‍ പിശുക്കര്. ഗോള്‍ വല കുലുക്കുന്നതില്‍ മുമ്പന്മാരും. ഇതുവരെ ഏഴ് മത്സരത്തില്‍നിന്ന് നേടിയത് 13 ഗോളുകള്‍. വഴങ്ങിയത് ഒരു ഗോള്‍ മാത്രം. ലയണല്‍ മെസിയുടെ അര്‍ജന്റീനയെ നേരിടുമ്പോള്‍ സ്പാനിഷ് പ്രതീക്ഷ ഈ പ്രതിരോധക്കോട്ട തന്നെ.
യോഗ്യതാ യാത്ര
യൂറോപ്യന്‍ യോഗ്യതാ ഗ്രൂപ്പ് ഘട്ടത്തില്‍ സ്പെയിനിന്റെ ആധികാരികത മത്സര ഫലങ്ങളില്‍ വ്യക്തം. ബള്‍ഗേറിയ (0-3), തുര്‍ക്കി (0-6), ജോര്‍ജിയ (0-2), ബള്‍ഗേറിയ (0-4), ജോര്‍ജിയ (0-4) എന്നിങ്ങനെ ഒരു ഗോള്‍ പോലും വഴങ്ങാതെ വമ്പന്‍ ജയത്താല്‍ ആഘോഷിച്ചു. അവസാന മത്സരത്തില്‍ തുര്‍ക്കി സമനില പിടിച്ചതൊഴിച്ചാല്‍ എതിരില്ല. തുര്‍ക്കി (2-2)ന് സ്പെയിനെ പൂട്ടി. ആദ്യമായി സ്പെയിന് ഗോള്‍ വഴങ്ങിയത് അവസാന യോഗ്യതാ മത്സരത്തിലെന്നതും പ്രതിരോധക്കോട്ടയുടെ കരുത്താണ്.
വിറച്ച് തുടങ്ങി
ലോകകപ്പില്‍ വിറച്ച് തുടങ്ങി. ഗ്രൂപ്പ് എച്ചില് കോപ് വര്‍ദെ ആദ്യ മത്സരത്തില്‍ (0-0)ന് തളച്ചു. സ്പെയിന് മാത്രമല്ല കാല്‍പ്പന്താരാധകര്‍ മുഴുവന്‍ ഞെട്ടിയ മത്സരം. രണ്ടാം മത്സരത്തില്‍ സൗദി അറേബ്യയെയും (0-4) മൂന്നാം പോരാട്ടത്തില്‍ ഉറൂഗ്വയെയും (0-1) വീഴ്ത്തി റൗണ്ട് ഓഫ് 32ല്‍. ഓസ്ട്രിയയെ (0-3) സ്കോറിന് തകര്‍ത്ത് റൗണ്ട് ഓഫ് 16ല്‍. കരുത്തരായ പോര്‍ച്ചുഗലിനെ പ്രതിരോധക്കോട്ട തടഞ്ഞതോടെ (0-1) ജയം പിടിച്ച് സ്പെയിന് ക്വാര്‍ട്ടര്‍ ഫൈനലില്‍. ക്വാര്‍ട്ടറില്‍ ബല്‍ജിയത്തെ (1-2) വീഴ്ത്തി സെമിയില്‍. ടൂര്‍ണമെന്റില്‍ സ്പെയിന് വഴങ്ങിയ ആദ്യത്തേതും അവസാനത്തേതുമായ ഗോള്‍ കൂടിയായിരുന്നു അത്. സെമിയില്‍ ഫ്രാന്‍സിനെ നിഷ്പ്രഭമാക്കി (0-2)ന് ഫൈനല്‍ പ്രവേശനം.
അര്‍ജന്റൈന്‍ ആവേശം
ലോകകപ്പ് ഗ്രൂപ്പ് ജെയില്‍ അള്‍ജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് തുടക്കം. ഇതിഹാസ താരം ലയണല്‍ മെസിയുടെ ഹാട്രിക് അര്‍ജന്റൈന്‍ ആരാധകര്‍ക്ക് നല്‍കിയത് സ്വപ്നതുല്യമായ തുടക്കം. ഓസ്ട്രിയയെയും (0-2) ജോര്‍ദാനെയും (1-3) വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ല്‍.
റൗണ്ട് ഓഫ് 32ല്‍ മെസിപ്പട വിയര്‍ത്തു. അരങ്ങേറ്റക്കാരായ കേപ് വെര്‍ദെ വിറപ്പിച്ചു. രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റൈന്‍ ടീമിനെ പിന്നിലാക്കി സമ്മര്‍ദത്തിലാക്കി. ജീവന്മരണ പോരാട്ടത്തിന്റെ അവസാന നിമിഷം മെസിയും സംഘവും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്ന് ഗോളുകള്‍ എതിരാളികളുടെ വലയില്‍ നിറച്ച് ജയം നേടി.
റൗണ്ട് ഓഫ് 16ല്‍ ഈജിപ്തും മെസിപ്പടയെ വിറപ്പിച്ചു. രണ്ട് ഗോളുകള്‍ക്ക് പിന്നിലായ അര്‍ജന്റീന, കൊടുങ്കാറ്റായി മാറിയ മെസിയുടെ കരുത്തില്‍ ജയം നേടി. അവസാന നിമിഷങ്ങളില്‍ ഈജിപ്ഷ്യന്‍ വലയിലേക്ക് അര്‍ജന്റൈന്‍ താരങ്ങള്‍ തൊടുത്ത മൂന്ന് ഗോളുകള്‍ ക്വാര്‍ട്ടറിലെത്തിച്ചു. ക്വാര്‍ട്ടറില്‍ സിസര്ലന്ഡിനെ (1-3)ന് വീഴ്ത്തി ആത്മവിശ്വാസത്തോടെ സെമിയില്‍. ഒരു ഗോളിന് പിന്നട്ടുനിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഇംഗ്ലീഷ് പടയെ വീഴ്ത്തി ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചു. ഏഴ് മത്സരത്തില്‍നിന്ന് അടിച്ചുകൂട്ടിയത് 19 ഗോള്‍. വഴങ്ങിയത് ഏഴ് എണ്ണം.
അര്ജന്റ് ഗോള്‍
സമ്മര്‍ദം ബാധിക്കാത്ത മെസിപ്പട. ഗോള്‍ അടിക്കുന്നതില്‍ മിടുക്കര്‍. വഴങ്ങുന്നതില്‍ പിശുക്കര്. അവസാന സെക്കന്ഡുകളില് പോലും എതിരാളിക്കെതിരേ വിജയം പിടിക്കാനുള്ള കരുത്ത്. നിര്‍ണായക സമയത്ത് അര്ജന്റ് ഗോളുകളുമായി സംഘം നേടിയ വിജയം പലകുറി കണ്ടു. എട്ട് ഗോളും നാല് അസിസ്റ്റുമായി ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മുന്നിലുള്ള മെസിയില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് അര്‍ജന്റൈന്‍ പടയോട്ടം.
സ്പെഷല്‍ സ്പെയിന്
ടീം സ്പിരിറ്റ്. ഒറ്റക്കെട്ടായി പന്തുമായി മുന്നേറി എതിര് ടീമിന്റെ വലകുലുക്കുന്നവര്. ഗോള്‍ വഴങ്ങല്‍ ചിന്തയിലില്ലാത്തവര്. പ്രതിരോധത്തിന്റെ ഉരുക്കുകോട്ടയില്‍ വിശ്വാസം. യൂണിറ്റിയില്‍ വിശ്വസിക്കുന്ന സ്പെയിന് സ്പെഷലാണ്. ഒപ്പമുള്ളത് ലാമിന് യമാല്‍ അടക്കമുള്ള യുവരക്തങ്ങളും...
Tags : Last touch