ലോക ചാമ്പ്യന്റെ വലുപ്പം എന്താണെന്നു കാല്‍പ്പന്ത് ലോകം കണ്ടറിഞ്ഞു. ഫിഫ 2026 ലോകകപ്പ് രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ഫൈനലില്‍. \
അര്‍ജന്റീനയക്ക് അനുകൂലമായ ഫിക്സ്ചര്‍, റഫറിയിംഗ് തുടങ്ങിയ വിമര്‍ശനങ്ങള്‍ക്കെല്ലാം സെമി ഫൈനലില്‍ ലയണല്‍ മെസിയും സംഘവും മറുപടി നല്കി. നല്ലതെങ്കില്‍ നല്ലതായും ചീത്തയെങ്കില്‍ അതിന്റെ പാരമ്യത്തിലേക്കും മാറാന്‍ തയാറാണെന്ന് വിളിച്ചോതിയായിരുന്നു ഇംഗ്ലണ്ടിനെ സെമിയില്‍ അര്‍ജന്റീന കീഴടക്കിയത്. കളത്തിലെ ഗര്‍ജിക്കുന്ന സിംഹങ്ങളാണെന്നു തെളിയിച്ച്, ഒരു ഗര്ജന്റൈന് ജയം... അതും ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു അര്‍ജന്റീന ഗര്ജന്റീനയായത്. എന്‍സോ ഫെര്‍ണാണ്ടസ് (85-ാം മിനിറ്റ്), ലൗതാരൊ മാര്‍ട്ടിനെസ് (90+2-ാം മിനിറ്റ്) എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. രണ്ട് ഗോളിനും അസിസ്റ്റ് നടത്തിയത് ലയണല്‍ മെസിയും.
ഇംഗ്ലണ്ടിനു ലീഡ്
55-ാം മിനിറ്റ്. ഇംഗ്ലണ്ടിന്റെ ഹൈ പ്രസിംഗിനു ഫലം. ഹാരി കെയ്നില്‍നിന്നു ലഭിച്ച പന്ത് മോര്ഗന് റോജേഴ്സ് ഡെക്ലാന് റൈസിനു നല്കി. റൈസ് വീണ്ടും റോജേഴ്സിനു മറിച്ചു. റോജേഴ്സിന്റെ ക്രോസ് അര്‍ജന്റൈന്‍ ഗോള്‍ മുഖത്ത്. ഓടിയെത്തിയ ആന്റണി ഗോര്‍ഡന്‍ പന്ത് വലയിലാക്കി. അര്‍ജന്റീനയുടെ പ്രസിംഗിനിടെ വീണ ഗോളില്‍ ഇംഗ്ലണ്ട് 1-0നു മുന്നില്‍.
മെസി-എന്‍സോ
ഗോള്‍ വീണപ്പോള്‍ മുതല്‍ അര്‍ജന്റീന സടകുടഞ്ഞെണീറ്റു. അതുവരെ ഇംഗ്ലണ്ടിനെ ഇടയ്ക്കു റൈഡ് ചെയ്യാന്‍ അനുവദിച്ച അര്‍ജന്റീന ആയിരുന്നില്ല പിന്നീട്. അതിന്റെ ഫലം 85-ാം മിനിറ്റില്‍. ഷോര്‍ട്ട് ഫ്രീകിക്കിനുശേഷം മെസി പന്തുമായി ബോക്സിലേക്ക്. ആ സമയം ഫ്രീആയി ഡി സര്‍ക്കിളിനു പുറത്തുനിന്ന എന്‍സോ ഫെര്‍ണാണ്ടസിനു പന്ത് മറിച്ചു. എന്‍സോയുടെ ബുള്ളറ്റ് ഷോട്ട് ഇംഗ്ലീഷ് വലയില്‍. 1-1.
മെസി-ലൗതാരൊ
അര്‍ജന്റീനയുടെ ഗോള്‍ ശ്രമങ്ങള്‍ക്ക് 85-ാം മിനിറ്റില്‍ ആദ്യ ഫലം കണ്ടതോടെ ടീം മുഴുവന്‍ ആക്രമിച്ചു കയറി. എന്നാല്‍, മക് അല്ലിസ്റ്ററിന്റെ ഷോട്ട് പോസ്റ്റില്‍ ഇടിച്ചു മടങ്ങി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ (90+2) വീണ്ടും മെസിയുടെ ഇടപെടല്‍. മെസിയുടെ ക്രോസ് ഇംഗ്ലീഷ് ഗോള്‍ മുഖത്തേക്ക് വളഞ്ഞിറങ്ങി. ഉയര്‍ന്നു ചാടിയ ലൗതാരൊ മാര്‍ട്ടിനെസിന്റെ ഹെഡര്‍ ഇംഗ്ലീഷ് വലയില്‍; 2-1. ഇംഗ്ലണ്ടിന്റെ കഥ കഴിച്ച ഗോള്‍.
ഫൗളുകളുടെ കൂമ്പാരം
സ്വിറ്റ്സര്‍ലന്‍ഡിന് എതിരായ ക്വാര്‍ട്ടറില്‍ ഇറങ്ങിയ അര്‍ജന്റൈന്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഒരു മാറ്റംമാത്രം വരുത്തിയാണ് ലിയോണല്‍ സ്കലോനി ടീമിനെ അണിനിരത്തിയത്. റോഡ്രിഗോ ഡി പോളിനു പകരം അത്ലറ്റിക്കോ മാഡ്രിഡിന്റെ കോച്ചും മുന്‍ ദേശീയ താരവുമായ ഡിയേഗോ സിമയോണിയുടെ മകന് ജൂലിയാനൊ സിമയോണി സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറങ്ങി. കിക്കോഫിനുള്ള വിസില്‍ മുഴങ്ങിയതും ഇംഗ്ലണ്ടിന്റെ ആദ്യ പ്രസിംഗ്. ത്രോ വഴങ്ങി അര്‍ജന്റീന രക്ഷപ്പെട്ടു. തൊട്ടടുത്ത മിനിറ്റില്‍ അര്‍ജന്റീനയും പ്രസിംഗ് നടത്തി.
എന്നാല്‍, കളി പുരോഗമിക്കുന്തോറും ഫൗളിന്റെ എണ്ണവും വര്‍ധിച്ചു. ഗോള്‍ പിറക്കാതിരുന്ന ആദ്യ പകുതിയില്‍ 19 ഫൗളുകളാണ് നടന്നത്. അതില്‍ 12 എണ്ണവും അര്‍ജന്റീനയുടെ വക. ഏഴ് എണ്ണം ഇംഗ്ലണ്ടും നടത്തി. മത്സരത്തില്‍ ആകെ 26 റൗള്‍ നടന്നു. അര്‍ജന്റീന 15ഉം ഇംഗ്ലണ്ട് 11ഉം. അര്‍ജന്റീനയ്ക്ക് മൂന്നും ഇംഗ്ലണ്ടിന് ഒരു മഞ്ഞക്കാര്‍ഡുമാണ് ലഭിച്ചത്.
മത്സരത്തിലെ മൂന്നു ഗോളും പിറന്ന രണ്ടാം പകുതിയില്‍ ഫൗളുകള്‍ കുറവായെന്നതും കാല്‍പ്പന്തിന്റെ മനോഹാരിതയും ത്രില്ലും സമന്വയിപ്പിച്ചെന്നതും ശ്രദ്ധേയം. ആദ്യ പകുതിയിലെ വിരസതയ്ക്ക് രണ്ടാം പകുതിയില്‍ അര്‍ജന്റീനയുടെ പ്രായശ്ചിത്തം.
Tags : gerjentena