ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയും നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയും അടക്കമുള്ള പ്രശ്നങ്ങള്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഉയര്‍ത്താനും വിവാദ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ എതിര്‍ക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. പ്രതിപക്ഷ ഇന്ത്യ സഖ്യം നേതാക്കളുടെ യോഗം തിങ്കളാഴ്ച രാവിലെ ചേര്‍ന്നു പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട പൊതുനിലപാടുകളും വിഷയങ്ങളും തീരുമാനിക്കും. കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്ച വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം നിലപാടു വ്യക്തമാക്കും.
മണ്ഡല പുനര്‍നിര്‍ണയ ബില്ലിന്റെ (ഡീലിമിറ്റേഷന്‍) ഭേദഗതി വരുത്തിയ പതിപ്പ് അവതരിപ്പിക്കുന്നതിനു മുമ്പായി സര്‍വകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കത്തെഴുതുകയും ചെയ്തു. ലോക്സഭാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ ആരംഭിക്കാനും ലക്ഷ്യമിട്ടുള്ള 131-ാം ഭരണഘടനാ ഭേദഗതി ബില്‍ നീക്കത്തെ ശക്തമായി എതിര്‍ക്കാന്‍ ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടന്ന സംഭാവന തട്ടിപ്പ്, നീറ്റ് പരീക്ഷാ ക്രമക്കേട് ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയിലെ ഘടനാപരമായ തകര്‍ച്ച എന്നീ വിഷയങ്ങള്‍ക്കു തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ പ്രാമുഖ്യം നല്‍കാനാണു കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി തന്ത്ര രൂപീകരണ സമിതിയുടെ തീരുമാനം. ഇന്ധന വിലക്കയറ്റം, ഇ20 പെട്രോള്‍ നിര്‍ബന്ധമാക്കിയത്, ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍, ഓപ്പറേഷന് സിന്ദൂറില്‍ പ്രതിരോധമന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചത്, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്തിയുള്ള കൂറുമാറ്റത്തിലൂടെ കൂറുമാറ്റ നിയമത്തെ അട്ടിമറിക്കുന്നതും ജനാധിപത്യത്തെ തകര്‍ക്കുന്നതും അടക്കം നിരവധി പ്രശ്നങ്ങളും പ്രതിപക്ഷം ഉന്നയിക്കും.
ലോക്സഭാ സീറ്റുകളുടെ വര്‍ധനയും മണ്ഡല പുനര്‍നിര്‍ണയവും സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്‍, ആറു മാസത്തില്‍ കൂടുതല്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മുഖ്യമന്ത്രിമാര്‍, കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍ എന്നിവരെ പദവിയിൽനിന്നു നീക്കുന്നതിനുള്ള ബില്‍ ഉള്‍പ്പെടെ നിര്‍ണായക നിയമനിര്‍മാണങ്ങള്‍ അടുത്തയാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ഓഗസ്റ്റ് 13 വരെയാണു പാര്‍ലമെന്റ് സമ്മേളനം.
Tags : Congress uses Ram temple NEET leak