ഹൈദരാബാദ്: രണ്ടാം ക്ലാസുകാരനായ ഹിന്ദു വിദ്യാർഥിക്ക് ഇസ്ലാമിക പ്രാർഥനകൾ ഗൃഹപാഠമായി നൽകിയതിനെച്ചൊല്ലിയുള്ള വിവാദത്തിനു പിന്നാലെ അധ്യാപികയെ ജോലിയിൽ നിന്നു പുറത്താക്കി. ഹൈദരാബാദിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയെയാണ് സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടത്.
രണ്ടാം ക്ലാസ് വിദ്യാർഥിക്ക് ഗൃഹപാഠമായി ഇസ്ലാമിക വിശ്വാസപ്രമാണമായ കലിമയും ഖുറാനിലെ ആദ്യ അധ്യായവും പഠിക്കാനും ചൊല്ലാനും ഗൃഹപാഠമായി നൽകിയതാണു വിവാദങ്ങൾക്ക് വഴിതെളിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ സ്കൂൾ ഡയറിയിലെ ഗൃഹപാഠം സംബന്ധിച്ചുള്ള കുറിപ്പു ശ്രദ്ധിച്ചതോടെ സ്കൂൾ അധികൃതരെ സമീപിക്കുകയായിരുന്നു.
മുസ്ലിം വിദ്യാർഥികൾക്ക് ഇസ്ലാമിക മതപഠനം നൽകുന്ന ക്ലാസ് സെക്ഷനിലാണ് കുട്ടി ഇരുന്നിരുന്നതെന്നും അബദ്ധവശാൽ ഈ ഗൃഹപാഠം കുട്ടിയുടെ ഡയറിയിൽ എഴുതിപോയതാണെന്നുമാണ് അധ്യാപികയും സ്കൂൾ അധികൃതരും നൽകുന്ന വിശദീകരണം.
പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ
വിഷയത്തിൽ ശക്തമായ നടപടിയാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ബണ്ടി സഞ്ജയ് കുമാറും വിഎച്ച്പി ഉൾപ്പെ ടെയുള്ള ഹൈന്ദവസംഘടനകളും രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് അധ്യാപികയ്ക്കെതിരേ സ്കൂൾ മാനേജ്മെന്റ് നടപടിയെടുത്തത്.
പ്രാദേശിക നേതാക്കളുടെ പരാതിയിൽ സംഭവം പോലീസ് അന്വേഷിച്ചുവരികയാണെന്ന് ചാർമിനാർ സോൺ ഡിസിപി ഖാരെ കിരൺ പ്രഭാകർ വ്യക്തമാക്കി. സംഭവത്തിൽ കുട്ടിയുടെ രക്ഷാകർത്താക്കളുടെ ഭാഗത്തുനിന്ന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വിദ്യാഭ്യാസനയത്തിന്റെയും സ്കൂൾ ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണ് സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഡിസിപി വ്യക്തമാക്കി.