സുപ്രീംകോടതി.
ന്യൂഡൽഹി: സിബിഎസ്ഇ പാഠ്യപദ്ധതിയുടെ ഭാഗമായി ഒമ്പതാം ക്ലാസിൽ ത്രിഭാഷാ നയം നടപ്പാക്കാനുള്ള തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ബോർഡ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് കടുത്ത മാനസിക സമ്മർദമുണ്ടാക്കുമെന്ന് ജസ്റ്റീസ് ബി.വി. നാഗരത്ന നിരീക്ഷിച്ചു.
തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും കേന്ദ്രസർക്കാരിന്റെ ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു നിരീക്ഷണം. മൂന്നാം ഭാഷാപഠനം ആറാം ക്ലാസിൽതന്നെ ആരംഭിച്ച് എട്ടാം ക്ലാസോടെ അവസാനിപ്പിക്കുകയാണു വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
നവോദയ സ്കൂളുകളിലെ ത്രിഭാഷാ നയം ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് വർഷങ്ങളായി ഇത്തരം സ്കൂളുകളെ എതിർക്കുന്നത്. എന്നാൽ, ത്രിഭാഷാ നയത്തിൽ എവിടെയും ഹിന്ദി നിർബന്ധമാക്കണമെന്നു പറയുന്നില്ലെന്നും സംസ്ഥാന ഭാഷയും ഇംഗ്ലീഷും കൂടാതെ മറ്റേതെങ്കിലും ഒരു മൂന്നാം ഭാഷ പഠിച്ചാൽ മതിയാകുമെന്നും ജസ്റ്റീസ് നാഗരത്ന ചൂണ്ടിക്കാട്ടി.
സിബിഎസ്ഇയുടെ ത്രിഭാഷാ നയത്തിനെതിരായ പൊതുതാത്പര്യ ഹർജി നിലവിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലാണ്. നയത്തിന് ഇടക്കാല സ്റ്റേ നൽകാൻ വിസമ്മതിച്ച ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് അടുത്തയാഴ്ച വിഷയത്തിൽ വീണ്ടും വാദം കേൾക്കും. മറ്റൊരു ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിലാണ് ജസ്റ്റീസ് നാഗരത്ന അധ്യക്ഷയായ ബെഞ്ച് അഭിപ്രായപ്രകടനം നടത്തിയത്.