എം.എ. ബേബി, ഡി. രാജ
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ദോഷമായി ബാധിച്ചിരിക്കെ പ്രശ്നപരിഹാരത്തിനായി ഇരു പാർട്ടികളുടെയും അഖിലേന്ത്യാ ജനറൽ സെക്രട്ടറിമാർ ഇടപെടുന്നു. കേരളത്തിലെ വിഷയങ്ങളെ സംബന്ധിച്ചു സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയും തമ്മിൽ അടുത്ത ദിവസങ്ങളിൽ തന്നെ സംസാരിക്കും.
ഉപനേതാവു പദവി വേണമെന്ന വാശിയിൽ സിപിഐയും വിട്ടുനൽകാനാവില്ലെന്ന നിലപാടിൽ സിപിഎമ്മും ഉറച്ചുനിൽക്കുകയാണ്.
തെരഞ്ഞെടുപ്പ് അവലോകനം ചെയ്ത കേന്ദ്ര കമ്മിറ്റി സംസ്ഥാനത്തു നേതൃമാറ്റം ആവശ്യപ്പെട്ടില്ലെങ്കിലും സിപിഎം സെക്രട്ടേറിയറ്റ് വലിയ പരാജയമായിരുന്നുവെന്ന വിലയിരുത്തലും നടത്തി. സിപിഐയെ പിണക്കരുതെന്ന നിർദേശവും കേന്ദ്ര കമ്മിറ്റിക്കു ശേഷം നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ കേന്ദ്രനേതാക്കൾ സംസ്ഥാന നേതൃത്വത്തിനു നൽകിയിരുന്നു. എന്നാൽ, അങ്ങനെയൊരു നിർദേശം പാലിക്കാൻ സംസ്ഥാന നേതൃത്വം ഇതുവരെയും തയാറാകാത്തതിലെ നീരസം എം.എ. ബേബിക്കടക്കമുണ്ട്.
ഒരു ചർച്ചയും സിപിഐ നേതൃയോഗങ്ങളിൽ നടത്താതെയാണു പ്രതിപക്ഷ ഉപനേതാവു സ്ഥാനം വേണമെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി ആവശ്യപ്പെട്ടത്. ഇതിൽ മുതിർന്ന നേതാക്കൾക്കടക്കം വലിയ അതൃപ്തിയുണ്ട്.
Tags : Deputy Leader controversy: