കൊച്ചി: കേരള തീരങ്ങളോടു ചേർന്നുള്ള ആഴക്കടൽ മത്സ്യബന്ധനത്തിനു കൂടുതൽ വൻകിട കപ്പലുകൾക്ക് പച്ചക്കൊടി. മത്സ്യക്ഷാമവും വരുമാനനഷ്ടവും കൊണ്ടു പൊറുതിമുട്ടുന്ന ചെറുകിട യാനങ്ങൾക്കു തിരിച്ചടിയാകുന്നതാണ്, ഇനിയും വൻകിടക്കാർക്കു വഴിതുറക്കുന്ന നീക്കങ്ങളെന്നു മത്സ്യത്തൊഴിലാളികൾ.
തീരത്തുനിന്ന് 200 നോട്ടിക്കൽ മൈലിനു ശേഷമുള്ള ആഴക്കടൽ മത്സ്യബന്ധനത്തിനാണു വലിയ ട്രോളിംഗ് കപ്പലുകൾക്കു പുതുതായി അനുമതി നൽകുന്നത്. ഇവർക്കുള്ള സർക്കാരിന്റെ ആക്സസ് പാസും ഉദാരമാക്കി. ആഴക്കടൽ യാനങ്ങൾ 200 നോട്ടിക്കൽ മൈലിനു പുറത്തേക്കു മത്സ്യബന്ധനത്തിന് അനുമതി ലഭിക്കാൻ ആക്സസ് പാസിന് 25,000 രൂപ നൽകേണ്ടതുണ്ട്. അതേസമയം, ഈ പാസിനു വൻകിട ട്രോൾ ബോട്ടുകൾക്ക് പ്രത്യേക ഫീസ് ഇല്ല. ഫിഷറീസ് സർവേ ഓഫ് ഇന്ത്യക്കാണ് ആക്സസ് പാസ് വിതരണം ചെയ്യുന്നതിന്റെ ഏകോപനച്ചുമതല.
ചെറുകിട ബോട്ടുകൾക്കു വലിയ ഫീസ് ഈടാക്കുന്നത് ഇത്തരം യാനങ്ങളിൽ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികളെയും ബോട്ടുടമകളെയും പ്രതിസന്ധിയിലാക്കുമെന്നാണ് ആരോപണം. വലിയ ആക്സസ് ഫീസ് ഏർപ്പെടുത്തി തങ്ങളെ മത്സ്യബന്ധന മേഖലയിൽനിന്ന് ആകറ്റാനും വൻകിടക്കാരെ പ്രോത്സാഹിപ്പിക്കാനുമാണു സർക്കാർ ശ്രമമെന്നാണു ചെറുകിട മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.
വർഷങ്ങൾക്കു മുമ്പു കേന്ദ്രസർക്കാർ നിയോഗിച്ച മീനാകുമാരി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൻകിട കപ്പലുകൾക്ക് ഇന്ത്യൻ സമുദ്രമേഖലയിൽ പ്രവേശനം അനുവദിക്കാമെന്ന നിർദേശമുയർന്നിരുന്നു. അന്നു മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നു വലിയ പ്രതിഷേധമാണ് ഉയർന്നത്.
വേണ്ടത് ലക്ഷം യാനം, ഉള്ളത് 3.14 ലക്ഷം !
ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കടൽമേഖലയിൽ ചെറുതും വലുതുമായ 3.14 ലക്ഷം യാനങ്ങളാണു മത്സ്യബന്ധനം നടത്തുന്നത്. ഈ മേഖലയിൽ സുസ്ഥിരമായ മത്സ്യബന്ധനത്തിന് ഒരു ലക്ഷത്തിൽ താഴെ യാനങ്ങൾ മതിയെന്നാണു ഫിഷറീസ് രംഗത്തെ വിദഗ്ധരുടെ പഠനം.
ഇന്ത്യൻ തീരങ്ങളിൽ കാണുന്ന മഞ്ഞ ട്യൂണ അനുവദനീയമായതിലും അധികം പിടിക്കുന്നുണ്ടെന്നാണു കണക്ക്. മത്സ്യത്തിന്റെ അളവിന് ആവശ്യമുള്ളതിനേക്കാൾ അധികം മത്സ്യബന്ധനം നിലവിലുള്ളപ്പോൾ, ഇനിയും വൻകിട കപ്പലുകൾക്കും ട്രോളിംഗ് ബോട്ടുകൾക്കും അനുമതി നൽകുന്നതു കടൽസന്പത്തിന്റെ അമിത ചൂഷണത്തിനു വഴിയൊരുക്കുമെന്നാണു തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തില ഹാർബറുകളുടെ നവീകരണം നടത്തുന്നത് വൻകിട കപ്പലുകളുടെ പ്രവേശനത്തിനു വഴിയൊരുക്കാനാണെന്നു ഡീപ് സീ ഫിഷേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ചാൾസ് ജോർജ് ആരോപിച്ചു. മത്സ്യബന്ധനത്തിന്റെ സുസ്ഥിരത സംബന്ധിച്ച പ്രശ്നങ്ങൾ നേരിടുന്ന കടലിനെ വന്ധ്യം കരിക്കുന്ന നടപടിയാണ് വൻകിടക്കാർക്കു വഴി തുറക്കുന്നതിലൂടെ സംഭവിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags : Will it sink Small boats