ദുബായ്: അമേരിക്ക ഇറാനിലെ വൈദ്യുതിവിതരണ സംവിധാനങ്ങളെ ആക്രമിച്ചാൽ യെമനിലെ ഹൂതികൾ ചെങ്കടൽ വഴിയുള്ള എണ്ണനീക്കം തടയും. ഇറാൻ ഇതിനുള്ള നിർദേശം ഹൂതികൾക്കു നല്‍കിക്കഴിഞ്ഞതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തയാറെടുപ്പുകൾ പൂർത്തിയാക്കിയ ഹൂതികൾ ഇറാന്റെ നിർദേശത്തിനായി കാത്തിരിക്കുകയാണ്.
ഇറാന്റെ ഊർജസംവിധാനങ്ങളെ ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ചൊവ്വാഴ്ച ഭീഷണി മുഴക്കിയിരുന്നു. ഇങ്ങനെ സംഭവിച്ചാൽ ഗൾഫിൽനിന്നുള്ള എണ്ണനീക്കം പൂർണമായി തടയുമെന്ന് ഇറാനും മറുപടി നല്കി.
ഇറാന്റെ നിർദേശപ്രകാരം ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ ബാബ് അൽ മാൻഡെബിൽ എണ്ണടാങ്കറുകളെ ആക്രമിക്കാൻ മിസൈലുകളും ഡ്രോണുകളും ഒരുക്കിക്കഴിഞ്ഞെന്നാണുഹൂതികളുമായി ബന്ധമുള്ള വൃത്തങ്ങൾ പറഞ്ഞത്.
ബാബ് അൽ മാൻഡെബിലുണ്ടാകുന്ന ആക്രമണം ആഗോള എണ്ണവിപണിയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് അനുമാനം. അറബിരാജ്യങ്ങളിൽനിന്ന് എണ്ണ വരുന്ന പ്രധാന പാതയായ പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ നേരത്തേ അടച്ചിരുന്നു. എന്നാൽ, സൗദി അറേബ്യക്കു മറുവശത്തുള്ള ചെങ്കടൽ വഴി നല്ലൊരു ശതമാനം എണ്ണക്കയറ്റുമതി തുടരാൻ കഴിയുന്നുണ്ട്. ഹൂതികൾ ബാബ് അൽ മാൻഡെബ് പൂട്ടിയാൽ ഇതും നിലയ്ക്കും.
ഇറാനിലെ വിപ്ലവഗാർഡ് പ്രതിനിധികൾ യെമനിലുണ്ട്. ഇറാനിൽനിന്നു നിർദേശം ലഭിക്കുന്നപക്ഷം ചെങ്കടലിലെ കപ്പലാക്രമണം നിയന്ത്രിക്കുക ഇവരായിരിക്കും.ഹൂതികൾ തിങ്കളാഴ്ച സൗദിയിലേക്കു മിസൈൽ തൊടുത്തതോടെ സ്ഥിതിഗതികൾ നേരത്തേതന്നെ സംഘർഷത്തിന്റെ വക്കിലാണ്. ഹൂതി നിയന്ത്രണത്തിലുള്ള തുറമുഖത്ത് സൗദി ബോംബിട്ടു എന്നാരോപിച്ചായിരുന്നു ആക്രമണം.
Tags : Houthis await Iran's order Red Sea