പ്രതീകാത്മക ചിത്രം
റായ്പൂർ: എഥനോൾ പെട്രോൾ (ഇ20) ഒഴിച്ച് കാർ തകരാറിലായെന്ന പരാതിയിൽ റായ്പൂർ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിനെതിരെ മാരുതി സുസുക്കി. പരാതിക്കാരന്റെ കാർ എഥനോൾ പെട്രോളിന് അനുയോജ്യമായ വാഹനമായിരുന്നുവെന്നും ഇത് ഓണേഴ്സ് മാന്വലിൽ വ്യക്തമാക്കിയിരുന്നുവെന്നും കമ്പനി അറിയിച്ചു.
ഉപഭോക്താവിന്റെ വാഹനത്തിൽനിന്ന് ശേഖരിച്ച ഇന്ധനത്തിൽ മായം കലർന്നതിന്റെ തെളിവുകളുണ്ട്. മറ്റ് പല പ്രസക്തമായ വസ്തുതകളും ഈ ഉത്തരവിൽ പ്രതിഫലിച്ചിട്ടില്ലെന്നും മാരുതി സുസുക്കി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഉത്തരവിനെ ഉയർന്ന തലത്തിൽ ചോദ്യം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മാരുതി സുസുക്കി അറിയിച്ചു. ഗുണനിലവാരം, സുരക്ഷ, ഉപഭോക്തൃ സംതൃപ്തി എന്നിവയിൽ മാരുതി സുസുക്കി എപ്പോഴും പൂർണ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഡോ. പ്രേംരാജ് ദേവത് 2023ൽ വാങ്ങിയ മാരുതി ഗ്രാൻഡ് വിറ്റാര സ്ട്രോംഗ് ഹൈബ്രിഡ് കാറിൽ എഥനോൾ പെട്രോൾ ഉപയോഗിച്ചതിനെ തുടർന്ന് എൻജിൻ തകരാറിലായെന്നായിരുന്നു പരാതി. ഇരുപത്തിയൊന്നായിരത്തോളം കിലോമീറ്റർ ഓടിയ ശേഷം എൻജിൻ നിരന്തരം ഓഫാകാൻ തുടങ്ങി. എൻജിലും പൈപ്പിലും വെളുത്ത ജെല്ലി പോലുള്ള പദാർതഥം അടിഞ്ഞ് ഇന്ധനപ്രവാഹം തടസപ്പെട്ടതായും കണ്ടെത്തി. ഉപഭോക്തൃ കമ്മീഷനിൽ എത്തിയ പരാതിയിൽ ആരോപണം നിഷേധിച്ച മാരുതി സുസുക്കി വാഹന നിർമ്മാണത്തിൽ തകരാറില്ലെന്നും ഗുണനിലവാരം ഇല്ലാത്ത ഇന്ധനം ഉപയോഗിച്ചതാകാം കാരണമെന്നും മാരുതി സുസുക്കി വാദിച്ചിരുന്നു.
എന്നാൽ വിപണിയിൽ ലഭ്യമാകുന്ന ഇന്ധനം കൃത്യമായി ഉപയോഗിക്കും വിധം സാങ്കേതിവിദ്യയോടെ വാഹനങ്ങളിൽ എത്തിക്കുക എന്നത് നിർമാതാക്കളുടെ ഉത്തരവാദിത്തമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. നിരന്തരം സർവീസ് സെന്ററിൽ കയറ്റിയിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയാത്തതും വീഴ്ചയായി കണ്ടെത്തി. തുടർന്ന് ഇ20 പെട്രോളിന് അനുയോജ്യമായ എൻജിനുള്ള വാഹനം പകരം നൽകാൻ കമ്മീഷൻ നിർദേശിക്കുകയായിരുന്നു. കാർ മാറ്റിനൽകിയില്ലെങ്കിൽ വിലയായ 20,50,000 രൂപ നൽകണം. മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയതിന് ഒരുലക്ഷം രൂപയും കോടതി ചെലവുകൾക്കായി 10,000 രൂപ നൽകാനുമാണ് കമ്മീഷൻ ഉത്തരവിട്ടത്.
Tags : Consumer Commission MarutiSuzuki Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash E20Petrol