മയാമി: ഫിഫ 2026 ലോകകപ്പ് ഫൈനല്‍ സ്വപ്നം അസ്തമിച്ച, ഫ്രാന്‍സും ഇംഗ്ലണ്ടും മൂന്നാം സ്ഥാനത്തിനായി കൊമ്പുകോര്‍ക്കും. ഫൈനലില്‍ കളിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയും സങ്കടവും ഉണ്ടെങ്കിലും മൂന്നാം സ്ഥാനം കരസ്ഥമാക്കാനുള്ള അവസരമാണ് ഇരുടീമിനും ഉള്ളത്.
കിലിയന്‍ എംബപ്പെ നയിക്കുന്ന ഫ്രാന്‍സും ഹാരി കെയ്ന്റെ ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശം തിരതല്ലും.
ഫിഫ 2026 ലോകകപ്പ് ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ അര്‍ജന്റൈന്‍ താരം ലയണല്‍ മെസിയെ പിന്തള്ളാനുള്ള അവസരം എംബപ്പെയ്ക്കും ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഗം, ഹാരി കെയ്ന്‍ എന്നിവര്‍ക്കുമുണ്ട്. എട്ട് ഗോളും നാല് അസിസ്റ്റുമായി ലയണല്‍ മെസിയാണ് ഗോള്‍ഡന്‍ ബൂട്ട് പട്ടികയില്‍ നിലവില്‍ ഒന്നാമത്. എട്ട് ഗോളും മൂന്ന് അസിസ്റ്റുമായി എംബപ്പെ രണ്ടാമതുണ്ട്. ആറ് ഗോളും ഒരു അസിസ്റ്റുമുള്ള ജൂഡ് ബെല്ലിങ്ഗവും ഹാരി കെയ്നുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
മൂന്നില്‍ ഫിനിഷ് ചെയ്യാന്‍
ഫൈനല്‍ പ്രതീക്ഷയിലായിരുന്നു ഫ്രാന്‍സിന്റെ കുതിപ്പ്. എന്നാല്‍, ലാമിന് യമാലിന്റെ സ്പെയിനിനോട് സെമിയില്‍ 2-0നു പരാജയപ്പെട്ടു. 2024 യൂറോ, 2025 യുവേഫ നേഷന്‍സ് കപ്പ്, 2026 ഫിഫ ലോകകപ്പ് എന്നിങ്ങനെ സ്പെയിനിനോട് ഫ്രാന്‍സ് സെമിയില്‍ പരാജയപ്പെടുന്നത് തുടര്‍ച്ചയായ മൂന്നാം തവണയാണെന്നതും ശ്രദ്ധേയം.
അര്‍ജന്റീനയുടെ ആക്രമണ ഫുട്ബോളിലാണ് ഇംഗ്ലണ്ട് സെമിയില്‍ വീണത്. ഒരു ഗോളിനു ലീഡ് നേടിയ ഇംഗ്ലണ്ട്, ഇഞ്ചുറി ടൈമില്‍ വഴങ്ങിയ ഗോളില്‍ 2-1ന് അര്‍ജന്റീനയ്ക്കു മുന്നില്‍ കീഴടങ്ങി. അമിതമായ പ്രതിരോധത്തിലേക്ക് വലിഞ്ഞതായിരുന്നു അര്‍ജന്റീനയ്ക്ക് എതിരേ ഇംഗ്ലണ്ടിന്റെ പിഴവ്.
നേര്‍ക്കുനേര്‍
യൂറോപ്പിലെ രണ്ടു വമ്പന്മാരായ ഇംഗ്ലണ്ടും ഫ്രാന്‍സും ഇതിനോടകം 32 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 2022 ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഇരുടീമും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 2-1നു ഫ്രാന്‍സ് ജയിച്ചു. ഇതുവരെ നടന്ന 32 പോരാട്ടങ്ങളില്‍ 17 ജയം ഇംഗ്ലണ്ടിനാണ്. ഫ്രാന്‍സ് 10 എണ്ണത്തില്‍ ജയിച്ചപ്പോള്‍, അഞ്ച് മത്സരം സമനിലയില്‍ കലാശിച്ചു.
ദേഷാംപിന്റെ അവസാന മത്സരം
ഫ്രാന്‍സിന്റെ മുഖ്യപരിശീലകനായി ദിദിയെ ദേഷാംപിന്റെ അവസാന മത്സരമാണിത്. 2012 മുതല്‍ ഫ്രാന്‍സിന്റെ മുഖ്യപരിശീലകനായ ദേഷാംപ് ടീമിനെ 2018 ലോകകപ്പില്‍ എത്തിച്ചു. 2020-21 നേഷന്‍സ് ലീഗിലും ചാമ്പ്യന്മാരായി. 2022 ലോകകപ്പില്‍ റണ്ണേഴ്സ് അപ്പ്, 2016 യൂറോപ്പ റണ്ണേഴ്സ് അപ്പ്, 2024-25 നേഷന്‍സ് ലീഗ് റണ്ണേഴ് അപ്പ് നേട്ടങ്ങളും സ്വന്തമാക്കി.
ദേഷാംപിന്റെ പിന്‍ഗാമിയായി 1998 ലോകകപ്പില്‍ ഫ്രാന്‍സിനെ എത്തിച്ച സിനദീന്‍ സിദ്ദാന് മുഖ്യപരിശീലകനാകുമെന്നാണ് വിവരം.
Tags : Losers Final France x England