മുംബൈ: വർധിച്ചുവരുന്ന പണപ്പെരുപ്പവും മെമ്മറി ചിപ്പുകളുടെ അനിയന്ത്രിതമായ വിലക്കയറ്റവും മൂലം ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ചൈനീസ് ഫോണുകൾക്ക് കനത്ത തിരിച്ചടി. ബജറ്റ് ഫോണുകളുടെ വില കുത്തനെ ഉയർന്നതോടെ ഉപയോക്താക്കൾ പുതിയ ഫോണുകൾ വാങ്ങുന്നത് നീട്ടിവച്ചതാണ് തിരിച്ചടിയായത്.
നടപ്പ് സാന്പത്തികവർഷത്തിന്റെ ആദ്യ പാദത്തിൽ (ജൂൺ പാദം) ചൈനീസ് ബ്രാൻഡുകളുടെ വിപണി വിഹിതം 2020ന് ശേഷമുള്ള ഏറ്റവും താഴ്ന്നനിലയിലേക്കു കൂപ്പുകുത്തി. ഇന്ത്യയിലെ ആകെ സ്മാർട്ട്ഫോൺ വിതരണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറു വർഷത്തിലെ ഏറ്റവും വലിയ ജൂൺ പാദ തകർച്ചയാണിതെന്ന് പ്രമുഖ ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഓപ്പോ, വിവോ, ഷവോമി, റിയൽമി, വൺപ്ലസ്, ഐക്യു, പോക്കോ തുടങ്ങിയ പ്രമുഖ ചൈനീസ് കന്പനികളാണ് വിപണിയിൽ വലിയ വെല്ലുവിളി നേരിടുന്നത്. മെമ്മറി ചിപ്പുകളുടെ വില കഴിഞ്ഞ വർഷം സെപ്റ്റംബറിനു ശേഷം നാലിരട്ടിയോളമാണ് വർധിച്ചത്. ഇത് വരും മാസങ്ങളിൽ അഞ്ചിരട്ടിയായി ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. ഇതേത്തുടർന്ന് നിർമാതാക്കൾ ഫോണുകൾക്ക് ശരാശരി 15 ശതമാനം വരെ വിലവർധിപ്പിക്കാൻ നിർബന്ധിതരായി. ഈ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിച്ചത് 15,000 രൂപയ്ക്ക് താഴെയുള്ള ബജറ്റ് ഫോണുകളെയാണ്. ഈ വിഭാഗത്തിലെ ഫോണുകളുടെ വിതരണത്തിൽ മാത്രം 45 ശതമാണത്തിന്റെ കൂറ്റൻ ഇടിവാണുണ്ടായത്. പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, ഈ വർഷം മൊത്തത്തിലുള്ള ഫോൺ വിപണിയിൽ 13 ശതമാനത്തിന്റെ വാർഷിക ഇടിവുണ്ടാകുമെന്നാണ് കൗണ്ടർപോയിന്റ് പ്രവചിക്കുന്നത്.
പരിക്കേൽക്കാതെ പ്രീമിയം ഫോൺ വിപണി
സാധാരണ വിപണി കനത്ത തിരിച്ചടി നേരിടുന്പോഴും പ്രീമിയം ഫോൺ വിപണി വലിയ പരിക്കില്ലാതെ പിടിച്ചുനിന്നു. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ഇഎംഐ പദ്ധതികളും വഴി എളുപ്പത്തിൽ വായ്പ ലഭ്യമാകുന്നതാണ് ഉയർന്ന വിലയുള്ള ഫോണുകളുടെ വിപണിയെ തുണച്ചത്. നിലവിൽ വിപണിയിൽ വിൽക്കപ്പെടുന്ന പകുതിയിലധികം ഫോണുകളും ഇത്തരം ധനസഹായ പദ്ധതികളിലൂടെയാണ് ഉപയോക്താക്കൾ സ്വന്തമാക്കുന്നത്. വന്പൻമാരായ ആപ്പിളിന് വിപണിയിൽ നേരിയ ഇടിവുണ്ടായെങ്കിലും വിതരണ ശൃംഖലയിലെ തടസങ്ങളാണ് ഐഫോൺ 17 സീരീസിന്റെ വിൽപ്പനയെ ബാധിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
വിപണിയിലെ മുൻനിരയിലുള്ള അഞ്ച് കന്പനികളിൽ സാംസംഗ് മാത്രമാണ് ഈ പ്രതിസന്ധിക്കിടയിലും രണ്ടു ശതമാനം വളർച്ചയോടെ തിളങ്ങിനിന്നത്. വിവോ 18 ശതമാനം വിപണി വിഹിതവുമായി ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും അവരുടെ വിതരണത്തിൽ ഇടിവ് സംഭവിച്ചു.
അതേസമയം, ഇന്ത്യൻ വിപണിയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രാൻഡായി ‘നതിംഗ് ’ (Nothing) മാറി. ഐപിഎൽ ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ പ്രധാന സ്പോൺസറായതിലൂടെ ലഭിച്ച ജനപ്രീതിയും തങ്ങളുടെ പുതിയ ഫോൺ (4a) മോഡലുകളുടെ മികച്ച വിൽപ്പനയും വഴി കന്പനി മുൻവർഷത്തേക്കാൾ 105 ശതമാനം വളർച്ച കൈവരിച്ചു. പ്രീമിയം വിഭാഗത്തിൽ പുതിയ വിപണന തന്ത്രങ്ങളുമായി മുന്നേറിയ ഗൂഗിൾ പിക്സൽ 68 ശതമാനത്തിന്റെ മികച്ച വളർച്ചയാണ് ഈ പാദത്തിൽ സ്വന്തമാക്കിയത്.
Tags : Chinese companies face a major setback