കെ.സി.വേണുഗോപാൽ എംപി.
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ കെഎസ്യുവിന്റെ പോരാട്ടവീര്യം ഓർമ്മിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. അന്തരിച്ച കോൺഗ്രസ് നേതാവ് പ്രഫുല്ല ചന്ദ്രന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പിലാണ് കെഎസ്യുവിന്റെ പോരാട്ടവീര്യം കെ.സി ഓർമ്മിപ്പിച്ചത്.
മുഖ്യമന്ത്രിയുമായുള്ള തർക്കത്തിൽ കെഎസ്യു നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതാണ് വേണുഗോപാലിന്റെ ഈ നീക്കമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനത്തിൽ എബിവിപി, എസ്എഫ്ഐ പ്രവർത്തകരുണ്ടെന്ന കെഎസ്യുവിന്റെ പരസ്യ വിമർശനമാണ് നിലവിലെ തർക്കങ്ങൾക്ക് ആധാരം.
എന്നാൽ കെഎസ്യുവല്ല സർക്കാരാണ് പ്ലീഡർമാരെ നിയമിക്കുന്നതെന്ന നിലപാട് മുഖ്യമന്ത്രി വി.ഡി.സതീശൻ സ്വീകരിച്ചതോടെ ഭിന്നത പരസ്യമായി. എറണാകുളത്ത് നടന്ന ചടങ്ങിൽ ഇരുവരും മുഖാമുഖം കണ്ടെങ്കിലും അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാൻ മുഖ്യമന്ത്രി തയാറാകാതിരുന്നത് വലിയ വാർത്തയായിരുന്നു.
ഈ സംഭവവികാസങ്ങൾക്ക് തൊട്ടുപിന്നാലെയാണ് സ്വന്തം കെഎസ്യു പ്രവർത്തനകാലം അനുസ്മരിച്ചുകൊണ്ട് കെ.സി. വേണുഗോപാലിന്റെ കുറിപ്പ് പുറത്തുവന്നത്. പാർട്ടിയിൽ ആഭ്യന്തര തർക്കം പുകയുന്ന സാഹചര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് വി.ഡി. സതീശനുള്ള മറുപടിയാണെന്ന ചർച്ചകളും അണികൾക്കിടയിൽ സജീവമായിട്ടുണ്ട്.
Tags : K.C.Venugopal FacebookPost Ksu V. D.Satheesan Controversy BreakingNews