International
പാരീസ്: ഫ്രഞ്ച് സാഹിത്യരംഗത്ത് തരംഗമായി മാറിയ പ്രമുഖ കനേഡിയൻ-ഹെയ്തിയൻ എഴുത്തുകാരൻ തെലിസൺ ഒറെലിയന്റെ ആദ്യ നോവൽ നിർമിത ബുദ്ധി ഉപയോഗിച്ചാണ് എഴുതിയതെന്ന ആരോപണം ഫ്രാൻസിൽ വലിയ വിവാദങ്ങൾക്ക് വഴിവച്ചു.
ഒറെലിയന്റെ ‘C’était ça ou mourir’ (അതായിരുന്നു വഴി, അല്ലെങ്കിൽ മരണം) എന്ന പുസ്തകം ‘ഫ്രഞ്ച് നോവൽ പുരസ്കാരം’സ്വന്തമാക്കുകയും പ്രശസ്തമായ ‘ഗോൺകോർട്ട്’അവാർഡിന്റെ ഫൈനലിൽ എത്തുകയും ചെയ്തിരുന്നു. നോവൽ പൂർണമായും എഐ ഉപയോഗിച്ചാണു നിർമിച്ചതെന്ന് ആരോപിച്ച് ‘ബാലൻസ് ടൺ ക്ലോഡ് ’എന്ന ഗ്രൂപ്പ് രംഗത്തെത്തുകയായിരുന്നു .
‘പാൻഗ്രാം’എന്ന എഐ ഡിറ്റക്ഷൻ സോഫ്റ്റ്വേർ ഉപയോഗിച്ചു പരിശോധിച്ചപ്പോൾ പുസ്തകത്തിലെ ഭൂരിഭാഗവും എഐ നിർമിതമാണെന്നു തെളിഞ്ഞതായാണ് ഇവരുടെ അവകാശവാദം.
എന്നാൽ ആരോപണങ്ങൾ എഴുത്തുകാരൻ തെലിസൺ ഒറെലിയനും അദ്ദേഹത്തിന്റെ പബ്ലിഷറായ ‘ഗ്രാസെ’യും പൂർണമായും തള്ളി. ""ഞാൻ ചെറുപ്പം മുതലേ സാഹിത്യത്തെ പ്രണയിക്കുന്നയാളാണ്.
കരീബിയൻ പാരാമ്പര്യവും ശൈലിയുമാണ് എഴുത്തിലുള്ളത്, യന്ത്രങ്ങളെ ആശ്രയിക്കേണ്ട കാര്യം എനിക്കില്ല'' -ഒറെലിയൻ വ്യക്തമാക്കി. 2019ൽ തന്നെ ഈ നോവലിന്റെ ആദ്യരൂപം എഴുതിക്കഴിഞ്ഞിരുന്നുവെന്നും ആരോപണങ്ങൾക്കെതിരേ നിയമപരമായി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മാസപ്പടി ഡയറിയിലെ പേരു വിവാദമാക്കാൻ സംസ്ഥാന ബിജെപി നേതൃത്വം ശ്രമിക്കുന്പോഴും ഗൗരവത്തിൽ എടുക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ നേതാക്കൾക്ക് വ്യവസായികളും സാധാരണക്കാരും അടക്കം പണം നൽകുന്നതു പതിവാണെന്നും അതിനാൽ തെരഞ്ഞെടുപ്പു ഫണ്ട് സ്വീകരിക്കുന്നത് മാസപ്പടിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നുമുള്ള നിലപാടിലാണ് മുഖ്യമന്ത്രിയെന്നാണു വിവരം. ഇതാണ് ഇന്നലെ കൊച്ചിയിൽ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്തിരുന്നെങ്കിലും ഈ വിവാദവുമായി ബന്ധപ്പെട്ടു പ്രതികരിക്കാതിരുന്നതെന്നതത്രേ.
ബിജെപി നേതാവ് ഷോണ് ജോർജ് ഇന്നലെ പുറത്തു വിട്ട മാസപ്പടി ഡയറിയിൽ ബിജെപി നേതാക്കളുടെ പേരുകൾ മറച്ചുവച്ച് യുഡിഎഫ്- എൽഡിഎഫ് നേതാക്കളുടെ വിവരങ്ങൾ മാത്രമാണ് പുറത്തുവിട്ടതെന്ന പരാതിയും മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവർക്കും യുഡിഎഫ് നേതൃത്വത്തിനുമുണ്ട്. ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും നിലവിലെ എംഎൽഎയുമായ വി. മുരളീധരൻ അടക്കമുള്ളവരുടെ പേരുവിവരം സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ മാസപ്പടി ഡയറിയിൽ ഉണ്ടെന്നാണ് ഇവരുടെ ആരോപണം.
ബിജെപി നേതാക്കളുടെ പേരുവിവരം മറച്ചുവച്ചുള്ള പട്ടികയാണ് ഷോണ് ജോർജ് പുറത്തുവിട്ടതെന്ന് നേതാക്കൾ ആരോപിക്കുന്നു. പട്ടികയിലെ മുഴുവൻ പേരുകാരുടെയും വിവരങ്ങൾ സഹിതമാകും അടുത്ത ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ ഈ വിഷയത്തിൽ പ്രതികരിക്കുക. നേരത്തേ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരേ ഇത്തരമൊരു ആരോപണം ഉയർന്നപ്പോഴും തെരഞ്ഞെടുപ്പു ഫണ്ട് സ്വീകരിക്കുന്നതിൽ എന്താണ് തെറ്റെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ ചോദിച്ചത്.
2010-14 കാലത്തെ തദ്ദേശ സ്ഥാപന- നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രീയ നേതാക്കളുടെ പേരുകൾ സിഎംആർഎൽ കന്പനിയുടെ പട്ടികയിൽ വന്നതത്രേ.
പുറത്തുവിട്ട പട്ടികയിൽ മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാന മന്ത്രിസഭാംഗങ്ങളായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, ഷിബു ബേബിജോണ് തുടങ്ങിയവരുടെ പേരുകളും ഉൾപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും വന്നോട്ടെയെന്ന നിലപാടാണ് കെ. മുരളീധരൻ സ്വീകരിച്ചത്.
മാസപ്പടി കടത്തുമായി ബന്ധപ്പെട്ടു മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ അടക്കമുള്ളവർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താത്തതിന് യുഡിഎഫ്- എൽഡിഎഫ് കൂട്ടുകെട്ടാണ് കാരണമെന്നു വരുത്തിത്തീര്ക്കാനാണ് ബിജെപിയുടെ സംഘടിതനീക്കമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെയും മന്ത്രിസഭാംഗങ്ങളുടെയും സിപിഎം, സിപിഐ നേതാക്കളുടെയും പേരുവിവരം പുറത്തു വിട്ടതത്രേ. തെരഞ്ഞെടുപ്പു ഫണ്ട് സ്വീകരിച്ചതിന്റെ പേരിൽ ബിജെപി രാഷ് ട്രീയ ആക്രമണത്തിനു ശ്രമിക്കുന്നെന്ന വാദമാണ് ഇവർ ഉയർത്തുന്നത്.
എന്നാൽ എൻഫോഴ്സ്മെന്റ് ഏജൻസിയായ എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖയാണ് പുറത്തു വിട്ടതെന്നായിരുന്നു ബിജെപി നേതാക്കളുടെ വാദം.
Kerala
തിരുവനന്തപുരം: ചാർട്ടേഡ് വിമാനയാത്രാ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിമാനയാത്രയിൽ സർക്കാരിന്റെ ഒരു പണവും ചെലവാക്കിയിട്ടില്ലെന്നും വിമാനം ഏർപ്പാടാക്കി നൽകിയത് ഒരു പരിചയക്കാരനായ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആളിന്റെ പേര് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പണം മുടക്കിയ ആൾക്ക് ഒരു ഔദാര്യവും ചെയ്തുനല്കിയിട്ടില്ല. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻചാണ്ടിയും ഇത്തരത്തിൽ വിമാനയാത്ര നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റു മുഖ്യമന്ത്രിമാരും ഇത്തരത്തിൽ വിമാനയാത്ര നടത്തിയിട്ടുണ്ട്. അതിൽ ഒരു കുഴപ്പവുമില്ല, ഇനിയും താൻ ഇത്തരത്തിലുള്ള വിമാനയാത്ര നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
National
ന്യൂഡല്ഹി: എന്എസ്എസ് ആസ്ഥാനമായ പെരുന്നയില് ശുദ്ധീകരണം വരുത്തണം എന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ജൂലൈയില് മന്നം സ്മൃതിമണ്ഡപം ഉദ്ഘാടനച്ചടങ്ങില് താന് പറഞ്ഞ കാര്യങ്ങള് മാധ്യമങ്ങള് വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡല്ഹി കോണ്സ്റ്റിറ്റ്യൂഷന് ക്ലബില് ഗ്ലോബല് നായര് സമാജവും ഡല്ഹി-എന്എസ്എസും സംയുക്തമായി സംഘടിപ്പിച്ച ആഗോള നായര് സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തു പറഞ്ഞാലും വക്രസൃഷ്ടിയാക്കുന്ന ചില മാധ്യമങ്ങളുടെ രീതി കാരണമാണ് ശുദ്ധി എന്ന വാക്കുപോലും തെറ്റിദ്ധരിപ്പിക്കപ്പെടാന് ഇടയാക്കിയത്. വന്ദേമാതരം ആലപിക്കുമ്പോള് കൈകള് കൂപ്പുന്ന, മാതാപിതാക്കള് പകര്ന്ന് നല്കിയ ശീലത്തെപോലും മാധ്യമങ്ങള് വെറുതെവിട്ടിട്ടില്ല. അതിനാല് എന്എസ്എസ് പരിപാടികളില് ഇനിമുതല് എഴുതി തയാറാക്കിയ പ്രസംഗങ്ങള് മാത്രമേ നടത്തൂവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഡല്ഹി സമ്മേളനത്തിലും മുന്കൂട്ടി തയാറാക്കിയ പ്രസംഗമാണ് അദ്ദേഹം വായിച്ചത്.
ആഗോള നായര് സമ്മേളനം ഡല്ഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് ഉദ്ഘാടനം ചെയ്തത്. വിദ്യാധിരാജോത്സവത്തിന് തുടക്കം കുറിച്ചത് കേന്ദ്ര ഊര്ജ സഹമന്ത്രി ശ്രീപദ് യെസ്സോ നായക് ആണ്. ധാര്മികാചാര്യന് ബ്രഹ്മര്ഷി ഡോ. മോഹന്ജി അനുഗ്രഹപ്രഭാഷണം നടത്തി. ഫരിദാബാദ് അമൃത ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര് സ്വാമി നിജാമൃതാനന്ദ പുരിയാണ് എന്എസ്എസ് ഡല്ഹിയുടെ നേതൃത്വത്തില് ആരംഭിച്ച ശ്രീ വിദ്യാധിരാജ വിദ്യാപീഠം പാഠ്യപദ്ധതിയുടെ ശുഭാരംഭം നിര്വഹിച്ചത്.
ഗ്ലോബല് എന്എസ്എസ് ചെയര്മാന് എസ്എസ്എസ് നായര് അധ്യക്ഷത വഹിച്ച ചടങ്ങില് രക്ഷാധികാരിയും ഡല്ഹി എന്എസ്എസ് പ്രസിഡന്റുമായ എംകെജി പിള്ള, ജനറല് സെക്രട്ടറി എംഡി ജയപ്രകാശ്, ബാബു പണിക്കര്, സി. ഉദയഭാനു, ശിവപ്രസാദ് നായര്, എം.ജി. രാജശേഖരന് നായര്, ഗോപകുമാരന് നായര്, അഡ്വ. പ്രിയ ബാലകൃഷ്ണന് എന്നിവര് പ്രസംഗിച്ചു.
Kerala
കൊച്ചി: ലയണല് മെസിയുടെ പേരില് നടന്ന വിവാദ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് റിപ്പോര്ട്ടര് ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിലടക്കം നടത്തിയ പരിശോധനയില് പിടിച്ചെടുത്ത രേഖകളും ഡിജിറ്റല് ഉപകരണങ്ങളും പൊലിസ് തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയില് സമര്പ്പിച്ചു.
ഇന്നലെ വൈകിട്ടോടെയാണ് തൃക്കാക്കര എസിപി സി.കെ. ബിജോയ് ചന്ദ്രന്റെ നേതൃത്വത്തില് രേഖകള് ഹാജരാക്കിയത്.
ബാങ്ക് രേഖകള്, പണമിടപാട് വിവരങ്ങള്, ലാപ്ടോപ്പ്, ഫോണുകള്, ഐ പാഡ്, കലൂര് സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകള് എന്നിവയാണ് എസ്ഐടി പരിശോധനയില് പിടിച്ചെടുത്തത്. ഇലക്ട്രോണിക്സ് ഉപകരണങ്ങള് കോടതി നിര്ദേശപ്രകാരം ഫോറന്സിക് പരിശോധനയ്ക്ക് കൈമാറും.
Kerala
കൊച്ചി: അര്ജന്റീന ടീമിന്റെ കേരള സന്ദര്ശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടില് റിപ്പോര്ട്ടര് ടിവിയുടെ കളമശേരിയിലെ ചാനല് ആസ്ഥാനത്ത് നടത്തിയ പരിശോധനയില് പിടിച്ചെടുത്ത ഡിജിറ്റല് രേഖകള് ഫോറന്സിക് പരിശോധനയ്ക്ക് അയക്കും.
വിദേശ കറന്സിയും, വിദേശ ക്രെഡിറ്റ് കാര്ഡുമടക്കം പിടിച്ചെടുത്ത സംഭവത്തില് പുതിയ കേസെടുക്കാനുള്ള ഒരുക്കത്തിലാണ് എസ്ഐടി. വിശദമായ പരിശോധനകള്ക്ക് ശേഷം എസ്ഐടി കൂടുതല് നടപടികളിലേക്ക് കടന്നേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. വിവാദ ഇടപാടുമായി ബന്ധപ്പെട്ട നിര്ണായക രേഖകള് പലതും നശിപ്പിച്ചതായും എസ്ഐടി സംശയിക്കുന്നുണ്ട്.
അതിനിടെ വിവാദ ഇടപാടില് മുന് കായിക വകുപ്പ് മന്ത്രിയെയും ചോദ്യം ചെയ്തേക്കും. കേസില് ഒന്നാംപ്രതിയായ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്ത ശേഷമാകും ഇത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില് അന്വേഷണസംഘം പിടിച്ചെടുത്ത ഡിജിറ്റല് രേഖകളും കലൂര് അന്താരാഷ്ട്ര സ്റ്റേഡിയവുമായി ബന്ധപ്പെട്ട കരാര് രേഖകളുമടക്കം പൊലിസ് പരിശോധിച്ച് വരികയാണ്. ആന്റോ അഗസ്റ്റിനെ വൈകാതെ നോട്ടീസ് നല്കി വിളിപ്പിക്കാനാണ് നീക്കം.
കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം ബുധനാഴ്ച പുലര്ച്ചെ 5.50ന് ആരംഭിച്ച പരിശോധന വ്യാഴാഴ്ച 2:30 ഓടെയാണ് അവസാനിപ്പിച്ചത്.
മെസിയുടെ പേരില് നടന്ന വിവാദ സാമ്പത്തിക ഇടപാടില് 15ന് ആണ് കളമശേരി പൊലിസ് കേസ് രജിസ്റ്റര് ചെയ്തത്. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങള് ചുമത്തിയിട്ടുള്ള കേസില് റിപ്പോര്ട്ടര് ടിവി എംഡി ആന്റോ അഗസ്റ്റിന് ഒന്നാം പ്രതിയും റിപ്പോര്ട്ടര് ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്.
Kerala
കൊച്ചി: അര്ജന്റീന ടീമിന്റെ കേരള സന്ദര്ശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടില് സ്പോണ്സറായിരുന്ന റിപ്പോര്ട്ടര് ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ എസ്ഐടി രജിസ്റ്റര് ചെയത് കേസിന്റെ വിവരങ്ങള് തേടി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). എഫ്ഐആര് വിവരങ്ങളും റിപ്പോര്ട്ടര് ടിവിയുടെ കളമശേരിയിലെ ഓഫിസിലടക്കം കഴിഞ്ഞദിവസം അഞ്ചിടങ്ങളില് ഒരേസമയം നടന്ന പരിശോധനയുടെ വിശദാംശങ്ങളും ഇതില് പിടിച്ചെടുത്ത രേഖകളുടെ വിവരങ്ങളും ഇഡി തേടി.
കള്ളപ്പണ നിരോധന നിയമപ്രകാരം(പിഎംഎല്എ) നടപടിക്ക് ഒരുങ്ങുകയാണ് ഇഡി. പൊലിസോ മറ്റ് ഏജന്സികളോ എടുത്ത കേസിന്റെ തുടര്ച്ചയായി മാത്രമേ പിഎംഎല്എ കേസ് എടുക്കാന് സാധിക്കൂ എന്നതിനാലാണ് ഇഡി എഫ്ഐആര് വിവരങ്ങള് ശേഖരിച്ചത്.
കേസില് റിപ്പോര്ട്ടര് ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ഒന്നാം പ്രതിയും കമ്പനി രണ്ടാം പ്രതിയുമാണ്. സര്ക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിച്ചു, ക്രിമിനല് ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങള് ചുമത്തി വഞ്ചനാകുറ്റത്തിനാണ് എസ്ഐടി കേസ് രജിസ്റ്റര് ചെയ്തിട്ടുള്ളത്. കേസില് വരും ദിവസങ്ങളില് അറസ്റ്റ് ഉണ്ടായേക്കും.
മെസിയുടെ സന്ദര്ശനവുമായി ബന്ധപ്പെട്ട് കമ്പനി വിദേശ അക്കൗണ്ടിലേക്ക് 126 കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന് (ഫെമ) ഇഡി നേരത്തെ കേസ് എടുത്തിരുന്നു. പിഎംഎല്എ കേസ് രജിസ്റ്റര് ചെയ്യുന്നതോടെ ഇഡിയുടെ നീക്കം കൂടുതല് ശക്തമാകും. ഇതിനു മുന്നോടിയായി ഇഡി ഇന്റലിജന്സിന്റെ വിശദമായ പരിശോധന നടന്നു വരികയാണ്.
Kerala
കണ്ണൂർ: റവന്യു വകുപ്പിൽ ക്ലർക്ക്, വില്ലേജ് അസിസ്റ്റന്റ് തസ്തികയിൽ നിന്നും സ്പെഷ്യൽ വില്ലേജ് ഓഫീസർ, സീനിയർ ക്ലർക്ക് തസ്തികയിലേക്കുള്ള ഉദ്യോഗക്കയറ്റം സംബന്ധിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) ഉത്തരവ് മറികടന്ന് സർക്കാർ ഉത്തരവിറക്കിയത് സംബന്ധിച്ച് വിവാദം. ഭരണ സിരാകേന്ദ്രത്തിലെ ചിലർ ബന്ധപ്പെട്ടവരെ തെറ്റിദ്ധരിപ്പിച്ച് സ്ഥാനക്കയറ്റ പട്ടിക ഉത്തരവായി ഇറക്കിയെന്ന ആരോപണവും ഉയരുന്നുണ്ട്.
സർക്കാർ ഉത്തരവിനെതിരേ കോഴിക്കോട് ജില്ലയിലെ 16 ജീവനക്കാർ കെഎടിയിൽ സമർപ്പിച്ച ഹർജിയെത്തുടർന്ന് സംസ്ഥാന വ്യാപകമായുള്ള പുതിയ ഉദ്യോഗക്കയറ്റ പട്ടിക കെഎടി മണിക്കൂറുകൾക്കം മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി. റവന്യു വകുപ്പിലെ ക്ലർക്ക്/വില്ലേജ് അസിസ്റ്റന്റ് തസ്തികയിൽനിന്ന് സ്പെഷ്യൽ വില്ലേജ് ഓഫീസർ/ സീനിയർ ക്ലർക്കിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവാണ് മരവിപ്പിച്ചത്. ഉദ്യോഗക്കയറ്റം സംബന്ധിച്ച് നേരത്തേയുള്ള ട്രൈബ്യൂണൽ ഉത്തരവ് അട്ടിമറിച്ച് പുതിയ ഉത്തരവിറക്കിയത് സംബന്ധിച്ച് കെഎടി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. 22ന് ഇതു സംബന്ധിച്ച് വിശദീകരണം ട്രൈബ്യൂണൽ മുന്പാകെ സർക്കാർ നൽകണം.
2014ൽ വില്ലേജ് ഓഫീസ് ഉൾപ്പടെയുള്ള റവന്യു വകുപ്പിൽ സംയോജിത സീനിയോറിറ്റി ലിസ്റ്റ് തയാറായിരുന്നു. അന്ന് ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയ്ക്ക് താഴെയുള്ള ജീവനക്കാരുടെ ഉദ്യോഗക്കയറ്റ ക്വാട്ട 10 ശതമാനമാക്കി ചുരുക്കിയിരുന്നു. ഇത് സംസ്ഥാനത്തെ 14 ജില്ലകളിലെയും റവന്യു വകുപ്പിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ (വിഎഫ്എ) ഉദ്യോഗക്കയറ്റം വൈകിച്ചിരുന്നു. 2019ൽ പ്രമോഷൻ ക്വാട്ട 15 ശതമാനമായി ആയി പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും 2014 മുതലുള്ള സീനിയോറിറ്റി നഷ്ടപ്പെട്ടതിനാൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്യേണ്ട അഞ്ചു വർഷത്തെ നഷ്ടമാണ് ജീവനക്കാർ നേരിട്ടത്.
വിഎഫ്എയിൽനിന്ന് ക്ലർക്കായി പ്രമോഷൻ ലഭിച്ചവർക്ക് മുൻകാല സീനിയോരിറ്റി 15 ശതമാനം എന്ന കണക്കിൽ 3:2 അനുപാതത്തിൽ അനുവദിക്കണം എന്നാവശ്യപ്പെട്ടു ജീവനക്കാർ കെഎടിയിൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച കെഎടി 2014ന് ശേഷം പ്രമോഷൻ ലഭിച്ച വിഎഫ്എ മാരുടെ സീനിയോരിറ്റി പുനർനിശ്ചിക്കണമെന്ന് ഉത്തരവിട്ടു. വിവിധ ജില്ലയിലെ വിഎഫ്എമാരുടെ 2014 മുതലുള്ള സീനിയോറിറ്റി പൂർണമായി പുനസ്ഥാപിക്കണമെന്നായിരുന്നു ഉത്തരവ്.
വില്ലേജ് ഫീൽഡ് അസിസ്റ്റന്റിൽനിന്ന് ക്ലർക്കായവർക്ക് സീനിയർ ക്ലർക്കായി പ്രമോഷൻ ലഭിക്കുമ്പോൾ സംസ്ഥാനത്തൊട്ടാകെയുള്ള ഫീൽഡ് അസിസ്റ്റന്റ്മാരുടെ ഉദ്യോഗക്കയറ്റ സാധ്യതയായിരുന്നു വിധിയിലൂടെ തുറന്നു കിട്ടിയത്. എന്നാൽ ഇതെല്ലാം അട്ടിമറിച്ചുള്ളതായിരുന്നു കഴിഞ്ഞ ശനിയാഴ്ച സർക്കാർ പുറപ്പെടുവിച്ച ഉത്തരവ്.
Kerala
തിരുവനന്തപുരം: ചിറയിന്കീഴ് കൈയാങ്കളി വിവാദത്തിനിടെ രമ്യ ഹരിദാസ് എംഎല്എ ഓഫീസിലെത്തി ഇന്നു രാവിലെ പത്തോടെയാണ് രമ്യ ഹരിദാസ് ചിറയിന്കീഴിലെ എംഎല്എ ഓഫീസിലെത്തിയത്.
രമ്യയെ അനുകുലിക്കുന്ന പ്രവര്ത്തകര് മാധ്യമങ്ങള് തെറ്റായ വാര്ത്തകള് നല്കി അപമാനിക്കുകയാണെന്ന് ആരോപിച്ചു. ഇന്നു രാവിലെ രമ്യ ഹരിദാസ് ഫേസ് ബുക്കില് തെരഞ്ഞെുപ്പ് വിജയ വീഡിയോ പങ്ക് വച്ചിരുന്നു. കൂടാതെ ഇന്നും നാളെയും ഓഫീസില് ഉണ്ടാകുമെന്നും പറഞ്ഞിരുന്നു.
ഇന്നു കെപിസിസി ഓഫീസിലെത്തി കൈയാങ്കളി വിവാദം അന്വേഷിക്കുന്ന മുതിര്ന്ന കോണ്ഗ്രസ് നേതാവ് എം.എം. ഹസന് അധ്യക്ഷനായ സമിതിക്കു മുന്പാകെ ഹാജരായി കാര്യങ്ങള് വിശദീകരിക്കും.
Leader Page
ഇന്ത്യ സാമ്പത്തികമായി വളരുന്നോ ഇല്ലയോ എന്നതല്ല തർക്കം. പറയുന്ന കണക്കുകളുടെ വിശ്വാസ്യതയാണു തർക്കവിഷയം. പല കാര്യങ്ങളിലും വിശ്വാസ്യത ഉറപ്പാക്കുന്ന തുറവി കണക്കുകളിലില്ല. വേണ്ടത്ര ഒരുക്കമില്ലാതെ മാറ്റങ്ങൾ വരുത്തുന്നു. ആ മാറ്റങ്ങൾ വിലയിരുത്താൻ തക്ക ഡാറ്റാ ശേഖരങ്ങൾ വിദഗ്ധർക്കുപോലും ലഭിക്കുന്നില്ല. അതാണു തർക്കത്തിന് ആധാരം.
ഏപ്രിൽ-ജൂൺ പാദത്തിലെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) കണക്കുകളാണു വിവാദത്തിലായത്. 2022-23ലെ വിലയിൽ (സ്ഥിരവില) 7.8 ശതമാനം വളർന്നു എന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പറഞ്ഞു. ഇറാനിലെ യുദ്ധവും മറ്റും മൂലം സാമ്പത്തിക വെല്ലുവിളികൾ നിറഞ്ഞ അവസരത്തിൽ ഇത്രയും വളർച്ച അധികമാരും പ്രതീക്ഷിച്ചില്ല. റിസർവ് ബാങ്ക് ഏഴു ശതമാനമാണു പ്രതീക്ഷിച്ചത്. വിവിധ സ്വകാര്യ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളും ബ്രോക്കറേജുകളും ഏഴു മുതൽ 7.5 വരെ ശതമാനം പ്രതീക്ഷിച്ചു. അപ്പോഴാണ് 7.8% എന്ന കണക്കു വന്നത്.
കുറേക്കാലമായി സർക്കാർ കണക്കുകളുടെ വിശ്വാസ്യതയിൽ രാജ്യത്തും പുറത്തും സന്ദേഹങ്ങൾ ഉയരുന്നുണ്ട്. നമ്മുടെ കണക്കിന്റെ വിശ്വാസ്യത ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യനിധി) റേറ്റിംഗ് സൂചികയിൽ ബിയിൽനിന്നു സിയിലേക്കു താഴ്ത്തിയിരുന്നു. ഈ സാഹചര്യത്തിൽ വിമർശനങ്ങൾ സ്വാഭാവികം.
രണ്ടു തരം വിമർശനങ്ങൾ
രണ്ടു തരം വിമർശനങ്ങളുയർന്നു. ഒരു കൂട്ടർ കണക്കിൽ കൃത്രിമം ഉണ്ടെന്ന സംശയമുന്നയിച്ചു. രണ്ടാമത്തെ കൂട്ടർ ഈ ഉയർന്ന വളർച്ചയെ സാധൂകരിക്കുന്ന തൊഴിൽ വളർച്ചയും മൂലധന നിക്ഷേപവും കാണാത്തതു ചൂണ്ടിക്കാണിക്കുന്നു.
കണക്കിലെ തട്ടിപ്പു പറയുന്നവരുടെ പ്രധാന ആക്ഷേപം പഴയ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ഉന്നയിച്ചതാണ്. 2025 ഏപ്രിൽ-ജൂണിൽ നടപ്പുവിലയിലെ (Current Price) ജിഡിപി 86.05 ലക്ഷം കോടി (ട്രില്യൺ) രൂപ ആണെന്ന് എൻഎസ്ഒ കണക്കാക്കി. 2011-12 അടിസ്ഥാന വർഷമായി എടുത്ത കണക്കാണത്. ഈ ഫെബ്രുവരിയിൽ 2022-23 അടിസ്ഥാന വർഷമാക്കി കണക്ക് പരിഷ്കരിച്ചു. അതനുസരിച്ചു 2025 ജൂൺ പാദത്തിലെ ജിഡിപി സംഖ്യ 80.10 ട്രില്യൺ രൂപ ആക്കി. ഇക്കൊല്ലം ജൂൺ പാദത്തിൽ നടപ്പുവിലയിലെ ജിഡിപി 88.27 ട്രില്യൺ. വർധന 10.3 ശതമാനം. പക്ഷേ 2011-12ലെ വിലയിലുള്ള 86.05 ട്രില്യണിൽനിന്നു വർധന 2.6 ശതമാനം മാത്രമേ ഉള്ളൂ. ഇതാണ് ഗാർഗ് പറഞ്ഞത്.
മാറ്റം അത്ര ചെറുതല്ല
അടിസ്ഥാനവർഷം (Base year) മാറ്റിയപ്പോൾ തുകയിലും വളർച്ചാനിരക്കിലും മാറ്റം വന്നു. അതു മുന്പും സംഭവിച്ചിട്ടുള്ളതാണ്. രണ്ടോ മൂന്നോ ശതമാനം മാറ്റമാണു സാധാരണ വരാറ്. ഇത്തവണ ജിഡിപി തുക ഏഴു ശതമാനത്തോളം കുറഞ്ഞു. അതുപോലെ സ്ഥിരവിലയിലെ ജിഡിപിയും ഗണ്യമായി മാറി. ആ മാറ്റമാണ് ഉയർന്ന വളർച്ച ഉണ്ടെന്നു തോന്നാൻ കാരണമെന്നു ഗാർഗ് പറയുന്നു.
രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്: അടിസ്ഥാനവർഷം ഇടയ്ക്കിടെ മാറ്റും. അതു സാധാരണമാണ്. സമൂഹം ഉപയോഗിക്കുന്ന സാധനങ്ങളും സേവനങ്ങളും മാറുന്നതനുസരിച്ചു കണക്കു ശേഖരണം മാറ്റണം. എങ്കിലേ കണക്ക് കാലികമാകൂ.
രണ്ട്: ഇങ്ങനെ മാറുമ്പോൾ നടപ്പുവിലയിലെ ജിഡിപി തുക കൂടുന്നതാണു പതിവ്. കൂടുതൽ സാധനങ്ങളും സേവനങ്ങളും കണക്കെടുപ്പിൽ ഉൾപ്പെടുമ്പോൾ വർധന സ്വാഭാവികമാണ്. കുറയുന്നതാണ് അസ്വാഭാവികം.
അന്നു ചെയ്തത്
മോദി സർക്കാർ ഭരണമേറ്റ ശേഷം രണ്ടു തവണ അടിസ്ഥാനവർഷം മാറ്റി. രണ്ടു തവണയും ജിഡിപി വളർച്ചയും തുകയും കുറഞ്ഞു. ആദ്യം അടിസ്ഥാനവർഷം 2004-05ൽ നിന്ന് 2011-12 ലേക്കു മാറ്റി. അത് മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്തെ വളർച്ചാ നിരക്ക് കുറച്ചു കാണിക്കാനുള്ള ശ്രമമായിട്ടാണ് പലരും കണ്ടത്. സ്റ്റാറ്റിസ്റ്റീഷ്യന്മാർ നിരീക്ഷിക്കുന്ന പല അടിസ്ഥാന വിവരങ്ങളും പുതിയ കണക്കിൽ മറച്ചുവച്ചതിനാൽ സംശയകരമായ പല കാര്യങ്ങളും ഉണ്ടായി. അന്നത്തെ വിവാദപരമായ തിരുത്തൽ ഇങ്ങനെ
2011-12ൽ നിന്നു 2022 -23ലേക്ക് അടിസ്ഥാന വർഷം മാറ്റിയപ്പോൾ മോദിയുടെ ഭരണകാലത്തെ വളർച്ചാനിരക്കിലാണു കുറവു വന്നത്. 2012നു ശേഷം ജിഡിപിയിലെ യഥാർഥ വളർച്ചയേക്കാൾ കൂടുതലാണ് സർക്കാർ പുറത്തുവിട്ട കണക്കിൽ ഉണ്ടായിരുന്നതെന്നാണു പുതിയ കുറയ്ക്കൽ കാണിക്കുന്നത്.
എന്നാൽ ആ കുറവ് ഇപ്പോഴത്തെ വളർച്ച കൂടുതലാണെന്നു വരുത്താൻ സഹായിക്കുന്നു. പഴയ കണക്ക് കൂടിയോ കുറഞ്ഞോ എന്നു സാധാരണ ജനം നോക്കില്ലല്ലോ. അപ്പോൾ വമ്പൻ വളർച്ച പറഞ്ഞ് എതിരാളികളെ അടിച്ചമർത്താൻ കണക്കിലെ കളി സഹായിക്കും. അതിലേക്കാണ് ഗാർഗ് വിരൽ ചൂണ്ടിയത്. ഒന്നാം മോദി സർക്കാരിന്റെ കാലത്തെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്റെയും മറ്റും വിമർശനവും കണക്കിൽ വിശ്വാസ്യത ഇല്ലെന്നുതന്നെയാണ്.
എങ്കിൽ തൊഴിൽ എവിടെ?
റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന്റെ വിമർശനം കാതലായ മറ്റൊരു വിഷയം ഉയർത്തുന്നു. ഇത്രയും വലിയ ജിഡിപി വളർച്ചയ്ക്കു തക്ക തൊഴിൽ എവിടെ? ഇങ്ങനെ വളർച്ചയുണ്ടെങ്കിൽ സ്വദേശികളും വിദേശികളും മൂലധനനിക്ഷേപത്തിന് ഓടിക്കൂടേണ്ടതല്ലേ? രണ്ടുമില്ല. എന്നു മാത്രമല്ല യുവാക്കളുടെ തൊഴിലില്ലായ്മ വിഷയമായി ഉന്നയിച്ച കോക്രോച്ച് ജനതാ പാർട്ടി (സിജെപി) എന്നൊരു പ്രസ്ഥാനം ചുരുങ്ങിയ നാൾ കൊണ്ട് രാജ്യത്തു വലിയ സ്വാധീനശക്തിയാകുകയും ചെയ്തു.
പുതിയ കമ്പനികൾ കരാർജോലികളേ നൽകൂ എന്നോ വളർച്ചയുടെ പിന്നാലെയാണു തൊഴിൽ വർധന എന്നോ ഒക്കെ ന്യായീകരിക്കാൻ കുറേ പേർ ശ്രമിച്ചു നാണംകെട്ടു. വലിയ വളർച്ച കാണുന്ന രാജ്യത്തെ വിപണിയിൽനിന്നു വിദേശനിക്ഷേപകർ പണം പിൻവലിക്കുന്നതിനോ സ്വദേശവ്യവസായികൾ മൂലധന നിക്ഷേപം കൂട്ടാത്തതിനോ യുക്തിസഹമായ വിശദീകരണം സർക്കാർ വക്താക്കൾക്കു നൽകാൻ കഴിഞ്ഞിട്ടുമില്ല. നല്ല വളർച്ചയുണ്ടെങ്കിൽ ബിസിനസ് ലാഭകരമായി വളരും. ലാഭം കിട്ടുമെന്നു കണ്ടാൽ കമ്പനികൾ പണംമുടക്കി ഉത്പാദനശേഷി വർധിപ്പിക്കും. അതു നടക്കുന്നില്ലെങ്കിൽ അത്രയും വളർച്ചയില്ലെന്നുതന്നെയാണ് അർഥം.
ഇരട്ടക്കുത്തിലെ പൊരുത്തക്കേട്
ജിഡിപി കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തിയ രീതിയാണ് വിദഗ്ധരെ അസ്വസ്ഥരാക്കിയത്. പ്രത്യേകിച്ചും വിലക്കയറ്റത്തിന്റെ പ്രത്യാഘാതം കുറയ്ക്കാൻ ഇരട്ടക്കുത്ത് (Double deflation) ഏർപ്പെടുത്തിയത്. നേരത്തേ വിലക്കയറ്റത്തിന്റെ പ്രഭാവം കുറയ്ക്കാൻ നടപ്പുവിലയിൽ വിലക്കയറ്റ സൂചിക ഉപയോഗിച്ച് ഒരു തവണ കുറവു വരുത്തിയിരുന്നു. ഇപ്പോൾ രണ്ടുഘട്ടത്തിൽ രണ്ടു വ്യത്യസ്ത സൂചികകൾ ഉപയോഗിക്കും. ഉത്പന്നത്തിന്റെ ഘടകവസ്തുക്കളുടെ വിലക്കയറ്റം ഒരു ഘട്ടത്തിൽ കുറയ്ക്കും. ഉത്പന്നത്തിന്റെ വിലക്കയറ്റം അടുത്ത ഘട്ടത്തിലും. ഐഎംഎഫ് നിർദേശിച്ചിട്ടാണു മാറ്റം വരുത്തിയത്. മാറ്റം വന്നപ്പോൾ കഥ വ്യത്യസ്തമായി. കഴിഞ്ഞ പാദത്തിൽ ചില്ലറ വിലക്കയറ്റം മൂന്നര ശതമാനം. മൊത്ത വിലക്കയറ്റം ഒന്പതു ശതമാനം. പക്ഷേ വിലക്കയറ്റം വെറും 2.5 ശതമാനം എന്നു തോന്നുന്ന വിധമാണ് ഇരട്ടക്കുത്ത് നടത്തിയത്. അതിന്റെ വിശദാംശങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. ഇരട്ടക്കുത്തിൽ അങ്ങനെ സംഭവിക്കും എന്ന ഒഴുക്കൻ ന്യായമേ അധികൃതർക്കു പറയാനുള്ളൂ.
മുമ്പേചെയ്യേണ്ടത് പിമ്പേ
ഐഎംഎഫ് പറഞ്ഞത് ഉത്പാദക വിലസൂചിക (Producer Price Index - PPI) ഉപയോഗിക്കാനാണ്. ഫാക്ടറിയിൽനിന്ന് ഉത്പന്നം പുറത്തേക്കു നൽകുമ്പോൾ ഈടാക്കുന്ന വിലയാണ് ഇതിനു വേണ്ടത്. അതു നൽകാൻ മുമ്പ് ഫാക്ടറി ഉടമകൾക്കു സമ്മതമില്ലായിരുന്നു. അതുകൊണ്ടാണ് പിപിഐ തയാറാക്കാത്തതെന്ന് എൻഎസ്ഒയുടെ മുൻ തലവൻ പ്രണബ് സെൻ പറഞ്ഞത്. ഇപ്പോൾ പിപിഐ എങ്ങനെ ഉണ്ടാക്കി എന്നു വ്യക്തമല്ല. അതിന്റെ ഡാറ്റാ ശേഖരവും ലഭ്യമല്ല. ഇപ്പോൾ സർക്കാർ പറയുന്നതു നാലഞ്ചു വർഷം പുതിയ രീതിയും പഴയരീതിയും സമാന്തരമായി നിലനിർത്തി പോരായ്മകൾ കണ്ടെത്തി പരിഹാരം കാണാമെന്നാണ്. പുതിയ രീതി നടപ്പാക്കും മുമ്പു ചെയ്യേണ്ട കാര്യമായിരുന്നു അത്.
Kerala
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദത്തിൽ അടിയന്തര അന്വേഷണത്തിന് ദേവസ്വംമന്ത്രി കെ. മുരളീധരൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി.
മുൻകാല സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനത്തിൽ വല്ല കുറവുണ്ടായോ എന്ന് പരിശോധിക്കണമെന്നും എന്തെങ്കിലും വീഴ്ചകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നുമാണ് മന്ത്രിയുടെ നിർദ്ദേശം.
അന്നദാനം ഉൾപ്പെടെയുള്ളവ സുഗമമായി നടത്തുന്നതിന് കൃത്യമായ നടപടിക്രമങ്ങൾ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ശബരിമലയിൽ തിരുവോണ സദ്യ മുടങ്ങുന്ന യാതൊരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.എസ്. ജയകുമാറിന്റെ ഔദ്യോഗിക നിലപാട്.
Sports
ലണ്ടന്: ഇംഗ്ലണ്ടില് പര്യടനം നടത്തുന്ന ടീമിലെ ഏഴു താരങ്ങളെ തിരികെ വിളിച്ചും രണ്ടു കോച്ചുമാരെ പുറത്താക്കിയും പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്ഡ് (പിസിബി) വിവാദച്ചുഴിയില്.
ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യരണ്ടു മത്സരങ്ങളിലും പാക്കിസ്ഥാന് പരാജയപ്പെട്ടു. ഇതിനു പിന്നാലെയാണ് പിസിബിയുടെ അത്യപൂര്വമായ നടപടി.
Kerala
പാലക്കാട്: നഗരസഭയിലെ സ്പെഷൽ കൗണ്സിൽ യോഗത്തിൽ വന്ദേമാതരം പൂർണമായും ആലപിക്കുന്നതു യുഡിഎഫ് കൗണ്സിലർമാർ ബഹിഷ്കരിച്ചു.
യോഗനടപടികൾക്കായി ഹാജർ രജിസ്റ്ററിൽ ഒപ്പിട്ടശേഷം യുഡിഎഫ് അംഗങ്ങൾ വന്ദേമാതരം ആലാപനത്തിൽ പങ്കെടുക്കാതെ ഹാളിൽനിന്നു പുറത്തുപോവുകയായിരുന്നു.
സാധാരണയായി എല്ലാ നഗരസഭാ കൗണ്സിൽ യോഗങ്ങളിലും വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ചരണങ്ങളാണു ചൊല്ലാറുള്ളത്. യോഗത്തിൽ എൽഡിഎഫ് കൗണ്സിലർമാർ ആദ്യ ചരണം പാടിയതിനു പിന്നാലെ തങ്ങളുടെ സീറ്റുകളിൽ ഇരുന്നു. എന്നാൽ, ബിജെപി കൗണ്സിലർമാർ വന്ദേമാതരം പൂർണമായും ചൊല്ലിയാണു യോഗനടപടികളിലേക്കു കടന്നത്.
അതേസമയം വന്ദേമാതരത്തെ യുഡിഎഫ്, എൽഡിഎഫ് കൗണ്സിലർമാർ അപമാനിച്ചതായി ബിജെപി ആരോപിച്ചു. ഇവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി കൗണ്സിലർമാർ വ്യക്തമാക്കി.
കൗണ്സിൽ യോഗങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെതിരായ യുഡിഎഫ്- എൽഡിഎഫ് നിലപാട് പുനഃപരിശോധിക്കണമെന്നും ദേശീയബോധത്തിനും ജനവികാരങ്ങൾക്കും യോജിച്ച നിലപാട് സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.
District News
പിറവം: നഗരസഭയിലെ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്ക് എത്തിയ സംഭവം വിവാദമാകുന്നു.
ഉദ്യോഗസ്ഥരുടെ പരിശോധനാ നടപടികൾ തടസപ്പെടുത്തിയ ചെയർപേഴ്സണടക്കമുള്ളവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പരാതി നൽകി. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ നടന്ന ഫുഡ് ഫെസ്റ്റിവലിലാണ് ഏതാനും ഉദ്യോഗസ്ഥരെത്തിയത്. ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് നേതാക്കളായ കെ.പി. സലിം, വി. ആർ. സോമൻ, ഡോ. അജേഷ് മനോഹർ, ജൂലി സാബു , സോജൻ ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
National
ഡെറാഡൂൺ: ഹല്ദ്വാനിയിലെ ശുദ്ധീകരണ വിവാദത്തിന് പിന്നാലെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധിക്കെതിരെ കേസെടുത്തു. ഉത്തരാഖണ്ഡ് പോലീസാണ് കേസെടുത്തത്.
മതപരമായ ചടങ്ങിന് രാഹുല് ഗാന്ധി ജാതീയമായ വ്യാഖ്യാനം നല്കിയെന്ന് ആരോപിച്ചാണ് കേസ്. വാല്മീകി സമുദായത്തില്പ്പെട്ട അമിത് കുമാര് നല്കിയ പരാതിയില് ആണ് കേസ്.
ബിഎൻഎസിലെ 196, 299 എസ്സി / എസ് ടി നിയമത്തിലെ 3 (1) (Q) എന്നീ വകുപ്പുകള് പ്രകാരമാണ് കേസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്ജുന് ഖാര്ഗെയുടെ വേദിയില് ശുദ്ധീകരണം നടത്തിയവര്ക്ക് എതിരെ കേസ് എടുക്കാന് പ്രധാനമന്ത്രിയോട് രാഹുല് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന് എതിരായ കേസ്.
ശുദ്ധീകരണ വിവാദത്തെ ചൊല്ലി എന്ഡിഎയില് ഭിന്നതയുണ്ട്. വിഷയം ആശങ്ക ഉണര്ത്തുന്നതാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് ഇന്നലെ രംഗത്തെത്തിയിരുന്നു. കൂടാതെ ഇപ്പോഴും സാമൂഹ്യ സാഹചര്യങ്ങള് മാറാതിരിക്കുന്നത് സര്ക്കാരിനും ആശങ്ക ഉണ്ടാക്കുന്നതാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ റാലി നടത്തിയ സ്ഥലത്ത് ശുദ്ധീകരണം നടത്തിയ സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം എഫ്ഐആർ രേഖപ്പെടുത്തണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. തൊട്ടുകൂടായ്മ നിരോധിക്കപ്പെട്ടതാണെന്നും അത് അനുവർത്തിക്കുന്നത് ഭരണഘടനയ്ക്കുമേലുള്ള കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശുദ്ധീകരണം എന്നത് തൊട്ടുകൂടായ്മയുടെ മറ്റൊരു പേരാണെന്നു വ്യക്തമാക്കിയ രാഹുൽ, നിയമവിരുദ്ധമായ ഈ പ്രവൃത്തി നടത്തിയവർക്കെതിരേ പ്രധാനമന്ത്രി എത്രയും പെട്ടെന്ന് എഫ്ഐആറിന് ഉത്തരവിടണമെന്നും കോൺഗ്രസ് ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കുറ്റം നടന്ന് 20 ദിവസമായിട്ടും ശുദ്ധീകരണം നടത്തിയവർക്കെതിരേ യാതൊരു കേസും രേഖപ്പെടുത്തിയിട്ടില്ല. അവർക്കെതിരേ നടപടിയുണ്ടായില്ലെങ്കിൽ തങ്ങളുടെ ഭാഗത്തുനിന്ന് കടുത്ത പ്രതികരണമുണ്ടാകുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.രാജ്യത്തുടനീളം ദളിതർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഖാർഗെയ്ക്കെതിരേയുണ്ടായ വിവേചനത്തിൽ നടപടിയെടുക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടത്.
കോൺഗ്രസിന്റെ ദളിത് നേതാവായ ടീക്കാറാം ജൂലി കഴിഞ്ഞ വർഷം രാജസ്ഥാനിലെ അൽവാറിലുള്ള ഒരു ക്ഷേത്രത്തിലെ ചടങ്ങിൽ സംബന്ധിച്ചതിനുശേഷം ഒരു ബിജെപി നേതാവ് അവിടെ ഗംഗാജലം തളിച്ച് ശുദ്ധീകരണം നടത്തിയതും ഹൽദ്വാനിയിൽ കഴിഞ്ഞ എട്ടിനു ഖാർഗെ നടത്തിയ പരിപാടിക്കുശേഷമുണ്ടായ ശുദ്ധീകരണവും ബിഹാർ മുൻ മുഖ്യമന്ത്രിയും ദളിത് നേതാവുമായ ജിതൻ റാം മാഞ്ചി 2014ൽ മധുബനിയിലെ ക്ഷേത്രം സന്ദർശിച്ചതിനുശേഷം ശുദ്ധീകരണം നടന്നെന്ന ആരോപണവും രാഹുൽ വാർത്താസമ്മേളനത്തിൽ ഓർമിപ്പിച്ചു.
ദളിതർ എത്രത്തോളം വിജയിച്ചാലും അവർ വിവേചനം നേരിടുകയാണെന്നും ബിജെപിയും ആർഎസ്എസുമാണ് ഇതു ചെയ്യുന്നതെന്നും രാഹുൽ ആരോപിച്ചു. രാജ്യത്തു രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഒന്ന,് ഭരണഘടനയ്ക്കുവേണ്ടിയുള്ളതും മറ്റൊന്ന് ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രത്യയശാസ്ത്രവുമാണെന്ന് രാഹുൽ പറഞ്ഞു.
Kerala
തൃശൂർ: കണ്ടാൽ ഓക്കാനംവരുന്ന കലാവൈകൃതമാണു പുലികളിയെന്ന് നടൻ വി.കെ. ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണു വരുന്നത്. പുരുഷൻമാർക്കു മാറും വയറും വളരുന്നതു രൂപവൈകൃതമാണെന്നും ആ വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുന്നത് ആഭാസമാണെന്നുമാണ് ശ്രീരാമന്റെ പോസ്റ്റ്.
കഴിഞ്ഞദിവസം പുലികളി അഭ്യസിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വന്നതു വൈറലായിരുന്നു. ഇതിൽ പുലികളി കലാകാരൻമാർ മെയ്യെഴുത്തില്ലാതെ ഷർട്ടിടാതെ മുണ്ടുടുത്താണു കളിക്കുന്നത്. ഈ പരിശീലനത്തിന്റെ ഫോട്ടോയും ചേർത്താണു ശ്രീരാമന്റെ പോസ്റ്റ്.
കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം ലോകത്തൊരിടത്തും ഉണ്ടാകില്ല. ഇത് ഒരു ഭാരതീയകലയാണെന്നും നാട്യശാസ്ത്രത്തിൽ ശാർദൂലവിക്രീഡിതമെന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണു സുബ്രൻസാമി പറയുന്നതെന്നും അതാണൊരാശ്വാസമെന്നും വി.കെ. ശ്രീരാമൻ പരിഹസിക്കുന്നു.
പലതരം വേഷങ്ങൾ കൈകാര്യംചെയ്തു പണംവാങ്ങി ജീവിതംകഴിച്ച താങ്കൾക്ക് ഇപ്പോഴാണു തിരിച്ചറിവുകൾ വരുന്നതെന്ന്, ഒരു സിനിമയിൽ ബാലികയെ പീഡിപ്പിച്ചുകൊല്ലുന്ന കഥാപാത്രത്തെ വി.കെ. ശ്രീരാമൻ അവതരിപ്പിച്ചതു ചൂണ്ടിക്കാട്ടി ഒരാൾ മറുപടി നൽകിയിട്ടുണ്ട്.
താങ്കളുടെ ശരീരംവച്ച് അത്തരം വേഷങ്ങൾ ചെയ്യുന്പോൾ അന്നത്തിനുള്ള വകയ്ക്കാണെന്ന ലക്ഷ്യമുണ്ടായിരുന്നല്ലോ, അതുതന്നെയാണു പുലിവേഷം കെട്ടുന്നവർ ചെയ്യുന്നതെന്നും ഓർമിപ്പിക്കുന്നു. പുലികളി വൃത്തികേടാണെന്നും പലപ്പോഴും ഫേസ്ബുക്കിൽ പറയണമെന്നു വിചാരിക്കുമെങ്കിലും തെറികമന്റുകൾ താങ്ങാൻ ശേഷിയില്ലാത്തതുകൊണ്ട് മൗനം പാലിക്കുകയായിരുന്നെന്ന് അനുകൂല കമന്റുമുണ്ട്.
Kerala
കൊച്ചി: വി.ഡി. സവര്ക്കറുമായി ബന്ധപ്പെട്ട ഫ്രീഡം ക്വിസ് വിവാദത്തില് അധ്യാപകന്റെ സസ്പെന്ഷന് ഒരു മാസത്തേക്ക് ഹൈക്കോടതി സിംഗിൾ ബഞ്ച് സ്റ്റേ ചെയ്തു. കാസര്കോട് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകന് ഗുരുപ്രസാദിന്റെ സസ്പെന്ഷനാണ് ജസ്റ്റീസ് വിജു എബ്രഹാം സ്റ്റേ ചെയ്തിരിക്കുന്നത്.
എന്നാല്, അധ്യാപകനെതിരായ അച്ചടക്ക നടപടികള് സര്ക്കാരിനു തുടരാമെന്നു കോടതി വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി അന്വേഷണം പൂര്ത്തിയാകുന്നതിന് മുമ്പ് അധ്യാപകനെ സസ്പെന്ഡ് ചെയ്ത സാഹചര്യത്തെക്കുറിച്ച് വിശദീകരണം നല്കണമെന്ന് നിര്ദേശിച്ചിരുന്നു. ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി വിശദമായ വാദം കേട്ടിരുന്നു.
ഒരു തെറ്റായ ചോദ്യം ഉള്പ്പെടുത്തിയതിന്റെ പേരില് മാത്രം സസ്പെന്ഷന് വേണമായിരുന്നോ? അത് അനിവാര്യമായ നടപടിയാണോ എന്നു കോടതി ചോദിച്ചു. ഫ്രീഡം ക്വിസിന്റെ ചോദ്യങ്ങള് എഇഒക്ക് അയച്ചു നല്കിയിരുന്നു. എഇഒ കണ്ടതിനു ശേഷമാണ് ചോദ്യക്കടലാസ് നല്കിയതെന്നും ഗുരുപ്രസാദ് പറഞ്ഞിരുന്നു. തുടര്ന്നാണ് സസ്പെന്ഷന് സ്റ്റേ ചെയ്തത്.
അതേസമയം, ഓഗസ്റ്റ് ആറിന് നടന്ന ക്വിസ് മത്സരത്തിലായിരുന്നു ബ്രിട്ടീഷുകാരുടെ കൈയില്നിന്നു ഏറ്റവും കൂടുതല് ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരെന്ന ചോദ്യവും ഉത്തരമായി വി.ഡി. സവര്ക്കര് എന്നുമാണ് നല്കിയത്.
കുമ്പള, കാസര്ഗോഡ്, മഞ്ചേശ്വരം ഉപജില്ലകളിലെ എല്പി സ്കൂളുകളില് നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിനാണ് സവര്ക്കറെ മഹത്വവല്ക്കരിക്കുന്ന ചോദ്യം ഉള്പ്പെടുത്തിയത്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസമന്ത്രി ഇടപെട്ട് അധ്യാപകനെ സസ്പെന്ഡ് ചെയ്യുകയായിരുന്നു.
ഇതിന്റെ പേരില് അധ്യാപകനെതിരെ നടപടിയെടുക്കുന്നത് അന്യായമാണ്. വി.ഡി. സവര്ക്കറുടെ തടവ് ജീവിതത്തിനു കേന്ദ്രസര്ക്കാരിന്റെ കൈയിൽ രേഖകളുണ്ട്. സവര്ക്കറുടെ പേരില് തപാല് സ്റ്റാമ്പുമുണ്ടെന്നും ഗുരുപ്രസാദ് ഹര്ജിയില് ചൂണ്ടിക്കാണിച്ചിരുന്നു.
Kerala
കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷത്തില് കോഴിക്കോട് കോര്പ്പറേഷനില് നാടകീയ രംഗങ്ങള്. ഒരേ സമയം ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ച് അംഗങ്ങള്. മേയറുടെ നേതൃത്വത്തില് എല്ഡിഎഫ് അംഗങ്ങള് ദേശീയ ഗാനവും ബിജെപി കൗണ്സിലര്മാര് വന്ദേമാതരവും ആലപിക്കുകയായിരുന്നു.
രണ്ട് വിഭാഗവും ഒരേസമയം ഗാനം ആലപിപ്പിക്കുകയായിരുന്നു. ബിജെപി കൗണ്സിലര്മാര് വന്ദേമാതരം ആലപിച്ചപ്പോള് മേയറും ഡെപ്യൂട്ടി മേയറും അടക്കം ദേശീയ ഗാനം പാടി അവസാനിപ്പിച്ച് തിരിഞ്ഞ് നടന്നു. ആ സമയവും ബിജെപി അംഗങ്ങള് വന്ദേമാതരം പൂര്ണ്ണമായും ആലപിക്കുകയായിരുന്നു.
മേയറുടെ ഭാഗത്തുനിന്നു രാജ്യവിരുദ്ധമായ പ്രവൃത്തിയാണ് ഉണ്ടായതെന്നു ബിജെപി കൗണ്ലിസര്മാര് കുറ്റപ്പെടുത്തി. മേയര് ദേശീയഗാനത്തെ അപമാനിച്ചെന്നും ബിജെപി നേതാക്കള് വിമര്ശിച്ചു.'നേരത്തെ തന്നെ വന്ദേമാതരം പാടുമെന്നു മേയറോടു പറഞ്ഞിരുന്നു. അപ്പോള് മേയര് ഒന്നുംപറഞ്ഞില്ല. ആശംസകള് പറയുന്നത് വരെ കാത്തുനിന്നിട്ടാണ് ഞങ്ങള് വന്ദേമാതരം പാടിയത്. വന്ദേമാതരം പാടി കഴിഞ്ഞ് ദേശീയഗാനം പാടി അവസാനിപ്പിക്കാമെന്നാണ് തീരുമാനിച്ചത്. ഇതിനിടയിലാണ് മേയറും ഡെപ്യൂട്ടി മേയറും മറുഭാഗത്തുനിന്ന് ദേശീയ ഗാനം പാടിയത്'- ബിജെപി കൗണ്സിലര് ആരോപിച്ചു.
അതേസമയം, ദേശീയഗാനവും വന്ദേമാതരവും ഒരേ സമയം ചേരിതിരിഞ്ഞ് ആലപ്പിച്ച് ഈ ദേശീയ പ്രതീകങ്ങളെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
Kerala
കൊച്ചി: ഫ്രീഡം ക്വിസ് വിവാദത്തില് അധ്യാപകന്റെ സസ്പെന്ഷന് സ്റ്റേയില്ല. കാസർഗോഡ് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകന് ഗുരുപ്രസാദ് ആയിരുന്നു സസ്പെന്ഷന് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്ജി നല്കിയത്. സസ്പെന്ഷന് ഉത്തരവ് റദ്ദാക്കണമെന്നും അച്ചടക്ക നടപടികള് സ്റ്റേ ചെയ്യണമെന്നുമായിരുന്നു ആവശ്യം.
അന്വേഷണം പൂര്ത്തിയാകുന്നതിന് മുമ്പ് അധ്യാപകനെ സസ്പെന്ഡ് ചെയ്ത സാഹചര്യത്തെ കുറിച്ച് വിശദീകരണം നല്കണമെന്ന് ഹൈക്കോടതി സിംഗിള് ബെഞ്ച് നിര്ദേശിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ചരിത്ര ചോദ്യത്തിനുള്ള ഉത്തരമായിരുന്നു വി.ഡി. സവര്ക്കറുടെ പേര്. അതിന്റെ പേരില് അധ്യാപകനെതിരെ നടപടിയെടുക്കുന്നത് അന്യായമാണ്. വി.ഡി. സവര്ക്കറുടെ തടവ് ജീവിതത്തിന് കേന്ദ്രസര്ക്കാരിന്റെ കൈയില് രേഖകളുണ്ട്. സവര്ക്കറുടെ പേരില് തപാല് സ്റ്റാമ്പുമുണ്ടെന്നും ഹര്ജിയില് ചൂണ്ടിക്കാണിച്ചിരുന്നു.
ഓഗസ്റ്റ് ആറിന് നടന്ന ക്വിസ് മത്സരത്തിലായിരുന്നു ബ്രിട്ടീഷുകാരുടെ കയ്യില് നിന്ന് ഏറ്റവും കൂടുതല് ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യവും ഉത്തരമായി വി.ഡി. സവര്ക്കര് എന്നുമാണ് നല്കിയത്. കുമ്പള, കാസര്ഗോഡ്, മഞ്ചേശ്വരം ഉപജില്ലകളിലെ എല്പി സ്കൂളുകളില് നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിനാണ് സവര്ക്കറെ മഹത്വവല്ക്കരിക്കുന്ന ചോദ്യം ഉള്പ്പെടുത്തിയത്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസമന്ത്രി ഇടപെട്ട് അധ്യാപകനെ സസ്പെന്ഡ് ചെയ്യുകയായിരുന്നു.
Kerala
കൊച്ചി: ഫ്രീഡം ക്വിസ് സവര്ക്കര് വിവാദത്തില് സസ്പെന്ഷന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന് ഹൈക്കോടതിയെ സമീപിച്ചു. കാസര്കോട് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകന് ഗുരുപ്രസാദ് ആണ് ഹര്ജി നല്കിയത്. സസ്പെന്ഷന് ഉത്തരവ് റദ്ദാക്കണമെന്നും അച്ചടക്ക നടപടികള് സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.
ചരിത്ര ചോദ്യത്തിനുള്ള ഉത്തരമായിരുന്നു വി.ഡി. സവര്ക്കറുടെ പേര്. അതിന്റെ പേരില് അധ്യാപകനെതിരെ നടപടിയെടുക്കുന്നത് അന്യായമാണ്. വി.ഡി. സവര്ക്കറുടെ തടവ് ജീവിതത്തിന് കേന്ദ്രസര്ക്കാരിന്റെ കൈയില് രേഖകളുണ്ട്. സവര്ക്കറുടെ പേരില് തപാല് സ്റ്റാമ്പുമുണ്ടെന്നും ഹര്ജിയില് ചൂണ്ടിക്കാണിക്കുന്നു. ഹര്ജി ഇന്ന് കോടതി പരിഗണിക്കും..
ഓഗസ്റ്റ് ആറിന് നടന്ന ക്വിസ് മത്സരത്തിലായിരുന്നു ബ്രിട്ടീഷുകാരില് നിന്ന് ഏറ്റവും കൂടുതല് ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യവും ഉത്തരമായി വി.ഡി. സവര്ക്കര് എന്നുമാണ് നല്കിയത്. കുമ്പള, കാസര്ഗോഡ്, മഞ്ചേശ്വരം ഉപജില്ലകളിലെ എല്പി സ്കൂളുകളില് നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിനാണ് സവര്ക്കറെ മഹത്വവല്ക്കരിക്കുന്ന ചോദ്യം ഉള്പ്പെടുത്തിയത്. സംഭവം വിവാദമായതോടെ അധ്യാപകനെ സസ്പെന്ഡ് ചെയ്യുകയായിരുന്നു.
Kerala
ന്യൂഡൽഹി: രാജ്യസഭാംഗം ജോൺ ബ്രിട്ടാസിനെ ലുങ്കിവാല എന്ന് അധിക്ഷേപിച്ചതിൽ രാജ്യസഭയിൽ വൻ പ്രതിഷേധം. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനെതിരായ ബിജെപി എംപി ലുങ്കി പരാമർശം നടത്തിയതോടെ പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു.
തൃണമൂൽ കോൺഗ്രസിൽനിന്നു രാജിവച്ചു ബിജെപിയിൽ ചേർന്ന പശ്ചിമ ബംഗാളിൽനിന്നുള്ള രാജ്യസഭാ അംഗം സുസ്മിത ദേവ് ചൊവ്വാഴ്ച പാർലമെന്റ് നടപടിക്കിടെ ബ്രിട്ടാസ് സംസാരിക്കുമ്പോഴാണ് പിന്നിൽ വന്നിരുന്ന് 'ലുങ്കി വാല' എന്ന് വിളിച്ചത്.
ഇത് എംപിമാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതിഷേധം കനത്തത്. ഇത്തരം അധിക്ഷേപങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് എംപിമാർ പറഞ്ഞു. അധിക്ഷേപം നടത്തിയ എംപിക്കെതിരേ നടപടി വേണമെന്നും മാപ്പു പറയണമെന്നും പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ലോക ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ പ്രദർശനമത്സരത്തിൽ എത്തിക്കുമെന്നു പ്രചാരണം നടത്തുകയും വൻ സാന്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്ത സംഭവത്തിൽ മുൻ സർക്കാരിനും സ്പോണ്സറിനും കുരുക്ക് മുറുകുന്നു.
കായികവകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. വൻ ക്രമക്കേടുകൾ നടന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിവിധ തരത്തിലുള്ള ക്രമക്കേടുകൾ നടന്ന പശ്ചാത്തലത്തിൽ വിജിലൻസ് മുതൽ സിബിഐ സംഘം വരെ അന്വേഷണങ്ങൾ നടത്തണമെന്ന നിർദേശവും മുന്നോട്ടു വച്ചിട്ടുണ്ട്.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ (ആർബിസി) മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനും അന്നത്തെ കായികമന്ത്രി വി. അബ്ദുറഹ്മാനും ഉന്നത ഉദ്യോഗസ്ഥർക്കും എതിരേയാണ് അന്വേഷണം വേണമെന്നു പറയുന്നത്.
വിജിലൻസ്, ഇഡി, ഇൻകം ടാക്സ്, സിബിഐ, എസ്എഫ്ഐഒ അന്വേഷണങ്ങൾ വേണമെന്നാണ് റിപ്പോർട്ട്. മെസിയെ കേരളത്തിലെത്തിക്കുന്നതു സംബന്ധിച്ചുള്ള ഔദ്യോഗിക ഫയൽ പരിശോധനയ്ക്കുശേഷം സമർപ്പിച്ച റിപ്പോർട്ടിലാണ് വലിയ ക്രമക്കേടുകളുടെ വിവരങ്ങൾ വ്യക്തമാക്കുന്നത്.
നിയമപരമായ കരാറോ ഫിഫ അംഗീകാരമോ ഇല്ലാതെ സ്പോണ്സറിന് വലിയ ലാഭം ഉണ്ടാക്കിക്കൊടുക്കാൻ ഭരണസംവിധാനത്തെ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
അർജന്റൈൻ ഫുട്ബോൾ അസോസിയേഷന്റെ ബ്രോഷറിനെ വ്യാജമായി ചിത്രീകരിച്ച് ഫയൽനീക്കം നടത്തിയെന്നും എഎഫ്എയുമായോ കളിക്കാരുമായോ അന്തിമകരാറും ഇല്ലാതിരുന്നിട്ടും, അർജന്റീന ലോകകപ്പ് ടീം കേരളത്തിലെത്തുമെന്നു പറഞ്ഞ് കേന്ദ്ര കായിക മന്ത്രാലയത്തിന് ഔദ്യോഗിക കത്തയച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നടപടിക്രമങ്ങൾ പാലിക്കാതെ സ്വകാര്യ കന്പനിക്ക് നിർമാണപ്രവർത്തനങ്ങൾക്കായി വിട്ടുനൽകി. ഇതിലൂടെ അഞ്ചു കോടിയിലധികം രൂപയുടെ സാന്പത്തിക ഇളവ് നിയമവിരുദ്ധമായി നൽകിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ടൂർ പ്രോഡ് എന്റർ എന്ന വിദേശ കന്പനി വഴി 130 കോടി രൂപ വിദേശത്തേക്ക് അയച്ചതിൽ ഫെമാ, സ്വിഫ്റ്റ് ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അർജന്റൈൻ ടീമിന്റെ കേരളാ സന്ദർശനം സംബന്ധിച്ച് എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിലുള്ള കരാറിന്റെ രേഖയോ സ്പോണ്സറും സർക്കാരും തമ്മിൽ ഒപ്പുവച്ച രേഖകളോ കണ്ടെത്താനായിട്ടില്ല.
Kerala
തിരുവനന്തപുരം: ബിജെപിയെ വെട്ടിലാക്കിയ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പാർട്ടിതല അന്വേഷണം ആരംഭിച്ചു. മുൻ ഡിജിപി ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ ആരോപണ വിധേയരെയും പരാതിക്കാരുടെയും മൊഴിയെടുത്തു. പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലായിരുന്നു നിർണായകമായ ഈ നടപടികൾ.
കുമ്മനം രാജശേഖരൻ ഉൾപ്പെടുന്ന അച്ചടക്ക സമിതിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തൽ പുരോഗമിക്കുന്നത്. ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനോടകം പുറത്തുവന്ന നിർണായക രേഖകളും ശബ്ദരേഖകളും അടക്കം മുൻനിർത്തിയായിരുന്നു മൊഴിയെടുക്കൽ.
ഫണ്ട് തട്ടിപ്പിന്റെ പേരിൽ പാർട്ടി ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയവരുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. അതേസമയം പാർട്ടിയിൽ യാതൊരുവിധ ഫണ്ട് തട്ടിപ്പും നടന്നിട്ടില്ലെന്ന നിലപാടിലാണ് നേതൃത്വം.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മിറ്റിയിൽ ഒരു വിമർശനവും ഉയർന്നിട്ടില്ലെന്നും തട്ടിപ്പ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ വ്യക്തമാക്കി. തട്ടിപ്പില്ലെന്ന് ആവർത്തിച്ചുകൊണ്ടുള്ള ഔദ്യോഗിക വാർത്താക്കുറിപ്പും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Kerala
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ വേളകളിൽ വന്ദേമാതരം മുഴുവനായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. വന്ദേമാതരം താൻ പൂർണമായി പാടുമെന്നും അത് തന്നെയാണ് താൻ നൽകുന്ന സന്ദേശമെന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാൽ, ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി പാടണമെന്ന് ലോക്ഭവൻ പ്രത്യേക നിർദേശങ്ങളൊന്നും നൽകിയിരുന്നില്ലെന്ന വിശദീകരണവുമായി രാജ്ഭവൻ വൃത്തങ്ങൾ രംഗത്തുവന്നു. ഗവർണറുടെ പ്രത്യേക നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചതെന്നായിരുന്നു സർക്കാർ ഇതിന് മുന്പ് നൽകിയ വിശദീകരണം.
എന്നാൽ ലോക്ഭവന്റെ പുതിയ പ്രതികരണം പുറത്തുവന്നതോടെ സർക്കാരിന്റെ വാദങ്ങൾ പൊളിഞ്ഞു. ഓഗസ്റ്റ് നാലിന് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സർക്കാർ പൊതുവായ മാർഗനിർദേശങ്ങൾ അടങ്ങിയ സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര നിർദേശമെന്ന പേരിൽ വന്ദേമാതരം മുഴുവനായി ആലപിക്കണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പിന് കത്തയച്ചത്.
ഗവർണറുടെ നിർദേശപ്രകാരമാണ് ഇത് ചെയ്തതെന്നായിരുന്നു സർക്കാർ ആദ്യം വ്യക്തമാക്കിയത്. ഈ വിഷയത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കാൻ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രിമാരായ രമേശ് ചെന്നിത്തലയും പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു.
Kerala
കാസർഗോഡ്: കാസർഗോഡ് സ്കൂളുകളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ ചോദ്യാവലി വിവാദത്തിൽ നിലപാട് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.
വിഷയത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കോ അധ്യാപകർക്കോ പങ്കുണ്ടെന്ന് വ്യക്തമായാൽ അവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ വകുപ്പിന്റെയോ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിൽ ഉള്ളതല്ല ഈ പരിപാടിയെന്നും പ്രാദേശികമായി തയ്യാറാക്കിയ ചോദ്യാവലിയാണ് മത്സരത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയെ അധ്യാപകർ വ്യക്തിപരമായ ആശയങ്ങളും രാഷ്ട്രീയ അജണ്ടകളും പ്രചരിപ്പിക്കാനുള്ള വേദിയാക്കി മാറ്റരുതെന്നും, ചരിത്രപരമായ വസ്തുതകൾ തെറ്റായി അവതരിപ്പിക്കുന്ന പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ എൽ.പി വിഭാഗത്തിനായി സംഘടിപ്പിച്ച 'ഫ്രീഡം ക്വിസ്' മത്സരത്തിന്റെ ചോദ്യാവലിയിലാണ് വി. ഡി. സവർക്കറെ മഹത്വവൽക്കരിക്കുന്ന ചോദ്യം ഉൾപ്പെടുത്തിയത്. സംഭവം വലിയ രാഷ്ട്രീയ-സാമൂഹിക പ്രതിഷേധങ്ങൾക്ക് വഴിതുറന്നതോടെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടതും ചോദ്യാവലി തയാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തതും.
Kerala
കാസര്ഗോഡ്: സ്കൂള് ക്വിസില് ഹിന്ദുത്വ നേതാവ് വി.ഡി.സവര്ക്കറെ പുകഴ്ത്തി ചോദ്യം. മഞ്ചേശ്വരം, കുമ്പള, കാസര്ഗോഡ് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് ക്വിസിനായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിലെ സാമൂഹ്യശാസ്ത്രക്ലബ് നല്കിയ ചോദ്യാവലിയിലാണ് വിവാദചോദ്യം ഉള്പ്പെടുത്തിയത്.
ബ്രിട്ടീഷുകാരുടെ കൈയിൽനിന്ന് ഏറ്റവും കൂടുതല് ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആര് എന്ന ചോദ്യത്തിനാണ് വി.ഡി. സവര്ക്കറുടെ പേര് ഉത്തരമായി നല്കിയത്.
ഓഗസ്റ്റ് ആറിനു നടന്ന ക്വിസ് മത്സരത്തില് എല്പി വിദ്യാര്ഥികള്ക്കായുള്ള ചോദ്യാവലിയിലാണ് ചോദ്യം ഉള്പ്പെട്ടത്. സംഭവത്തില് പ്രതിഷേധവുമായി മഞ്ചേശ്വരം എംഎല്എ എ.കെ.എം. അഷ്റഫ് രംഗത്തെത്തി.
ഇത് വ്യക്തമായ ആര്എസ്എസ് അജൻഡയുടെ ഭാഗമാണ്. സ്വാതന്ത്ര്യസമര ചരിത്രത്തെ അപമാനിക്കുന്നതിനു തുല്യമാണിത്. സർക്കാരിനെ അപമാനിക്കാൻ മനഃപൂര്വം തയാറാക്കിയതാണോ ഈ വിവാദ ചോദ്യാവലി എന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.
തിരുവനന്തപുരം: ക്വിസില് വിവാദമുണ്ടായ സാഹചര്യത്തില് അന്വേഷണം നടത്തി കുറ്റക്കാര്ക്കെതിരേ കര്ശന നടപടി സ്വീകരിക്കാന് നിർദേശം നൽകിയതാ യി വിദ്യാഭ്യാസമന്ത്രി എന്. ഷംസുദീന്. പൊതുവിദ്യാഭ്യാസ ഡയറക്ടര്ക്കാണ് നിര്ദേശം നല്കിയത്.
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ പ്രവര്ത്തന കലണ്ടറില് തീരുമാനിക്കാത്ത പരിപാടിയാണിതെന്നും ഇതുപോലെ പ്രാദേശികമായി അനൗദ്യോഗികമായി ചോദ്യങ്ങള് നിര്മിച്ച് മത്സരം നടത്താന് വിദ്യാഭ്യാസവകുപ്പും സാമൂഹ്യശാസ്ത്ര ക്ലബ്ബും ആരെയും ചുമതലപ്പെട്ടുത്തിയിട്ടുമില്ലെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു ഗതാഗത മന്ത്രി സി.പി. ജോൺ. സ്ത്രീകളെക്കുറിച്ചുള്ള പരാമർശം പാടില്ലായിരുന്നു. ആരെയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശ്യമില്ലായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.
തനിക്ക് അതിൽ ഈഗോ ഇല്ല, പറയുമ്പോൾ ശ്രദ്ധിക്കണമായിരുന്നു. പ്രിയദർശിനി സർക്കാരിന്റെ അഭിമാനപദ്ധതിയാണ്. അതിനെ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകും. കേരളത്തിൽ ദാരിദ്ര്യം ഉണ്ടെന്നതു വസ്തതയാണ്. അതിനെ ഒന്നു ചുരുക്കാനാണ് പ്രിയദർശിനി ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൻ തുക ഫീസ് നൽകി മക്കളെ പഠിപ്പിക്കുന്നവർ സൗജന്യ യാത്രയ്ക്കായി ബസിൽ തള്ളിക്കയറുന്നു എന്ന മന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്. മന്ത്രിയുടെ പ്രതികരണം കേരളത്തിലെ സ്ത്രീകളെയാകെ അപമാനിക്കുന്നതാണെന്നും, അദ്ദേഹം ഉടനടി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മന്ത്രിയുടേതു വെറുമൊരു നാക്കുപിഴയല്ലെന്നും ജനവിരുദ്ധനയ സമീപനമാണ് ഇതിലൂടെ പുറത്തുവന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ശക്തീകരിക്കപ്പെട്ട മലയാളി സ്ത്രീ സമൂഹത്തിന്റെ ആത്മാഭിമാനത്തെയാണ് മന്ത്രി ചോദ്യം ചെയ്തതെന്ന് എം.വി. ഗോവിന്ദനും വിമർശിച്ചിരുന്നു. യുഡിഎഫിലും അതൃപ്തി ശക്തമായതിനു പിന്നാലെയാണ് മന്ത്രി ഖേദപ്രകടനവുമായി രംഗത്തെത്തിയത്.
Kerala
തിരുവനന്തപുരം: വിരുന്ന് വിവാദത്തില് പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്. താനൊന്ന് ഭക്ഷണം കഴിച്ചുപോയെന്നും തെറ്റ് പറ്റിപ്പോയെന്നും സല്ക്കാരത്തിന് അല്ല പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹീനമായ അപവാദപ്രചരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് പറഞ്ഞു.
"അന്ന് രാവിലെ അഞ്ച് മുതല് റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ജില്ലയിലെ ചാര്ജുള്ള മന്ത്രിമാരെയും കളക്ടര്മാരെയും എംഎല്എമാരെയും ബന്ധപ്പെട്ടു. വരേണ്ട ആവശ്യമുണ്ടോയെന്ന് ഞാന് ചോദിച്ചു. ഇല്ലെന്ന് അവര് പറഞ്ഞു.
ഉച്ചയ്ക്ക് ശേഷ് മൂന്നായപ്പോൾ ഞാന് ഭക്ഷണം കഴിച്ചുപോയി. 2018ലും 2019ലും ദുരന്തമുണ്ടായപ്പോള് അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി. അപവാദ പ്രചാരണമാണ് നടക്കുന്നത്. ഞാന് ഭക്ഷണം കഴിക്കാന് പാടില്ലേ, എന്തൊരു തെറ്റാണ്. ഭക്ഷണം കഴിച്ചു, തെറ്റ് പറ്റിപോയി. ഇനി മുതല് ഭക്ഷണം കഴിക്കാതിരിക്കാം', മുഖ്യമന്ത്രി പറഞ്ഞു.
Kerala
മലപ്പുറം: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില് ജോണ് ബ്രിട്ടാസ് എംപിക്കു മന്ത്രി കെ.എം. ഷാജിയുടെ മറുപടി.
കരാര് ഒപ്പുവച്ചതിനു പിന്നിലെ ഇടനിലക്കാരനും പാലവും ജോണ് ബ്രിട്ടാസ് ആയിരുന്നുവെന്നു മന്ത്രി ആരോപിച്ചു. ഒപ്പുവച്ചിട്ട് യാതൊരു ഉളുപ്പുമില്ലാതെ സംസാരിക്കുന്ന ആളോട് രാഷ്ട്രീയം പറയാന് താത്പര്യമില്ലെന്നും തന്റെ നിലപാടിനെ ചോദ്യം ചെയ്യാന് ബ്രിട്ടാസ് ആയിട്ടില്ലെന്നും മന്ത്രി തുറന്നടിച്ചു.
മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം വന്നതിനു ശേഷം മാത്രമേ വിഷയത്തില് കൂടുതല് കാര്യങ്ങള് പറയാനാകൂവെന്നും മന്ത്രി വ്യക്തമാക്കി.
NRI
ബെർലിൻ: ജർമനിയിലെ കേന്ദ്ര ഭരണകൂടത്തിൽ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ മന്ത്രിസഭാ അഴിച്ചുപണിയുമായി ബന്ധപ്പെട്ട് രൂക്ഷമായ രാഷ്ട്രീയ നാടകങ്ങൾ.
ഗതാഗത മന്ത്രാലയത്തിൽ അനുഭവപ്പെടുന്ന അനിശ്ചിതത്വങ്ങൾക്കും അപമാനകരമായ സാഹചര്യങ്ങൾക്കും വിരാമമിടാൻ തന്ന സ്ഥാനത്തുനിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി പാട്രിക് ഷ്നൈഡർ ചാൻസലർക്ക് അപേക്ഷ നൽകി.
മന്ത്രിസഭയിൽ നിന്ന് നീക്കപ്പെടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഷ്നൈഡറുടെ പേരുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ചാൻസലർ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയിരുന്നില്ല.
തുടർന്ന് ഉടലെടുത്ത ആശയക്കുഴപ്പങ്ങൾക്കിടയിലാണ് മന്ത്രിയുടെ ഈ നിർണായക നീക്കം.
വാർത്താവിനിമയത്തിലെ വലിയ പരാജയം: പാർട്ടിക്കുള്ളിൽ പ്രതിഷേധം
മന്ത്രിയുടെ പ്രതികരണം: വരും ദിവസങ്ങളിൽ ജോലി തുടരുന്നത് കൂടുതൽ അന്തസ്സില്ലാത്ത സ്ഥിതി സൃഷ്ടിക്കുമെന്നും, അതിനാൽ ആവശ്യമായ നിഗമനങ്ങളിൽ എത്തിച്ചേർന്ന് പദവിയൊഴിയാൻ സന്നദ്ധനാണെന്നും ജർമ്മൻ വാർത്താ ഏജൻസിയായ 'ഡിപിഎ'യ്ക്ക് നൽകിയ പ്രസ്താവനയിൽ ഷ്നൈഡർ വ്യക്തമാക്കി.
ചാൻസലർക്കെതിരെ വിമർശനം: ഷ്നൈഡറെ നീക്കാനുള്ള മെർസിന്റെ തീരുമാനത്തിനെതിരെ സ്വന്തം പാർട്ടിയായ സി.ഡി.യുവിൽ (CDU) നിന്ന് തന്നെ കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്.
ഷ്നൈഡറുടെ ജന്മനാടായ റൈൻലാന്റ്-പ്ഫാൾസിൽ (Rhineland-Palatinate) നിന്നുള്ള സി.ഡി.യു ജനപ്രതിനിധിയായ മിഷേൽ ലുഡ്വിഗ് ഇതിനെ "വാർത്താവിനിമയത്തിലെ വലിയ പരാജയം" എന്നാണ് വിശേഷിപ്പിച്ചത്.
കഠിനാധ്വാനിയായ ഒരു മന്ത്രിയെ എന്തിനാണ് നീക്കുന്നതെന്നോ, പകരം ആര് വരുമെന്നോ വ്യക്തതയില്ലാതെ മാറ്റിനിർത്തുന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ഗതാഗത മന്ത്രിയായി സ്റ്റെഫൻ ബിൽഗർ
രാജ്യത്തെ തകർന്നുകൊണ്ടിരിക്കുന്ന റെയിൽവേ ശൃംഖലയെയും റോഡ് അടിസ്ഥാനസൗകര്യങ്ങളെയും ചൊല്ലി പൊതുജനങ്ങൾക്കിടയിലും ഭരണപക്ഷത്തും വൻ അമർഷം നിലനിൽക്കുന്നുണ്ട്.
അതേസമയം, മുൻ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ജെൻസ് സ്പാനിന്റെ രാജിയോടെയാണ് ഭരണകക്ഷിയിൽ ആളുകളെ മാറ്റിയുള്ള അഴിച്ചുപണി ആരംഭിച്ചത്.
ഷ്നൈഡർക്ക് പകരം മുൻ പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറിയും നിയമജ്ഞനുമായ സ്റ്റെഫൻ ബിൽഗറെ പുതിയ ഗതാഗത മന്ത്രിയായി നിയോഗിക്കാൻ ചാൻസലർ തീരുമാനിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ദേശീയ ഹോക്കി ടീമിന് ഇനി പുതിയ ജേഴ്സി. പരമ്പരാഗതമായ നീല ജേഴ്സി മാറ്റി ഇനി മുതൽ കാവി നിറത്തിലുള്ള ജേഴ്സിയായിരിക്കും ടീമംഗങ്ങൾ ധരിക്കുക.
പുതിയ ജേഴ്സിക്കായി മറ്റു പല നിറങ്ങളും പരിഗണിച്ചശേഷമാണ് കാവി തെരഞ്ഞെടുത്തതെന്ന് ഹോക്കി ഫെഡറേഷന് വ്യക്തമാക്കി. 2014 ലോകകപ്പില് മഞ്ഞയായിരുന്നു ടീമിന്റെ ജേഴ്സിയുടെ നിറം. പിന്നീടത് നീലയാക്കി. ഇതിനു പിന്നാലെയാണ് ഇപ്പോൾ കാവി നിറത്തിലേക്കു മാറ്റിയിരിക്കുന്നത്.
നീല നിറം സ്വീകരിച്ചതോടെ അന്താരാഷ്ട്ര തലത്തിൽ ‘മെൻ ഇൻ ബ്ലൂ’ എന്ന പേരിൽ ഇന്ത്യൻ ടീമുകൾക്ക് തനതായ വ്യക്തിത്വം ലഭിച്ചിരുന്നു.
പതിറ്റാണ്ടുകളായി ഇന്ത്യൻ കായികരംഗത്തിന്റെ അടയാളമായ ‘ബ്ലൂ ടൈഗേഴ്സ്’ എന്ന പ്രതിച്ഛായ ഇല്ലാതാക്കാനാണു കേന്ദ്രസർക്കാരും കായികമന്ത്രാലയവും ശ്രമിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും കായിക പ്രേമികളും രംഗത്തെത്തി.
ജേഴ്സിയുടെ നിറം മാറ്റിയാലും അക്രമരാഹിത്യത്തിലും സത്യത്തിലും സാഹോദര്യത്തിലും വേരൂന്നിയതാണു രാജ്യത്തിന്റെ വ്യക്തിത്വമെന്നും ഈ മൂല്യങ്ങളെ എടുത്തുകളയാൻ കഴിയില്ലെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി പാർലമെന്റ് സമുച്ചയത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
ജേഴ്സി നിറം മാറ്റുന്ന ഹോക്കി ഇന്ത്യയുടെ നീക്കം ലജ്ജിപ്പിക്കുന്നതാണെന്ന് ഇന്ത്യൻ പുരുഷ ഹോക്കി ടീം മുൻ ക്യാപ്റ്റൻ വിരേൻ റസ്ക്യൂന ആരോപിച്ചു.
National
ചണ്ഡിഗഡ്: പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കപ്പെട്ടെന്നും എല്ലാം ഭദ്രമാണെന്നും മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി അവകാശപ്പെട്ട് ദിവസത്തിനുള്ളിൽ പാർട്ടിയിലെ ഭിന്നത വീണ്ടും പരസ്യമാകുന്നു.
ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തില് പങ്കെടുക്കാതെ ചരൺജിത് സിംഗ് ചന്നി എംപി മാറിനിന്നതാണു പുതിയ വിവാദങ്ങൾക്ക് വഴി തുറന്നിരിക്കുന്നത്.
പഞ്ചാബിൽനിന്നുള്ള ഏഴ് കോൺഗ്രസ് എംപിമാരിൽ ചന്നി ഒഴികെ ആറുപേരും രാഹുലിന്റെ പ്രസംഗവേളയിൽ സഭയിലുണ്ടായിരുന്നു. എംപിമാർ ഉച്ചയ്ക്ക് 12 മുതൽ സഭയിൽ നിർബന്ധമായും ഉണ്ടാകണമെന്ന് അമൃത്്സർ എംപി ഗുർജീത് സിംഗ് ഔജ്ല വാട്സാപ്പ് വഴി സന്ദേശം കൈമാറിയിരുന്നെങ്കിലും ചന്നി ഇത് അവഗണിക്കുകയായിരുന്നു.
ലോക്സഭയിൽ രാഹുലിന്റെ പ്രസംഗം നടക്കുമ്പോൾ, ചന്നി പഞ്ചാബിലെ ഫരീദ്കോട്ടിൽ പ്രതിഷേധസമരത്തിലായിരുന്നു.
ഫാർമസി റിക്രൂട്ടമെന്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാരുടെ രാജിയാവശ്യപ്പെട്ടായിരുന്നു സമരം.
അടുത്തിടെ, സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി അമരീന്ദർ സിംഗ് രാജാവോറിങ്ങിനെ നിലനിർത്താനും ചന്നിയെ പ്രചാരണസമിതി അധ്യക്ഷനാക്കാനും ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നു.
Movies
വിദ്യാർഥി പ്രക്ഷോഭത്തിനിടെ റീലുകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ജെൻ സി രീതിക്കെതിരേ നടിയും ബിജെപി എംപിയുമായ കങ്കണ റണൗത് രംഗത്ത്. വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വൈറലായ ദൃശ്യങ്ങളെ രൂക്ഷമായി നടി വിമർശിച്ചു.
പതിവ് സമരങ്ങളിൽനിന്നും പ്രതിഷേധങ്ങളിൽനിന്നും വ്യത്യസ്തമായിരുന്നു സിജെപിയുമായി ചേർന്ന് വിദ്യാർഥികൾ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധം.
ജെൻ സി കിഡ്സ് അവരുടേതായ രീതിയിലാണ് സമരത്തെ സമീപിച്ചത്. അതിന്റെ ഭാഗമായി അവിടെ നടക്കുന്ന കാര്യങ്ങൾ രസകരമായി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ റീലായി പങ്കിടുകയും ചെയ്തിരുന്നു. ചിരിയും ചിന്തയും ഉണർത്തുന്ന ഇത്തരം റീലുകളായിരുന്നു കഴിഞ്ഞ കുറച്ചുദിവസം സോഷ്യൽമീഡിയ ഭരിച്ചിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കങ്കണ പ്രതികരണവുമായി എത്തിയത്.
ആ വീഡിയോകൾ കണ്ടത് തന്നെ മാനസികമായി തളർത്തിയെന്നും റീലുകൾ കണ്ട് ഓക്കാനം വന്നുവെന്നുമാണ് കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പ്രതിഷേധക്കാരുടെ ഭാഷയും പെരുമാറ്റവും വേഷവിധാനവും ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും താരം കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിലാണ് കങ്കണ പ്രതിഷേധ വീഡിയോകളെക്കുറിച്ചുള്ള തന്റെ പ്രതികരണം അറിയിച്ചത്.
എന്റെ ജീവിതത്തിൽ ഇത്രയധികം വിരൂപത ഒരിടത്തും കണ്ടിട്ടില്ല. ജെൻ സി പ്രതിഷേധങ്ങളുടെ റീലുകൾ കാണുമ്പോൾ തന്നെ ഛർദ്ദിയും ഓക്കാനവും വരും. അവർ സംസാരിക്കുന്ന രീതിയും ഉപയോഗിക്കുന്ന ഭാഷയും അത്യന്തം അരോചകമാണ്. ഓരോ ഫ്രെയിമും ഒരുപോലെ അസഹ്യവും താഴ്ന്ന നിലവാരത്തിലുള്ളതുമാണ്. ഇവരെ പ്രസവിക്കുകയും വളർത്തുകയും ചെയ്യുന്നത് ആരാണ്..?
ഇന്ത്യ വൈവിധ്യമാർന്ന സൗന്ദര്യമുള്ള ജനങ്ങളുടെയും ചാരുതയും സാംസ്കാരിക പാരമ്പര്യവും നിറഞ്ഞ നാടാണ്. നിങ്ങൾ സ്വയം പാറ്റകൾ എന്ന് വിളിക്കുന്നു. അതുപോലെ തന്നെയാണ് നിങ്ങളുടെ രൂപവും പെരുമാറ്റവും. അതിൽ യാതൊരു വിരോധാഭാസവുമില്ല. ലോകത്തിന് മുന്നിൽ നിങ്ങൾ പ്രദർശിപ്പിക്കുന്നത് മാലിന്യവും അഴുക്കും വിരൂപതയും മാത്രമാണ്. ഈ റീലുകൾ കണ്ടതോടെ ഞാൻ മാനസികമായി തളർന്നു. ഇനി കുറച്ച് ഡിജിറ്റൽ ഡിറ്റോക്സും മാനസിക ശാന്തിയും വേണം-എന്നാണ് നടി കുറിച്ചത്.
കങ്കണയുടെ ഈ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. നിരവധിപേർ അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തി കഴിഞ്ഞു. വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ച് കങ്കണ പ്രതികരിക്കുന്നത് ഇതാദ്യമല്ല. പ്രതിഷേധങ്ങൾ പുരോഗമിച്ചിരുന്ന സമയത്തും സമരരീതികളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. തെരുവിലിറങ്ങി പ്രതിഷേധം നടത്തി സർക്കാരിനെ സമ്മർദത്തിലാക്കുന്നുവെന്ന തരത്തിലും കങ്കണയിൽ നിന്ന് വിമർശനം വന്നിരുന്നു.
ബോളിവുഡിൽനിന്ന് സൽമാൻ ഖാൻ, കരീന കപൂർ, പ്രിയങ്ക ചോപ്ര, ദിയ മിർസ, വിജയ് വർമ, ഹുമ ഖുറേഷി, ഭൂമി പെട്നേക്കർ, വീർ ദാസ് തുടങ്ങി നിരവധി താരങ്ങൾ വിവിധ രീതികളിൽ വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: അമ്മമാർ മകന്റെ ഭാര്യയ്ക്കു പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നു നൽകണം എന്ന പരാമർശം സ്ത്രീവിരുദ്ധമെന്ന വിമര്ശനങ്ങള്ക്കിടെ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശന്. സ്ത്രീവിരുദ്ധ പരാമര്ശം നടത്തിയിട്ടില്ലെന്നും വെറുതെ വിവാദമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് പറഞ്ഞു.
പെണ്മക്കള് എന്നല്ല മക്കള്ക്ക് അറിവ് പകര്ന്ന് നല്കണമെന്നാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങളില് ഉറച്ചു നില്ക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ സംസാരിക്കുന്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പാചകത്തെക്കുറിച്ചുള്ള പരാമർശം. കല ഉൾപ്പെടെ പരമ്പരാഗതമായ എല്ലാം നിലനിർത്തേണ്ടതാണ്. മുൻ തലമുറകൾ നമുക്കു പകർന്നു തന്നു. പക്ഷേ ഇന്ന് ആരും അടുത്ത തലമുറയ്ക്കു പകർന്നു നൽകുന്നില്ല.
താൻ ചില അമ്മമാരോടു പരാതി പറയും. ചില അമ്മമാർ പ്രത്യേക ഡിഷ് ഉണ്ടാക്കും. പക്ഷേ അവരുടെ മക്കൾക്കു അതു പകർന്നു കൊടുക്കുന്നില്ല. ആ മക്കൾക്കോ മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ലിംഗവ്യത്യാസമില്ലാതെ എല്ലാവരും പാചകം അറിഞ്ഞിരിക്കണമെന്നും മുഖ്യമന്ത്രിയുടേതു സ്ത്രീവിരുദ്ധ പരാമർശമായെന്നും വിമർശനം ഉയർന്നു.
Sports
ഡാലസ്: ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ അർജന്റീന നേടിയ വിജയത്തിന് പിന്നിൽ വാർ റഫറിയിംഗിലെ ഗുരുതര വീഴ്ചയെന്ന് അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ് സ്വിസ് താരം ബ്രീൽ എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും നൽകി പുറത്താക്കിയ റഫറിയുടെ തീരുമാനം പൂർണ്ണമായും തെറ്റായിരുന്നുവെന്ന് ഐഎഫ്എബി ഔദ്യോഗികമായി വ്യക്തമാക്കി.
മത്സരത്തിൽ സ്വിറ്റ്സർലൻഡ് ഒരു ഗോൾ മടക്കി മികച്ച തിരിച്ചുവരവ് നടത്തുന്നതിനിടെ 72-ാം മിനിറ്റിലാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. അർജന്റീനയുടെ ലിയാൻഡ്രോ പാരഡെസ് ഫൗൾ ചെയ്തതിനെ തുടർന്ന് എംബോളോ വീണപ്പോൾ റഫറി പാരഡെസിന് മഞ്ഞക്കാർഡ് കാണിച്ചു. എന്നാൽ പാരഡെസ് ഫൗൾ ചെയ്തിട്ടില്ലെന്ന് വാദിച്ചതിനെ തുടർന്ന് വിഎആർ ഇടപെടുകയും റഫറി മോണിറ്റർ പരിശോധിക്കുകയും ചെയ്തു. ഫൗൾ നടന്നിട്ടില്ലെന്ന് കണ്ടെത്തിയ റഫറി, തനിക്കെതിരെ 'ഡൈവിംഗ്' നടത്തി പറ്റിക്കാൻ ശ്രമിച്ചെന്നാരോപിച്ച് എംബോളോയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് നൽകി പുറത്താക്കുകയായിരുന്നു.
എന്നാൽ, ഒരു ഫൗൾ നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് പുനഃപരിശോധിച്ച് കാർഡ് തിരുത്താൻ വാർ സംവിധാനത്തിന്(VAR) അനുമതിയില്ലെന്ന് ഐഎഫ്എബി നിയമം വ്യക്തമാക്കുന്നു. റഫറി തെറ്റായ കളിക്കാരനാണ് കാർഡ് നൽകിയതെന്ന് ഉറപ്പുവരുത്തുന്ന 'മിസ്റ്റേക്കൺ ഐഡന്റിറ്റി' സന്ദർഭങ്ങളിൽ മാത്രമാണ് വാർ ഉപയോഗിക്കേണ്ടത്. നിയമം തെറ്റായി വ്യാഖ്യാനിച്ച് വാർ ഇടപെട്ടതാണ് എംബോളോയുടെ പുറത്താകലിലേക്ക് നയിച്ചത്.
പ്രധാന താരം പുറത്തായി 10 പേരായി ചുരുങ്ങിയ സ്വിറ്റ്സർലൻഡ്, അർജന്റീനയ്ക്കെതിരേ 3-1ന് തോൽക്കുകയായിരുന്നു. മത്സരത്തിലുടനീളം റഫറിയും വാറും അർജന്റീനയ്ക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ച് സ്വിസ് ടീമും ആരാധകരും രംഗത്തെത്തിയിരുന്നു. ഐഎഫ്എബിയുടെ പുതിയ വെളിപ്പെടുത്തലോടെ അർജന്റീനയുടെ വിജയത്തിനുമേൽ വീണ്ടും വിവാദനിഴൽ വീണിരിക്കുകയാണ്.
Movies
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുമായുള്ള സൗഹൃദത്തിന്റെ പേരിൽ നടി തൃഷയ്ക്ക് നേരെ വീണ്ടും അധിക്ഷേപം. മുതിർന്ന എഐഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാറാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തെ അധിക്ഷേപിച്ചെത്തിയത്.
മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രം. വൈകാതെ വിജയ്, തൃഷയെ ഉപമുഖ്യമന്ത്രി ആക്കും. രാത്രി 12 മണിക്ക് മുഖ്യമന്ത്രിക്കൊപ്പം കേക്ക് മുറിക്കാൻ വേറെ ആർക്ക് കഴിയുമെന്നും ഉദയകുമാർ ചോദിച്ചു.
ജന നായകൻ റിലീസ് ചെയ്ത ദിവസം സംസ്ഥാന സർക്കാർ അപ്രഖ്യാപിത അവധി നൽകിയെന്ന ആരോപണവുമായി ഉദയകുമാർ നേരത്തെയും രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി മുതൽ മന്ത്രിമാർ വരെയുള്ള ഭരണനേതൃത്വം സിനിമ കാണുന്നതിനാണ് മുഴുവൻ ശ്രദ്ധ നൽകിയതെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്കും സംസ്ഥാനത്തിനാകെയും അപ്രഖ്യാപിത സർക്കാർ അവധി പ്രഖ്യാപിച്ചതു പോലുള്ള സാഹചര്യം തമിഴ്നാടിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ടോയെന്നും മുഖ്യമന്ത്രി വിജയ്യെ അനുഗമിച്ച് മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള ഭരണകക്ഷി നേതാക്കൾ റിലീസ് ദിനത്തിൽ തിയറ്ററുകളിലെത്തി സിനിമ കാണുകയും സെൽഫികൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
ആഴ്ചയിൽ ഒരിക്കൽ നടത്തേണ്ട പ്രധാന ഔദ്യോഗിക ചുമതലകൾ പോലും മുഖ്യമന്ത്രി അന്നേ ദിവസം മാറ്റിവെച്ചതായി ഉദയകുമാർ പറഞ്ഞു.
ഭരണനിർവഹണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സർക്കാർ സിനിമ ആഘോഷിക്കുന്നതിലായിരുന്നു മുഴുവൻ ശ്രദ്ധയെന്നും അദ്ദേഹം വിമർശിച്ചു. റിലീസ് ദിനം ഉത്സവമായി ആഘോഷിക്കണമെന്ന മന്ത്രിയുടെ ആഹ്വാനത്തെയും അദ്ദേഹം പരിഹസിച്ചു.
സിനിമ റിലീസിനോടനുബന്ധിച്ച് ആരാധകരുടെ ആഘോഷങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നും ഉദയകുമാർ ആരോപിച്ചു. കാവേരി ഡെൽറ്റയിലെ ജലസേചന പ്രശ്നം, കർണാടകയുമായുള്ള ജലവിതരണ തർക്കം, മേക്കേദാട്ടു അണക്കെട്ട് വിഷയം തുടങ്ങിയ ജനകീയ പ്രശ്നങ്ങളിൽ സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.
Movies
താരസംഘടനയായ "അമ്മ'യില് ചേരിപ്പോരും അധികാര തര്ക്കവും തുടരുന്നതിനിടെ പ്രസിഡന്റ് ശ്വേത മേനോനെതിരേ പടയൊരുക്കം. "പെണ്മക്കള്' എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് ശ്വേത മേനോന് പ്രസിഡന്റ് സ്ഥാനത്ത് തുടരണോ, തെരഞ്ഞെടുപ്പ് വേണോ എന്നതില് അഭിപ്രായ രൂപീകരണത്തിന് ശ്രമം തുടങ്ങിയിരിക്കുന്നത്.
ശ്വേതക്കെതിരേ ആരോപണങ്ങള് ഉന്നയിച്ച് രംഗത്തെത്തിയ അന്സിബ ഹസന്, ഉഷ ഹസീന, മാലാ പര്വതി തുടങ്ങിയ നടിമാരടക്കം അംഗങ്ങളായ ഗ്രൂപ്പാണിത്. "അമ്മ' സംഘടനയിലെ സ്ത്രീകളുടെ കൂട്ടായ്മ എന്ന നിലയില് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്. സംഘടനയിലെ തര്ക്കങ്ങളും വിരുദ്ധ നിലപാടുകളും വ്യക്തമാക്കുന്ന ഗ്രൂപ്പിലെ ചാറ്റിന്റെ സ്ക്രീന് ഷോട്ടുകളാണ് ഇപ്പോള് മാധ്യമങ്ങളില് പ്രചരിക്കുന്നത്.
"അമ്മയുടെ പെണ്മക്കള്' എന്ന പേരില് ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പ് പിന്നീട് പേരു മാറ്റിയാണ് വെറും "പെണ്മക്കള്' ആയി മാറിയത്. ശ്വേത മേനോനും ഈ ഗ്രൂപ്പില് അംഗമായിരുന്നു. സംഘടനയിലെ പ്രശ്നം കടുത്തതോടെയാണ് ഈ ഗ്രൂപ്പില് നിന്നും ശ്വേത ലെഫ്റ്റ് അടിച്ചത്.
സംഘടനയിലെ പ്രശ്നങ്ങള് ഈ ഗ്രൂപ്പില് ആദ്യം ചര്ച്ച ചെയ്തിരുന്നില്ലെങ്കിലും പിന്നീട് സജീവ ചര്ച്ചകളിലേക്ക് നീങ്ങുകയായിരുന്നു. ഗ്രൂപ്പ് തുടങ്ങിയ സമയത്ത് ഒഫീഷ്യല് അല്ലാത്തതിനാല് കുക്കു പരമേശ്വരന് അടക്കം നിരവധി സ്ത്രീ അംഗങ്ങള് ലെഫറ്റ് അടിച്ചിരുന്നതായി നടി ഉഷ ഹസീന ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ലെഫ്റ്റ് അടിച്ചു പോയ സ്ത്രീ അംഗങ്ങള് എന്തിന് പെണ്ണുങ്ങള്ക്ക് അങ്ങനൊരു കൂട്ടായ്മ എന്ന് ചോദിച്ച് ഈ ഗ്രൂപ്പ് തകര്ക്കാന് ശ്രമിച്ചിരുന്നതായും ഉഷ ഹസീന പറഞ്ഞിരുന്നു.
അതേസമയം, ഹേമാ കമ്മിറ്റി റിപ്പോര്ട്ട് ചര്ച്ച വിഷയമാക്കിയും സംഘടനയിലെ പവര് ഗ്രൂപ്പിനെ കടന്നാക്രമിച്ചും ശ്വേത മേനോന് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് അമ്മയിലെ പോര് വീണ്ടും ചൂടുപിടിപ്പിച്ചിട്ടുണ്ട്.
താന് എക്സിക്യൂട്ടീവില് ഉള്ളിടത്തോളം കാലം ഹേമാ കമ്മറ്റി റിപ്പോര്ട്ടിലെ ആരോപണവിധേയരായ ആരെയും സംഘടനയുടെ തലപ്പത്തേക്കു വരാന് അനുവദിക്കില്ലെന്നും ശ്വേത പോസ്റ്റില് വ്യക്തമാക്കിയിരുന്നു.
നിലവിലെ ഭരണസമിതിയുടെ നിലനില്പ്പും അഡ്ഹോക് സമിതിയുടെ നിയമസാധുതയും സംബന്ധിച്ച ചര്ച്ചകള് തുടരുന്നതിനിടെ ചേരിപ്പോര് വീണ്ടും കടുത്തിരിക്കുകയാണ്.
Movies
സംവിധായകൻ സിബി മലയിലിന്റെ മകൻ ജോയ്ക്ക് എതിരെ പേളി മാണി നടത്തിയ പ്രതികരണം വിവാദമാകുന്നു.
‘പരാജയപ്പെട്ട സിനിമാക്കാരൻ’ എന്ന വിശേഷണത്തോടെയാണ് ജോയുടെ വിമർശനത്തിനെതിരെ പേളി രംഗത്തുവന്നത്.
വിഷയത്തിൽ പേളിക്കു മറുപടിയുമായി ജോയും രംഗത്തെത്തിയിട്ടുണ്ട്. ആ ‘പരാജയപ്പെട്ട സിനിമക്കാരൻ’ നട്ടെല്ലില്ലാത്ത ഒരു മകനെയായിരുന്നില്ല വളർത്തിയതെന്നും ഒരു ഭീരുവിനെയാണ് നിങ്ങളുടെ അച്ഛൻ വളർത്തി വലുതാക്കിയതെന്നും ജോ മറുപടിയിൽ പറയുന്നു.
പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം അക്രമ സംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജീവനാണ് പ്രധാനം എന്നും വ്യക്തമാക്കി പേളി പങ്കുവച്ച ദീർഘമായ കുറിപ്പാണ് ജോ അടക്കമുള്ള ഒരു വിഭാഗം ആളുകളെ പ്രകോപിപ്പിച്ചത്.
‘ഷെയിം ഓൺ യു’ എന്നായിരുന്നു പേളിയുടെ ഈ പോസ്റ്റിൽ ജോ കമന്റ് ചെയ്തത്. പേളിയുടെ നിലപാടിനെ വമിർശിച്ച് പിന്നീട് ജോ പോസ്റ്റ് ചെയ്ത കുറിപ്പിന് മറുപടിയെന്നോളം പേളി തന്റെ ഇൻസ്റ്റ്ഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് വലിയ ചർച്ചകൾക്കു വഴിവച്ചത്. അത്യന്തം അധിക്ഷേപകരമായാണ് പേളിയുടെ മറുപടി.
പേളിക്ക് മറുപടിയായി ജോ പറയുന്നത് ഇങ്ങനെയാണ്.
‘‘ഹേയ്, അമ്മ പോരാളി, ആ ‘പരാജയപ്പെട്ട സിനിമക്കാരൻ’ എന്റെ അച്ഛനാണ്. ആരോടാണ് കളിക്കുന്നതെന്ന് നന്നായി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്റെ 7 സ്ലൈഡുകൾ വായിക്കാൻ നിങ്ങൾക്ക് ഇത്ര മടിയുണ്ടായിരുന്നോ? 57 ലക്ഷം ഫോളോവേഴ്സ് നിങ്ങളുടെ അപൂർണ്ണമായ ആശയങ്ങൾ വായിക്കണമെന്ന് പ്രതീക്ഷിക്കുന്ന നിങ്ങൾക്ക്, ഏഴ് സ്ലൈഡുകൾ വായിക്കുന്നത് ഇത്ര വലിയ ഭാരമായി തോന്നുന്നുവോ? നിങ്ങൾ ഈ വിഷയം വ്യക്തിപരമാക്കിയ സ്ഥിതിക്ക് കളി തുടങ്ങാം.
ഒരു ഭീരുവിനെ വളർത്തിയ നിങ്ങളുടെ പിതാവിൽ നിന്ന് വ്യത്യസ്തമായി, ‘ആ പരാജയപ്പെട്ട ചലച്ചിത്രകാരൻ’ നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളർത്തിയത്. അദ്ദേഹത്തിന്റെ പേര് സിബി മലയിൽ എന്നാണ്. മുന്നോട്ടു വരൂ. നിങ്ങളുടെ കഴിവിന്റെ പരമാവധി കാണിക്ക്.
തെറ്റിദ്ധരിക്കപ്പെട്ട ഒരു കാര്യം ചൂണ്ടിക്കാണിക്കുന്നത് ഒരു മഹാഅപരാധമാണ് പോലും. ഒന്ന് ശ്രദ്ധിക്കൂ, ഭയമില്ലാത്തവരെ ആർക്കും അപമാനിക്കാൻ സാധിക്കില്ല. അതൊക്കെ പിന്നീട് പഠിക്കേണ്ട പാഠങ്ങളാണ്.
ഞാനൊരു തെറ്റാണ് ചൂണ്ടിക്കാണിച്ചത്. ഇതൊന്നും എന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാനൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അല്ല. അവരെ ഫോളോ ചെയ്യാനോ അൺഫോളോ ചെയ്യാനോ ആഗ്രഹിക്കുന്നവർ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുക.
അവർക്കെതിരെയുള്ള ഒരു വ്യക്തിപരമായ ആക്രമണങ്ങളെയും ഞാൻ പിന്തുണയ്ക്കില്ല. അതായിരുന്നില്ല എന്റെ ഉദ്ദേശ്യം. എന്നാൽ അസംബന്ധത്തെ അസംബന്ധമെന്ന് വിളിക്കുന്നത് ആളുകളെ പ്രകോപിപ്പിക്കുന്നുവെങ്കിൽ അങ്ങനെയാകട്ടെ. ഇനി കൂടുതലായി ഒന്നും പറയാനില്ല. എല്ലാവർക്കും ശുഭരാത്രി .
നമ്മുടെ പിന്തുണ ആവശ്യമുള്ളവർക്കുവേണ്ടി, എന്തുവന്നാലും ഒരുമിച്ച് കരുത്തോടെ നിൽക്കുക. പരസ്പരം സ്നേഹിക്കുക. പ്രളയത്തിലും മഹാമാരിയിലും നമ്മൾ പരസ്പരം താങ്ങും തണലുമായി ഒന്നിച്ച് നിന്നു. നമുക്കും ഇത് നമ്മുടെ മക്കൾക്കുവേണ്ടി തുടരാം. ജയ് ഹിന്ദ്. പി.എസ്: വ്യക്തിപരമായ ഏത് ആക്രമണങ്ങളെയും നിയമപരമായി നേരിടും.’’
സിബി മലയിലിനെ അധിക്ഷേപിച്ച് പേളി പങ്കു വച്ച പോസ്റ്റ് ഇങ്ങനെയാണ്. ‘‘എന്റെ പോസ്റ്റിനൊപ്പം ഒരു മുന്നറിയിപ്പ് നൽകേണ്ടിയിരുന്നു എന്ന് തോന്നുന്നു! അത് പലരെയും അസ്വസ്ഥരാക്കി.
അത് എത്രയധികം പേരെയാണ് പ്രകോപിപ്പിച്ചത്, എനിക്ക് സമാധാനവും സുരക്ഷിതത്വവും അഹിംസയുമാണ് വേണ്ടത്! ഇവരൊക്കെ ആരാണെന്നോർത്ത് എനിക്ക് ആകാംക്ഷ തോന്നുന്നു.
ഒരു പരാജയപ്പെട്ട സിനിമാക്കാരൻ എന്റെ നാല് പേജ് പോസ്റ്റിനെക്കുറിച്ച് ഇപ്പോൾ ഒരു പത്ത് പേജ് തിരക്കഥയെഴുതുന്നു. അതിനെ പരമാവധി വിഷലിപ്തമാക്കാൻ മുളകുപൊടിയും അജിനോമോട്ടോയും ചേർക്കുന്നു !
എന്റെ രണ്ട് കുട്ടികൾ ഇപ്പോൾ സുരക്ഷിതരാണോ എന്ന് ചിലർ പരിഹാസരൂപേണ ചോദിക്കുന്നുണ്ട്. അവർ പെൺകുട്ടികളാണെന്ന് എന്നെ ഓർമിപ്പിച്ചുകൊണ്ട്... അതെ, അവർ പെൺകുട്ടികളാണെന്ന് എനിക്കറിയാം.
അതുകൊണ്ടെന്താ ? ഓ ! എന്റെ പ്രസ്താവന മാറ്റാൻ എന്നെ ഭീഷണിപ്പെടുത്തുകയാണോ? അതിനായി ആദ്യം അവരുടെ ഈ അമ്മപോരാളിയെ തൊടണം. നിങ്ങൾ കളിക്കുന്നത് തെറ്റായ ആളോടാണ്. എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം നൽകേണ്ട കാര്യം നിങ്ങൾക്കില്ല. അത് എനിക്കിപ്പോൾ തന്നെയുണ്ട്, ഞാൻ അത് ഉപയോഗിക്കുകയും ചെയ്യും! നിങ്ങളുടെ പതിവ് പാവയല്ല ഞാൻ. ഞാൻ പേളി മാണിയാണ്. അതെ! എന്റെ പ്രിയപ്പെട്ട നിറം കാവിയാണ്.’’–പേളി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഒഴിവാക്കേണ്ടതായിരുന്നൂവെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
വിഎസിന്റെ ഒന്നാം ചരമവാർഷികവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക പതിപ്പായതിനാൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരുന്നു.
ദേശാഭിമാനിയിൽ മാത്രം ഒതുങ്ങേണ്ടിയിരുന്ന കാര്യം പുറത്തു മാധ്യമങ്ങൾക്കു എങ്ങനെ ലഭിച്ചൂവെന്നതു പരിശോധിക്കേണ്ടതാണെന്നും ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ നേതാക്കൾ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ സംബന്ധിച്ചുള്ള കേന്ദ്ര കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ചെങ്കിലും ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി വിശദമായി ചർച്ച ചെയ്യും.
Kerala
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് ലേഖന വിവാദത്തില് നടപടി. ന്യൂസ് എഡിറ്റര് കെ.ആര്. അജയനെ വാരാന്തപ്പതിപ്പ് ചുമതലയില് നിന്ന് മാറ്റി. ടി. ചന്ദ്രമോഹനാണ് പകരം ചുമതല. പാര്ട്ടി നിര്ദേശം അനുസരിച്ചാണ് മാനേജ്മെന്റ് നടപടി.
അതേസമയം, സസ്പെന്ഷന് വേണമെന്ന തരത്തിലുള്ള ചര്ച്ചകളും സജീവമാണ്. വാരാന്തപ്പതിപ്പിലെ ഉള്ളടക്കം സംബന്ധിച്ച വിവരം പുറത്ത് വന്നതില് അജയന് പങ്കുണ്ടെന്ന നിഗമനത്തിലാണ് മാനേജ്മെന്റ്.
കഴിഞ്ഞ ദിവസം വിശദീകരണം ആവശ്യപ്പെട്ട് കെ.ആര്. അജയന് പാര്ട്ടി നോട്ടീസ് നല്കിയിരുന്നു. എന്നാല് തന്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നായിരുന്നു അജയന് നല്കിയ മറുപടി. വിവാദത്തിന് പിന്നാലെ വിഷയം പുറത്തുവന്നതില് അജയന് പങ്കുണ്ടോ എന്ന് കണ്ടെത്താന് ഓഫീസിലെ കമ്പ്യൂട്ടര് അടക്കം പരിശോധിക്കാനാണ് നീക്കം.
കള്ളന് വിജയന് എന്ന ഫീച്ചര് ഒഴിവാക്കണമെന്ന് അജയനോട് അതിന്റെ സോഫ്റ്റ് കോപ്പി കണ്ടപ്പോള് തന്നെ നിര്ദേശിച്ചിരുന്നെന്നാണ് വിവരം. എന്നാല് ആ ഫീച്ചര് നല്കണമെന്നും അതില് പാര്ട്ടി വിരുദ്ധമായി ഒന്നുമില്ലെന്നുമായിരുന്നു അജയന്റെ നിലപാട്. ഈ തര്ക്കം നിലനിന്നത് മൂലമാണ് മറ്റൊന്ന് ഉള്ക്കൊള്ളിച്ച് വാരാന്തപ്പതിപ്പ് പുറത്തിറക്കാന് കഴിയാതിരുന്നത്. അതിന്റെ വാശിയില് ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരം അജയന് പുറത്തു വിട്ടതാണോ എന്നതിലാണ് അന്വേഷണം നടക്കുന്നത്.
അതേസമയം വാരാന്തപ്പതിപ്പ് വിവാദത്തില് റസിഡന്റ് എഡിറ്റര് എം. സ്വരാജ് നല്കിയ വിശദീകരണത്തെ തള്ളുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. വാരാന്തപ്പതിപ്പ് അച്ചടിച്ചില്ല എന്നത് വസ്തുതയാണെന്നും സാങ്കേതിക പ്രശ്നം മൂലമാണ് അച്ചടിക്കാതിരുന്നതുമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.
വിഎസിന്റെ അനുസ്മരണം ഒഴിവാക്കി എന്ന ഹീനമായ വാര്ത്തയാണ് ചിലരൊക്കെ നല്കിയതെന്നും കള്ളന് വിജയന് എന്ന പേരില് ഒരു ലേഖനം ദേശാഭിമാനിയില് ഇല്ലെന്നും എം. സ്വരാജ് പറഞ്ഞിരുന്നു. എന്നാല് സ്വരാജിന്റെ അവകാശവാദത്തിനെതിരെ നാടക പ്രവര്ത്തകന് വിജയന് തന്നെരംഗത്തെത്തി.
Kerala
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ അധികാര തര്ക്കങ്ങള്ക്കിടെ ശ്വേത മേനോന് ഭരണസമിതിയുടെ തുറന്ന കത്തും വിവാദത്തില്. കത്ത് നിയമവിരുദ്ധമാണെന്ന് ഒരു വിഭാഗം അംഗങ്ങള്. കത്ത് സംഘടനയുടെ ബൈലോയ്ക്ക് വിരുദ്ധമാണെന്നും ഇത് അമ്മയില് പതിവില്ലെന്നും അംഗങ്ങള് വിമര്ശിച്ചു.
സംഘടനയുടെ ഔദ്യോഗിക നിയമപ്രകാരം ഔദ്യോഗിക അറിയിപ്പുകള് ഇ-മെയില് വഴിയാണ് അംഗങ്ങള്ക്ക് നല്കേണ്ടത്. എന്നാല് പുതിയ കത്ത് അയച്ചിരിക്കുന്നത് വാട്സാപ്പ് വഴിയാണ്. അമ്മയുടെ ഔദ്യോഗിക ഫോണ് നമ്പറില് നിന്നാണ് കത്ത് അയച്ചിട്ടുള്ളതെങ്കിലും ആ ഫോണില് സേവ് ചെയ്തിട്ടുള്ള അംഗങ്ങള്ക്ക് മാത്രമാണ് നിലവില് സന്ദേശം ലഭിച്ചിട്ടുള്ളത്. നമ്പര് സേവ് ചെയ്യാത്ത നിരവധി അംഗങ്ങള്ക്ക് കത്ത് ലഭ്യമാകാത്തത് സംഘടനയ്ക്കുള്ളില് വലിയ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അനുഭവക്കുറവ് മൂലം പിഴവുകള് ഉണ്ടായെന്നും അത് പരിഹരിച്ചു മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി കത്ത് നല്കിയത്. എന്നാല് സംഘടനയുടെ ബൈലോ പ്രകാരം ഇത്തരം മാപ്പപേക്ഷകളോ തുറന്ന കത്തുകളോ ഡിജിറ്റല് മാധ്യമങ്ങള് വഴി കൈമാറേണ്ടതില്ല. ഇത്തരം കാര്യങ്ങളില് തീരുമാനമെടുക്കേണ്ടത് ജനറല് ബോഡി യോഗമാണ്. അത് ലംഘിച്ചു കൊണ്ടുള്ള പ്രവര്ത്തനങ്ങളാണ് ഇപ്പോള് നടക്കുന്നത് എന്നാണ് വിമര്ശനം.
ജനറല് ബോഡി യോഗത്തില് വെച്ച് രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ 17 അംഗ ഭരണസമിതിയിലെ എട്ടു പേരെ മാത്രം പങ്കെടുപ്പിച്ചാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്ന്നത്. കേസ് കോടതിയിലായിരിക്കെ ശ്വേത മേനോന്റെ അധ്യക്ഷതയില് ഭരണസമിതി യോഗം ചേര്ന്നത് നിയമത്തോടുള്ള വെല്ലുവിളിയാണെന്നും ആക്ഷേപമുണ്ട്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ കെഎസ്യുവിന്റെ പോരാട്ടവീര്യം ഓർമ്മിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. അന്തരിച്ച കോൺഗ്രസ് നേതാവ് പ്രഫുല്ല ചന്ദ്രന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പിലാണ് കെഎസ്യുവിന്റെ പോരാട്ടവീര്യം കെ.സി ഓർമ്മിപ്പിച്ചത്.
മുഖ്യമന്ത്രിയുമായുള്ള തർക്കത്തിൽ കെഎസ്യു നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതാണ് വേണുഗോപാലിന്റെ ഈ നീക്കമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനത്തിൽ എബിവിപി, എസ്എഫ്ഐ പ്രവർത്തകരുണ്ടെന്ന കെഎസ്യുവിന്റെ പരസ്യ വിമർശനമാണ് നിലവിലെ തർക്കങ്ങൾക്ക് ആധാരം.
എന്നാൽ കെഎസ്യുവല്ല സർക്കാരാണ് പ്ലീഡർമാരെ നിയമിക്കുന്നതെന്ന നിലപാട് മുഖ്യമന്ത്രി വി.ഡി.സതീശൻ സ്വീകരിച്ചതോടെ ഭിന്നത പരസ്യമായി. എറണാകുളത്ത് നടന്ന ചടങ്ങിൽ ഇരുവരും മുഖാമുഖം കണ്ടെങ്കിലും അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാൻ മുഖ്യമന്ത്രി തയാറാകാതിരുന്നത് വലിയ വാർത്തയായിരുന്നു.
ഈ സംഭവവികാസങ്ങൾക്ക് തൊട്ടുപിന്നാലെയാണ് സ്വന്തം കെഎസ്യു പ്രവർത്തനകാലം അനുസ്മരിച്ചുകൊണ്ട് കെ.സി. വേണുഗോപാലിന്റെ കുറിപ്പ് പുറത്തുവന്നത്. പാർട്ടിയിൽ ആഭ്യന്തര തർക്കം പുകയുന്ന സാഹചര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് വി.ഡി. സതീശനുള്ള മറുപടിയാണെന്ന ചർച്ചകളും അണികൾക്കിടയിൽ സജീവമായിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കേരളത്തിൽ കപ്പൽ നിർമാണത്തിനായി ടാറ്റാ ഗ്രൂപ്പുമായി 10,000 കോടി രൂപയുടെ കരാർ ഉറപ്പിച്ചെന്ന വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. മിഷൻ സമുദ്ര പദ്ധതിയിലൂടെ വരും വർഷങ്ങളിൽ സംസ്ഥാനം ലക്ഷ്യമിടുന്ന ആകെ നിക്ഷേപ സാധ്യതയാണ് ഈ തുകയെന്നും അല്ലാതെ ടാറ്റയുമായി മാത്രമുള്ള ഒറ്റ കരാറല്ലെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.
കേരളത്തിൽ കപ്പൽ നിർമാണത്തിനായി നിലവിൽ നിക്ഷേപം നടത്തുന്നില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ട് അമ്പരന്നുവെന്നും ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ തിരുത്ത്. മിഷന് സമുദ്രയുടെ ഭാഗമായി പ്രമുഖ കപ്പല് നിര്മാണ-സമുദ്ര വ്യവസായ കേന്ദ്രമായി കേരളത്തെ വികസിപ്പിക്കുന്നതിനുള്ള സര്ക്കാരിന്റെ കാഴ്ചപ്പാടാണ് മുഖ്യമന്ത്രി അഭിമുഖത്തില് പരാമര്ശിച്ചതെന്നാണ് സർക്കാരിന്റെ വാദം.
വിവിധ പദ്ധതികളിലൂടെയും നിക്ഷേപകരിലൂടെയും വരും വര്ഷങ്ങളില് സംസ്ഥാനത്തേക്ക് ആകര്ഷിക്കാന് സർക്കാർ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് ഈ തുകയിലൂടെ മുഖ്യമന്ത്രി സൂചിപ്പിച്ചത്. അല്ലാതെ ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാര് അന്തിമമായി ഉറപ്പിച്ചുവെന്നല്ല ഇതിനർത്ഥമെന്നും സർക്കാർ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി പ്രഖ്യാപിച്ച കപ്പൽ നിർമാണ പദ്ധതിയെപ്പറ്റി യാതൊരറിവുമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് ടാറ്റാ ഗ്രൂപ്പ് രംഗത്തുവന്നത്. കേരളത്തിലെന്നല്ല, രാജ്യത്ത് ഒരിടത്തും കപ്പൽ നിർമാണ ശാലയ്ക്കായി നിലവിൽ നിക്ഷേപം നടത്തുന്നില്ലെന്ന് ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. 10,000 കോടിയുടെ നിക്ഷേപം നടത്താൻ തങ്ങൾ സന്നദ്ധത അറിയിച്ചിട്ടില്ലെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
Kerala
കോട്ടയം: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക- അനധ്യാപക തസ്തികകളിലെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കണമെന്ന് വിദ്യാഭ്യാസവകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പിലെ റീജണൽ ഡപ്യൂട്ടി ഡയറക്ടറുടെ പേരിലാണ് സർക്കുലർ പുറത്തിറങ്ങിയിരിക്കുന്നത്. RDDHSE/443/2026-A1 നമ്പരായി കഴിഞ്ഞ പതിനഞ്ചിന് ഇറക്കിയ സർക്കുലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇതു പ്രകാരം സർക്കാർ- എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന താത്കാലിക, ദിവസവേതന ഒഴിവുകൾ സ്ഥാപനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിച്ച് നികത്താനുള്ള നടപടി സ്വീകരിക്കണം. അധ്യയന വർഷം തുടങ്ങുന്നതിനു മുന്പു തന്നെ ഒഴിവുകൾ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. എല്ലാ സ്കൂൾ പ്രിൻസിപ്പൽമാർക്കുമായിട്ടാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം, എയ്ഡഡ് മാനേജ്മെന്റിന്റെ നിയമനത്തിനുള്ള അധികാരത്തിന്മേലുള്ള കൈകടത്തലാണ് പുതിയ നിർദേശം എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സുപ്രീം കോടതി അടക്കം എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിനുള്ള അവകാശം അതതു മാനേജ്മെന്റുകൾക്കാണെന്നു പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഇതിനു വിരുദ്ധമായിട്ടാണ് ഇപ്പോൾ വിദ്യാഭ്യാസവകുപ്പ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
നിലവിൽ മാനേജ്മെന്റുകൾ തന്നെയാണ് താത്കാലിക നിയമനങ്ങൾ നടത്തുന്നത്. ഇതിനു തടയിടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നാണ് ആക്ഷേപം. സർക്കാരിന്റെ നിയമവിരുദ്ധ നീക്കത്തിനെതിരേ കടുത്ത പ്രതിഷേധം ഉയരുമെന്ന സൂചനകൾ പുറത്തുവന്നുകഴിഞ്ഞു.
Movies
താരസംഘടനയായ അമ്മയിൽ നടക്കുന്ന പ്രശ്നങ്ങളിൽ രൂക്ഷവിമർശനവുമായി നടി കുളപ്പുള്ളി ലീല.
നേതൃത്വത്തില് എപ്പോഴും ഒരു പുരുഷൻ വേണമെന്നും ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ലെന്നും അവർ പറഞ്ഞു. ഒരിക്കലും പുരുഷനോളം ആകാൻ സ്ത്രീയ്ക്ക് പറ്റില്ലെന്നും പുതിയ പ്രസിഡന്റായി പൃഥിരാജ് വരണമെന്നും ലീല പറഞ്ഞു.
സിനിമാ കമ്പനി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
"ഞാൻ അമ്മയിൽ മെമ്പറാണ്. എനിക്ക് എല്ലാ മാസവും ഒന്നാം തിയതി അയ്യായിരം രൂപ കൈനീട്ടം കിട്ടുന്നുണ്ട്. അമ്മയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നമുക്കൊന്നും പറയാൻ പറ്റില്ല.
'ഓടും കൂലിയും'ഒരുപോലെയാണെന്ന് കേട്ടിട്ടില്ല. ഇനി ഞാനെന്തെങ്കിലും പറഞ്ഞിട്ട് വേണം വലിയ പ്രശ്നമാകാൻ. പക്ഷേ എനിക്ക് ഒരു അപേക്ഷയെ ഇവരോടെല്ലാം കൂടി പറയാനുള്ളൂ, ഈ സംഘടന പൊളിക്കരുത്. അത് നിലനിൽക്കണം.
ഞാനൊക്കെ അതു മാത്രം സ്വപ്നം കണ്ട് ജീവിക്കുന്നതാണ്. എന്നെക്കാളും പരാധീനതയുള്ളവർ ഈ സംഘടനയിലുണ്ട്. അവരുടെ ജീവിതമാർഗമാണിത്. വേറെ അസുഖമൊന്നും വന്നില്ലെങ്കിൽ ഈ കൈനീട്ടം മാത്രം മതി ഞങ്ങൾക്ക് ജീവിക്കാൻ. എല്ലാവരും കൂടി ഇത് കളയരുത്.
ഇന്ന് ഈ സംഘടനയിൽ കൂടുതലും ചെറുപ്പക്കാരാണ് ഉള്ളത്. തർക്കിക്കുന്നവരും തർക്കിക്കാത്തവരും എന്ന് തുടങ്ങി പലതരത്തിലുള്ള ആളുകളുണ്ട്. പക്ഷേ നിങ്ങളെല്ലാവരും കൂടി ഇതിനെ പൊളിക്കരുത്. ആ ഒരു അപേക്ഷ മാത്രമെ എനിക്കുള്ളൂ. അതിൽ കൂടുതൽ ഒന്നും പറയാനില്ല.
ഒരു കൊലപാതകത്തിന് സാക്ഷി പറഞ്ഞാൽ കൊന്നതിനെക്കാളും വലിയ കുറ്റമാകുന്ന കാലമാണിത്. അതുകൊണ്ട് പറഞ്ഞാലും കുറ്റമാകും. എനിക്ക് ഏക ആശ്രയമാണ് ഈ സംഘടന. ഇതിനെ മാത്രം ആശ്രയിക്കുന്ന ആയിരങ്ങളുടെ കാര്യമാണ് ഞാൻ പറയുന്നത്.
എന്ത് അന്തസായ രീതിയിൽ പോയിരുന്ന സംഘടനയാണിത്. ഒരു കുഴപ്പവും ഇല്ലായിരുന്നു. നാളിതുവരെ കൈനീട്ടം മുടങ്ങിയിട്ടില്ല. ആരോഗ്യ ഇൻഷുറൻസ് ഞങ്ങൾക്കുണ്ട്, അങ്ങനെ എല്ലാവിധ ആനുകൂല്യങ്ങളും മുടങ്ങാതെ കിട്ടും.
പുരുഷന്മാരാണാല്ലോ ആദ്യം ഈ സംഘടനയുടെ നേതൃത്വത്തിലുണ്ടായിരുന്നത്. അവർക്കെന്തായിരുന്നു കുഴപ്പം? അവരാണോ സംഘടന പൊളിച്ചത്. ഇപ്പോൾ പുരുഷന്മാർ വളരെ കുറവല്ലേ ഉള്ളത്. എന്തിനാണ് പുരുഷ മേധാവിത്വം എന്നൊക്കെയുള്ള വിവാദങ്ങൾ ഉണ്ടാക്കുന്നത്? ഞാനാരെയും കുറ്റപ്പെടുത്താനില്ല. വല്ലതും പറഞ്ഞാൽ നാളെ മുതൽ എന്റെ പുറത്താകും കുതിര കയറുക!
എനിക്ക് പലതും തുറന്ന് പറയാനുണ്ട്. ഞാൻ അതെല്ലാം മൂടിവച്ചിരിക്കുകയാണ്. ഇത്രയും വർഷമായിട്ടും ഞാനതെല്ലാം വേണ്ടെന്നു വച്ചതാണ്. നേതൃമാറ്റത്തെ കുറിച്ചും ഒന്നും പറയുന്നില്ല. മര്യാദയ്ക്ക് ഇത് മുന്നോട്ട് പോകട്ടെ, അത്രമാത്രം.
'അമ്മ' ഞങ്ങളുടെ മൊത്തം നിലനിൽപ്പാണ്, ആത്മാവാണ്. അതിനെ കളങ്കപ്പെടുത്താനില്ല. പിന്നെ ഇപ്പോൾ ഒട്ടും കളങ്കപ്പെട്ടിട്ടില്ലല്ലോ! പക്ഷേ ഞാനായി അതിന് മുതിരില്ല. 'അമ്മ'യിൽ ഇനി നേതൃമാറ്റം വരികയാണെങ്കിലും യുവക്കാളൊന്നും വന്നിട്ട് കാര്യമില്ല.
മമ്മൂട്ടിയും മോഹൻലാലും ഇന്നസെന്റും ഒന്നും യുവാക്കളായിരുന്നില്ലല്ലോ? എന്ത് മനോഹരമായിട്ടാണ് ആ കാലത്ത് അമ്മ പ്രവർത്തിച്ചത്. ഒരു കല്ലുകടിയും ഇല്ലായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ആരും മത്സരിക്കാൻ പോലും വരില്ലായിരുന്നു. അവർ തന്നെ എത്രകാലം നേതൃത്വം നൽകി.
എന്തിനും ഒരു മര്യാദ വേണം, നേതൃഗുണം വേണം. ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, പൃഥിരാജ് എന്നിവരിൽ ആര് പ്രസിഡന്റ് ആകണമെന്ന് ചോദിച്ചാൽ ഞാൻ പൃഥിരാജെന്നെ പറയൂ. കാരണം പൃഥിയ്ക്ക് ആരെയും പേടിയില്ല. എന്തുവന്നാലും ഉള്ള കാര്യം അതുപോലെ പറയുന്നയാളാണ്. അഭിനയം പോലെ നല്ല സ്വഭാവത്തിനും ഉടമയാണ്.
കാർക്കശ്യ മനോഭവമുള്ള ആൾ വരണമെന്നാണെങ്കിൽ ഞാൻ ധ്യാൻ ശ്രീനിവാസനെ പിന്തുണയ്ക്കും. നിലവിലുള്ള ആരെയും മോശക്കാരാക്കി പറയുകയല്ല. ഇവരുമായി താരതമ്യം ചെയ്യുമ്പോൾ ഈ പറഞ്ഞവരാണ് അനുയോജ്യർ. ലാലേട്ടനും മമ്മൂട്ടിയും തിരിച്ചു വന്നാലും നല്ലതാണ്.
എപ്പോഴും നേതൃത്വത്തില് ഒരു പുരുഷൻ വേണം. ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ല. ഒരിക്കലും പുരുഷനോളം ആകാൻ സ്ത്രീയ്ക്ക് പറ്റില്ലെന്നാണ് ഞാൻ പറയുന്നത്.
മുഖത്ത് മീശ മുളച്ചവരാണ് പുരുഷന്മാർ! തല്ലാൻ പോലും മുഖത്ത് മീശയുണ്ടേൽ ഇറങ്ങിവാടാ എന്നല്ലേ പറയുന്നത്. അതേസമയം തുല്യത പറയുന്ന സ്ത്രീകൾ എന്തിനാണ് മുഖത്ത് ഒരു രോമം മുളച്ചാൽ ഉടനെ കളയാൻ നടക്കുന്നത്! ആണിന്റെ തുല്യാവകാശമാണ് വേണ്ടതെങ്കിൽ കളയാൻ നടക്കരുത്. അതേസമയം സ്ത്രീ പുരുഷന്റെ അടിമയുമല്ല. എന്നാൽ പുരുഷനെക്കാൾ ഒരുപടി താഴെയാണ് സ്ത്രീ. വനിതാ കമ്മീഷന് പോലെ പുരുഷ കമ്മീഷൻ വേണം. ഞാനതിനെ പിന്തുണയ്ക്കുന്ന ഒരാളാണ്.
Kerala
കൊച്ചി: കശുവണ്ടി കോര്പ്പറേഷന് അഴിമതിയിലെ വിവാദ പ്രോസിക്യൂഷന് ഉത്തരവില് നിരുപാധികം മാപ്പ് ചോദിച്ച് കെ. ബിജു ഐഎഎസ്. ആദ്യ ഉത്തരവില് തനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് സമ്മതിച്ചു കൊണ്ടാണ് മാപ്പപേക്ഷ സമര്പ്പിച്ചത്.
പ്രോസിക്യൂഷന് അനുമതി ഉത്തരവിലെ പരാമര്ശം അനുചിതമായിപ്പോയി. എല്ലാ പദപ്രയോഗങ്ങളും പിന്വലിക്കുന്നു. ഉത്തരവിലെ പരാമര്ശങ്ങള് കോടതിക്ക് എതിരായതില് ഖേദമുണ്ട്. ഉത്തരവില് പിഴവ് ബോധ്യപ്പെട്ടതോടെ അത് പിന്വലിക്കുകയും പുതിയ ഉത്തരവിറക്കുകയും ചെയ്തുവെന്ന് ബിജു കോടതിയെ അറിയിച്ചു.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച ഘട്ടത്തില് അതിരൂക്ഷ വിമര്ശനമാണ് കെ. ബിജുവിനെതിരെ ജസ്റ്റീസ് എ. ബദറുദീന് അധ്യക്ഷനായ സിംഗിള് ബെഞ്ച് ഉയര്ത്തിയത്. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ നടപടിയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ഉദ്യോഗസ്ഥന് ആ സ്ഥാനത്തിരിക്കാന് യോഗ്യനല്ലെന്നും കോടതി വിമര്ശിച്ചിരുന്നു.
ഐഎന്ടിയുസി നേതാവ് ആര്. ചന്ദ്രശേഖരന് ഉള്പ്പെട്ട കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതിക്കേസില് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന് അനുമതി നല്കിയുള്ള ആദ്യ ഉത്തരവില് ഹൈക്കോടതി വിരുദ്ധ പരാമര്ശം ഉണ്ടായിരുന്നു. ഹൈക്കോടതിയുടെ സമ്മര്ദം മൂലം പ്രോസിക്യൂഷന് അനുമതി നല്കുന്നുവെന്നായിരുന്നു ആദ്യത്തെ ഉത്തരവിലുണ്ടായിരുന്നത്.
സര്ക്കാര് ഉത്തരവ് ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പേ പ്രതികളുടെ കൈകളില് എത്തിയതിനെയും കോടതി രൂക്ഷമായി വിമര്ശിച്ചിരുന്നു. ആര്. ചന്ദ്രശേഖരന് പത്രസമ്മേളനം നടത്തി ഉത്തരവിലെ കോടതിക്കെതിരെയുള്ള ഭാഗങ്ങള് വായിച്ചത് ഗൗരവകരമായ കോടതി അലക്ഷ്യമായിട്ടാണ് കാണുന്നത്. പ്രതികളെ സഹായിക്കാന് വേണ്ടിയാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നും കോടതി സംശയിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.
District News
നെടുമങ്ങാട്: പുതിയ വീടിന്റെ മതിൽ നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ പരിക്കേൽപ്പിച്ച സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരേ പോലീസ് കേസെടുത്തു.
വെള്ളനാട് വെളിയന്നൂർ പള്ളിപ്പുറം അംബിാവിലാസത്തിൽ പ്രശാന്ത് (40) ആണ് പഞ്ചായത്ത് പ്രസിഡന്റെ മർദനമേറ്റ് കൈയ്ക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വെള്ളനാട് ശശിക്കെതിരേ ആര്യനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ പകൽ പതിനൊന്നരയോടെ വെള്ളനാട് കൂട്ടായണിമൂട്ടിലായിരുന്നു സംഭവം. ബന്ധുവായ അഭിലാഷ് നിർമിക്കുന്ന വീടിന്റെ കോമ്പൗണ്ടിൽ മതിൽ കെട്ടുന്ന പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുകയായിരുന്നു പ്രശാന്ത്. ഈ സമയത്ത് പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിലെത്തിയ പ്രസിഡന്റ് വെള്ളനാട് ശശി, മതിൽ നിൽക്കുന്ന ഭാഗത്ത് പുറമ്പോക്ക് ഭൂമിയുണ്ടെന്നാരോപിച്ച് നിർമാണം തടസപ്പെടുത്തുകയും മതിൽ പൊളിച്ചുനീക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
മതിൽ പൊളിക്കാൻ കഴിയില്ലെന്നു പ്രശാന്ത് വ്യക്തമാക്കിയതോടെ പ്രകോപിതനായ വെള്ളനാട് ശശി അസഭ്യവർഷം നടത്തുകയും നിർമാണ പ്രവർത്തനങ്ങൾ തടയുകയുമായി രുന്നു. തുടർന്നു പ്രശാന്തിനെ അടിക്കുകയും കൈ പിടിച്ചു തിരിക്കുകയും ചെയ്തു. ഇതിനു പുറമെ ജെസിബി കൊണ്ടുവന്നു മതിൽ പൊളിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ജോലിയിലുണ്ടായിരുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രസിഡന്റിന്റെ മർദനത്തെ തുടർന്ന് പ്രശാന്തിന്റെ വലതു തോൾ ഭാഗത്തെ എല്ലുകൾക്കു പൊട്ടൽ സംഭവിച്ചു. ഒരു അപകടത്തെ തുടർന്നു നേരത്തെ ഒടിവുണ്ടായിരുന്ന ഇതേ കൈയുടെ പ്ലാസ്റ്റർ മാറ്റി ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. കടുത്ത വേദനയെ തുടർന്നു പ്രശാന്തിനെ ഉടനടി വെള്ളനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.
പരിക്കിന്റെ സ്വഭാവം അതീവ ഗുരുതരമായതിനാൽ വിശദമായ പരിശോധനകൾക്കായി എംആർഐ സ്കാനിനും അടിയന്തിര ശസ്ത്രക്രിയയ് ക്കും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ആശുപത്രി അധികൃതർ വിവരമറിയിച്ചതനുസരിച്ച് ആര്യനാട് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി പ്രശാന്തിനന്റെ മൊഴി രേഖപ്പെടുത്തി.
പ്രസിഡനന്റ് അതിക്രമിച്ച് കയറി മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാൽ അനധികൃത നിർമാണം തടയുക മാത്രമാണു ചെയ്തതെന്നും തനിക്കെതിരേയുള്ള ആരോപണങ്ങൾ കള്ളമാണെന്നും വെള്ളനാട് ശശി പറഞ്ഞു .
Kerala
ആലപ്പുഴ: വർഗവഞ്ചകൻ പരാമർശത്തിൽ എം.വി. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ എംഎൽഎ. വർഗമെന്തെന്നോ വർഗവഞ്ചന എന്തെന്നോ ഗോവിന്ദന് അറിയില്ല. തെറ്റുപറ്റിയ സിപിഎം തിരുത്തണം.
പാർട്ടി നശിക്കട്ടെയെന്നു നിലപാടെടുക്കുന്ന ഗോവിന്ദനു സംസ്ഥാന സെക്രട്ടറിയായിരിക്കാൻ യോഗ്യതയില്ല. നേതൃസ്ഥാനത്ത് ഇരുന്നു പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഗോവിന്ദൻ രാജിവയ്ക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
National
ശ്രീനഗര്: വിഘടനവാദി നേതാക്കളെയും ശിക്ഷിക്കപ്പെട്ട ഭീകരരെയും മഹാന്മാരായി ചിത്രീകരിച്ച പുസ്തകം സര്ക്കാര്-സ്കൂള് ലൈബ്രറികളില് വിതരണം ചെയ്ത ജമ്മു കാഷ്മീരിലെ ഒമര് അബ്ദുള്ള സര്ക്കാര് വിവാദത്തില്. ദേശസ്നേഹം പഠിപ്പിക്കുന്നതിനു പകരം രാജ്യത്തെ വിഭജിക്കാന് ശ്രമിക്കുന്നവരെ മഹത്വവത്കരിക്കാന് ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷമായ ബിജെപി ഉൾപ്പെടെ ആരോപിക്കുന്നു.
വിഘടനവാദി നേതാക്കളായ മഖ്ബൂല് ഭട്ട്, സയ്യിദ് അലി ഷാ ഗിലാനി, മസ്രത് അലം, ഹുറിയത്ത് നേതാവ് മിര്വായിസ് ഉമര് ഫാറൂഖ് എന്നിവരെയാണ് പ്രമുഖ വ്യക്തിത്വങ്ങളായി പുസ്തകത്തില് ചിത്രീകരിച്ചിരിക്കുന്നത്.
യുവാക്കളുടെ മനസിനെ മലിനപ്പെടുത്തുന്ന അക്കാദമിക് ജിഹാദ് എന്നാണ് ബിജെപി നേതാവും നിയമസഭാ പ്രതിപക്ഷനേതാവുമായ സുനില് ശര്മ സംഭവത്തെ വിശേഷിപ്പിച്ചത്. വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കാന് മുഖ്യമന്ത്രി തയാറാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം പുസ്തകത്തിനു പിന്നില് പ്രവര്ത്തിച്ച മുഴുവന് ആളുകളെയും അറസ്റ്റ് ചെയ്യണമെന്നും നിര്ദേശിച്ചു.
പുസ്തകം കണ്ടിട്ടേയില്ലെന്നായിരുന്നു വിവാദത്തെക്കുറിച്ച് ഒമർ അബ്ദദുള്ളയുടെ പ്രതികരണം.
Kerala
തിരുവനന്തപുരം: വിമർശനങ്ങൾക്ക് പിന്നാലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. ഗവർണർ ഉത്തരവിൽ ഒപ്പിട്ടതോടെയാണ് നിയമനത്തിന് അംഗീകാരമായത്.
നേരത്തെ ശേഷാദ്രിനാഥന്റെ നിയമനത്തിൽ കെപിസിസിയിൽ നിന്നുപോലും ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് ശേഷാദ്രിനാഥന്റെ സംഘപരിവാർ ബന്ധം ചൂണ്ടിക്കാട്ടിയാണ് കടുത്ത എതിർപ്പുന്നയിച്ചിരുന്നത്.
ജില്ലാ ജഡ്ജിയായി വിരമിച്ച എന്. ശേഷാദ്രിനാഥന്റെ ബിജെപി അനുകൂല സമൂഹ്യമാധ്യമത്തിലെ പോസ്റ്റുകളടക്കം ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉന്നയിച്ചിരുന്നത്. എന്നാൽ വിവാദത്തിന് പിന്നാലെ
പോസ്റ്റുകൾ നീക്കിയെന്നും നിയാസ് പറയുന്നു.
അതേസമയം, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനം തന്റെ അറിവോടെയാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി പ്രതികരിച്ചു.
Kerala
കൊല്ലം: വിവാദമായ ഭരണഘടനാപ്രസംഗം നടത്തുമ്പോള് ഒറ്റുകാരന് തന്റെ കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞില്ലെന്ന് സജി ചെറിയാന് എംഎല്എ. വെണ്മണിയില് ഗോവ മുന് ഗവര്ണര് പി.എസ്. ശ്രീധരന്പിള്ളയുടെ പുസ്തകപ്രകാശന ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം പഠിച്ചതുകൊണ്ട് എന്താണു പറയേണ്ടതെന്നറിയാം. പത്തനംതിട്ട മല്ലപ്പള്ളിയില് രാഷ്ട്രീയയോഗത്തിലാണ് അന്നു പ്രസംഗിച്ചത്. അവിടെ പത്തോ നാല്പ്പതോ പേരേയുണ്ടായിരുന്നുള്ളൂ. പക്ഷേ, ഒറ്റുകാരനും അവിടെയുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
അന്നു പ്രസംഗിച്ചതു നന്നായി. അതിനുശേഷം പലരും ഭരണഘടനാപുസ്തകം വാങ്ങി. ചിലര് അതുയര്ത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്തു. മറ്റാരെക്കാളും ഭരണഘടനയെ താന് ഇഷ്ടപ്പെടുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയിലൂന്നിവേണം ജനാധിപത്യ-മതേതര സംവിധാനത്തെ നിലനിര്ത്താന്. അതിനു ശോഷണം വരരുത്. അതു വരാതിരിക്കാന് അഭിപ്രായം പറയും. നാടന്ഭാഷയില് വര്ത്തമാനം പറയുന്നത് സാഹിത്യം അറിയാത്തതു കൊണ്ടാണ്. താന് സൈദ്ധാന്തികനല്ലെന്നും സജി ചെറിയാന് കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: മൂലം വള്ളംകളിക്ക് അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ വിവാദ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നടത്തിയ പരാമർശം കുട്ടനാട് എംഎൽഎ റെജി ചെറിയാനുള്ള മറുപടിയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മൂലം വള്ളംകളി ദിവസം അവധി നൽകണമെന്ന് റെജി ചെറിയാൻ എംഎൽഎ സഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടിയും നൽകി. എന്നാൽ ഈ മറുപടി നൽകിയ ശേഷം തിരികെ വന്നിരിക്കുന്നതിനിടെ ഒരു കാരണവശാലും കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞത് മൈക്കിലൂടെ പുറത്തുവന്നിരുന്നു.
സംഭവത്തിൽ എംഎൽഎ തന്റെ പ്രതിഷേധവും അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടി കാര്യങ്ങൾ വിശദീകരിച്ചത്. താനും മുഖ്യമന്ത്രിയും തമ്മിൽ നേരത്തെ മറ്റൊരു വിഷയം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് എംഎൽഎയുടെ ചോദ്യം വന്നത്. അപ്പോൾ മുഖ്യമന്ത്രി അതിന് മറുപടി കൊടുക്കുകയും, തുടർന്ന് തിരികെ വന്നിരുന്ന് തന്നോടുള്ള സംസാരം തുടരുകയുമാണുണ്ടായത്.
മുഖ്യമന്ത്രി പറഞ്ഞ ആ വാക്ക് കുട്ടനാട് എഎൽഎയെ ഉദ്ദേശിച്ചുള്ളതല്ലയെന്ന് തനിക്ക് നന്നായി അറിയാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അക്കാര്യത്തിൽ വേണമെങ്കിൽ ലോകത്തെ മുഴുവൻ പറ്റിക്കാം. പക്ഷേ കാര്യങ്ങൾ നേരിട്ട് ബോധ്യമുള്ള തന്നെ പറ്റിക്കാൻ ആകില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
National
വാരാണസി: ലോകത്തിലെ രണ്ടാമത്തെ വെജിറ്റേറിയൻ നഗരമാകാനൊരുങ്ങി വാരാണസി. നഗരത്തിന്റെ ആത്മീയാന്തരീക്ഷവും സാംസ്കാരിക പൈതൃകവും തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുനിസിപ്പൽ കോർപറേഷന്റെ തീരുമാനം.
പദ്ധതിയുടെ ഭാഗമായി നഗരത്തിനുള്ളിൽ നിലവിൽ പ്രവർത്തിക്കുന്ന 400ലധികം മാംസ-മത്സ്യ വില്പന ശാലകൾ നഗരത്തിന്റെ അതിർത്തിപ്രദേശങ്ങളായ രാംനഗർ, സുജാബാദ്, ഗണേഷ്പുർ, അവാലേഷ്പുർ, ശിവ്പുർ എന്നിവിടങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, നവരാത്രി പോലുള്ള വിശേഷദിവസങ്ങളിൽ നഗരത്തിൽ മാംസവില്പന പൂർണമായും നിരോധിച്ചുകഴിഞ്ഞു.
കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ 250 മീറ്റർ ചുറ്റളവിൽ മാംസം, മദ്യം എന്നിവ വിൽക്കുന്നതും കഴിക്കുന്നതും കർശനമായി നിരോധിച്ചു. ഈ പരിധിയിലുണ്ടായിരുന്ന മാംസക്കടകൾ പൂർണമായും ഇവിടെനിന്നു മാറ്റിസ്ഥാപിച്ചിട്ടുണ്ട്. തീർഥാടകരെത്തുന്ന പ്രധാന സ്നാനഘട്ടുകളുടെയും ക്ഷേത്രങ്ങളുടെയും പരിസരങ്ങൾ പൂർണമായും വെജിറ്റേറിയൻ മേഖലകളാക്കി മാറ്റി.
നഗരത്തിലെ പ്രശസ്തമായ പല ഹോട്ടലുകളും റസ്റ്ററന്റുകളും ഇപ്പോൾ ഉള്ളിയും വെളുത്തുള്ളിയും പോലും ഒഴിവാക്കിയുള്ള ശുദ്ധമായ ‘സാത്വിക് ഭക്ഷണം’ വിളമ്പുന്നതിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ചില പ്രമുഖ സ്ഥാപനങ്ങൾക്ക് ഇതിനായി ഔദ്യോഗിക ‘സാത്വിക് സർട്ടിഫിക്കറ്റും’ ലഭിച്ചുകഴിഞ്ഞു.
പുതിയ തീരുമാനം നഗരത്തിന്റെ ആത്മീയത നിലനിർത്താൻ സഹായിക്കുമെന്ന് ഒരുവിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുമ്പോൾ തങ്ങളുടെ ഉപജീവനമാർഗത്തെ ബാധിക്കുമെന്ന ആശങ്കയിൽ വ്യാപാരികളിൽനിന്നു ശക്തമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
ആദ്യത്തെ വെജിറ്റേറിയൻ നഗരം പാലിതാന
ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക വെജിറ്റേറിയൻ നഗരമായി പ്രഖ്യാപിക്കപ്പെട്ടത് ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലുള്ള പാലിതാന നഗരമാണ്. ഈ മാതൃകയിലാണ് വാരാണസിയും പുതിയ മാറ്റങ്ങളിലേക്ക് ചുവടുവയ്ക്കുന്നത്.
ജൈനമതവിശ്വാസികളുടെ ഏറ്റവും പവിത്രമായ പുണ്യസ്ഥലങ്ങളിൽ ഒന്നായ ശത്രുഞ്ജയ കുന്നുകൾ സ്ഥിതിചെയ്യുന്നത് പാലിതാനയിലാണ്. ഇവിടെ എണ്ണൂറിലധികം ജൈനക്ഷേത്രങ്ങളുണ്ട്. അഹിംസ എന്ന ജൈനതത്വം കർശനമായി പാലിക്കണമെന്നും നഗരത്തിൽ മാംസവില്പനയും മൃഗബലിയും പൂർണമായി നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഇവിടുത്തെ ജൈനസന്യാസിമാർ നടത്തിയ നിരാഹാര സമരത്തെത്തുടർന്നാണ് നഗരം വെജിറ്റേറിയനായി പ്രഖ്യാപിക്കപ്പെട്ടത്.
2014ൽ ഗുജറാത്ത് സർക്കാർ പാലിതാന നഗരപരിധിയിൽ മാംസം, മുട്ട എന്നിവ വിൽക്കുന്നതും വാങ്ങുന്നതും മൃഗങ്ങളെ അറുക്കുന്നതും നിയമപരമായി പൂർണമായി നിരോധിച്ചു. ഇതോടെയാണ് പാലിതാന ലോകത്തിലെ ആദ്യത്തെ നിയമപരമായ മാംസമുക്ത നഗരമെന്ന ഖ്യാതി നേടിയത്.
Kerala
കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി. ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞയാണ് അസാധുവാക്കിയത്.
ഇത് ചട്ടലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവർ നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി.
സിപിഎം കൗൺസിലർ എസ്.പി.ദീപക്കാണ് ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞയ്ക്കെതിരേ കോടതിയെ സമീപിച്ചത്. ഈ കൗൺസിലർമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
കേരള മുനിസിപ്പാലിറ്റി നിയമം 1994ന്റെ ലംഘനമാണുണ്ടായത്. ഇതനുസരിച്ച് ദൈവനാമത്തിലോ, സഗൗരവമോ ആവണം സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ ബിജെപി കൗൺസിലർമാർ ഗുരുദേവ നാമത്തിൽ, ഉദിയന്നൂർ ദേവിയുടെ നാമത്തിൽ, കാവിലമ്മയുടെ നാമത്തിൽ, ഭഗവത് നാമത്തിൽ, ശ്രീപത്മനാഭസ്വാമിയുടെ നാമത്തിൽ, ഭാരതാംബയുടെ നാമത്തിൽ, പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരിൽ, ഭാരതമാതാവിന്റെ നാമത്തിൽ, തിരുവല്ലം പരശുരാമന്റെ നാമത്തിൽ, ആറ്റുകാൽ അമ്മയുടെ നാമത്തിൽ, ശ്രീ ഇരുംകുളങ്ങര ദുർഗ ഭഗവതിയുടെ നാമത്തിൽ, പത്മനാഭന്റെയും ശ്രീ മഹാവിഷ്ണുവിന്റെയും നാമത്തിൽ, ശ്രീകണ്ഠേശ്വരൻ അമ്മയപ്പൻ നാമത്തിൽ, അയ്യപ്പ നാമത്തിൽ, കാര്യവട്ടം ശ്രീധർമശാസ്താവിന്റെ നാമത്തിൽ എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.
Kerala
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയില് അസാധാരണ പ്രതിസന്ധിയും കൂട്ടരാജിയും. വാര്ഷിക റിപ്പോര്ട്ടിലെ വരവ്-ചെലവ് കണക്കുകളെ ചൊല്ലി ജനറല് ബോഡി യോഗത്തിലുണ്ടായ വന് തര്ക്കങ്ങള്ക്കൊടുവില് നിലവിലെ ഭരണസമിതി ഒന്നാകെ രാജിവച്ചു. അധികാരത്തിലേറി ഒരു വര്ഷം തികയുന്നതിന് മുമ്പാണ് സംഘടനയെ പിടിച്ചുകുലുക്കി ഭരണസമിതിയുടെ ഈ നാടകീയ പടിയിറക്കം. 2025 ഓഗസ്റ്റ് 15ന് ആയിരുന്നു വനിതകളുടെ നേതൃത്വത്തില് പുതിയ ഭരണസമിതി എത്തിയത്.
ഇന്ന് രാവിലെ ആരംഭിച്ച ജനറല് ബോഡി യോഗത്തില് വാര്ഷിക റിപ്പോര്ട്ടും കണക്കുകളും അവതരിപ്പിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങള് അരങ്ങേറിയത്. ജനറല് ബോഡി യോഗം തുടങ്ങി രാവിലെ മുതല് ഉച്ച വരെ വാര്ഷിക റിപ്പോര്ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെ ചൊല്ലി വന് തര്ക്കവും നാടകീയ രംഗങ്ങളുമാണ് ഉടലെടുത്തത്. ജനറല് സെക്രട്ടറി കുക്കു പരമേശ്വരന് അവതരിപ്പിച്ച വാര്ഷിക റിപ്പോര്ട്ടിലെ വരവ്-ചെലവ് കണക്കുകളില് വ്യക്തതയില്ലെന്ന് ആരോപിച്ചാണ് യോഗത്തില് ഭിന്നത ഉണ്ടായത്.
സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘം വാര്ഷിക റിപ്പോര്ട്ടിലെ സാമ്പത്തിക കണക്കുകളില് വലിയ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. കൃത്യതയില്ലാത്ത റിപ്പോര്ട്ട് അംഗീകരിക്കാന് കഴിയില്ലെന്ന് കര്ശന നിലപാടെടുത്തു. പിഴവുകളുള്ള റിപ്പോര്ട്ട് പാസാക്കാന് കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കൂടുതല് കലുഷിതമായി.
കണക്കുകളിലെ തര്ക്കം രൂക്ഷമായതോടെ, വിഷയം പഠിക്കാന് 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോന് ആവശ്യപ്പെട്ടു. എന്നാല് മറുഭാഗം വഴങ്ങാതിരുന്നതോടെ ശ്വേത സ്റ്റേജില് കയറി വൈകാരികമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും, എന്നാല് തന്നെ ബോധപൂര്വ്വം ബിജെപിക്കാരിയാക്കാന് ചിലര് ശ്രമിക്കുന്നുണ്ടെന്നും കടുത്ത അമര്ഷത്തോടെ ശ്വേത യോഗത്തില് വെളിപ്പെടുത്തി.
തുടര്ന്ന് സ്റ്റേജില് നിന്നും ഇറങ്ങിപ്പോയ അവരെ ബാബുരാജിന്റെ നേതൃത്വത്തില് മുതിര്ന്ന അംഗങ്ങള് അനുനയിപ്പിക്കാന് ശ്രമിച്ചെങ്കിലും വിഫലമായി. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജി വച്ചതായ വിവരം പുറത്തുവന്നത്. അംഗങ്ങള് തമ്മിലുള്ള തര്ക്കം കൈവിട്ടുപോയതോടെ, മുന് പ്രസിഡന്റ് കൂടിയായ മോഹന്ലാല് വിഷയത്തില് കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെ.ബി. ഗണേഷ്കുമാര് ആവശ്യപ്പെട്ടു.
രാവിലെ യോഗം ഉദ്ഘാടനം ചെയ്ത മോഹന്ലാല് ഇതിനോട് വളരെ വൈകാരികമായാണ് പ്രതികരിച്ചത്. വ്യക്തിപരമായ ഭിന്നതകള് എന്തു തന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകര്ക്കാന് ആര്ക്കും കഴിയില്ല എന്ന് മോഹന്ലാല് പറഞ്ഞു. എന്നാല് വാര്ഷിക റിപ്പോര്ട്ട് പാസാക്കാതെ നിലവിലെ ഭരണസമിതിക്ക് എങ്ങനെ മുന്നോട്ട് പോകാനാകും എന്ന ചോദ്യത്തില് ഒരു വിഭാഗം ഉറച്ചു നിന്നതോടെയാണ് സംഘടനയ്ക്കുള്ളിലെ ഭിന്നതകള് പൂര്ണ്ണമായി പുറത്തു വന്നതും ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് കാര്യങ്ങല് എത്തിയതും.
അമ്മയുടെ ചരിത്രത്തില് ഇത് ആദ്യമായല്ല ഭരണസമിതിയുടെ കൂട്ടരാജി നടക്കുന്നത്. മുമ്പ് മോഹന്ലാല് പ്രസിഡന്റായിരുന്ന ഭരണസമിതിയും കൂട്ടഹോടെ രാജി വച്ചിരുന്നു. മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില് സാഹചര്യങ്ങളെ കുറിച്ചും അവര് നേരിടുന്ന ചൂഷണങ്ങളെ കക്കുറിച്ചും പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്ട്ട് പുറത്തു വന്നതിന് പിന്നാലെയുണ്ടായ വന് കോളിളക്കങ്ങളാണ് അന്ന് രാജിയുടെ പ്രധാന കാരണം. ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തു വന്നതിന് പിന്നാലെ, സംഘടനയുടെ സുപ്രധാന ഭാരവാഹികളായിരുന്ന സിദ്ധിഖ്, ബാബുരാജ്, മുകേഷ് ുടങ്ങിയ പ്രമുഖ നടന്മാര്ക്കെതിരെ സിനിമാ മേഖലയില് പ്രവര്ത്തിക്കുന്ന സ്ത്രീകള് ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളുമായി രംഗത്തെത്തി.
ആരോപണവിധേയര് നേതൃത്തില് തുടരുന്നതിനെതിരെ പൊതുസമൂഹത്തില് നിന്നും മാധ്യമങ്ങളില് നിന്നും കടുത്ത വിമര്ശനങ്ങളുയര്ന്നു. ആരോപണവിധേയനായ സിദ്ധിഖ് ജനറല് സെക്രട്ടറി സ്ഥാനം രാജി വച്ചതിന് പിന്നാലെ, സംഘടന നേരിട്ട കടുത്ത പ്രതിസന്ധിയുടെയും വിമര്ശനങ്ങളുടെയും പശ്ചാത്തലത്തില് ധാര്മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മോഹന്ലാല് ഉള്പ്പെടെയുള്ള ഭരണസമിതി ഒന്നാകെ 2024ല് രാജി വയ്ക്കുകയായിരുന്നു. പിന്നീട് സംഘടനാ തലപ്പത്ത് ആരുമുണ്ടായിരുന്നില്ല. തുടര്ന്നാണ് 2025ല് ശ്വേത മേനോന് പ്രസിഡന്റ് ആയി പുതിയ ഭരണ സമിതി എത്തിയത്.
നീണ്ട 32 വര്ഷത്തിന് ശേഷം ആദ്യമായാണ് വനിതകള് നേതൃത്വം നല്കിയ ഭരണസമിതി അമ്മയില് ഉണ്ടായത്. ഈ ഭരണസമിതി വന്നതു മുതലുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗത്തില് തന്നെ പൊട്ടിത്തെറികള് ആരംഭിച്ചിരുന്നു. സംഘടനയ്ക്കുള്ളിലെ തര്ക്കങ്ങളും വാട്സ്ആപ്പ് ചാറ്റുകളും മാധ്യമങ്ങളില് പ്രചരിച്ചിരുന്നു. ഇതോടെ ചേരി തിരിഞ്ഞുള്ള പോര് നടന്നിരുന്നു. അമ്മയുടെ കുടുംബ സംഗമവുമായി ബ്ധപ്പെട്ട് വെണ്ണല ക്ഷേത്രത്തില് നിന്നും സ്പോണ്സര്ഷിപ്പ് ഏറ്റെടുത്തത് വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയായിരുന്നു. അന്സിബ എക്സിക്യൂട്ടീവ് കമ്മിറ്റിയില് നിന്നും രാജി വച്ചു.
ഇതിന് പിന്നാലെ അമ്മ ഓഫീസ് ജീവനക്കാരി അതുല്യ കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ പരാതിയുമായി എത്തി. അതുല്യയെ ഏകപക്ഷീയമായി പുറത്താക്കിയ നടപടി റദ്ദാക്കി ശ്വേത മേനോന് അവരെ സംഘടനയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇക്കാര്യത്തില് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അന്സിബ രാജി വച്ച വിവരം ശ്വേത പറഞ്ഞത്. ടിനി ടോമും ബാബുരാജും ശ്വേത മേനോനെതിരെ രംഗത്തെത്തുകയും ചെയ്തു. അമ്മയുടെ പ്രസിഡന്റ് വെറും സ്റ്റാമ്പ് ആയി മാറി എന്നടക്കം ടിനി ടോം വാര്ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ടിനി ടോം ജിഹാദിയെന്ന് വിളിച്ചുവെന്ന ആരോപണങ്ങളുമായി അന്സിബ രംഗത്തെത്തിയത്. വര്ഗീയവാദിയാക്കാന് ശ്രമിച്ചുവെന്ന് ആരോപിച്ച് ടിനി ടോമിനെതിരെ പരാതി നല്കി. മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ലക്ഷ്മിപ്രിയക്കെതിരെയും തൃപ്പൂണിത്തുറ വനിത സെല് എസ്ഐഐ രേഷ്മയ്ക്കെതിരെയും അന്സിബ മുഖ്യമന്ത്രിക്ക് പരാതി നല്കി. ചേരി തിരിഞ്ഞുള്ള പോര് രൂക്ഷായ സാഹചര്യത്തിലാണ് ഇന്ന് വാര്ഷിക പൊതുയോഗം നടന്നതും ഭരണസമിതി രാജിയിലേക്ക് നീങ്ങിയതും.
Kerala
കൊച്ചി: താരസംഘടനയായ "അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ വൻ തർക്കമെന്ന് സൂചന. ഭരണസമിതി പിരിച്ചുവിടണമെന്നാണ് പലരുടെയും ആവശ്യം. ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയ രേഖ തയാറാക്കിയെന്നാണ് റിപ്പോർട്ട്.
നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ആരോപണം. ഭരണസമിതി പൂർണമായും പരാജയപ്പെട്ടുവെന്നും ഭരണം താൽക്കാലിക സമിതിക്ക് കൈമാറണമെന്നുമാണ് അവിശ്വാസ പ്രമേയത്തിന്റെ കരട് രേഖയിലെ ആവശ്യം.
സംഘടനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റുവെന്നും എല്ലാ വർഷവും നടത്താറുള്ള ഷോ എന്തുകൊണ്ട് ഇത്തവണ നടത്തിയില്ലെന്നും അംഗങ്ങൾ ചോദിച്ചു. കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിലാണ് യോഗം.
National
ന്യൂഡൽഹി: സിന്ധു നദീതട സംസ്കാരത്തിന്റെ പ്രശസ്ത കലാസൃഷ്ടികളിൽ ഒന്നായ"ഡാൻസിംഗ് ഗേൾ’ പ്രതിമയുടെ ചിത്രം പരിഷ്കരിച്ച രൂപത്തിൽ ഒന്പതാം ക്ലാസ് പുസ്തകത്തിൽ അവതരിപ്പിച്ച എൻസിഇആർടിയുടെ നടപടി വിവാദത്തിൽ.
നഗ്നമായ യഥാർഥ ചിത്രത്തിനു പകരം വസ്ത്രം ധരിപ്പിച്ച രീതിയിലാണു ഡാൻസിംഗ് ഗേളിന്റെ വെങ്കല പ്രതിമയുടെ ചിത്രം ഒന്പതാം ക്ലാസിലെ കലയുമായി ബന്ധപ്പെട്ട പുതിയ പാഠപുസ്തകമായ "മധുരിമയിൽ’ ഹിസ്റ്ററി ഓഫ് ആർട്സ് എന്ന പാഠഭാഗത്തു പ്രത്യക്ഷപ്പെട്ടത്. എന്നാൽ, സമാന പ്രതിമയുടെ ചിത്രം എൻസിആർടിയുടെതന്നെ ആറാം ക്ലാസിലെ സാമൂഹികശാസ്ത്ര പുസ്തകത്തിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതു യഥാർഥ രൂപത്തിലാണ്.
പ്രതിമയെ അതിന്റെ യഥാർഥ രൂപത്തിൽ അവതരിപ്പിക്കുന്നത് കുട്ടികൾക്ക് അനുയോജ്യമല്ലെന്ന വിക്ടോറിയൻ കാലഘട്ടത്തിലെ സങ്കുചിത ചിന്താഗതിയാണ് മാറ്റത്തിനു പിന്നിലെന്ന് എൻസിഇആർടിയുടെ ആറാം ക്ലാസ് പാഠപുസ്തക സമിതി അധ്യക്ഷൻ പ്രഫ. മിഷേൽ ഡാനിനോ വിമർശിച്ചു.
ചരിത്രപരമായ ഒരു പുരാവസ്തുവിനെ മാറ്റം വരുത്തി കാണിക്കുന്നത് വ്യാജനിർമിതിക്കു തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം 4000 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന വെങ്കല പ്രതിമയുടെ ചിത്രം മാറ്റി അവതരിപ്പിച്ചതിൽ എൻസിആർടി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
രാജ്യത്തെ നിയമസംവിധാനത്തെ സംബന്ധിച്ച പാഠഭാഗത്തിൽ എൻസിഇആർടിയുടെ ഒന്പതാം ക്ലാസ് പുസ്തകം നേരിട്ട വിവാദവും സുപ്രീംകോടതി ഇടപെടലും കെട്ടടങ്ങിയിട്ട് അധിക നാളാകുന്നതിനുമുന്പാണ് അടുത്ത വിവാദം.
Kerala
ന്യൂഡൽഹി: അക്കാദമിക് മികവും മതനിരപേക്ഷ ബോധ്യവും ജനാധിപത്യ സ്വഭാവവുമുള്ള കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന്റെ കൂടാരത്തിലേക്കു പറിച്ചുനടാൻ ശ്രമം തുടങ്ങിയിട്ട് കാലം കുറേയായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ഇതിനായി ആർഎസ്എസ് മേധാവിക്കു മുന്നിൽ ചൂട്ടുപിടിച്ചു വഴി കാണിച്ചുകൊടുക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ നിഷ്പക്ഷ, മതേതര നിലപാടിലേക്കു നയിക്കേണ്ടവർ തന്നെയാണെന്നത് ഈ നാടിന് അപമാനമാണ്. എക്കാലവും പ്രബുദ്ധ മലയാളികൾ എന്ന് അഭിമാനത്തോടെ പറയുന്ന നമുക്ക്, അപമാനമാണ് മൂന്നു സർവകലാശാലകളിലെ ഈ വൈസ് ചാൻസലർമാർ.
മൂവരും അടിയന്തരമായി ചെയ്യേണ്ടെന്ന കാര്യം, കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവച്ച്, ഗണവേഷം കെട്ടി കുറുവടിയുംകൊണ്ട് ആർഎസ്എസ് ശാഖകളിൽ ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കലാണ്. ഈ നാടിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലി കഴിക്കുകയും ചെയ്ത ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ, മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു കണിക കൊണ്ടുപോലും യോഗ്യരല്ല.
സ്വയം രാജിവച്ച് ഗവർണറുടെ സംരക്ഷണയിൽനിന്ന് ആർഎസ്എസ് മേധാവിയുടെ തണലിലേക്കു ചേക്കേറുകയാണ് മൂവർക്കും നല്ലത്. അതല്ലെങ്കിൽ, ശക്തമായ രാഷ്ട്രബോധം ഉള്ളിൽപ്പേറുന്ന മതേതരവാദികളായ മനുഷ്യരുടെ പ്രതിഷേധം അനുഭവിക്കേണ്ടി വരും.
മോഹൻ ഭഗവതിനു മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുക എന്നതല്ല ഉന്നത പൈതൃകം പേറുന്ന സർവകലാശാലകളുടെ തലപ്പത്തിരിക്കാനുള്ള യോഗ്യത. മികച്ച അക്കാദമിക് പാരമ്പര്യവും മതനിരപേക്ഷ ബോധവും ജനാധിപത്യ വിശ്വാസവും ഭരണഘടനയോടുള്ള കൂറുമാണ് അതിന്റെ ആധാരശില എന്ന് ഓർക്കേണ്ടവർ ഓർക്കണം.
ആർഎസ്എസിന് കുഴലൂതുന്ന ഒരു സംസ്കാരത്തെ വളരാനോ വളർത്താനോ ഈ നാട് അനുവദിക്കില്ല. എന്തു വില കൊടുത്തും സംരക്ഷിക്കേണ്ടുന്ന ഭരണഘടനാ മൂല്യങ്ങളാണ് ഈ നാട് ഉള്ളിൽപ്പേറുന്നത്, അല്ലാതെ, വിഭജനത്തിന്റെ ബ്രിട്ടീഷ് പാരമ്പര്യമുള്ള കപട രാജ്യസ്നേഹികളുടെ ചോരയല്ലെന്നും കെസി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
Kerala
തൃശൂർ: സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ വനിതാ യാത്രക്കാരിൽനിന്ന് പണം വാങ്ങിയെന്ന് പരാതി. പദ്ധതി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ ബസിൽ കയറിയ വിദ്യാർഥിനികളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കിയതാണ് വിവാദമായത്
തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് പോയ ഓർഡിനറി ബസിലാണ് സംഭവം . ഇന്ന് രാവിലെ ഒന്പതിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് പദ്ധതി തൃശൂരിൽ ഫ്ളാഗ് ഓഫ് ചെയ്തത്. എന്നാൽ, 9:35-ന് ബസിൽ കയറിയ കൊരട്ടി സ്വദേശികളായ വിദ്യാർഥിനികളിൽ നിന്ന് കണ്ടക്ടർ പണം ഈടാക്കുകയായിരുന്നു. സൗജന്യ യാത്രയെക്കുറിച്ച് ചോദിച്ചപ്പോൾ 'സിസ്റ്റം അപ്ഡേറ്റ് ആയിട്ടില്ല' എന്ന സാങ്കേതിക കാരണമാണ് ജീവനക്കാർ നൽകിയത്.
എന്നാൽ സൗജന്യ യാത്ര ആരംഭിക്കുന്നത് കാത്ത് രാവിലെ എട്ടര മുതൽ തങ്ങൾ ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നുവെന്ന് വിദ്യാർഥിനികൾ പറഞ്ഞു. ബസിൽ കയറിയപ്പോൾ തങ്ങൾക്ക് പൂച്ചെണ്ടും ലഡുവും നൽകി സ്വീകരിച്ചുവെങ്കിലും പണം ഈടാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി.
തങ്ങൾ പരാതി അറിയിച്ചപ്പോൾ ബസിലുണ്ടായിരുന്ന ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും അത് ഗൗനിക്കാതെ ഫോട്ടോ എടുക്കുന്നതിനും വീഡിയോ പകർത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും വിദ്യാർഥിനികൾ കുറ്റപ്പെടുത്തി.