തിരുവനന്തപുരം: കോർപറേഷൻ കൗണ്‍സിലർ ആർ. സുഗതന്റെ വ്യാജ ഒപ്പ് വിവാദത്തിൽ മേയർ വി.വി. രാജേഷ്, കൗണ്‍സലർ സുഗതൻ, കോർപറേഷൻ സെക്രട്ടറി എന്നിവരെ പ്രതിയാക്കി പൊലിസ് കേസെടുത്തു. കോർപറേഷൻ കൗണ്‍സിലിന്റെ ഹാജർ ബുക്കിൽ വ്യാജമായി ഒപ്പ് രേഖപ്പെടുത്തിയെന്ന എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപകിന്റെ പരാതിയിലാണ് മ്യൂസിയം പൊലിസ് മേയറും സെക്രട്ടറിയും അടക്കമുള്ളവർക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
തിരുവനന്തപുരം മേയർ വി.വി. രാജേഷാണ് കേസിലെ ഒന്നാം പ്രതി. സുഗതൻ രണ്ടാംപ്രതിയും സെക്രട്ടറി മൂന്നാംപ്രതിയുമാണ്. ഹാജർ ബുക്കിൽ വ്യാജ ഒപ്പു രേഖപ്പെടുത്തുന്നത് ഗുരുതര കുറ്റമാണെന്നും സുഗതനെ സ്വാതന്ത്രസമര സേനാനിയെന്ന പോലെ ബിജെപി വരവേറ്റതിന്റെ ഔചിത്യം മനസിലാകുന്നിലെന്നും എസ്.പി ദീപക് മാധ്യമങ്ങളോട് പറഞ്ഞു. കാപ്പാ കേസിൽ കഴിഞ്ഞ ജൂണ്‍ ഒൻപതിനാണ് വാഴോട്ടുകോണം കൗണ്‍സിലർ ആർ. സുഗതനെ വട്ടിയൂർക്കാവ് പൊലിസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിൽ ഇതിനു മുൻപു നടന്ന കോർപറേഷൻ കൗണ്‍സിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തിരുന്നില്ല. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിൽ നടന്ന കോർപറേഷൻ കൗണ്‍സിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തിരുന്നില്ല. ഈ ദിവസങ്ങളിലെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്ന ദീപകിന്റെ പരാതിയിലാണ് പൊലിസ് നടപടി.
Tags : Corporation forgery signature controversy Thiruvananthapuram Police case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash