സുപ്രീംകോടതി.
ന്യൂഡൽഹി: മരുന്ന് കമ്പനികളുടെ ധാർമികതയില്ലാത്ത അസാധാരണ മാർക്കറ്റിംഗ് രീതികൾ തടയുന്നതിനും നിയമപരമായ ചട്ടക്കൂട് രൂപീകരിക്കുന്നതിനുമായി ഉന്നതതല സമിതിക്കു രൂപം നൽകാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം നൽകി.
വിഷയവുമായി ബന്ധപ്പെട്ട വിവിധ നിർദേശങ്ങളും നിവേദനങ്ങളും സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
സമിതിയുടെ ശിപാർശകൾ ലഭിച്ചശേഷം കേന്ദ്രസർക്കാർ ഇത് ഉൾപ്പെടുത്തിയുള്ള സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കണം.
മരുന്ന് കമ്പനികളും ഡോക്ടർമാരും തമ്മിലുള്ള അനധികൃത ഇടപാടുകൾ തടയാൻ കർശന നിയമനിർമാണം ആവശ്യപ്പെട്ടു സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
നിലവിലുള്ള ചട്ടങ്ങളനുസരിച്ച് സമ്മാനങ്ങളും കൈക്കൂലിയും കൈപ്പറ്റുന്ന ഡോക്ടർമാർക്കെതിരേ നടപടിയെടുക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ, ഡോക്ടർമാരെ സ്വാധീനിക്കാൻ കോഴയും വിലകൂടിയ സമ്മാനങ്ങളും വിദേശയാത്രകളും ഓഫർ ചെയ്യുന്ന മരുന്ന് കമ്പനികളെ നേരിട്ടു ശിക്ഷിക്കാൻ തക്ക നിയമപരമായ വ്യവസ്ഥകൾ നിലവിലില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
മരുന്ന് കമ്പനികൾ സ്വന്തം ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഡോക്ടർമാർക്കു സൗജന്യങ്ങളും ആനുകൂല്യങ്ങളും നൽകുന്ന വിപണന തന്ത്രങ്ങൾക്കെതിരേ ശക്തമായ നിയമനിയന്ത്രണം വേണമെന്നാണു ഹർജിയിലെ പ്രധാന ആവശ്യം.
സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ജനുവരി 29ലേക്കു മാറ്റി.
Tags : SupremeCourt Curb UnethicalMarketing pharmaceuticalCompanies Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash