പ്രതീകാത്മക ചിത്രം
സീയൂൾ: പിടിയിലായ ഉത്തരകൊറിയൻ സൈനികരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് യുക്രെയ്നും ദക്ഷിണകൊറിയയ്ക്കും ഇടയിൽ നയതന്ത്ര ഭിന്നത രൂക്ഷം. യുക്രെയ്നിലെ അംബാസഡറെ പൻവലിക്കുമെന്ന് ദക്ഷിണകൊറിയ ഇന്നലെ അറിയിച്ചു.
റഷ്യക്കുവേണ്ടി യുദ്ധം ചെയ്യവേ പിടിയിലായ രണ്ട് ഉത്തരകൊറിയൻ ഭടന്മാരെ ദക്ഷിണകൊറിയയ്ക്കു കൈമാറിയ വിവരം യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി കഴിഞ്ഞമാസം പരസ്യമാക്കിയതാണു പ്രശ്നങ്ങളുടെ തുടക്കം.
കൈമാറ്റം രഹസ്യമാക്കി വയ്ക്കണമെന്ന കരാർ യുക്രെയ്ൻ ലംഘിച്ചതായി ദക്ഷിണകൊറിയ ആരോപിക്കുന്നു. എന്നാൽ, ഇത്തരം കരാർ നിലവിലില്ലെന്നാണു യുക്രെയ്ന്റെ മറുപടി.
വിഷയത്തിൽ ദക്ഷിണകൊറിയൻ വിദേശകാര്യ സഹമന്ത്രി, യുക്രെയ്ൻ വിദേശകാര്യ സഹമന്ത്രിയെ ഔദ്യോഗികമായി പരാതി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ യുക്രെയ്ൻ വിദേശകാര്യമന്ത്രി ഔദ്യോഗികമായി ക്ഷമചോദിച്ചുവെന്ന് ദക്ഷിണകൊറിയൻ വിദേശകാര്യമന്ത്രി പറഞ്ഞു.
എന്നാൽ, വിദേശകാര്യമന്ത്രി ക്ഷമ ചോദിച്ചിട്ടില്ലെന്ന് യുക്രെയ്ൻ ഭരണകൂടം ബുധനാഴ്ച അവകാശപ്പെട്ടതാണ് അംബാസഡറെ പിൻവലിക്കാൻ ദക്ഷിണകൊറിയയെ പ്രേരിപ്പിച്ചത്.
ഇതിനിടെ, ദക്ഷിണകൊറിയയിലേക്കു പോകാനാണു താത്പര്യമെന്ന് ഉത്തരകൊറിയൻ സൈനികർ പ്രാദേശിക മാധ്യമങ്ങളോടു പറയുന്ന റിപ്പോർട്ടും പുറത്തുവരികയുണ്ടായി.
Tags : SouthKoreanAmbassador Ukraine Recalled