പ്രതീകാത്മക ചിത്രം
റിയാദ്: ഹൂതി വ്യോമാക്രമണം നേരിടുന്ന സൗദിയിൽ സിറിയൻ സേനയെ വിന്യസിക്കാൻ ആലോചന. സിറിയ ഇതിനു തയാറായേക്കുമെന്നാണു വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചത്.
ഹൂതി ആക്രമണത്തിൽനിന്നു സൗദിയെ സംരക്ഷിക്കാൻ പ്രതിരോധത്തിലൂന്നിയ സഹായം നൽകൽ, ഹൂതികളെ നേരിടുന്ന യെമനിലെ ഔദ്യോഗിക ഭരണകൂട സേനയ്ക്കൊപ്പം പോരിനിറങ്ങൽ എന്നീ രണ്ടു സാധ്യതകൾ സിറിയൻ പ്രസിഡന്റ് അൽ ഷാരയുടെ ഭരണകൂടം പരിഗണിക്കുന്നുണ്ട്.
അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതോടെ ആരംഭിച്ച പശ്ചിമേഷ്യാ സംഘർഷം വിപുലമാക്കുന്ന നടപടിയാകും സിറിയൻ രംഗപ്രവേശം. ഇറാനെ പിന്തുണയ്ക്കുന്ന ഹൂതികൾ സൗദിയെ ആക്രമിക്കുന്നത് ഇപ്പോൾത്തന്നെ ആഗോളതലത്തിൽ വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ഇതിനു പുറമേ സൈനിക സഖ്യത്തിന്റെ ഭാഗമായ പാക്കിസ്ഥാനോടും തുർക്കിയോടും സൗദി സഹായം തേടിയിട്ടുണ്ടെന്നാണു വിവരം. സൈനികശക്തിയിൽ മുന്നിൽ നിൽക്കുന്ന ഈ രണ്ടു രാജ്യങ്ങൾ സൗദിക്ക് പ്രതിരോധത്തിലൂന്നിയ സഹായം നൽകിയേക്കും.
ഇതിനിടെ, സൗദിയിലെ വിമാനത്താവളങ്ങളും എണ്ണവ്യവസായ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂതി ആക്രമണം തുടരുന്നുണ്ട്. റിയാദിൽ ഇന്നലെ രാവിലെ വലിയ സ്ഫോടനശബ്ദങ്ങളുണ്ടായി. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേർക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തതായി ഹൂതികൾ അറിയിച്ചു.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ റിയാദ്, ആബ വിമാനത്താവളങ്ങളിലുണ്ടായ വ്യോമാക്രമണങ്ങളിൽ മൂന്നു പേർ കൊല്ലപ്പെട്ടതായി സൗദി അറിയിച്ചിരുന്നു.
Tags : WestAsia Conflict Spiraling Control Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash