Literature
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപനം നമ്മുടെ കുട്ടികളുടെ പെരുമാറ്റരീതികളെയും സ്വഭാവസവിശേഷതകളെയും അടിമുടി മാറ്റിമറിച്ചിരിക്കുകയാണ്. സ്മാർട്ട് ഫോണുകളും കുറഞ്ഞ ചെലവിലുള്ള ഇന്റർനെറ്റും സാർവത്രികമായതോടെ, കുട്ടികൾ വളരെ ചെറുപ്പത്തിൽതന്നെ ഓൺലൈൻ ലോകത്തേക്കു പ്രവേശിക്കുന്നു. ഒരിക്കൽ മാതാപിതാക്കളും സ്കൂളുകളും സമൂഹവും ചേർന്നാണു കുട്ടികളുടെ വളർച്ചയെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തിയിരുന്നതെങ്കിൽ ഇന്ന് സ്ക്രീനുകളും പ്ലാറ്റ്ഫോമുകളും അവയിലെ സങ്കീർണമായ അൽഗോരിതങ്ങളുമാണ് കുട്ടികളുടെ ചിന്തയെയും പെരുമാറ്റത്തെയും ആഗ്രഹങ്ങളെയും സ്വാധീനിക്കുന്നത്.
ഇന്നത്തെ സോഷ്യൽ മീഡിയ കേവലമൊരു ആശയവിനിമയ ഉപകരണം മാത്രമല്ല. മറിച്ച്, ഉപയോക്താവിന്റെ ശ്രദ്ധ പിടിച്ചുപറ്റാനും ഇടപെടലുകൾ ദീർഘിപ്പിക്കാനും തീരുമാനങ്ങളെ സ്വാധീനിക്കാനുമായി മനഃശാസ്ത്രപരമായി രൂപകൽപ്പന ചെയ്ത പെരുമാറ്റ വ്യവസ്ഥയാണ്. ടെലിവിഷൻ പോലുള്ള പരമ്പരാഗത മാധ്യമങ്ങളിൽനിന്നു വ്യത്യസ്തമായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഓരോ ഉപയോക്താവിന്റെയും സ്വഭാവം നിരന്തരം പഠിക്കുകയും ‘ആൽഗോരിതമിക് ഫീഡ്ബാക്ക് ലൂപ്പുകൾ’ വഴി അവരുടെ പെരുമാറ്റത്തെ കൂടുതൽ സ്വാധീനിക്കുകയും ചെയ്യുന്നു. ബൗദ്ധികവും മാനസികവുമായ വളർച്ച പൂർണമായിട്ടില്ലാത്ത കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് അപകടകരമായ മാനസികനിലയിലേക്കും സംഘർഷങ്ങളിലേക്കും നയിക്കും.
പ്രത്യാഘാതങ്ങൾ
ഇതിന്റെ പ്രത്യാഘാതങ്ങൾ ഇതിനകംതന്നെ സമൂഹത്തിൽ വ്യക്തമായി കണ്ടുതുടങ്ങിയിട്ടുണ്ട്. ശ്രദ്ധയില്ലായ്മ, ഉറക്കക്കുറവ്, മാനസിക അസ്ഥിരത, സാമൂഹിക താരതമ്യം മൂലമുണ്ടാകുന്ന സമ്മർദം, ഡിജിറ്റൽ അംഗീകാരത്തോടുള്ള (Likes and Shares) അമിത ആശ്രിതത്വം എന്നിവ കുട്ടികളിലും കൗമാരക്കാരിലും ആശങ്കാജനകമാംവിധം വർധിക്കുന്നു. ഒരിക്കൽ കുടുംബബന്ധങ്ങളും നേരിട്ടുള്ള സാമൂഹിക ഇടപെടലുകളുമാണ് വ്യക്തിത്വം രൂപപ്പെടുത്തിയിരുന്നത്. ഇന്നാകട്ടെ ‘ലൈക്കുകളും’ ‘ഫോളോവേഴ്സും’ വ്യക്തിത്വത്തെ നിർവചിക്കുന്ന മാനദണ്ഡങ്ങളായി മാറുകയാണ്.
അതോടൊപ്പം, സൈബർ ബുള്ളിയിംഗ്, തെറ്റായ വിവരങ്ങൾ (Misinformation), അതിരു കടന്ന ഉപഭോക്തൃ സംസ്കാരം, യാഥാർഥ്യവിരുദ്ധമായ ജീവിതശൈലികൾ എന്നിവയ്ക്കും കുട്ടികൾ ഇരയാകുന്നു. വിനോദമായി തോന്നുന്ന പല കാര്യങ്ങളും യഥാർഥത്തിൽ കുട്ടികളുടെ പെരുമാറ്റ നിയന്ത്രണത്തിന്റെയും മാനസിക സ്വാധീനത്തിന്റെയും ഉപാധികളായി പ്രവർത്തിക്കുകയാണ്. ഇത് ഇനി ഒരു സ്വകാര്യ കുടുംബപ്രശ്നമായി കാണാനാകില്ല; മറിച്ച്, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഗൗരവകരമായ വിഷയവും വിദ്യാഭ്യാസ വെല്ലുവിളിയും സാമൂഹിക അപകടസാധ്യതയുമാണ്.
ദേശീയ ചൈൽഡ് ഡിജിറ്റൽ നയത്തിന്റെ ആവശ്യകത
ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് (2023), ഇൻഫർമേഷൻ ടെക്നോളജി ആക്ട് (2000) എന്നിവ വഴി ഇന്ത്യ ചില നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ സമ്മതം, ഡാറ്റാ സ്വകാര്യത, പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്വം എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ഇവ തികച്ചും അപര്യാപ്തമാണ്. നിലവിലെ നിയമങ്ങൾ പ്രധാനമായും കുട്ടികളുടെ ഡാറ്റാ സംരക്ഷണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ അവരുടെ ശ്രദ്ധ, ബൗദ്ധികവളർച്ച, മാനസികാരോഗ്യം എന്നിവയുടെ സംരക്ഷണം ഇതിൽ ഉൾപ്പെടുന്നില്ല. സ്വകാര്യതാ ലംഘനങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും നിയന്ത്രിക്കുമ്പോഴും അടിമത്തമുണ്ടാക്കുന്ന പ്ലാറ്റ്ഫോം ഡിസൈൻ, അൽഗോരിതമിക് നിയന്ത്രണം, ഡിജിറ്റൽ ആശ്രിതത്വം തുടങ്ങിയ വിഷയങ്ങൾ അവഗണിക്കപ്പെടുന്നു.
ആഗോളതലത്തിൽ ഈ ചർച്ചകൾ പുതിയ ഘട്ടത്തിലേക്കു കടന്നുകഴിഞ്ഞു. അമേരിക്ക COPPA നിയമത്തിലൂടെ കുട്ടികളുടെ ഡാറ്റാ സംരക്ഷണവും മാതാപിതാക്കളുടെ സമ്മതവും ശക്തമാക്കി. യൂറോപ്യൻ യൂണിയൻ GDPR, Digital Services Act എന്നിവ വഴി കുട്ടികളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങളുടെ നിയന്ത്രണങ്ങളും പ്ലാറ്റ്ഫോം ഉത്തരവാദിത്വവും കർശനമാക്കി. ബ്രിട്ടനിൽ കുട്ടികൾക്കായുള്ള സുരക്ഷിത പ്ലാറ്റ്ഫോം രൂപകൽപ്പന നിയമപരമാക്കി. ഓസ്ട്രേലിയയും യൂറോപ്യൻ രാജ്യങ്ങളും പ്രായപരിശോധനയും നിയന്ത്രിത പ്രവേശനവും ശക്തമാക്കുമ്പോൾ, ചൈനയും ദക്ഷിണകൊറിയയും അമിത ഡിജിറ്റൽ ഉപയോഗത്തിനെതിരായ നിയന്ത്രണങ്ങളും പുനരധിവാസ സംവിധാനങ്ങളും വികസിപ്പിച്ചുകഴിഞ്ഞു.
ലോകം ഇപ്പോൾ ഡാറ്റ സംരക്ഷണത്തിൽനിന്ന് കുട്ടികളുടെ ബൗദ്ധികവും മാനസികവുമായ സംരക്ഷണത്തിലേക്കു നീങ്ങുകയാണ്. ഇന്ത്യക്കും ഇതിനനുസരിച്ചുള്ള സമഗ്രമായ ഒരു ദേശീയ ചൈൽഡ് ഡിജിറ്റൽ നയം അനിവാര്യമാണ്. ഇതിൽ താഴെപ്പറയുന്നവ ഉൾപ്പെടുത്തുന്നത് അഭികാമ്യമായിരിക്കും.
വ്യക്തമായ പ്രായപരിശോധനാ സംവിധാനം, ശക്തമായ പ്ലാറ്റ്ഫോം ഉത്തരവാദിത്വം, ‘ഇൻഫിനിറ്റ് സ്ക്രോൾ’, ‘ഓട്ടോപ്ലേ’ പോലുള്ള അടിമത്തമുണ്ടാക്കുന്ന സംവിധാനങ്ങളുടെ നിയന്ത്രണം, കുട്ടികളെ സ്വഭാവത്തെ സ്വാധീനിക്കുന്ന പരസ്യങ്ങളുടെ നിയന്ത്രണം.
അതോടൊപ്പം കുട്ടികളുടെ ഡിജിറ്റൽ ക്ഷേമത്തിനായി പ്രത്യേകമായ ഒരു ദേശീയ ഡിജിറ്റൽ കമ്മീഷൻ ഫോർ ചിൽഡ്രൻ രൂപീകരിക്കേണ്ടതുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ നിരീക്ഷിക്കുക, കുട്ടികളിലെ സ്വാധീന പഠനങ്ങൾ നടത്തുക, വിവിധ മന്ത്രാലയങ്ങൾ തമ്മിൽ ഏകോപനം ഉറപ്പാക്കുക എന്നിവയായിരിക്കണം ഇതിന്റെ ചുമതല. മാനസികാരോഗ്യ അടിസ്ഥാന സൗകര്യങ്ങളും ഈ നയത്തിന്റെ ഭാഗമാകണം. അമിത ഗെയിമിംഗ്, സോഷ്യൽ മീഡിയ അടിമത്തം എന്നിവ ബാധിച്ച കുട്ടികൾക്കായി പുനരധിവാസ-കൗൺസലിംഗ് സംവിധാനങ്ങൾ അടിയന്തരമായി വികസിപ്പിക്കണം.
സമൂഹത്തിന്റെ നിയന്ത്രണം
നിയമംകൊണ്ടു മാത്രം ഈ പ്രശ്നം പരിഹരിക്കാനാവില്ല. സർക്കാർ പ്ലാറ്റ്ഫോമുകളെ നിയന്ത്രിച്ചേക്കാം. പക്ഷേ സംസ്കാരത്തെയും പെരുമാറ്റത്തെയും നിയന്ത്രിക്കുന്നത് സമൂഹമാണ്. മാതാപിതാക്കൾ കേവല നിരീക്ഷണത്തിൽനിന്ന് അർഥവത്തായ ഇടപെടലുകളിലേക്കു മാറണം. ഡിജിറ്റൽ കാലഘട്ടത്തിൽ ഉപകരണങ്ങളെക്കുറിച്ച് മാത്രമല്ല, അൽഗോരിതങ്ങൾ, പെരുമാറ്റ നിയന്ത്രണ രീതികൾ എന്നിവയെക്കുറിച്ചും മാതാപിതാക്കൾക്ക് അറിവുണ്ടാകണം.
കുടുംബങ്ങൾ സ്ക്രീൻ ആശ്രിതത്വത്തിനു പകരം പ്രവർത്തന വൈവിധ്യം സൃഷ്ടിക്കണം. കായികം, കല, വായന, യാത്ര, പ്രകൃതി അനുഭവങ്ങൾ, കുടുംബാംഗങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ഇടപെടലുകൾ എന്നിവ പ്രോത്സാഹിപ്പിക്കണം. വീടുകളിൽ ‘ഉപകരണരഹിത സമയവും ഇടങ്ങളും’ (Device-free zones) സാധാരണമാക്കണം. ഡിജിറ്റൽ അടിമത്തത്തിന്റെ ലക്ഷണങ്ങൾ കാണുമ്പോൾ കൗൺസലിംഗിനോ ചികിത്സയ്ക്കോ മടിക്കരുത്.
സ്കൂളുകൾക്കും അധ്യാപകർക്കും ഇതിൽ വലിയ ഉത്തരവാദിത്വമുണ്ട്.
ഡിജിറ്റൽ സാക്ഷരത എന്നത് കേവലം സാങ്കേതിക ഉപയോഗത്തിൽ ഒതുങ്ങാതെ, വിമർശനാത്മക ചിന്തയും മാനസിക പ്രതിരോധശേഷിയും പ്ലാറ്റ്ഫോമുകളുടെ സ്വാധീനത്തെക്കുറിച്ചുള്ള ബോധവുംകൂടി ഉൾക്കൊള്ളുന്നതാകണം. സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാം എന്നതിലുപരി, സാങ്കേതികവിദ്യ നമ്മെ എങ്ങനെ ഉപയോഗിക്കുന്നു എന്നതും കുട്ടികൾ പഠിക്കണം. ഇൻഫ്ലുവൻസർമാരും ഉള്ളടക്ക സ്രഷ്ടാക്കളും തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് മാനസികാരോഗ്യവും സമതുലിതമായ ഡിജിറ്റൽ ശീലങ്ങളും പ്രോത്സാഹിപ്പിക്കണം.
ഡിജിറ്റൽ പിന്നാക്കാവസ്ഥ ഒഴിവാക്കാൻ നിയന്ത്രിത ഉപയോഗം
ഡിജിറ്റൽ അപകടങ്ങളെ നേരിടാനുള്ള വഴി പൂർണമായ വിലക്കല്ല. സാങ്കേതികവിദ്യ ഭാവി നിർണയിക്കുന്ന ലോകത്ത് കുട്ടികളെ ഇതിൽനിന്നു പൂർണമായും അകറ്റിനിർത്തുന്നത് ‘ഡിജിറ്റൽ പിന്നാക്കാവസ്ഥ’ സൃഷ്ടിക്കും. ലക്ഷ്യം ഡിജിറ്റൽ ഉപയോഗം ഇല്ലാതാക്കലല്ല; മറിച്ച്, പ്രായാനുസൃതവും നിയന്ത്രിതവും മാർഗനിർദേശത്തോടെയുള്ളതുമായ ഉപയോഗമാണ്.
കുട്ടികളിൽ ഡിജിറ്റൽ സാക്ഷരതയും സാങ്കേതിക ആത്മവിശ്വാസവും വളർത്തേണ്ടത് വിദ്യാഭ്യാസത്തിനും ഭാവി തൊഴിൽ സാധ്യതകൾക്കും അത്യന്താപേക്ഷിതമാണ്. ഫിൻലൻഡ്, എസ്തോണിയ തുടങ്ങിയ രാജ്യങ്ങൾ ഇത്തരം സമതുലിതമായ മാതൃകകൾ വികസിപ്പിച്ചിട്ടുണ്ട്. അതിനാൽ ചർച്ച “പൂർണവിലക്ക്” വേണമോ അതോ “പൂർണസ്വാതന്ത്ര്യം” വേണമോ എന്നതല്ല; മറിച്ച്, കുട്ടികൾ സാങ്കേതികവിദ്യയുടെ നിയന്ത്രണത്തിൽപ്പെടാതെ അതിനൊപ്പം വളരാൻ സഹായിക്കുന്ന സംവിധാനങ്ങൾ സൃഷ്ടിക്കുക എന്നതാണ്.
ഭാവിക്കായുള്ള സംയുക്ത ഉത്തരവാദിത്വം
കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം സൃഷ്ടിക്കുന്ന വെല്ലുവിളി സർക്കാർ മാത്രം പരിഹരിക്കേണ്ട ഒന്നല്ല; സമൂഹത്തിനും ഇതിൽ തുല്യ ഉത്തരവാദിത്വമുണ്ട്. സർക്കാർ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുകയും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുമ്പോൾ, സമൂഹം സംസ്കാരത്തെയും മൂല്യങ്ങളെയും രൂപപ്പെടുത്തണം.
ഇത് നിയന്ത്രിക്കപ്പെടാതെ പോയാൽ, കേവലം വ്യാപാര അൽഗോരിതങ്ങൾ രൂപപ്പെടുത്തിയ ഒരു തലമുറയാകും ഉണ്ടാകുക. എന്നാൽ ബുദ്ധിപരമായ ഇടപെടലുകൾ ഉണ്ടെങ്കിൽ സാങ്കേതികവിദ്യ, പഠനത്തിന്റെയും സൃഷ്ടിപരതയുടെയും മികച്ച ഉപകരണമായി മാറും.
(എഡ്യുക്കേഷൻ സ്ട്രാറ്റജിസ്റ്റും ടെക്നോളജി എഡ്യുക്കേറ്ററുമാണ് ലേഖകൻ)
Kerala
കട്ടപ്പന: നഗരത്തിൽ സെൻട്രൽ ജംഗ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറിയിച്ച് വഴിയാത്രക്കാരൻ മരിച്ചു. പൈനാവ് സ്വദേശി രാജു(70)വാണ് മരിച്ചത്. ചക്ക കയറ്റിവന്ന മിനിവാനാണ് അപകടത്തിൽപ്പെട്ടത്.
വഴിയാത്രക്കാരനേയും സമീപത്തുണ്ടായ വാഹനങ്ങളിലും ഇടിച്ചശേഷം വ്യാപാരസ്ഥാപനത്തിന്റെ മുൻപിൽ ഇടിച്ചാണ് മിനിലോറി നിന്നത്. രാജു വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും കട്ടപ്പന സ്റ്റേഷനിൽനിന്നെത്തിയ പോലീസ് സംഘവും ചേർന്ന് രാജുവിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. എന്നാൽ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.
Leader Page
സന്നദ്ധ സംഘടനകൾ നടത്തുന്ന സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ മുതൽ വിവിധ മത നേതൃത്വങ്ങളുടെ പള്ളികൾ, മോസ്കുകൾ, അമ്പലങ്ങൾ എന്നിവയെല്ലാം എഫ്സിആർഎ ഭേദഗതി ബില്ലിന്റെ പരിധിയിൽ വരും.
1976 മുതലുള്ള ആസ്തികൾ ഇത്തരത്തിൽ സർക്കാർ നിയന്ത്രണത്തിലാകുന്നതു ഗൗരവതരമായ സ്ഥിതിവിശേഷമാണ്. വിദേശഫണ്ടിനൊപ്പം പ്രാദേശിക ഫണ്ട് കൂടി ഉപയോഗിച്ചുള്ള ആസ്തികളുടെമേലുള്ള ഈ കടന്നുകയറ്റം ഭരണഘടനാപരമായ ചോദ്യങ്ങളുയർത്തുന്നു. ഇത് വ്യക്തികളുടെയും കൂട്ടായ്മകളുടെയും സ്വത്തവകാശത്തെ ബാധിക്കുന്ന ഒന്നാണ്.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ (ആർട്ടിക്കിൾ 25-28) ഈ നിയമം ബാധിക്കാനിടയുണ്ട്. മതസ്ഥാപനങ്ങൾക്കും ജീവകാരുണ്യ സംഘടനകൾക്കും അവരുടെ ആസ്തികൾ കൈകാര്യം ചെയ്യാനുള്ള അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണിത്. തങ്ങളുടെ മതപരമായ ആവശ്യങ്ങൾക്കായി സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. ഉദ്യോഗസ്ഥർക്ക് ഇത്തരം സ്ഥാപനങ്ങളിൽ അമിതാധികാരം നൽകുന്നത് ഈ അവകാശങ്ങളുടെ ലംഘനമാണ്.
ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായുള്ള ആർട്ടിക്കിൾ 30ന്റെ ലംഘനമായും ഇതിനെ നിയമവിദഗ്ധർ കാണുന്നുണ്ട്. വിദ്യാലയങ്ങളും ആശുപത്രികളും നടത്താനുള്ള സ്വയംഭരണാധികാരം ഇതിലൂടെ നഷ്ടപ്പെട്ടേക്കാം. നിസാരമായ കാരണങ്ങളുടെ പേരിൽപോലും രജിസ്ട്രേഷൻ പുതുക്കലിലെ വീഴ്ച കാരണമാക്കി സ്ഥാപനംതന്നെ ഏറ്റെടുക്കുന്നത് ഭരണഘടന നൽകുന്ന സംരക്ഷണത്തിനു വിരുദ്ധമാണ്. ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
ഇന്ത്യയുടെ ഭരണഘടനയിൽ സ്വത്തവകാശത്തെ സംരക്ഷിക്കുന്ന ആർട്ടിക്കിൾ 300 എ പ്രകാരം കൃത്യമായ നിയമനടപടികളില്ലാതെ ആസ്തികൾ പിടിച്ചെടുക്കാൻ പാടില്ല. എന്നാൽ എഫ്സിആർഎ ഭേദഗതിയിലെ വ്യവസ്ഥകൾ ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നവയാണ്. രജിസ്ട്രേഷൻ പുതുക്കാത്ത കേവലമായ കാരണങ്ങളാൽ ആസ്തികൾ ഏറ്റെടുക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. ഇത് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ മുന്നിൽ ചോദ്യംചെയ്യപ്പെടാൻ സാധ്യതയുള്ള ഒന്നാണ്.
1947 മുതൽ സ്വതന്ത്ര ഇന്ത്യയുടെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ സന്നദ്ധ സംഘടനകൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഗവൺമെന്റിന് എത്താൻ സാധിക്കാത്ത വിദൂര ഇടങ്ങളിൽപോലും ഈ സ്ഥാപനങ്ങൾ ഇന്നും സേവനമെത്തിക്കുന്നു. ആദിവാസികൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള ഇവരുടെ പ്രവർത്തനങ്ങൾ നിശ്ചലമാകുന്നത് രാജ്യത്തിനു വലിയ നഷ്ടമായിരിക്കും. പാവപ്പെട്ടവരുടെ ആശ്രയമായ ഇത്തരം കേന്ദ്രങ്ങളെ ഇല്ലാതാക്കാനുള്ള നീക്കം അംഗീകരിക്കാനാകാത്തതാണ്. സ്വതന്ത്ര ഇന്ത്യയിൽ ആരംഭംമുതൽ പ്രവർത്തിക്കുന്നതും 1976 മുതൽ എഫ്സിആർഎ അക്കൗണ്ട് ഉള്ളതുമായ സ്ഥാപനങ്ങളെപോലും ഇക്കാലത്തെ നിസാരമായ പിഴവുകളുടെ പേരിൽ ഈ നിയമത്തിനു കീഴിൽ കൊണ്ടുവരാനും ആസ്തികൾ പിടിച്ചെടുക്കാനും സാധിക്കും.
ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള എണ്ണമറ്റ സ്ഥാപനങ്ങൾ വിദേശസഹായത്തോടെ മികച്ച സേവനങ്ങൾ നൽകിവരുന്നു. ഇവയെല്ലാം ഒരു സർക്കാർ അഥോറിറ്റിക്ക് കീഴിലാകുന്നത് മതസ്ഥാപനങ്ങളുടെ പ്രവർത്തനസ്വാതന്ത്ര്യത്തെ കാര്യമായി ബാധിക്കും. ഗവൺമെന്റിന് ഒറ്റയ്ക്ക് ചെയ്യാൻ കഴിയാത്ത വലിയ കാര്യങ്ങളാണ് ഇത്തരം സ്ഥാപനങ്ങളും സംഘടനകളും ലാഭേച്ഛയില്ലാതെ ചെയ്തുകൊണ്ടിരിക്കുന്നത്. അവയെ സംരക്ഷിക്കുകയാണു വേണ്ടത്.
ഭരണഘടനാനുസൃതമായ പരിഹാരവും വിദഗ്ധ സമിതിയുടെ ആവശ്യകതയും
വിദേശസഹായം കൃത്യമായി റെഗുലേറ്റ് ചെയ്യപ്പെടണം എന്ന കാര്യത്തിൽ രാജ്യത്ത് ആർക്കും തർക്കമില്ല. എന്നാൽ, അത് ആസ്തികൾ അന്യായമായി പിടിച്ചെടുക്കുന്ന രീതിയിലാകുന്നത് ഭരണഘടനാവിരുദ്ധമാണ്. കള്ളപ്പണ ഇടപാടുകൾ പോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ മറ്റ് ശക്തമായ നിയമങ്ങൾ നിലവിലുണ്ട്.
എഫ്സിആർഎ ഭേദഗതി ബിൽ ഒരു വിദഗ്ധ കമ്മിറ്റിക്കോ, പാർലമെന്ററി സബ്ജക്ട് കമ്മിറ്റിക്കോ വിടേണ്ടത് അത്യാവശ്യമാണ്. പൊതുജനങ്ങളുടെ അഭിപ്രായംകൂടി കണക്കിലെടുത്തു മാത്രമേ ഇത്തരം നിർണായക നിയമനിർമാണങ്ങൾ നടത്താവൂ. വിദേശ ധനസഹായ നിയന്ത്രണ നിയമം നിയന്ത്രണത്തിനുവേണ്ടിയുള്ളതാണ്, അത് പിടിച്ചെടുക്കലിനുള്ള ഉപകരണമായി മാറാൻ പാടില്ല.
(അവസാനിച്ചു)
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് 25 ലക്ഷത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കേരളമുൾപ്പെടെ നാലു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും 17.4 കോടി വോട്ടർമാർ ഉണ്ടെന്നാണു കമ്മീഷന്റെ കണക്ക്. ഇതനുസരിച്ച് 70 വോട്ടർമാർക്ക് ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എന്നനിലയിലാണു വിന്യാസം.
15 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ, 8.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥർ, 40,000 കൗണ്ടിംഗ് ഉദ്യോഗസ്ഥർ, 49,000 സൂക്ഷ്മ നിരീക്ഷകർ, 21,000 സെക്ടർ ഓഫീസർമാർ, വോട്ടെണ്ണലിന് 15,000 സൂക്ഷ്മ നിരീക്ഷകർ എന്നിങ്ങനെയാണ് 25 ലക്ഷം ഉദ്യോഗസ്ഥരെ കമ്മീഷൻ നിയമിച്ചിരിക്കുന്നത്.
ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന 832 നിയമസഭാ മണ്ഡലങ്ങളിൽ 1111 കേന്ദ്ര നിരീക്ഷകരെയും കമ്മീഷൻ നിയമിച്ചിട്ടുണ്ട്. ഇതിൽ 557 ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും.
188 പേർ പോലീസ് ഒബ്സർവർമാരാണ്. 366 ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് സംബന്ധമായ ചെലവുകൾ നിരീക്ഷിക്കും. ഈ ഉദ്യോഗസ്ഥർ ഇതിനോടകം അതത് നിയോജകമണ്ഡലങ്ങളിൽ ചുമതലയേറ്റെടുത്തതായി തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി.
Kerala
പരവൂർ: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിനുകൾ വഴി തിരിച്ച് വിടുകയും ഭാഗികമായി റദ്ദാക്കുകയും ചെയ്യുമെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു.
12674 തിരുവനന്തപുരം സെൻട്രൽ - ഡോ. എം. ജി. ആർ. ചെന്നൈ സൂപ്പർ ഫാസ്റ്റ് മെയിൽ നാളെ ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ സ്റ്റോപ്പുകൾ അന്ന് ഒഴിവാക്കി. പകരം ആലപ്പുഴ, ചേർത്തല, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
22503 കന്യാകുമാരി - ദിബ്രുഗഡ് വിവേക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസും നാളെ ആലപ്പുഴ വഴിയായിരിക്കും ഓടുക. കായംകുളം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: സമൂഹ്യ മാധ്യമങ്ങൾക്കുമേൽ കേന്ദ്ര സർക്കാർ നിയന്ത്രണം കടുപ്പിക്കുന്നു. ഇതിനായി 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് ഉത്തരവിറക്കി. നിയമവിരുദ്ധമെന്ന് സർക്കാർ സംവിധാനങ്ങൾ പറയുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സാവകാശം വെട്ടിക്കുറച്ചു.
എഐ നിർമിത ഉള്ളടക്കത്തിനടക്കം കർശന നിയന്ത്രണവും ഏർപ്പെടുത്തി. പോസ്റ്റ് ചെയ്ത ഉള്ളടക്കം നീക്കം ചെയ്യണമെന്ന് സർക്കാർ സംവിധാനം ആവശ്യപ്പെട്ടാൽ മൂന്ന് മണിക്കൂറിനകം നീക്കം ചെയ്യണം. മുമ്പ് ഇവ നീക്കം ചെയ്യാൻ 36 മണിക്കൂർ സമയമുണ്ടായിരുന്നതാണ് കേവലം മൂന്ന് മണിക്കൂറായി വെട്ടിച്ചുരുക്കിയത്.
പോലീസിൽ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മുതൽ മുകളിലേക്കുള്ളവർക്ക് ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെടാം. സർക്കാർ ആവശ്യപ്പെട്ടാൽ പോസ്റ്റുകളെക്കുറിച്ചും പോസ്റ്റ് ചെയ്തയാളെക്കുറിച്ചും വിവരങ്ങൾ നൽകാൻ മുൻപ് 24 മണിക്കൂർ സമയമുണ്ടായിരുന്നത് രണ്ട് മണിക്കൂറായി കുറച്ചു.
ഉപയോക്താവിന്റെ പരാതികൾ സ്വീകരിക്കാൻ 15 ദിവസം സമയമുണ്ടായിരുന്നത് ഏഴു ദിവസമാക്കി. പരാതി സ്വീകരിച്ച് കഴിഞ്ഞാൽ 36 മണിക്കൂറിനകം പരിഹാരമുണ്ടാക്കുകയും വേണം. ഇതിനെക്കുറിച്ച് മെറ്റയും എക്സും ഗൂഗിളും ഇത് വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Kerala
പാലക്കാട്: കാഞ്ഞിരപ്പുഴ പള്ളിപ്പടി മങ്കട മലയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനുണ്ടായ തീപിടിത്തത്തിൽ പത്ത് ഏക്കറോളം വനമേഖലയാണ് കത്തിനശിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മങ്കട മലയിൽ 20 വർഷം മുൻപാണ് സമാനമായ രീതിയിൽ കാട്ടുതീ ഉണ്ടാകുന്നത്. പിന്നീട് രണ്ടുദിവസമെടുത്താണ് ഹെലികോപ്റ്ററിൽ വെള്ളം എത്തിച്ച് തീകെടുത്താനായത്.