പ്രതീകാത്മക ചിത്രം - എഐ
പത്തനംതിട്ട: അപകടകാരികളായ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ സുപ്രീംകോടതി നിർദേശം നൽകിയതിനു പിന്നാലെ താഴെത്തട്ടിലേക്ക് ഉത്തരവുകളയച്ച് ആരോഗ്യം, തദ്ദേശ വകുപ്പുകൾ. നായ്ക്കളെ പിടികൂടാനോ വന്ധ്യംകരിക്കാനോ നടപടികളായിട്ടില്ല. ആരോഗ്യവകുപ്പിന്റെതന്നെ കണക്കുകളിൽ കഴിഞ്ഞ ജൂലൈ 31 വരെയുള്ള ഏഴുമാസത്തിനിടെ സംസ്ഥാനത്ത് 1,94,312 ആളുകൾക്ക് കേരളത്തിൽ നായയുടെ കടിയേറ്റതായി പറയുന്നു.
ഇവയിലേറെയും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവരാണ്. 13 പേരാണ് ഇക്കാളയളവിൽ സംസ്ഥാനത്തു പേവിഷബാധയേറ്റു മരിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മൂന്നുപേർ വീതം മരിച്ചു.2025ൽ ആകെ 33 പേരാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റു മരിച്ചത്.
2024ൽ ഇത് 24 പേരായിരുന്നു. 2025ൽ 3,69,272 പേർക്കും 2024ൽ 2,64,863 പേർക്കും നായയുടെ കടിയേറ്റു. നായ ആക്രമണം ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് തലസ്ഥാന ജില്ലയിലാണ്. തിരുവനന്തപുരത്ത് ഇക്കൊല്ലം ജൂലൈ 31 വരെ 30,801 പേർക്ക് നായയുടെ കടിയേറ്റു.
2025ൽ 58,016 പേർക്കും 2024ൽ 41,329 പേർക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. 2025ൽ പേവിഷ ബാധ മൂലം ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ആലപ്പുഴ, കൊല്ലം ജില്ലകളിലാണ്. അഞ്ചു പേർ വീതം രണ്ട് ജില്ലകളിലും മിരിച്ചു. പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ നാലു പേർ വീതമാണ് മരിച്ചത്. 2024ൽ കൊല്ലത്ത് ആറുപേർ മരിച്ചിരുന്നു.
തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനായി കൊണ്ടുവന്ന എബിസി പദ്ധതി അടക്കം ഫണ്ടിന്റെ അപര്യാപ്തത കാരണം പാളിയിരിക്കുകയാണ്. നായ്ക്കൾക്കായി പ്രതിരോധ കുത്തിവയ്പ് നൽകുന്ന പദ്ധതിയും തടസപ്പെട്ടിരിക്കുന്നു. കഴിഞ്ഞയിടെ പദ്ധതി പുനരാരംഭിക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ ശ്രമമുണ്ടായിരുന്നു.
സുപ്രീംകോടതി ഉത്തരവിനെത്തു ടർന്നു നടത്തിയ കണക്കെടുപ്പിൽ സംസ്ഥാനത്തെ 605 ആരോഗ്യ സ്ഥാപനങ്ങളുടെ പരിസരത്ത് തെരുവുനായ്ക്കളുടെ ശല്യമുള്ളതായാണ് റിപ്പോർട്ട് ചെയ്തത്.
Tags : StrayDog Control MeasuresFail Bitten Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash