മറാഠി ചിത്രം ‘ഗൊന്ധല്‍’
മുംബൈ: 2027ലെ ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി മറാഠി ചിത്രം ‘ഗൊന്ധല്‍’ തെരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്.
സന്തോഷ് ദവാഖര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം മഹാരാഷ്ട്രയിലെ ഗ്രാമീണ പശ്ചാത്തലത്തില്‍ നടക്കുന്ന സംഭവത്തെയാണ് അവതരിപ്പിക്കുന്നത്.
ഒരു നവവധുവിനെ കേന്ദ്രീകരിച്ച് ഒരു രാത്രി നടക്കുന്ന പരമ്പരാഗത ഗൊന്ധല്‍ അനുഷ്ഠാനത്തിന്റെ കഥയാണു ചിത്രം പറയുന്നത്. ഇഷിത ദേശ്മുഖ്, കിഷോര്‍ കദം, യോഗേഷ് സോഹനി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കാണ് ഗൊന്ധല്‍ തെരഞ്ഞെടുക്കപ്പെട്ടതെന്ന് സെലക്ഷന് കമ്മിറ്റി ചെയര്മാന് പി. ശേഷാദ്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ ഭാഷകളിലായി 33 ചിത്രങ്ങളാണ് കമ്മിറ്റി പരിശോധിച്ചത്.
ഇന്ത്യയുടെ ഓസ്കര് എന്‍ട്രിയാകാന്‍ മത്സരിച്ചതില്‍ നാല് മറാഠി ചിത്രങ്ങളും 14 ഹിന്ദി ചിത്രങ്ങളും ഉണ്ടായിരുന്നു. മലയാളത്തില്‍നിന്ന് ബാലന് ദ ബോയ് എന്ന ചിത്രവും മത്സരത്തിലുണ്ടായിരുന്നു.
അംഖ്, ഇക്കിസ് എന്നീ ചിത്രങ്ങളാണ് അവസാന മൂന്നില്‍ ഗൊന്ധലിനൊപ്പം ഉണ്ടായിരുന്നത്. ഇത് ഇന്ത്യന്‍ സിനിമയുടെ നല്ല സമയമാണെന്നും മത്സരിച്ച എല്ലാ ചിത്രങ്ങളും നല്ലതായിരുന്നുവെന്നും പി. ശേഷാദ്രി പറഞ്ഞു.
Tags : Gondh Oscars MarathiFilm Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash