പിണറായി വിജയൻ (ഫയൽ ചിത്രം)
തിരുവനന്തപുരം: ഇഡിയുടെ കത്തിലെ പിണറായി വിജയനെതിരേയായ നടപടി യുഡിഎഫ് ഘടകകക്ഷി നേതാക്കൾ അടക്കം എല്ലാവരുമായി ചർച്ച നടത്തിയ ശേഷമാകും തീരുമാനിക്കുക. ഇതുസംബന്ധിച്ചു മുസ്ലിം ലീഗ് അടക്കമുള്ള പ്രധാന ഘടകകക്ഷി നേതാക്കളുമായി മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചർച്ച നടത്തും.
പിണറായി വിജയനെതിരേ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താനുള്ള സാധ്യത കുറവാണ്. പ്രാഥമികാന്വേഷണത്തിനാണ് സാധ്യത. നിയമോപദേശത്തിന്റെയും യുഡിഎഫിലെ പ്രധാന നേതാക്കളുടെ ചർച്ചകൾക്കും ശേഷമാകും പിണറായി വിജയന്റെ കാര്യത്തിൽ വിജിലൻസിന്റെ ഏത് അന്വേഷണം വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
സിഎംആർഎൽ ഡയറിയിൽ രണ്ടു മന്ത്രിമാരുടെ പേരുള്ള സാഹചര്യത്തിൽ പിണറായി വിജയനെതിരേ കേസെടുത്ത് വിജിലൻസ് അന്വേഷണം വേണ്ടെന്നാണ് ഭൂരിഭാഗം യുഡിഎഫ് നേതാക്കളുടെയും അഭിപ്രായം. എജി നൽകിയ നിയമോപദേശത്തിലും പിണറായിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ ആവശ്യമായ തെളിവ് ഇല്ലെന്നു വ്യക്തമാക്കിയിരുന്നു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ തിരുവനന്തപുരത്തുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലായതിനാൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നില്ല. വൈകുന്നേരത്തോടെ രമേശ് ചെന്നിത്തല ഹരിപ്പാട്ടേക്കു പോയി. ഇനി ചൊവ്വാഴ്ചയോടെ മാത്രമേ തിരുവനന്തപുരത്തു മടങ്ങിയെത്തുകയുള്ളൂ. മുഖ്യമന്ത്രിയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും അടുത്ത ആഴ്ച മാത്രമേ തിരുവനന്തപുരത്ത് എത്തുകയുള്ളു. അതിനാൽ ഇക്കാര്യത്തിൽ തുടർ നടപടി വൈകാനാണ് സാധ്യത.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നാണ് ഇന്നലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്.
Tags : UDF PinarayiVijayan Action ED Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash