Kerala
പാലക്കാട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരം റെയില്വെസ്റ്റേഷന് ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ മൈസുരൂ ഡിവിഷനിലേക്ക് മാറ്റുന്നതിൽ പ്രതിഷേധത്തിനൊരുങ്ങി യുഡിഎഫ് എംപിമാര്‍. തിരുവോണ ദിനത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.
തിരുവോണ ദിവസം പാലക്കാട് റെയില്‍വേ ഡിവിഷന് ഓഫീസിനു മുന്നിലാണ് പ്രതിഷേധം. എംപിമാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് പാലക്കാട് എം പി വി.കെ. ശ്രീകണ്ഠന് കത്തയച്ചിട്ടുണ്ട്.
തിരുവോണ ദിവസം രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രതിഷേധം. യുഡിഎഫിലെ മുഴുവന്‍ എംപിമാരും സത്യാഗ്രഹ സമരത്തിന് എത്തും. കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായ അവഗണന അംഗീകരിക്കില്ലെന്ന് എംപിമാര്‍ യോഗത്തില്‍ വ്യക്തമാക്കി.
Kerala
കല്‍പ്പറ്റ: സംസ്ഥാനത്ത് കോര്പറേഷന്, ബോര്‍ഡ് പുനഃസംഘടന നടക്കാനിരിക്കേ വയനാട്ടില്‍ പദവി പ്രതീക്ഷയില്‍ നിരവധി നേതാക്കള്‍. യുഡിഎഫ് ഘടക കക്ഷികളില്‍ കോണ്‍ഗ്രസിലെയും മുസ്ലിം ലീഗിലെയും നേതാക്കളിൽ ചിലരാണ് പദവികളില്‍ പ്രധാനമായും വട്ടമിടുന്നത്.
കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ്, എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്, മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി, കെപിസിസി അംഗം പി.പി. ആലി, മുസ്ലിംലീഗ് ദേശീയ അസി.സെക്രട്ടറി ജയന്തി രാജന്, ജില്ലാ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് എന്നിവര്‍ കോര്‍പറേഷനുകളിലോ ബോര്‍ഡുകളിലോ താക്കോല്‍സ്ഥാനം ലഭിക്കുമെന്ന് കരുതുന്നവരില്‍ ചിലരാണ്.
യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി.കെ. ജാനുവും ശുഭപ്രതീക്ഷയിലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെുടുപ്പില്‍ മാനന്തവാടി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ച ജാനുവിന് യുഡിഎഫ്-കോണ്‍ഗ്രസ് നേതൃത്വം ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
യുഡിഎഫിലെ പങ്കുവയ്പ് കഴിഞ്ഞ് പാര്‍ട്ടിതലങ്ങളിലാണ് കോര്പറേഷന്, ബോര്‍ഡ് സാരഥികളെയും മറ്റും തീരുമാനിക്കുക. ഏതെല്ലാം കോര്‍പറേഷനുകളും ബോര്‍ഡുകളും ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എന്നതില്‍ രണ്ടാഴ്ച മുമ്പ് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ പ്രാഥമിക ചര്‍ച്ച നടന്നതാണ്. അടുത്ത മുന്നണി നേതൃയോഗത്തില്‍ പങ്കുവയ്പ്പില്‍ അന്തിമ തീരുമാനത്തിന് സാധ്യത ഏറെയാണ്.
കോര്പറേഷന്, ബോര്‍ഡ് അധ്യക്ഷരെ തീരുമാനിക്കുമ്പോള്‍ കെപിസിസി നേതൃത്വം വയനാടിന് പ്രത്യേക പരിഗണന നല്‍കുമെന്ന് കരുതുന്നവര്‍ കോണ്‍ഗ്രസ് നിരയിലുണ്ട്. ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ മാനന്തവാടിയും ബത്തേരിയും പട്ടികവര്‍ഗത്തിന് സംവരണം ചെയ്തതാണ്.
ഏക ജനറല്‍ മണ്ഡലമായ കല്‍പ്പറ്റയില്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ പുറമേനിന്നുള്ള ടി. സിദ്ദിഖിനാണ് നേതൃത്വം ടിക്കറ്റ് നല്‍കിയത്. സീനിയോരിറ്റിയും യോഗ്യതയും ഉണ്ടായിട്ടും കോണ്‍ഗ്രസ് ജില്ലാ ഘടകത്തിലെ ജനറല്‍ വിഭാഗം നേതാക്കള്‍ക്ക് നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം ലഭിക്കാത്ത സ്ഥിതിയാണ്.
വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ജനവിധി തേടുന്നതിലും ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിഗണന ലഭിക്കുന്നില്ല. മണ്ഡലം രൂപീകരണത്തിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ഇതര ദേശക്കാരനായ എം.ഐ. ഷാനവാസാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായത്. പിന്നീട് പാര്‍ട്ടി അഖിലേന്ത്യ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് മണ്ഡലത്തില്‍ മത്സരിച്ചത്.
വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരുകൈ നോക്കുന്നതിനുള്ള അവസരം ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സ്വപ്നത്തില്‍ പോലും ഇപ്പോഴില്ല. രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശവും അവരുടെ ചിന്തകളില്‍ ഇല്ല.
Kerala
പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസ് വൈസ് പ്രസിഡന്റിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. സിപിഎമ്മും കോൺഗ്രസ് അംഗങ്ങളും ചർച്ചയിൽ നിന്ന് വിട്ടുനിന്നതോടെ അവിശ്വാസ പ്രമേയം പരിഗണിക്കാനുള്ള ക്വാറം തികയാതെയാണ് പ്രമേയം പരാജയപ്പെട്ടത്.
നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസിനും ബിജെപിക്കും ആറ് അംഗങ്ങൾ വീതമാണുള്ളത്. സിപിഎമ്മിന് രണ്ട് അംഗങ്ങളാണുള്ളത്. നേരത്തെ നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്.
ബിജെപി പ്രസിഡന്റിനെതിരെ കോൺഗ്രസ് നേരത്തെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണച്ചിരുന്നു. ഇതോടെ ബിജെപിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. ഇതിന് പിന്നാലെയാണ് കോൺഗ്രസ് വൈസ് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
എന്നാൽ ഇത്തവണ സിപിഎം അംഗങ്ങളും കോൺഗ്രസ് അംഗങ്ങളും വിട്ടുനിന്നതോടെ അവിശ്വാസ പ്രമേയ ചർച്ചയ്ക്കുള്ള ക്വാറം തികയാതെ വരികയായിരുന്നു. ഇതോടെ ബിജെപിയുടെ നീക്കം പരാജയപ്പെട്ടു.
Kerala
കോട്ടയം: പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി വിമത-ഇടതുമുന്നണി കൂട്ടായ്മയുടെ സ്ഥാനാർഥി മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു രാവിലെ നടന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുൽ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തിയത്.
മായാ രാഹുലിന് 16 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിക്ക് 10 വോട്ടുകൾ ലഭിച്ചു. നഗരസഭയിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായകമായ മാറ്റത്തിനു വഴിയൊരുക്കുന്നതാണ് മായാ രാഹുലിന്റെ വിജയം. പാലാ ഡി.ഇ.ഒ ആയിരുന്നു തെരഞ്ഞെടുപ്പിന്റെ വരണാധികാരി. നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മായാ രാഹുൽ നഗരസഭാ കൗൺസിലർമാരോടും തനിക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിച്ചു. നഗരസഭയുടെ വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കുമായി എല്ലാവരെയും ഒപ്പം നിർത്തി പ്രവർത്തിക്കുമെന്ന് അവർ അറിയിച്ചു.
Kerala
തിരുവനന്തപുരം: സർക്കാർ അധികാരത്തിലേറി മൂന്ന് മാസം പിന്നിട്ടിട്ടും മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി നിയമനത്തിൽ അനിശ്ചിതത്വം തുടരുന്നു. മന്ത്രി നിർദേശിച്ച സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ മുഖ്യമന്ത്രി ഇതുവരെ അനുമതി നൽകിയിട്ടില്ല. മേയ് 18-ന് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഇ-ഓഫീസ് വഴിയും നേരിട്ടും മന്ത്രി ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും തീരുമാനമാകാതെ നീളുകയാണ്. എംഎൽഎ ആയിരുന്നപ്പോൾ കെ.സി. വേണുഗോപാലിന്റെ പിഎ ആയും മന്ത്രിയായപ്പോൾ പേഴ്സണൽ സ്റ്റാഫായും പ്രവർത്തിച്ച പരിചയസമ്പത്തുള്ളയാളാണ് ശരത് ചന്ദ്രൻ.
കെ.സി. വേണുഗോപാൽ വിഭാഗത്തിന് താത്പര്യമുള്ളയാളെ നിയമിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും അതൃപ്തിയുണ്ടെന്നാണ് സൂചന. എന്നാൽ ശരത്തിനെതിരെ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ കത്ത് നൽകിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. സ്വന്തം പിഎസിനെ തെരഞ്ഞെടുക്കാൻ പോലും മന്ത്രിക്ക് സ്വാതന്ത്ര്യമില്ലേ എന്ന് പാർട്ടിയിലെ ഒരു വിഭാഗം ചോദ്യമുയർത്തുന്നുണ്ട്.
പാർട്ടി-സർക്കാർ ഏകോപന സമിതിയുടെ അഭാവവും പുതിയ കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം വൈകുന്നതും മുന്നണി പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബോർഡ്, കോർപ്പറേഷൻ വിഭജനവും മുന്നണി നേതാക്കളുടെ കാബിനറ്റ് പദവി തീരുമാനങ്ങളും നീളുന്നതിൽ യുഡിഎഫിലെ ഘടകകക്ഷികൾ അതൃപ്തിയിലാണ്. കഴിഞ്ഞ സർക്കാർ നിയമിച്ചവർ തന്നെ ഇപ്പോഴും പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നത് കോൺഗ്രസ് പ്രവർത്തകർക്കിടയിലും അമർഷത്തിന് കാരണമായിട്ടുണ്ട്.
Kerala
മലപ്പുറം: 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇതിനായുള്ള പോരാട്ടത്തിൽ കോൺഗ്രസ് പ്രവർത്തകർ സജീവമായി അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയിൽ വിജയിച്ച കോൺഗ്രസ് എംഎൽഎമാർക്ക് ഡിസിസി ഒരുക്കിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മുന്നണി കൂടുതൽ കരുത്തോടെ രാഷ്ട്രീയ തിരിച്ചുവരവ് നടത്തുമെന്നും 2029 വരെ കോൺഗ്രസ് പ്രവർത്തകർക്ക് ഒട്ടും വിശ്രമമില്ലാത്ത കാലഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന ബിജെപിയെ എല്ലാ മേഖലകളിൽ നിന്നും പുറത്താക്കി അധികാരം പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും വേണുഗോപാൽ പറഞ്ഞു.
അടുത്ത 25 വർഷം കേരളം ഭരിക്കാൻ യുഡിഎഫിന് സാധിക്കുമെന്നും അതിനായി പ്രവർത്തകർ ഒറ്റക്കെട്ടായി ഒത്തുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഒരിക്കലും കമ്യൂണിസ്റ്റ് പാർട്ടി നശിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെങ്കിലും നിയമസഭാ തോൽവികളിൽ നിന്ന് ഒരു പാഠവും പഠിക്കാൻ സിപിഎം തയാറാകുന്നില്ലെന്നാണ് ഇപ്പോഴത്തെ അവരുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നത്.
മാർക്സിസ്റ്റ് പാർട്ടി കൂടുതൽ അപകടത്തിലേക്കും ആശയക്കുഴപ്പത്തിലേക്കുമാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതേസമയം അധികാരത്തിലെത്തി ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും പുതിയ മാറ്റങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് അനുഭവവേദ്യമാക്കാൻ യുഡിഎഫ് സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വെള്ളറട കെഎസ്ആർടിസി ഡിപ്പോയിലെ ആറ് ജീവനക്കാർക്കെതിരെ നടപടി. അഞ്ച് കണ്ടക്ടർമാർക്കും ഒരു സ്റ്റേഷൻ മാസ്റ്റർക്കുമെതിരെയാണ് വകുപ്പുതല നടപടി.
യാത്രക്കാർക്കിടയിൽ ഭീതി പരത്തുന്ന രീതിയിൽ വെള്ളറട ഡിപ്പോ ഉടൻ പൂട്ടുമെന്ന തരത്തിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് കുപ്രചരണം നടത്തിയെന്നും ഡിപ്പോയിൽ രാഷ്ട്രീയ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്നുമാണ് കണ്ടെത്തൽ.
കോൺഗ്രസ് അനുകൂല സംഘടന പ്രവർത്തകർ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു താത്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നു.
സുധീർ എസ്. (സ്റ്റേഷൻ മാസ്റ്റർ), ഷാജികുമാർ (കണ്ടക്ടർ), മോഹൻരാജ് (കണ്ടക്ടർ), അനീത് ജെ.എൽ (കണ്ടക്ടർ), ദീപക് (കണ്ടക്ടർ), രതീഷ് ആർ.ജെ. (കണ്ടക്ടർ) എന്നിവരെയാണ് നടപടിയുടെ ഭാഗമായി മറ്റ് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്.
Kerala
മലപ്പുറം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെച്ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ വന്ദേമാതരം പൂർണമായി ആലപിച്ചിട്ടില്ലെന്നും കോൺഗ്രസിന്റെയും യുപിഎയുടെയും പരിപാടികളിൽ ഗാനത്തിന്റെ ആദ്യ ഭാഗം മാത്രമാണ് ആലപിച്ചിരുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതുതന്നെയാണ് തങ്ങളുടെ നയമെന്നും അദ്ദേഹം പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ചൊല്ലിയിട്ടുണ്ടെങ്കിലും നിയമസഭയിൽ മുഴുവനായി ആലപിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിയുടെ സർക്കുലർ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം വന്ദേമാതരം പൂർണമായി ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലോക്ഭവൻ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി സർക്കുലർ ഇറക്കിയതെന്നാണ് മന്ത്രിയുടെ വിശദീകരണം.
District News
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിനുവേണ്ടി പ്രത്യേക വികസന പത്രിക തയ്യാറാക്കി മുഖ്യമന്ത്രിയേയും ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രിയേയും നേരിൽകണ്ടു സമർപ്പിക്കാൻ യുഡിഎഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന അജാനൂർ തുറമുഖനിർമാണം എത്രയും പെട്ടെന്ന് ആരംഭിക്കുക, റാണിപുരം കേന്ദ്രീകരിച്ച് കിഴക്കൻ മലയോരത്തെ വിനോദസഞ്ചാര സാധ്യതകൾ വികസിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി, കാഞ്ഞങ്ങാട്ട് പഞ്ചായത്തീരാജ് പഠനഗവേഷണ കേന്ദ്രം സ്ഥാപിക്കുക, കാണിയൂർ പാത യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾക്ക് മുൻഗണന നൽകും.
ജില്ലാ ആശുപത്രിയിലെയും പൂടംകല്ല് താലൂക്ക് ആശുപത്രിയിലെയും ഡോക്ടർമാരുടെ കുറവ് അടിയന്തിരമായി പരിഹരിക്കുക, കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാനപാത വികസനം, മലയോര ഹൈവേയുടെ മുടങ്ങിക്കിടക്കുന്ന ഭാഗത്തെ പ്രവൃത്തി പൂർത്തീകരിക്കൽ, പരപ്പ കേന്ദ്രമായി കെഎസ്ആർടിസി സബ് ഡിപ്പോ, മലയോരത്ത് സർക്കാർ പോളിടെക്നിക്, പരപ്പ വില്ലേജിൽ പട്ടയ ഭൂമിയിലെ മിച്ചഭൂമി പ്രശ്നത്തിന് പരിഹാരം കാണുക, വിവിധ പാലങ്ങളുടെയും റോഡുകളുടെയും നിർമാണവും നവീകരണവും, കാഞ്ഞങ്ങാട് നഗരത്തിൽ സമഗ്രമായ ഓവുചാൽ പദ്ധതി തുടങ്ങിയ വിഷയങ്ങളിൽ യുഡിഎഫ് പ്രതിനിധി സംഘം വിവിധ മന്ത്രിമാരുമായി ചർച്ച നടത്താനും തീരുമാനിച്ചു.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന മലയോരമേഖലയിലെയും തീരദേശത്തെയും ജനങ്ങളെ സഹായിക്കാൻ യുഡിഎഫ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.
മണ്ഡലം കമ്മിറ്റി ചെയർമാൻ പ്രിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. കൺവീനർ സി.വി. ഭാവനൻ വികസനപത്രികയുടെ കരട് അവതരിപ്പിച്ചു. നേതാക്കളായ പി.വി. സുരേഷ്, ഷൈജി ഓട്ടപ്പള്ളി, ബഷീർ വെള്ളിക്കോത്ത്, എൻ.എ. ഖാലിദ്, കൂക്കൾ ബാലകൃഷ്ണൻ, സി.വി. തമ്പാൻ, നിസാം ഫലാഹ്, കെ.എം. ചാക്കോ, മധുസൂദനൻ ബാലൂർ, എം.പി. ജാഫർ, എ. ഹമീദ് ഹാജി, മുബാറക്ക് ഹാജി, പി.വി. ചന്ദ്രശേഖരൻ, മനോജ് തോമസ്, പി.എം. മാത്യു, വി.രാധാകൃഷ്ണൻ, താജുദ്ദീൻ കമ്മാടം, പി. ഇബ്രാഹിം, സക്കറിയ വടാന, ജോസ് ചിത്രക്കുഴി എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ബോർഡുകളുടെയും കോർപറേഷനുകളുടെയും വിഭജനം സംബന്ധിച്ചുള്ള ചർച്ചകളിലേക്ക് യുഡിഎഫ് കടക്കുന്നു.
കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫിലെ ഓരോ കക്ഷികൾക്കും എത്ര ബോർഡുകളും കോർപറേഷനുകളും നൽകണമെന്ന കാര്യത്തിൽ തീരുമാനിക്കാനായി വീണ്ടും ചർച്ചകൾ നടക്കുക.
ഓരോ കക്ഷികൾക്കും ഇത്തരത്തിൽ ബോർഡുകൾ വിഭജിച്ചുനൽകിയ ശേഷം വേണം അതാത് പാർട്ടികൾക്ക് തങ്ങളുടെ പ്രതിനിധികളെ ഈ സ്ഥാനങ്ങളിലേയ്ക്ക് നിയമിക്കാൻ.
മുന്നണിയിലെ പ്രധാന കക്ഷികളായ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമായിരിക്കും പ്രധാനപ്പെട്ട ബോർഡുകളും കോർപറേഷനുകളും ലഭിക്കുക.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി യുഡിഎഫിൽ വിള്ളൽ. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തെ പൂർണമായും തള്ളിക്കൊണ്ട് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തു വന്നതോടെ പദ്ധതിയിൽ യുഡിഎഫിനുള്ളിലെ ചേരിതിരിവ് വ്യക്തമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇന്ദിരാഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ അടൂർ പ്രകാശ് പറഞ്ഞത്, യുഡിഎഫ് യോഗത്തിൽ പിഎം ശ്രീയുമായി ബന്ധപ്പെട്ട ചർച്ച നടന്നുവെന്നും കേന്ദ്രത്തിൽനിന്നുള്ള ഫണ്ട് സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും പിഎം ശ്രീ നടപ്പാക്കേണ്ട സ്കൂളുകളെ സംബന്ധിച്ചുള്ള തെരഞ്ഞെടുക്കൽ സംസ്ഥാന സർക്കാർ കൈക്കൊള്ളുമെന്നുമായിരുന്നു.
എന്നാൽ, ഇതിനു പിന്നാലെ ഇന്നലെ മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി അടൂർ പ്രകാശിന്റെ പരാമർശത്തിനെതിരേ രംഗത്തു വന്നതോടെയാണ് പിഎം ശ്രീയിൽ യുഡിഎഫിലെ വിള്ളൽ വ്യക്തമായത്.
യുഡിഎഫ് യോഗത്തിൽ പിഎം ശ്രീ സംബന്ധിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന ചില വാർത്തകൾ 101 ശതമാനവും തെറ്റാണെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
പിഎം ശ്രീ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാനായി നിയോഗിച്ചിട്ടുള്ള മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ കൈക്കൊള്ളുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിനു പിന്നാലെ അടൂർ പ്രകാശ് തന്റെ പഴയ നിലപാടിൽ നിന്നു മലക്കംമറിഞ്ഞു. ഇന്നലെ മാധ്യമങ്ങളെ കണ്ട യുഡിഎഫ് കണ്‍വീനർ, പിഎം ശ്രീ പദ്ധതി സംബന്ധിച്ച് യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിട്ടില്ലെന്നുമായിരുന്നു പ്രതികരിച്ചത്. താൻ പത്രസമ്മേളനത്തിൽ പറഞ്ഞത് യുഡിഎഫിൽ ചർച്ചചെയ്ത് തീരുമാനം എടുക്കുമെന്നുമായി പുതിയ നിലപാട്.
ഇതോടെ കഴിഞ്ഞ ഇടതു സർക്കാരിൽ സിപിഎം-സിപിഐ പരസ്യ പോരിനു വഴി വച്ച പിഎം ശ്രീ ഇപ്പോൾ യുഡിഎഫിനും തലവേദനയായിരിക്കുകയാണ്. പദ്ധതിയുമായി മുന്നോട്ടു പോയില്ലെങ്കിൽ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് കേന്ദ്രത്തിൽനിന്നുള്ള ഫണ്ടുകൾ ലഭിക്കാത്ത സാഹചര്യമുണ്ടാവും.
പിഎം ശ്രീയിൽ റിപ്പോർട്ട് തയാറാക്കാൻ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി ഇതുവവരെ റിപ്പോർട്ട് നൽകിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഇനി യുഡിഎഫ് യോഗം ഓണത്തിനു ശേഷമേ ഉണ്ടാവുകയുള്ളു.
Kerala
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്തു കേന്ദ്ര സർക്കാരുമായി ഒപ്പുവച്ച പിഎം ശ്രീ പദ്ധതി സംബന്ധിച്ച ധാരണാ പത്രത്തിൽനിന്നു പിൻവാങ്ങാൻ കഴിയില്ലെന്നു യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്.
കഴിഞ്ഞ സർക്കാരാണ് കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രസഭാ ഉപസമിതിയുടെ റിപ്പോർട്ടുകൂടി പരിഗണിച്ചാവും തുടർനടപടി .
ഫണ്ട് സംബന്ധിച്ചുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ബോർഡ്, കോർപറേഷൻ പുനഃസംഘടന ചർച്ച ചെയ്യാൻ യുഡിഎഫ് ഏകോപന സമിതി യോഗം 30ന് രാവിലെ 11നു ചേരും. വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റ ശേഷമുള്ള യുഡിഎഫ് ഏകോപനസമിതിയുടെ ആദ്യ യോഗമാണ് ചേരുന്നത്.
ഘടകകക്ഷികളുമായി ആലോചിച്ച് ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളുടെ വിഭജനം സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് പറഞ്ഞു. ഘടകകക്ഷികൾക്ക് ആവശ്യം ഉന്നയിക്കാൻ അവകാശമുണ്ട്.
ഓരോ പാർട്ടിക്കും എന്തൊക്കെ നൽകുമെന്നതു ചർച്ച ചെയ്യും. പിന്നീട് അതാത് പാർട്ടികളാണ് ചെയർമാനെയും അംഗങ്ങളെയും തീരുമാനിക്കുന്നത്.
എല്ലാ ഘടകകക്ഷികളുടെയും ആവശ്യങ്ങളും വികാരങ്ങളും പരിഗണിച്ച് എല്ലാവരെയും കൂട്ടിയിണക്കി മുന്നോട്ടു പോകും. മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ചുമതലയേറ്റശേഷം മുന്നണി യോഗം വിളിച്ചുചേർക്കാൻ വൈകിയെന്ന വിമർശനം അടൂർ പ്രകാശ് തള്ളി.
ബജറ്റ് സമ്മേളനവും തുടർന്നുള്ള പാർലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട തിരക്കുകളാണ് യോഗം വൈകാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാന്റെയും ഘടകകക്ഷി നേതാക്കളുടെയും സൗകര്യംകൂടി പരിഗണിച്ചാണ് തീയതി നിശ്ചയിച്ചത്.
ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളുടെ വീതംവയ്പ് മുൻകാലങ്ങളിലെ രീതിയിൽ തുടരില്ലെന്നും ആവശ്യമായ മാറ്റങ്ങളോടെ പുനഃസംഘടന നടത്തുകയാണ് ലക്ഷ്യം.
Kerala
തിരുവനന്തപുരം: കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. സർവകലാശാലയ്ക്ക് അത്യാധുനിക അക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് സമുച്ചയം നിർമിക്കുന്നതിനായാണ് പണം അനുവദിച്ചിരിക്കുന്നത്.
നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലയ്ക്ക് 16,864 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ നാലുനില സമുച്ചയമാണ് ഒരുങ്ങുന്നത്. ആധുനിക ക്ലാസ് മുറികൾ, ഹൈടെക് ഓഫീസ് സംവിധാനം, അഡ്വാൻസ്ഡ് ഇലക്ട്രിക്കൽ, ഫയർ സേഫ്റ്റി, വാട്ടർ സപ്ലൈ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകും.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിക്കാനും വിദ്യാർഥികൾക്കും അധ്യാപകർക്കും മികച്ച നിലവാരത്തിലുള്ല സൗകര്യങ്ങൾ ഉറപ്പാക്കാനുമുള്ള വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ല കേരളസർക്കാരിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ് പദ്ധതിയെന്ന് റോജി.എം.ജോൺ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: എഐ കാമറകൾ വഴി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നത് തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. ചില ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അവ മാറ്റിസ്ഥാപിക്കണോയെന്ന കാര്യം അടിയന്തരമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതിച്ചോർ വിവാദത്തിലും സി.പി.ജോൺ നിലപാട് വ്യക്തമാക്കി. ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിൽ തെറ്റില്ലെന്നും ഡിവൈഎഫ്ഐ നടത്തുന്ന ഭക്ഷണ വിതരണത്തിന് വേണ്ടി തന്റെ വീട്ടിൽ നിന്നും ഭക്ഷണം കൊടുക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിനെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ മന്ത്രി തൃശൂർ തേക്കുംകാട് മൈതാനിയിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂർണമായി നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയും രംഗത്തെത്തി.
തേക്കിൻകാട് പൊതു സ്ഥലമാണെന്നും പൊതുസ്ഥലങ്ങളിൽ നിന്നും രാഷ്ട്രീയ പ്രവർത്തനം തടയുന്നത് ശരിയല്ലെന്നാണ് നിലപാടെന്നും സി.പി.ജോൺ കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: അവിശ്വാസ പ്രമേയം പാസായതിനു പിന്നാലെ പ്രതികരണവുമായി പാലാ നഗരസഭ മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച കൗൺസിലർമാർ പാർട്ടി വിപ്പ് ലംഘിച്ചാണ് വോട്ട് ചെയ്തത്. ജനാധിപത്യപരമായ വിധിയെ പൂർണമായി സ്വാഗതം ചെയ്യുന്നുവെന്നും ദിയ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് നേതൃത്വമാണ് തനിക്ക് ചെയർപേഴ്സൺ പദവി നൽകിയത്. കഴിഞ്ഞ ആറുമാസത്തെ ഭരണത്തിനിടയിൽ ഒരു തരത്തിലുള്ള അഴിമതിയോ സ്വജനപക്ഷപാതമോ നടത്തിയിട്ടില്ല. അതിനാൽ പൂർണ അഭിമാനത്തോടെയാണ് കസേരയിൽ നിന്ന് ഇറങ്ങുന്നത്. ഇനി കൗൺസിലറായി തുടരുമെന്നും നിർത്തിവെച്ച പഠനവുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.
തനിക്കെതിരെ ഉയർന്ന ഒരു ആരോപണം പോലും തെളിയിക്കാൻ അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്കോ അതിനെ പിന്തുണച്ചവർക്കോ സാധിച്ചിട്ടില്ലെന്നും ദിയ ചൂണ്ടിക്കാട്ടി. എല്ലാ തീരുമാനങ്ങളും സുതാര്യതയുടെയും പൊതുതാൽപ്പര്യത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു.
ജനപ്രിയ തീരുമാനങ്ങളെക്കാൾ ശരിയായ തീരുമാനങ്ങളെടുക്കാനാണ് ശ്രമിച്ചത്. പദവികൾ വരികയും പോവുകയും ചെയ്യാം, എന്നാൽ സത്യസന്ധതയും മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുമാണ് ശാശ്വതമെന്നും ദിയ കൂട്ടിച്ചേർത്തു. അതേസമയം പാലായിലെ രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ കാണുന്നുവെന്ന് ബിനു പുളിക്കകണ്ടം പറഞ്ഞു.
യുഡിഎഫ് ചെയർപേഴ്സൺ എന്ന നിലയിൽ മുന്നണി നേതൃത്വം നൽകിയ നിർദ്ദേശങ്ങൾ മാത്രമാണ് ദിയ പാലിച്ചത്. യുഡിഎഫ് നിർദ്ദേശപ്രകാരമാണ് ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നത്. പാർട്ടി വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നേതൃത്വം ശക്തമായ സംഘടനാ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിനു പുളിക്കകണ്ടം പറഞ്ഞു.
Kerala
പാലാ: പാലാ നഗരസഭയില്‍ യുഡിഎഫ് പിന്തുണയോടെ ഭരിക്കുന്ന സ്വതന്ത്ര മുന്നണിയിലെ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.
അവിശ്വാസ പ്രമേയത്തെ 17 കൗണ്‍സിലര്‍മാര്‍ അനുകൂലിച്ചു. ആറു അംഗങ്ങളുള്ള കോണ്‍ഗ്രസും മൂന്ന് അംഗങ്ങളുള്ള സ്വതന്ത്ര മുന്നണിയും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്നും വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടു യുഡിഎഫ് നേതൃത്വം കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, കെഡിപി കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു.
കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍മാരായ ലിസിക്കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പില്‍, രജിത പ്രകാശ് എന്നിവരാണ് വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വൈസ് ചെയര്‍പേഴ്സനായ മായാ രാഹുലും അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു.
കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ റിയ ചീരാംകുഴി, സെബാസ്റ്റ്യന്‍ പനക്കല്‍ എന്നിവരും കേരള കോണ്‍ഗ്രസ്, കെഡിപി പാര്‍ട്ടികളിലെ നാലു കൗണ്‍സിലര്‍മാരും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഹാജരായില്ല. മായാ രാഹുലിനെ കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ തിരിച്ചെടുത്തെങ്കിലും സ്വതന്ത്രയായി വിജയിച്ച ഇവര്‍ക്ക് വിപ്പ് ബാധകമല്ല. മായാ രാഹുലിനു വിപ്പ് നല്‍കിയിട്ടുമില്ല.
അതേസമയം, അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഹാജരായ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറയുന്നതു ഡിസിസി പ്രസിഡന്റും മണ്ഡലം പ്രസിഡന്റും നല്കിയ വിപ്പ് കൈപ്പറ്റിയിട്ടില്ലെന്നാണ്. അതേസമയം ഇവരുടെ വീടുകളില്‍ വിപ്പ് പതിപ്പിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
വിപ്പ് ലംഘിച്ച അംഗങ്ങള്‍ അയോഗ്യരാകും. ഇവര്‍ക്കു കൗണ്‍സില്‍ സ്ഥാനം നഷ്ടപ്പെടുകയും അടുത്ത ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരാകുകയും ചെയ്യും.
26 അംഗങ്ങളുള്ള നഗരസഭയില്‍ യുഡിഎഫിനോ എല്‍ഡിഎഫിനോ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. നിലവില്‍ കേരള കോണ്‍ഗ്രസ് എം നയിക്കുന്ന എല്‍ഡിഎഫ് മുന്നണിക്ക് 12 അംഗങ്ങളുടെ പിന്തുണയുണ്ട്. യുഡിഎഫില്‍ കോണ്‍ഗ്രസ് ആറ്, കേരള കോണ്‍ഗ്രസ് മൂന്ന്, സ്വതന്ത്ര മുന്നണി മൂന്ന്, കെഡിപിഒന്ന്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെ 14 അംഗങ്ങളാണുള്ളത്.
മൂന്ന് അംഗങ്ങളുള്ള സ്വതന്ത്ര മുന്നണിയുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണ സമിതി രൂപീകരിച്ചത്. ധാരണ പ്രകാരം സ്വതന്ത്ര മുന്നണിയിലെ ദിയ ബിനു പുളിക്കക്കണ്ടം ആദ്യ രണ്ടു വര്‍ഷത്തേക്ക് ചെയര്‍പേഴ്സണ്‍ സ്ഥാനമേല്‍ക്കുകയായിരുന്നു.
സ്വതന്ത്ര മുന്നണിയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് പ്രശ്നങ്ങളിലേക്കു നയിച്ചത്. ഇരുകൂട്ടരും തമ്മില്‍ രണ്ടു പോലീസ് കേസുകളുണ്ട്. ആദ്യ പോലീസ് കേസിനും കാരണമായത് കൊട്ടാരമറ്റത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് വിഷയമാണ്.
ഇതു സംബന്ധിച്ച് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ സ്വതന്ത്ര മുന്നണിയിലെ ബിനു പുളിക്കക്കണ്ടവും സഹോദരന് ബിജു പുളിക്കക്കണ്ടവും ബിജു മാത്യൂസിനെ ഭീഷണിപ്പെടുത്തിയതായും മര്‍ദിക്കാന്‍ ശ്രമിച്ചതായും കാണിച്ച് ബിജു പോലീസില്‍ പരാതി നല്കി.
പിന്നീട് ചെയര്‍പേഴ്സന്റെ ചേംബറില്‍നിന്നും ഫയല്‍ മോഷണം പോയി എന്നു കാണിച്ച് ബിജു മാത്യൂസിനെതിരേ ചെയര്‍പേഴ്സനും നഗരസഭാ സെക്രട്ടറിയും പോലീസില്‍ പരാതി നല്കി. വിഷയം പരിഹരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ഇടപെട്ടെങ്കിലും കൂടുതല്‍ സങ്കീര്‍ണമാകുകയായിരുന്നു.
Kerala
കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ച ഇന്ന് നടക്കാനിരിക്കെ രാഷ്ട്രീയ സസ്പെൻസ് തുടരുന്നു. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കരുതെന്ന് കാണിച്ച് കോൺഗ്രസ് കൗൺസിലർമാർക്ക് ഡിസിസി വിപ്പ് നൽകി.
26 അംഗങ്ങളുള്ള നഗരസഭയിൽ നിലവിൽ എൽഡിഎഫിന് 12 അംഗങ്ങളാണുള്ളത്. ഭരണം മറിച്ചിടാൻ 14 പേരുടെ പിന്തുണയാണ് പ്രതിപക്ഷത്തിന് വേണ്ടത്. സ്വതന്ത്ര അംഗമായ വൈസ് ചെയർപേഴ്സൺ മായ രാഹുൽ ഇന്ന് അവിശ്വാസ ചർച്ചയ്ക്ക് എത്തിയേക്കുമെന്നാണ് വിവരം. മായ കൂടി എത്തുന്നതോടെ പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം 13 ആകും.
ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി ചേർന്ന് ഭരണം മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യമില്ലെന്നാണ് ഒരുവിഭാഗം കോൺഗ്രസ് കൗൺസിലർമാരുടെ നിലപാട്. ഭരണസമിതിക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ എതിർപ്പ് രൂക്ഷമായതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത്.
എന്നാൽ ഭരണം നഷ്ടമാകുന്ന തരത്തിലുള്ള നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നാണ് ഡിസിസിയുടെ ആവശ്യം. കേരള കോൺഗ്രസും കെഡിപി പാർട്ടികളും സ്വന്തം അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. നേതൃത്വത്തിന്റെ നിർദ്ദേശം തള്ളി വിപ്പ് ലംഘിച്ച് വോട്ട് ചെയ്യാനാണ് ചില കോൺഗ്രസ് അംഗങ്ങളുടെ നീക്കമെന്നാണ് സൂചന.
ഇതിൽ ജില്ലാ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. വിപ്പ് ലംഘിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോൺഗ്രസ്, കേരള കോൺഗ്രസ്, സ്വതന്ത്രർ എന്നിവരടങ്ങുന്ന 14 പേരുടെ പിന്തുണയോടെയാണ് ഭരണസമിതി മുന്നോട്ട് പോകുന്നത്.
Kerala
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയാകുക എന്നത് ആർക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സാധാരണക്കാരെ ചേർത്തുപിടിക്കുകയെന്നത് ഓരോ പൊതുപ്രവർത്തകന്റെയും ചുമതലയാണെന്നാണ് ഉമ്മൻ ചാണ്ടി നമ്മെ പഠിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഏത് വലിയ പ്രതിസന്ധി ഘട്ടത്തിലും ഒരു ഫോൺ കോളിലോ, അല്ലെങ്കിൽ ഒരു നിവേദനത്തിലോ ഉമ്മൻ ചാണ്ടി എന്ന നേതാവ് തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
ഉമ്മൻ ചാണ്ടി ഇരുന്ന അതേ കസരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത്. അവസാന ആശ്രയമായി തേടിയെത്തുന്നവർക്ക് മുന്നിൽ അവരുടെ ഉമ്മൻ ചാണ്ടിയാകുകയെന്നത് കാലം ആവശ്യപ്പെടുന്നതാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
വി.ഡി. സതീശന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഉമ്മന്‍ ചാണ്ടിയെന്ന ജനനായകന് യാത്രയായിട്ട് മൂന്ന് വർഷം. ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മന്‍ ചാണ്ടി, അതേ ആള്‍ക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങി. മൂന്ന് വർഷം മുൻപ് പുതുപ്പള്ളി ഹൗസില്‍ നിന്ന് ദര്‍ബാര്‍ ഹാളും ഇന്ദിരാഭവനും കടന്ന് ഉമ്മന്‍ ചാണ്ടി സാർ തിരുവനന്തപുരത്ത് നിന്നും പുതുപ്പള്ളിയിലേക്ക് മടങ്ങി. ജനലക്ഷങ്ങളുടെ സങ്കടക്കടൽ പിന്നിട്ട് ഞാനും സഹപ്രവർത്തകർക്കൊപ്പം അദ്ദേഹത്തെ അനുഗമിച്ചു.
ഏത് പ്രതിസന്ധിയിലും ഉമ്മൻ ചാണ്ടി എന്നൊരാൾ ഫോണിന്റെ അല്ലെങ്കിൽ ഒരു നിവേദനത്തിന്റെ മറുതലയ്ക്കൽ ഉണ്ടെന്നത് ലോകത്ത് ആകമാനമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു. ഉമ്മൻ ചാണ്ടിയാകുക എന്നത് ആർക്കും സാധിക്കില്ല. പക്ഷെ സാധാരണക്കാരെ ചേർത്ത് പിടിക്കുകയെന്നത് ഓരോ പൊതുപ്രവര്ത്തകന്റെയും ചുമതലയാണെന്നാണ് ഉമ്മൻ ചാണ്ടി സാർ നമ്മളെ പഠിപ്പിച്ചത്.
ഉമ്മൻ ചാണ്ടി ഇരുന്ന അതേ കസരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത്. അവസാന ആശ്രയമായി തേടിയെത്തുന്നവർക്ക് മുന്നിൽ അവരുടെ ഉമ്മൻ ചാണ്ടിയാകുകയെന്നത് കാലം ആവശ്യപ്പെടുന്നതാണ്. ഓർമകൾക്ക് മുന്നിൽ പ്രണാമം.
Kerala
കോഴിക്കോട്: എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന കർഷക പെൻഷൻ പദ്ധതിയെ യുഡിഎഫും കൈവിടുന്നോ? ബജറ്റിൽ കേരള കർഷക ക്ഷേമനിധി ബോർഡിനുള്ള തുക വെട്ടിച്ചുരുക്കി. ഇതോടെ ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്.
എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ ബോർഡിനുള്ള വിഹിതം രണ്ടു കോടിയാക്കിയിരുന്നു. എന്നാൽ, യുഡിഎഫ് സർക്കാരിന്റെ ബജറ്റിൽ 50 ലക്ഷമായി ചുരുക്കി. ഇതോടെ, ബോർഡിന്റെ തുടർപ്രവർത്തനങ്ങൾക്കു ഫണ്ടില്ലാതായിരിക്കുകയാണ്.
ജീവനക്കാർക്കുള്ള ശന്പളത്തിനു പോലും ഈ തുക തികയില്ലെന്നാണ് പറയുന്നത്. 2023ൽ ഡയറക്ടർ ബോർഡിന്റെ കാലാവധി തീർന്നെങ്കിലും എൽഡിഎഫ് സർക്കാർ തുടരാൻ അനുവദിക്കുകയായിരുന്നു.
നിലവിലുള്ള, ഡയറക്ടർ ബോർഡ്തന്നെയാണു തുടരുന്നത്. 2021ൽ അംശദായം അടച്ചുതുടങ്ങി 60 വയസ് കഴിഞ്ഞ 294 പേർക്ക് ഈ വർഷം ഡിസംബർ ഒന്നു മുതൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യേണ്ടതാണ്. ഓരോ മാസം കഴിയുന്പോൾ പെൻഷൻ നല്‍കേണ്ടവരുടെ എണ്ണത്തിൽ വർധനയുണ്ടാകും.
എന്നാൽ, കൊടുക്കേണ്ട തുകയെക്കുറിച്ചോ നല്‍കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചോ ഇതുവരെയും ധാരണയായില്ല.
രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ 2021ലാണ് കർഷക പെൻഷൻ പദ്ധതി ആരംഭിച്ചത്.
സംസ്ഥാനത്ത് തൃശൂർ പ്രധാനപ്പെട്ട ഓഫീസും കോഴിക്കോടും തിരുവനന്തപുരവും റീജണൽ ഓഫീസുമായിട്ടായിരുന്നു കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം.
പദ്ധതി തുടങ്ങിയപ്പോൾത്തന്നെ പെൻഷൻ തുകയുടെ പരിധിയും ആനുകൂല്യങ്ങളുടെ രീതിയും അടങ്ങുന്ന ഫയൽ തയാറാക്കിയെങ്കിലും ധനവകുപ്പ് ഇതിനെ അനുമതി കൊടുത്തിരുന്നില്ല.
Kerala
തിരുവനന്തപുരം : അധികാരത്തിലെത്തിയപ്പോൾ നടത്തിയ വാഗ്ദാനലംഘനങ്ങൾക്കു മുൻകൂർ ന്യായീകരണം കണ്ടെത്താനുള്ള ശ്രമമാണു യുഡിഎഫ് അവതരിപ്പിച്ച ധവളപത്രമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ജീവനക്കാരുടെ ശന്പളപരിഷ്കരണം, സ്ത്രീസുരക്ഷാ പദ്ധതി, കണക്ട് ടു വർക്ക് തുടങ്ങിവയെല്ലാം അട്ടിമറിക്കുകയാണ്. പ്രവാസിപെൻഷനും മുടങ്ങി. ഇത്തരം വാഗ്ദാന ലംഘനങ്ങൾ ഉണ്ടാകുമെന്നതിന്റെ വ്യക്തമായ സൂചനയാണു ധവളപത്രത്തിലൂടെ നൽകുന്നത്.
തന്ത്രപ്രധാന ധാതുഖനനം സ്വകാര്യകുത്തകകൾക്കു തുറന്നുകൊടുക്കാനുള്ള ബജറ്റ് നിർദേശത്തിനു വഴിമരുന്നിട്ടത് ആ ധവളപത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എകെജി പഠനഗവേഷണ കേന്ദ്രം തയാറാക്കിയ ‘വസ്തുതകളുടെ ധവളപത്രം’ പ്രകാശിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു പിണറായി വിജയൻ.
Kerala
ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.വി. രാജേന്ദ്രനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി.
ആകെ 23 അംഗങ്ങളുള്ള ഭരണസമിതിയിൽ യുഡിഎഫിന്റെ 12 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോൾ സിപിഎമ്മിലെ 11 അംഗങ്ങൾ ഇതിനെ എതിർത്തു വോട്ട് ചെയ്തു.
കഴിഞ്ഞ ഡിസംബർ 27-ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നാടകീയമായ സംഭവങ്ങൾക്കൊടുവിലാണ് എൽഡിഎഫ് ഇവിടെ അധികാരത്തിലേറിയത്. അന്ന് യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന എൻ. ചന്ദ്രന്റെ വോട്ട് അസാധുവായതിനെ തുടർന്ന് ഇരുമുന്നണികൾക്കും 11 വോട്ടുകൾ വീതം ലഭിച്ചു. തുടർന്നു നറുക്കെടുപ്പിലൂടെ സിപിഎമ്മിലെ പി.വി. രാജേന്ദ്രനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.
ചട്ടപ്രകാരം ഒരു ഭരണസമിതി അധികാരമേറ്റ് ആറുമാസം കഴിഞ്ഞാൽ മാത്രമേ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ സാധിക്കൂ എന്നതിനാൽ, കാലാവധി പൂർത്തിയായ ഉടൻ തന്നെ യുഡിഎഫ് നീക്കം ശക്തമാക്കുകയും പ്രസിഡന്റിനെ പുറത്താക്കുകയുമായിരുന്നു.
പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ നിലവിൽ വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ളയ്ക്കായിരിക്കും പഞ്ചായത്തിന്റെ താൽക്കാലിക ചുമതല. അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റ് പുറത്തായ വിവരം ഔദ്യോഗികമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. തുടർന്ന് കമ്മിഷൻ പ്രഖ്യാപിക്കുന്ന തീയതിയിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും.
Kerala
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഉദ്യോഗസ്ഥയെ നിയമിക്കാനുള്ള നീക്കം വിവാദത്തിലേക്ക്.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ കീഴിലുള്ള കിഫ്ബിയിൽ സുപ്രധാന പദവി വഹിച്ച വ്യക്തിയെയാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്നു പൊതുമരാമത്തു മന്ത്രി ശിപാർശ ചെയ്തത്.
പാർട്ടി നിർദേശിച്ച മുതിർന്ന ഉദ്യോഗസ്ഥനെ തള്ളി കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഉന്നത പദവി വഹിച്ചവരെ നിയമിക്കാനുള്ള നീക്കം മുസ്ലീംലീഗിലും യുഡിഎഫിലും ഏറെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.
മുസ് ലീംലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പാർട്ടിക്കുള്ളിൽ എതിർപ്പ് രൂക്ഷമാണ്. ഇതിനിടെയാണ് സുപ്രധാന വകുപ്പു ഭരിക്കുന്ന ലീഗ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കസേരയിൽ കഴിഞ്ഞ മുഖ്യമന്ത്രിയുടെ വിശ്വസ്തയായ ഉദ്യോഗസ്ഥയെ നിയമിക്കാനുള്ള നീക്കം നടക്കുന്നത്.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ. അബ്ദുറബിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സെയ്നുലാബ്ദീനെ പൊതുമരാമത്തു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്നായിരുന്നു പാർട്ടിയുടെ ശിപാർശ. എന്നാൽ, മന്ത്രി ഇത് അംഗീകരിച്ചിരുന്നില്ല. മന്ത്രി കഴിഞ്ഞാൽ ഓഫീസിലെ പ്രധാന പദവി പ്രൈവറ്റ് സെക്രട്ടറിയുടേതാണ്.
കഴിഞ്ഞ ദിവസത്തെ മന്ത്രിയുടെ ഡൽഹി യാത്രയിലും ഇവർ അനുഗമിച്ചതായാണ് സൂചന. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായിരുന്നു. സർവീസിലിരിക്കേതന്നെ കിഫ്ബിയുടെ സുപ്രധാന തസ്തികയിലെത്തി. വിരമിച്ച ശേഷവും അവിടെ തുടർന്നു.
കിഫ്ബി ചെയർമാൻ പദവി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും സിഇഒയുടെയും സെക്രട്ടറിയുടെയും പദവി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്നു വഹിച്ചിരുന്നത്. കിഫ്ബിയിൽ ചില പ്രശ്നങ്ങളുണ്ടെന്നും പുനഃസംഘടിപ്പിക്കണമെന്നും ധനവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു.
യുഡിഎഫ് സർക്കാർ രണ്ടു മാസത്തോട് അടുക്കുന്പോഴും പി.കെ. ബഷീറിനെ കൂടാതെ എക്സൈസ് മന്ത്രി എം. ലിജുവിനും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയ്ക്കും പ്രൈവറ്റ് സെക്രട്ടറിമാരായിട്ടില്ല. ബിന്ദുകൃഷ്ണ മന്ത്രിയായതിനു പിന്നാലെ പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചെങ്കിലും ബിജെപി അനുഭാവിയാണെന്ന കോണ്‍ഗ്രസിനുള്ളിലെ വിമർശനത്തെ തുടർന്ന് അനിശ്ചിതത്വത്തിലാകുകയായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റ് രണ്ടു മാസത്തോളമായിട്ടും മന്ത്രിമാരുടെ സ്റ്റാഫ് നിയമനം പൂർത്തിയായില്ല. മിക്ക മന്ത്രിമാരുടെയും ഓഫീസിൽ സർക്കാർ സർവീസിൽനിന്നും ഡെപ്യൂട്ടേഷനിൽ എത്തിയ ജീവനക്കാരുടെ നിയമനങ്ങൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്.
ബാക്കി നിയമനങ്ങളിൽ തീരുമാനം വൈകുകയാണ്. കോണ്‍ഗ്രസ് മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ നിയമനമാണ് ഏറ്റവും മന്ദഗതിയിൽ നടക്കുന്നത്.
സംസ്ഥാനത്തുനിന്നുള്ള കേന്ദ്ര നേതാക്കൾ ഉൾപ്പെടെയുള്ളവർ തങ്ങൾക്ക് താത്പര്യമുള്ളവരുടെ പേരുകൾ പല മന്ത്രിമാരുടെയും പഴ്സണൽ സ്റ്റാഫ് പട്ടികയിലേക്ക് സമർപ്പിച്ചിരിക്കുകയാണ്. നിലവിൽ നിയമിക്കപ്പെടാവുന്ന സ്റ്റാഫിന്റെ എണ്ണത്തിന്റെ നാലും അഞ്ചും മടങ്ങിലേറെ ആളുകളെ നിയമിക്കാനായി നേതാക്കൾ തന്നെ കത്തു നൽകിയിരിക്കുകയാണ്.
ഇത്തരമൊരു പശ്ചാത്തലത്തിൽ ആരെ നിയമിക്കും, ആരെ ഒഴിവാക്കും എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. പഴ്സണൽ സ്റ്റാഫ് നിയമനം വൈകുന്നതു മന്ത്രിമാരുടെ ഓഫീസിലെ ഡ്യൂട്ടി വിഭജനത്തിൽ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണ്.
സംസ്ഥാനത്തെ ബോർഡുകളുടെയും കോർപറേഷനുകളുടെയും പുനസംഘടനയിലും മെല്ലെപ്പോക്ക് നയമാണ് തുടരുന്നത്. കഴിഞ്ഞ സർക്കാർ നിയമിച്ച പല ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും അധ്യക്ഷ സ്ഥാനത്തുനിന്നും പുതിയ സർക്കാർ വന്നതിനു പിന്നാലെ പലരും രാജിവച്ച് ഒഴിവായി.
അത്തരത്തിൽ രാജിവയ്ക്കാതെ ഇപ്പോഴും തുടരുന്ന പലരും സർക്കാരിനോട് നിസഹകരണ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇതുമൂലം ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും പ്രവർത്തനങ്ങൾ നിശ്ചലാവസ്ഥയിലാണ്.
സ്കൂൾ, കോളജ് കായികതാരങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട കേരള സ്പോർട്സ് കൗണ്‍സിലിനു നാഥനില്ലാതായിട്ട് മാസങ്ങൾ പിന്നിട്ടു. കഴിഞ്ഞ സർക്കാർ നിയമിച്ച വി.പി. സാനു യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ രാജിവച്ച് ഒഴിഞ്ഞിരുന്നു. അതിനു പിന്നാലെ ഒരുമാസം കഴിഞ്ഞപ്പോൾ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു.
ഇപ്പോൾ സ്പോർട്സ് കൗണ്‍സിലിൽ നാഥനില്ലാത്ത അവസ്ഥയാണ്. ഇത്തരത്തിൽ സംസ്ഥാന സർക്കാരിനു കീഴിലുള്ള സാംസ്കാരിക സ്ഥാപനങ്ങളിൽ ഉൾപ്പെടെ നിയമനങ്ങൾ വൈകുന്നത് കൂടുതൽ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ലഭിക്കുന്നത് ഗുണകരമാണെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി പ്രതിസന്ധിയിൽ പ്രശ്നം പരിഹരിച്ച് വരുന്നുവെന്നും മന്ത്രി പറഞ്ഞു. കടം വാങ്ങിയ വൈദ്യുതി തിരികെ നൽകി, കൂടുതൽ വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
മഴയുടെ ഭാഗമായി ചിലയിടങ്ങളിൽ പോസ്റ്റുകൾ വീണിട്ടുണ്ട്. തകരാർ ഉടൻ പരിഹരിക്കും. സാമ്പത്തിക പ്രതിസന്ധി ഇല്ല എന്ന് പറയുന്നില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. വയനാട് ദുരന്തത്തിൽ ദുരന്തബാധിതർക്ക് സഹായം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഓഹരി കൈമാറ്റം സംബന്ധിച്ച് വി.ഡി.സതീശന് മുന്‍കൂര്‍ അറിവ് ഉണ്ടായിരുന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു.
മുഖ്യമന്ത്രി കള്ളക്കള്ളി തുടരുകയാണ്. സതീശന് എല്ലാം മുന്‍കൂട്ടി അറിയാമായിരുന്നു. മംഗലാപുരം യാത്രയുടെ ലക്ഷ്യം ഇതായിരുന്നു. സര്‍ക്കാര്‍ അറിയാതെയാണെങ്കില്‍ എന്ത് നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അദാനി ഡീലും മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയുമായും ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്നും എം.വി. ഗോവിന്ദന് ആവശ്യപ്പെട്ടു. വിഴിഞ്ഞം വിദേശ നിക്ഷേപത്തെ കുറിച്ചുള്ള ദേശാഭിമാനിയിലെ വാര്‍ത്ത തള്ളിയ ഗോവിന്ദന്, ദേശാഭിമാനിയില്‍ അല്ല ആദ്യം വാര്‍ത്ത വന്നതെന്നും കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: ഭക്ഷ്യധാന്യവുമായി ബന്ധപ്പെട്ടുള്ള വിവിധ ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനു സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രി പ്രൾഹാദ് ജോഷിയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ വൈകുന്നേരം നാലരയ്ക്ക് കേന്ദ്രമന്ത്രിയുടെ ഓഫീസിലാണു കൂടിക്കാഴ്ച.
Kerala
തിരുവനന്തപുരം: വിമർശനങ്ങൾക്ക് പിന്നാലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം. ഗവർണർ ഉത്തരവിൽ ഒപ്പിട്ടതോടെയാണ് നിയമനത്തിന് അംഗീകാരമായത്.
നേരത്തെ ശേഷാദ്രിനാഥന്റെ നിയമനത്തിൽ കെപിസിസിയിൽ നിന്നുപോലും ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് ശേഷാദ്രിനാഥന്റെ സംഘപരിവാർ ബന്ധം ചൂണ്ടിക്കാട്ടിയാണ് കടുത്ത എതിർപ്പുന്നയിച്ചിരുന്നത്.
ജില്ലാ ജഡ്ജിയായി വിരമിച്ച എന്‍. ശേഷാദ്രിനാഥന്റെ ബിജെപി അനുകൂല സമൂഹ്യമാധ്യമത്തിലെ പോസ്റ്റുകളടക്കം ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉന്നയിച്ചിരുന്നത്. എന്നാൽ വിവാദത്തിന് പിന്നാലെ
പോസ്റ്റുകൾ നീക്കിയെന്നും നിയാസ് പറയുന്നു.
അതേസമയം, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനം തന്റെ അറിവോടെയാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി പ്രതികരിച്ചു.
Editorial
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി-യുഡിഎഫ് അംഗങ്ങൾ ഏറ്റുമുട്ടിയതിന്റെ അപമാനകരമായ ദൃശ്യങ്ങൾ സംസ്ഥാനത്തിനു പുറത്തേക്കും പ്രചരിക്കുകയാണ്. ഏറ്റുമുട്ടൽ മാത്രമല്ല, അതിന്റെ മറയിൽ ചർച്ചയില്ലാതെ 700 അജൻഡകൾ പാസാക്കുകയും ചെയ്തിരിക്കുന്നു. പ്രതിപക്ഷത്തെ പുറത്താക്കി ബില്ലുകൾ പാസാക്കുന്ന ലോക്സഭയുടെയും നിയമസഭകളുടെയുമൊക്കെ കൂടുതൽ വികൃതമായ അനുകരണമാണ് ഏഴു മിനിറ്റുകൊണ്ട് 700 അജൻഡകൾ പാസാക്കിയ തിരുവനന്തപുരം കോർപറേഷനിലേത്. നാടു നിറയുന്ന മാലിന്യക്കൂന്പാരങ്ങളെക്കുറിച്ചും നാട്ടുകാരെ കടിച്ചുകീറുന്ന തെരുവുനായകളെക്കുറിച്ചും പരാതി പറയാനെത്തുന്നവർ കാണുന്നത് പരസ്പരം കടിച്ചുകീറുന്ന ജനപ്രതിനിധികളെ! അതും കാപ്പ കേസ് പ്രതികൂടിയായ ഒരംഗത്തിന്റെ പേരിൽ! കൈയാങ്കളിക്കാർക്കു ലജ്ജയുണ്ടാകാൻ ഇടയില്ല. പക്ഷേ, കേരളത്തിന്റെ തല കുനിഞ്ഞുപോയി.
വിഷയം തുടങ്ങുന്നത് ബിജെപി കൗൺസിലറും കാപ്പ (ഗുണ്ടാ നിയമം) കേസിൽ പ്രതിയുമായ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തോടെയാണ്. കഴിഞ്ഞ മാസം വട്ടിയൂർക്കാവിൽ ഉത്സവത്തിനിടെ ഒരാളെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണ് സുഗതനെ അറസ്റ്റ് ചെയ്തത്. മൂന്നുതവണ തുടർച്ചയായി കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ കൗൺസിലർക്ക് അയോഗ്യതയുണ്ടാകും. ജയിലിൽ കഴിയുന്നതിനാൽ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത സുഗതന്റെ അഭാവം രേഖപ്പെടുത്താതിരിക്കാൻ ഹാജർബുക്ക് മാറ്റിവച്ചിരിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
രജിസ്റ്ററിൽ ഒപ്പിടാൻ ശ്രമിക്കുന്നതിനിടെ, ബിജെപി കൗൺസിലർ ചെന്പഴന്തി ഉദയൻ തന്നെയും മറ്റ് വനിതാ കൗൺസിലർമാരെയും ആക്രമിച്ചെന്ന് പ്രതിപക്ഷത്തുള്ള കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ ആരോപിക്കുന്നു. എന്നാൽ, അദ്ദേഹം ഇതു മടക്കിക്കൊടുക്കാതെ കൈവശം വച്ചതുകൊണ്ട് തിരിച്ചുവാങ്ങി എന്നാണ് ബിജെപി വാദിക്കുന്നത്. എന്തായാലും യുഡിഎഫ് കൗൺസിലർമാരുടെ പരാതിയിൽ നാല് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
വധശ്രമവും കലാപശ്രമവും ഉൾപ്പെടെ 19 കേസുകളിൽ പ്രതിയാണെങ്കിലും സുഗതനെ കോർപറേഷനിൽ തിരികെയെത്തിക്കാൻ ബിജെപിയും, എത്തിക്കാതിരിക്കാൻ പ്രതിപക്ഷവും ശ്രമിക്കുന്നതിനു കാരണമുണ്ട്. സുഗതൻ എത്തിയില്ലെങ്കിൽ ബിജെപിക്കു ഭരണം നഷ്ടപ്പെട്ടേക്കും. 101 അംഗ കോർപറേഷനിൽ 50 അംഗങ്ങളുള്ള ബിജെപി ഭരിക്കുന്നത് ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ്. സുഗതൻ എത്താതിരിക്കുകയോ സ്വതന്ത്രൻ പിന്തുണ പിൻവലിക്കുകയോ ചെയ്താൽ ഭരണം പോകും. ഇതിനൊപ്പം ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
ഭാരത്മാതാ, ആറ്റുകാലമ്മ, ബലിദാനികൾ തുടങ്ങിയ നാമങ്ങളിൽ സത്യപ്രതിജ്ഞ ചെയ്ത 20 പേരിൽ സുഗതൻ ഒഴികെ എല്ലാവരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. നാലാഴ്ചയ്ക്കകം സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനായില്ലെങ്കിൽ ബിജെപിയുടെ ഭരണം തുലാസിലാകും. സുഗതനെ രാജിവയ്പിക്കുക അല്ലെങ്കിൽ അയോഗ്യനാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രതിപക്ഷം നീങ്ങുന്നത്. അതിനെ ചെറുക്കാൻ ഭരണപക്ഷവും. എന്നാൽ, സുഗതനെതിരേ സമരത്തിലാണെങ്കിലും യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചത് ദുരൂഹതയായി. ഇത് ബിജെപി-എൽഡിഎഫ് ബന്ധത്തിന്റെ തെളിവാണെന്ന് യുഡിഎഫ് ആരോപിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു പറഞ്ഞു ബിജെപി തുടങ്ങിയ ഭരണം തർക്കത്തിലും തമ്മിലടിയിലും ഞെരുങ്ങുകയാണ്. നഷ്ടം തിരുവനന്തപുരത്തുകാർക്കു മാത്രം.
അധികാരത്തിലെത്തിയാലും ഇടുങ്ങിയ പാർട്ടി രാഷ്ട്രീയം കൈവിടാത്ത ഭരണ-പ്രതിപക്ഷങ്ങൾ നാടിന് ഏറെ നാശമുണ്ടാക്കിയിട്ടുണ്ട്. ലോക്സഭയോ നിയമസഭയോ തദ്ദേശ സ്ഥാപനങ്ങളോ ആകട്ടെ, സ്വാതന്ത്ര്യം ലഭിച്ച് എട്ട് പതിറ്റാണ്ടോളമായിട്ടും സദ്ഭരണമെന്നത് ഇന്ത്യയിൽ ഒരു പ്രതീക്ഷ മാത്രമാണ്. കാലം കഴിയുംതോറും അതൊരു വിദൂര പ്രതീക്ഷയായി അകലുന്നതേയുള്ളൂ. തിരുവനന്തപുരം കോർപറേഷനിലും അതാണു കാണുന്നത്. കുടിവെള്ള പ്രശ്നം, സുപ്രീംകോടതി കൊല്ലാൻ അനുവദിച്ചിട്ടും പരിഹരിക്കാത്ത തെരുവുനായ ശല്യം, വെള്ളക്കെട്ട്, മാലിന്യസംസ്കരണം... കേരളത്തിന്റെ തീരാവ്യാധികളെല്ലാം തിരുവനന്തപുരത്തുമുണ്ട്. പക്ഷേ, ഇതിന്റെയൊന്നും പേരിലല്ല ജനപ്രതിനിധികൾ ഏറ്റുമുട്ടിയത്. അധികാരത്തിനും ഇടുങ്ങിയ രാഷ്ട്രീയത്തിനും വേണ്ടി മാത്രം. എന്നിട്ടും ജനം പ്രതീക്ഷിച്ചുകൊണ്ടേയിരിക്കുന്നത് ജനാധിപത്യത്തിലുള്ള വിശ്വാസത്തിലാണ്; കൈവിടാനാകില്ല.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി - യുഡിഎഫ് കൗൺസിലർമാർ ഏറ്റുമുട്ടിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് പി.കെ. ശ്രീമതി. കണ്ണ് കാണാത്ത അതിക്രമത്തിലേക്ക് തിരുവനന്തപുരം നഗരസഭ കൗൺസിലർമാർ മാറിയത് ലജ്ജാകരമാണെന്ന് ശ്രീമതി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പി.കെ. ശ്രീമതി വിമർശനവുമായി രംഗത്തെത്തിയത്. കേവലം ഉന്തും തള്ളുമല്ലെന്നും ഒരു വനിത അംഗം രണ്ടുപേരുടെ ഇടയിൽ ഞെരുങ്ങിപ്പോയെന്നും പി.കെ. ശ്രീമതി വിമർശിച്ചു.
അതേസമയം തിരുവനന്തപുരം കോർപറേഷനിൽ ഉണ്ടായ സംഘർഷത്തിൽ മ്യൂസിയം പോലീസ് കേസെടുത്തു. ബിജെപി കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ബിജെപി കൗൺസിലർമാരായ വി.ജി. ഗിരികുമാർ, വയൽക്കര രതീഷ്, പാപ്പനംകോട് സജി എന്നിവരും പ്രതികളാണ്.
Kerala
തിരുവനന്തപുരം: കോർപറേഷൻ ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കം പാളി. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ് വ്യക്തമാക്കിയതോടെ യുഡിഎഫ് നീക്കത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു. വിവാദങ്ങൾക്കിടയിൽ കോർപറേഷൻ കൗൺസിൽ യോഗം ഇന്ന് ചേരാനിരിക്കെയാണ് നാടകീയ നീക്കങ്ങൾ അരങ്ങേറിയത്.
യുഡിഎഫ് പ്രതിപക്ഷ നേതാവ് കെ.എസ്. ശബരിനാഥന്റെ നേതൃത്വത്തിലാണ് അവിശ്വാസ പ്രമേയത്തിനുള്ള നീക്കങ്ങൾ സജീവമാക്കിയിരുന്നത്. എന്നാൽ പ്രതിപക്ഷ നിരയിൽ ഐക്യമില്ലാതായതോടെ ഈ നീക്കം തുടക്കത്തിലേ പാളുകയായിരുന്നു. ബിജെപിയുമായി സിപിഎം ഉണ്ടാക്കിയ രഹസ്യധാരണയുടെ ഭാഗമായാണ് അവിശ്വാസത്തെ പിന്തുണയ്ക്കാത്തതെന്ന് കോൺഗ്രസ് ആരോപിച്ചു.
അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ചെങ്കിലും കാപ്പ കേസ് പ്രതിയായ കൗൺസിലർ സുഗതന്റെ രാജി ആവശ്യപ്പെട്ട് കൗൺസിലിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. കൗൺസിൽ യോഗത്തിനെത്തുന്ന മേയർ വി.വി. രാജേഷിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
കോർപറേഷനിലേക്ക് ഇന്ന് മാർച്ച് നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സുഗതന്റെ രാജി ആവശ്യപ്പെട്ട് ഭരണസമിതിക്കെതിരെയുള്ള റിലേ സത്യഗ്രഹം കൂടുതൽ ശക്തമാക്കാനാണ് സിപിഎം തീരുമാനം.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്കിടെ ഇന്നു കൗണ്‍സില്‍ യോഗം ചേരും. 20 അംഗങ്ങള്‍ മാത്രമുള്ളതിനാല്‍ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസിന് അംഗീകാരം ലഭിക്കില്ല.
എന്നാൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്ക് എൽഡിഎഫ് പിന്തുണ നൽകില്ല. അവിശ്വാസ പ്രമേയ നീക്കങ്ങളോട് തത്കാലം പ്രതികരിക്കാനില്ലെന്നാണ് എൽഡിഎഫ് നിലപാട്. നയപരമായ പ്രശ്നമുണ്ടെന്നും നിലവില്‍ അവിശ്വാസത്തെ പിന്തുണയ്ക്കാനാകില്ലെന്നുമാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്.
അതേസമയം, കോർപറേഷനിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. തെരുവ്നായ വിഷയം, കുടിവെള്ള പ്രതിസന്ധി, മാലിന്യപ്രശ്നം എന്നിവ ഉയര്‍ത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്നു നടത്തുന്ന പ്രതിഷേധ മാര്‍ച്ച്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ ആലോചിച്ചു മാത്രം പ്രതികരിക്കാൻ മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ.
വിവാദമായ ബജറ്റ് നിര്‍ദേശം ബില്ലിൽ ഉൾപ്പെടുത്തെരുതെന്നായിരുന്നു സുധീരന്റെ ആവശ്യം. എന്നാല്‍ സുധീരന്റെ ആവശ്യമടക്കം മുഖ്യമന്ത്രി തള്ളുകയും നിര്‍ദേശം ബില്ലിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. നടപ്പാക്കുന്ന തീയതി സർക്കാർ തീരുമാനിക്കുമെന്ന ഉപാധിയോടെയാണ് നിര്‍ദേശം ഉള്‍പ്പെടുത്തിയത്.
അതേസമയം സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന തീരുമാനം മുന്നണിക്ക് വിട്ട സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ യുഡിഎഫ് യോഗം എന്ന് നടക്കുമെന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.
Kerala
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി യുഡിഎഫ് സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു.
ജൂലൈ ഒന്നിന് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ബിൽ പാസായാലും വില്പനക്ക് അനുമതി നൽകില്ലെന്നാണ് സർക്കാരിന്റെ അവകാശവാദം.പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിന്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു.
ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികൾ എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്.
നികുതി ഘടന ഉടൻ മാറ്റേണ്ടെന്ന അഭിപ്രായമാണ് നിലവിൽ മുഖ്യമന്ത്രി വി.ഡി. സതീശനുള്ളത്. വിവാദം അവസാനിപ്പിച്ചുവെന്ന നിലപാടിലാണ് എതിർപ്പ് ഉയർത്തിയിരുന്ന എക്സൈസ് മന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ.
അതിനിടെ, വിവാദ മദ്യനയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വി.എം. സുധീരൻ തുറന്നടിക്കുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് പിൻവലിക്കണമെന്നും ധനബില്ലിൽ നികുതി ഘടന പാടില്ലെന്നും സുധീരൻ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു.
Kerala
റാന്നി: കാട്ടാനശല്യം തടയാൻ വനാതിർത്തിയിൽ ചക്ക സംഭരണത്തിനൊരുങ്ങി വനം വകുപ്പ്. അടുത്ത സീസൺ മുതൽ ചക്ക പഴുക്കും മുൻപേ വനം വകുപ്പ് നേരിട്ടെത്തി ശേഖരിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.
കൃഷി വകുപ്പ് മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായും ചക്ക പഴുക്കാൻ അനുവദിക്കാതെ അത് പറിച്ചു തന്നാൽ പണം നൽകാമെന്നും നഷ്ടം വന്നാൽ സഹിച്ചോളാമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. ഇടിച്ചക്കയ്ക്ക് നിലവിൽ നല്ല ഡിമാൻഡുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കാട്ടാനയെ തടയാൻ ഇതൊക്കെയേ പരിഹാരമുള്ളൂ. കർഷകനോട് പ്ലാവ് വെട്ടിക്കളയാൻ പറയാൻ പറ്റില്ല. പ്ലാവ് ഉണ്ടെങ്കിൽ ചക്ക പഴുത്ത് കഴിഞ്ഞാൽ ആന എങ്ങനെയെങ്കിലും ഇറങ്ങും. അത് യാഥാർഥ്യമാണ്. വനം മന്ത്രിയല്ല, ആരും വന്ന് നിന്നാലും അത് തടയാനാവില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ചക്കയുടെ ശല്യം നിലനിൽക്കുമ്പോഴാണ് പ്ലാന്റേഷൻ കോർപറേഷന്റെ നേതൃത്വത്തിൽ വനഭൂമിയിൽ പൈനാപ്പിൾ കൃഷി നടക്കുന്നത്. കാട്ടാന ഇറങ്ങാൻ കാരണം ഇത്തരം രുചിക്കൂട്ടുകളാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Kerala
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന്റെ നിലപാട് മുന്നണിയിൽ വ്യക്തമാക്കുമെന്ന് മന്ത്രി കെ.എം. ഷാജി. മുഖ്യമന്ത്രി പറഞ്ഞതാണ് മന്ത്രിസഭയുടെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
മുസ്ലിം ലീഗിന് മാത്രം വിത്യസ്ത നിലപാട് ഇല്ല. നാടാകെ മദ്യം ഒഴുക്കിയവർ ഇപ്പോൾ എതിർക്കുന്നത് തമാശയാണെന്നും കെ.എം. ഷാജി വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Kerala
പത്തനംതിട്ട: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഭിന്നതകളില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ. വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ വേണ്ടയോ എന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും യുഡിഎഫ് തീരുമാനിച്ചാല്‍ വില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോപണം ഭയന്ന് പിന്മാറില്ല. വില്‍ക്കേണ്ട എന്നാണ് യുഡിഎഫില്‍ പൊതു അഭിപ്രായമെങ്കില്‍ വില്‍ക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വി.എം. സുധീരന് ആശയപരമായി പ്രശ്നം ഉന്നയിച്ചു. മുഖ്യമന്ത്രി വിഷയത്തില്‍ മറുപടി പറഞ്ഞു. അതോടെ ആ വിഷയം തീര്‍ന്നുവെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
വീണ്ടും അത് ആര്‍ക്കെങ്കിലും പറഞ്ഞുകൊണ്ടിരിക്കണം എങ്കില്‍ പറയാം. സര്‍ക്കാരിനെ സംബന്ധിച്ച് ആ പ്രശ്നം അവസാനിച്ചു. വകുപ്പ് മന്ത്രി എവിടെയും വിമര്‍ശനമുന്നയിച്ചിട്ടില്ലെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: റവന്യു വകുപ്പിലെ കൂട്ടസ്ഥലംമാറ്റം സ്റ്റേ ചെയ്ത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. റവന്യൂ വകുപ്പിലെ 181 തഹസീൽദാർ, സീനിയർ സൂപ്രണ്ടുമാരുടെ സ്ഥലംമാറ്റമാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്.
ലാന്റ് റവന്യൂ കമ്മീഷണർ ഇറക്കിയ ഉത്തരവാണ് ട്രൈബ്യൂണലിലെ അഡ്മിനിസ്ട്രേറ്റീവ് മെമ്പർ എൻ. വാസുദേവൻ സ്റ്റേ ചെയ്തത്. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലംമാറ്റ ഉത്തരവെന്നാണ് ട്രൈബ്യൂണലിന്റെ നിരീക്ഷണം.
കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാതെ തിടുക്കപ്പെട്ട ഉത്തരവ് ഇറക്കിയത് സ്ഥലംമാറ്റം നിയമവിരുദ്ധമാണെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. മഴക്കെടുതി കണക്കിലെടുത്ത് ദുരന്തനിവാരണത്തിന്റെ ഭാഗമായുള്ള ദുരിതാശ്വാസം, രക്ഷാപ്രവർത്തനം എന്നിവ ഏകോപിപ്പിക്കുവാനും കാര്യക്ഷമമാക്കുവാനുമാണ് തിടുക്കപ്പെട്ട് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചില്ല.
Kerala
കൊച്ചി: സംസ്ഥാനത്തെ ഭരണമാറ്റത്തിൽ പ്രതികരിച്ച് റാപ്പർ വേടൻ. എൽഡിഎഫിന്റെ പരാജയത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്ന് വേടൻ പറഞ്ഞു. പരാജയ കാരണങ്ങൾ ഒരു ക്യാൻവാസ് പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാരണങ്ങള്‍ പറയാനുണ്ട്, ഒറ്റടിക്ക് പറയാനാവില്ല. ജനങ്ങള്‍ തന്നെ തെരഞ്ഞെടുത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. പുതിയ സര്‍ക്കാരിന് സമയം കൊടുക്കണം. നല്ലത് തന്നെ നടക്കുമെന്നും വേടൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ബിശ്വനാഥ് സിന്‍ഹയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ ഇന്ന് ചേർന്ന നിയമസഭയോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ജൂൺ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് 1992 ഐഎഎസ് ബാച്ചുകാരനായ ബിശ്വനാഥ് സിന്‍ഹയുടെ നിയമനം.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി എന്‍. ശേഷാദ്രിനാഥനെ നിയമിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥന് വിരമിച്ച ജില്ലാ ജഡ്ജിയാണ്.
ലോകായുക്ത സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡറായി എന്‍. അനില്‍കുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചു. കേരള ഹൈക്കോടതിയില്‍ നാല് സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍മാരെയും 12 സീനിയര്‍ ഗവണ്മെന്റ് പ്ലീഡറമാരെയും 24 ഗവണ്മെന്റ് പ്ലീഡര്‍മാരെയും നിയമിക്കാന്‍ തീരുമാനിച്ചു.
ബംഗളൂരു ശിവജി നഗര്‍ ആശുപത്രി കെട്ടിടത്തിന്റെ മതില് ഇടിഞ്ഞുവീണ് മരിച്ച മൂന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും.
കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചു. പരിക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.
ഇടുക്കി ജില്ലയിലെ ഇടുക്കി, കരിമണ്ണൂര്‍, കട്ടപ്പന, മുരിക്കാശേരി, നെടുങ്കണ്ടം, രാജകുമാരി എന്നീ ആറ് പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെയും, തൃശൂര്‍ ജില്ലയിലെ തൃശൂര്‍ (എല്‍.എ) യൂണിറ്റ് നമ്പര്‍ ഒന്ന് സ്പെഷ്യല്‍ തഹസീല്‍ദാരുടെ കാര്യാലയത്തിലെയും, പീരുമേട് ഭൂമി പതിവ് ഓഫീസിലെയും നേമം റെയില്‍പാതയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള സ്പെഷല്‍ തഹസീല്‍ദാര്‍ ഓഫീസിലെയും 243 തസ്തികകള്‍ ഒരു വര്‍ഷത്തേക്ക് കൂടി തുടരാന്‍ തീരുമാനിച്ചു.
Kerala
മലപ്പുറം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന്റെ നടപടിയെച്ചൊല്ലി വിവാദം പുകയുന്നതിനിടെ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മദ്യം വീര്യം കുറഞ്ഞതായാലും കൂടിയതായാലും വിപത്ത് തന്നെയാണെന്നും, മദ്യവർജനമാണ് യുഡിഎഫിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യത്തിന്റെ നികുതിയിളവ് ബജറ്റിലെ ഒരു പരാമർശം എന്നതിനപ്പുറത്തേക്ക് വലിയ പ്രാധാന്യത്തോടെ കാണേണ്ടതില്ല. ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമായി മുന്നോട്ട് പോകുന്നതിനിടയിൽ ഇങ്ങനെയൊരു ചർച്ച വന്നപ്പോഴാണ് ജനങ്ങൾക്ക് സംശയമുണ്ടായതെന്നും തങ്ങൾ പറഞ്ഞു.
മദ്യം ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമല്ല, സമൂഹത്തെയാകെയാണ് ബാധിക്കുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണം. ഈ വിഷയത്തിൽ മുന്നണിക്കുള്ളിൽ വിശദമായ ചർച്ചകൾക്ക് ശേഷമേ യുഡിഎഫ് അന്തിമ തീരുമാനം എടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടണമെന്ന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ നിലപാടിനെതിരെ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. ഇത്തരമൊരു നിലപാട് കേരളത്തിന് എതിരാണെന്നും തമിഴ്നാട് മുഖ്യമന്ത്രിയില്‍നിന്ന് കേരളത്തിലെ ജനങ്ങള്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
142 അടിയില്‍നിന്ന് ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രീംകോടതി പോലും അനുവദിക്കാത്തതാണ്. ഇതില്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്നും ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ അടിയന്തരമായി പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിർദേശം. ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആയുഷ് വകുപ്പ് എന്നിവയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ സംബന്ധിച്ച് അടിയന്തരമായി അവലോകനം നടത്തി നടപടി സ്വീകരിക്കണമെന്നാണ് നിർദേശം. ആരോഗ്യവകുപ്പിന് കീഴിൽ നിരവധി ഒഴിവുകളുണ്ടായിട്ടും റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റാങ്ക്ഹോൾഡേഴ്സ് നൽകിയ നിവേദനത്തെ തുടർന്നാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ.
Kerala
തിരുവനന്തപുരം: യോഗയ്ക്ക് ജാതി-മത-വർണ വിവേചനങ്ങളിലെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ. ആരോഗ്യ സംരക്ഷണത്തിനായി ആർക്കും പരിശീലിക്കാവുന്ന വ്യായാമ മുറയാണ് യോഗ. വർഷത്തിൽ ഒന്നോ രണ്ടോ ദിവസം യോഗ ചെയ്താൽ പോരാ. ദിവസേന അരമണിക്കൂറെങ്കിലും ഇതിനായി കണ്ടെത്തണം.
ഇതിന്റെ ഗുണം സ്വന്തം ജീവിതം കൊണ്ട് സമൂഹത്തെ ബോധ്യപ്പെടുത്താൻ പൊതുപ്രവർത്തകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അവനവന് ഇഷ്ടമുള്ള വ്യായാമമുറ സ്വീകരിക്കാം. കുട്ടികളെ വ്യായാമം ശീലിപ്പിക്കണം. ഏതു വ്യായാമത്തിന്റെയും ലക്ഷ്യം ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കലാണ്. സ്ഥിരമായി ജോഗിംഗ് ചെയതാണ് താൻ ആരോഗ്യം നിലനിർത്തുന്നത്.
അലോപ്പതിയും ആയുഷ് വകുപ്പും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് ആരോഗ്യ സംരക്ഷണ രംഗത്ത് ആവശ്യമെന്നും മന്ത്രി പറഞ്ഞു. ഓഫീസ് ജോലികൾക്കായി കൂടുതൽ സമയം ചെലവിടുന്നവർക്കുള്ള ചെയർ യോഗയെക്കുറിച്ചുള്ള വീഡിയോ മന്ത്രി പ്രകാശനം ചെയ്തു.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റ് സ്വകാര്യവത്ക്കരണത്തിനുള്ള ആമുഖപ്രഭാഷണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബജറ്റ് പൂർണമായും കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വഴങ്ങുന്നതാണെന്നും അദാനിക്ക് വേണ്ടിയുള്ളതാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
പൊതുമേഖലാ സ്ഥാപനങ്ങൾ തകർത്ത് സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കുന്ന നയമാണ് ബജറ്റിലുള്ളത്. സംസ്ഥാനത്തെ ധാതു സമ്പത്ത് സ്വകാര്യ കുത്തകകൾക്ക് അടിയറവ് വെക്കാനാണ് സർക്കാർ നീക്കം.
ഭൂപരിഷ്കരണം 2.0 എന്ന പേരിൽ പട്ടികവർഗക്കാർക്ക് ഭൂമി നൽകുന്നതിന് പകരം കോർപ്പറേറ്റുകൾക്ക് ഭൂമി കൈമാറാനുള്ള കുത്സിത ശ്രമമാണ് നടക്കുന്നത്. പെൻഷൻ തുക വർദ്ധിപ്പിച്ചില്ല. ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറുന്നു. വയോജന ക്ഷേമത്തിനായി വകുപ്പ് ഉണ്ടാക്കിയെങ്കിലും പണമില്ലാത്ത അവസ്ഥയാണെന്നും ഗോവിന്ദൻ വിമർശിച്ചു.
ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് 10 കോടി രൂപ മാത്രമാണ് നീക്കിവെച്ചത്, ഇത് വെറും മുദ്രാവാക്യം മാത്രമാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണ പ്രതീക്ഷകളും സർക്കാർ അട്ടിമറിച്ചെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
NRI
ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഐഒസി യുകെ - കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മിഡ്ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ കുടുംബസംഗമം "പുതുയുഗ സംഗമം 2026'ന്റെ ലോഗോ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ പ്രകാശനം ചെയ്തു.
ഐഒസി യുകെ - കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശ്യാമ, യൂത്ത് വിംഗ് പ്രതിനിധി അരവിന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജൂൺ 27-ന് ഓൾഡ്ഹാമിലെ സെന്റ് ഹെർബർട്ട് പാരിഷ് സെന്ററിൽ സംഘടിപ്പിക്കുന്ന "പുതുയുഗ സംഗമം 2026' ഫാമിലി മീറ്റിൽ സാമൂഹിക പ്രവർത്തക ഡോ. മറിയ ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും ഓർമകൾക്ക് ആദരമർപ്പിച്ച് "ഉമ്മൻ ചാണ്ടി സ്മൃതി നഗർ' എന്ന പേരിൽ ഒരുക്കുന്ന വേദിയിലാണ് പരിപാടി നടക്കുന്നത്.
അദ്ദേഹം ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സന്ദേശം പ്രവാസി സമൂഹത്തിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കുടുംബസംഗമം സംഘടിപ്പിക്കുന്നത്.
യുകെയിലെ ഒരു രാഷ്ട്രീയ സംഘടന സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കുടുംബസംഗമങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും.
യുഡിഎഫ് നേടിയ ചരിത്രവിജയത്തിന്റെ ആഘോഷം, പൊതുസമ്മേളനം, കലാപരിപാടികൾ, വനിതാ-യുവജന വിംഗുകളുടെ രൂപീകരണം, പുതിയ യൂണിറ്റുകൾക്ക് ചുമതലാപത്രം കൈമാറൽ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കും യൂണിറ്റുകൾക്കും ചടങ്ങിൽ ആദരം നൽകും. വ്യക്തികൾക്കുള്ള "കർമശ്രേഷ്ഠ പുരസ്കാരം', മികച്ച യൂണിറ്റുകൾക്കുള്ള "സംഘടനാശ്രേഷ്ഠ പുരസ്കാരം', മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്കും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച പ്രവർത്തകർക്കുമുള്ള "സേവാശ്രേഷ്ഠ പുരസ്കാരം' എന്നിവ ഡോ. മറിയ ഉമ്മൻ വിതരണം ചെയ്യും.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. സീറ്റുകൾ പരിമിതമായതിനാൽ എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും അവർ അഭ്യർഥിച്ചു.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്റ് പുഷ്പരാജൻ, വൈസ് പ്രസിഡന്റുമാരായ ജിതിൻ ജെയിംസ്, രഞ്ജിത്, സോണി ചാക്കോ എന്നിവർ പരിപാടിയുടെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നതായി അറിയിച്ചു.
Movies
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിന് മോഹൻലാലിന്റെ കൈയടി. ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് ഈ ബജറ്റെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
''പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്.
ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്കുന്ന ഈ പ്രഖ്യാപനത്തിന് മുന്‍കൈയെടുത്ത, മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി.സി. വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി''. മോഹൻലാൽ കുറിച്ചു.
സിനിമാ മേഖലയുടെ വികസനത്തിനായി സമഗ്രപദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊച്ചിയിൽ ജെ.സി.ഡാനിയേൽ ഇൻർനാഷണൽ ഫിലിം സിറ്റി ചിത്രനഗരം സ്ഥാപിക്കും. സിനിമയ്ക്ക് വ്യവസായ പദവി നൽകൽ, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിരം വേദി, വ്യാജ സിനിമകൾ നിരോധിക്കാൻ ആന്റി പൈറസി സല്ലുകള് രൂപീകരിക്കൽ, ദേശീയ അന്താരാഷ്ട്ര സിനിമ നിർമാണത്തെ ആകർഷിക്കുന്നതിനായി അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തൽ എന്നിവയാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതിനായി നൂറ് കോടിയാണ് വകയിരുത്തിയിരിക്കുന്നത്.
അന്തരിച്ച നടൻ സലിംകുമാറിനായി എറണാകുളത്ത് സ്മാരകം നിർമിക്കും. ഒരു കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.
എം.ടി. വാസുദേവൻ നായരുടെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്കും സ്ഥാപിക്കും. കഥകളി, കൂത്ത്, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, മാർഗം കളി, അയ്നിപ്പാട്ട്, ഗോത്രകലാരൂപങ്ങൾ എന്നിവ അവതരിപ്പിക്കും. ജെൻ-സി കുട്ടികൾക്കായി അവരുടെ ഷോർട്ഫിലിമുകൾ, ഡോക്യുമെന്ററികൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും നൃത്ത സംഗീതങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനും സൗകര്യം ഒരുക്കും.
ഇതിലൂടെ വിനോദ-വിഞ്ജാന കേന്ദ്രമാക്കി ഇതിനെ മാറ്റാനാണ് ഉദ്ദേശ്യം. 50 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി കേരള കൾച്ചറൽ ടൂറിസം ട്രെസ്റ്റ് രൂപികരിക്കും.
കൂടാതെ മൺമറഞ്ഞ വിഖ്യാത സംഗീതസംവിധായകൻ ജോൺസൺ മാഷിന്റെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി ആരംഭിക്കും. ഇതിനായി അഞ്ചുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഇതിനൊപ്പം തന്നെ പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ പേരിൽ മ്യൂസിക് അക്കാദമി സ്ഥാപിക്കുന്നതിനും ഒരു കോടി മാറ്റിവച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് എം പോക്സ് സ്ഥിരീകരിച്ചു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43 കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.
2026ൽ ഇതുവരെ എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ മാസത്തിലെ ആദ്യ കേസാണ് തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശൂർ ജില്ലയിൽ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂരിൽ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത്. ഒൻപത് പേർക്കാണ് കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്.
Kerala
തിരുവനന്തപുരം: കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎം ശ്രീയെ അംഗീകരിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ പിഎം ശ്രീയുടെ ഭാഗമാണെന്നും ഒരു കോൺഗ്രസ് സർക്കാരും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസക്തമായ പ്രശ്നം കോൺഗ്രസ് നിലപാട് എന്താണെന്നുള്ളതാണെന്നും പിണറായി വിജയൻ പറഞ്ഞു. ഒപ്പിട്ടതുകൊണ്ട് മാത്രം പിഎം ശ്രീ നടപ്പിലാകില്ല. പുതിയ സർക്കാർ പദ്ധതിയിൽ നയപരമായ തീരുമാനമെടുക്കണം. യുഡിഎഫ് സർക്കാർ നയംമാറ്റത്തിന് പ്രേരിപ്പിച്ച ഘടകം എന്താണെന്നും പിണറായി വിജയൻ ചോദിച്ചു.
കേന്ദ്രം എന്തെങ്കിലും പ്രത്യേക അറിയിപ്പ് സംസ്ഥാനത്തിന് നൽകിയിട്ടുണ്ടോ എന്നും പിണറായി ചോദിച്ചു. പിഎം ശ്രീ നടപ്പിലാക്കുന്നതിന്റെ ഉദ്ദേശശുദ്ധി യുഡിഎഫ് വിശദീകരിക്കമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനം മുൻകൈ എടുത്താൽ മാത്രമേ പദ്ധതി നടപ്പിലാവൂ എന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് യുഡിഎഫ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഈ വഞ്ചനയ്ക്ക് കേരളം മാപ്പ് നൽകില്ല. താൻ ഒരു നെഹ്റുവിയൻ സോഷ്യലിസ്റ്റാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അദ്ദേഹം വലിയൊരു വായനക്കാരൻ കൂടിയാണ്. അങ്ങനെയാണെങ്കിൽ നെഹ്റു എഴുതിയ പുസ്തകങ്ങളൊക്കെ മുഖ്യമന്ത്രി ഒരിക്കൽക്കൂടി എടുത്തു വായിക്കണമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
എല്ലാറ്റിനും വലുത് 'വാക്ക്' ആണെന്നാണ് മുഖ്യമന്ത്രി എപ്പോഴും പറയാറുള്ളത്. എന്നാൽ പിഎം ശ്രീയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ആ വാക്ക് ഇപ്പോൾ പാഴ്വാക്കായി മാറിയിരിക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
പിഎം ശ്രീ പദ്ധതി നടപ്പാക്കരുത് എന്ന് സർക്കാരിന് ആഗ്രഹമുണ്ടെങ്കിൽ അതിന് കൃത്യമായ വഴികളുണ്ടായിരുന്നു. എന്നാൽ ഇവിടെ മുസ്ലിം ലീഗിന്റെ മന്ത്രിയെ തന്നെ പിഎം ശ്രീയുടെ നടത്തിപ്പുകാരനാക്കി മാറ്റുകയാണ് യുഡിഎഫ് സർക്കാർ ചെയ്തതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സെൻസസ് നടപടികൾക്ക് തുടക്കം. ജൂൺ 30 വരെ se.census. gov.in എന്ന പോർട്ടലിലൂടെ വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കും. ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യം ഉൾപ്പെടെ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
സെൻസസ് നടപടികൾ രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാകുക. ജനങ്ങൾ സ്വയം രേഖപ്പെടുത്തിയ വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാകും അന്തിമമാക്കുക. പ്രവാസി മലയാളികൾക്ക് സെൻസസ് ബാധകമാകില്ലെന്ന് ചീഫ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ മിത്ര ടി. ഐഎഎസ് വ്യക്തമാക്കി.
NRI
മനാമ: കേരളത്തിൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനം സ്ത്രീ ശാക്തീകരണത്തിലെ നിർണായക ചുവടുവയ്പാണെന്ന് സാമൂഹിക - സാംസ്കാരിക വനിതാ കൂട്ടായ്മയായ പ്രവാസി മിത്ര എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി.
സംസ്ഥാനത്തെ സാധാരണക്കാരായ സ്ത്രീകളുടെ ദൈനംദിന യാഥാർഥ്യങ്ങളെയും സാമ്പത്തിക പരിമിതികളെയും നേരിട്ട് അഭിസംബോധന ചെയ്യുന്ന ജനപക്ഷ തീരുമാനമാണിത്. യാത്ര സൗജന്യമാകുന്നതിലൂടെ മിച്ചം വരുന്ന തുക കുടുംബത്തിന്റെ അടിയന്തിര ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ അവർക്ക് കഴിയുമെന്ന് പ്രവാസി മിത്ര പറഞ്ഞു.
ഓർഡിനറി ബസുകൾ കുറവായ വടക്കൻ ജില്ലകളിൽ കൂടുതൽ ഓർഡിനറി സർവീസുകൾ തുടങ്ങണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഘപരിവാർ നേതാവിനെ വിസിയാക്കിയ ഗവർണറെ സർക്കാർ എതിർക്കുന്നില്ലെന്നും ഗവണർറോട് ഏറ്റുമുട്ടാനില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് പിടിമുറുക്കാൻ ശ്രമിക്കുന്നതിനെതിരെ മുഖ്യമന്ത്രിയോ മന്ത്രിമോ യുഡിഎഫിലെ കക്ഷികളോ പ്രതികരിച്ചിട്ടില്ല. മതേതര കേരളം ആശങ്കയോടെ ആണ് ഇത് നോക്കിക്കാണുന്നത്.
കേന്ദ്ര സർവകലാശാലകൾക്ക് പിന്നാലെയാണ് സംഘപരിവാർ കേരളത്തിൽ പിടിമുറുക്കുന്നത്. സെനറ്റിൽ 19 സംഘപരിവാർ അനുകൂലികൾ ഉള്ളത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയങ്ങൾക്കെതിരെ ഇടതുമുന്നണി ശക്തമായ പ്രതിരോധം ഉയർത്തി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ നിയമവിരുദ്ധമായ ഇടപെടലുകൾക്കെതിരായ രാഷ്ട്രീയ പോരാട്ടങ്ങൾ തുടരേണ്ടതുണ്ട്. ശക്തമായ നിലപാട് സ്വീകരിക്കാൻ യുഡിഎഫ് സർക്കാർ തയാറുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
കേരളത്തിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ സംസ്ഥാനത്തെ മൂന്ന് വിസിമാർ പങ്കെടുത്തു. ഇത് അത്യന്തം ഗൗരവത്തോടെ മതേതര കേരളം കാണുന്നു.
സർവകലാശാലകളിൽ സംഘപരിവാർ അജണ്ടകൾ അടിച്ചേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കാജനകമായ ചർച്ചകളാണ് നടക്കുന്നത്. അത്തരമൊരു ഘട്ടത്തിലാണ് കേരള, എംജി, മലയാളം സർവകലാശാല വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ എങ്ങനെ പിടിമുറുക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കോട്ടയം: ധവളപത്രത്തിലൂടെ സര്‍ക്കാര്‍ ജീവനക്കാരെ യുഡിഎഫ് തള്ളിപ്പറയുകയാണു ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. എന്‍ജിഒ യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
അധികാരത്തിലെത്തി ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 2000 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. സിവില്‍ സര്‍വീസിന്റെ ശോഭ കെടുത്തുന്ന നടപടിയാണിത്. സംതൃപ്തമായ സിവില്‍ സര്‍വീസാണു കഴിഞ്ഞ 10 വര്‍ഷക്കാലം കേരളത്തിലുണ്ടായിരുന്നത്.
റവന്യു കമ്മിയെ കുറിച്ച് ഇപ്പോള്‍ സര്‍ക്കാരിന് വലിയ ആശങ്കയാണ്. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വലിയ ബാധ്യതയായി മാറി എന്നാണ് ധവളപത്രത്തിലൂടെ സര്‍ക്കാര്‍ പറയുന്നത്. 10 വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്കരണം എന്നത് നവ ലിബറല്‍ നയത്തിന്റെ ഭാഗമാണ്.
മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ ഭരണകാലത്ത് ജീവനക്കാര്‍ക്കെതിരേ ദ്രേഹ നടപടികള്‍ സ്വീകരിച്ചപ്പോള്‍ 38 ദിവസം സമരം ചെയ്ത് അവകാശങ്ങള്‍ നേടിയെടുത്തതാണ്. ഇത്തരം നടപടി സ്വീകരിച്ചാല്‍ സമര രീതികളിലേക്ക് എന്‍ജിഒ യൂണിയനും ജീവനക്കാരും പോകുമെന്നും പിണറായി പറഞ്ഞു.
യൂണിയന് സംസ്ഥാന പ്രസിഡന്റ്് എം.എ. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രിമാരായ മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന്, കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ സ്റ്റീഫന്‍ ജോര്‍ജ്, യൂണിയന് ജനറല്‍ സെക്രട്ടറി എം.വി. ശശിധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്നു രാവിലെ മാമ്മന്‍ മാപ്പിള ഹാളില്‍ ചേരുന്ന പ്രതിനിധി സമ്മേളനം ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥി വരദരാജന് ഉദ്ഘാടനം ചെയ്യും. നാളെ സമ്മേളനം സമാപിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ ഗ്രൗണ്ടുകള്‍ കൂടുതല്‍ സമയം തുറന്നിടുന്നത് പരിഗണനയിലെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. സ്കൂള്‍ ഗ്രൗണ്ടുകള്‍ അടച്ചിട്ട ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതില്‍ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
പൊതുസമൂഹത്തിന് കൂടി സ്കൂള്‍ ഗ്രൗണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നത് പരിഗണിക്കുമെന്നും കളിക്കളങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നും ഒ.ജെ. ജനീഷ് വ്യക്തമാക്കി. ഇതിനായി എംഎല്‍എ- എംപി ഫണ്ടുകള്‍ ഉപയോഗിച്ച് കളിക്കളങ്ങൾ നവീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിക്ക് മുന്‍ സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. എന്നാല്‍ 10 ശതമാനം മാത്രമാണ് പൂര്‍ത്തീകരിക്കാനായത്. എവിടെ നിന്നൊക്കെ പണം സമാഹരിക്കാനാകുമോ ആ തരത്തിലെല്ലാം കളിയിടങ്ങള്‍ ഒരുക്കുമെന്നും ഒ.ജെ. ജനീഷ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്തു വാടകയ്ക്കെടുത്ത പോലീസ് ഹെലികോപ്റ്ററിന്റെ സേവനം വീണ്ടും തുടരണമെന്ന അഭിപ്രായമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ കൂട്ടായ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹെലികോപ്റ്ററിന്റെ വാടക കരാർ കാലാവധി തീരുന്ന മുറയ്ക്കു പുതുക്കാൻ സംസ്ഥാന പോലീസ് മേധാവി സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
District News
പാലക്കാട്: ജനങ്ങളുടെ വിഷമതകൾ പരിഹരിക്കാൻ വേണ്ടിയാണ് യുഡിഎഫിനെ പരവതാനി വിരിച്ച് അവർ അധികാരമേൽപ്പിച്ചതെന്നു മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റും എംപി യുമായ അബ്ദു സമദ് സമദാനി.
യുഡിഎഫ് ജില്ലാ കമ്മിറ്റി ജില്ലയിലെ മന്ത്രിമാർക്കും എംഎൽഎമാർക്കും നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തുവർഷക്കാലത്തെ ദുർഭരണത്തിന് അറുതി വരുത്തിയാണ് യുഡിഎഫ് അധികാരത്തിൽ കയറിയത്. ജനകീയമായ മാറ്റമാണ് ജനങ്ങൾ ആഗ്രഹിച്ചത്. പ്രഗത്ഭരുടെ വലിയൊരു നിര തന്നെയാണ് യുഡിഎഫിലുള്ളത്. പുതിയൊരു ലക്ഷ്യമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ചെയർമാൻ മരയ്ക്കാർ മാരായമംഗലം അധ്യക്ഷനായിരുന്നു.
കണ്‍വീനർ പി. ബാലഗോപാൽ സ്വാഗതം പറഞ്ഞു.മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, കെ.എ. തുളസി, എംഎൽഎ മാരായ രമേഷ്് പിഷാരടി, സുമേഷ് അച്യുതൻ, കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, കെപിസിസി നിർവാഹകസമിതി അംഗം സി.വി. ബാലചന്ദ്രൻ, നേതാക്കളായ കെ.എ. ചന്ദ്രൻ, പി.ഇ.എ. സലാം, പി.വി. രാജേഷ്, കെ.കെ.എ. അസീസ്, ജോബി ജോണ്‍, ബി. രാജേന്ദ്രൻ നായർ, പി.ഡി. ഉലഹന്നാൻ, സുരേഷ് വേലായുധൻ, പി. കലാധരൻ, വി.കെ. നിശ്ചലാനന്ദൻ, വേണു കൊങ്ങോട്ട്, കെ.ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: വയനാട്ടില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരന് ഇന്ന് വൈകിട്ടോടെ വയനാട്ടിലെത്തും. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
സുല്‍ത്താന്‍ ബത്തേരിയില്‍ മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. കോളയാടി യുപി സ്കൂളിലെ വിദ്യാർഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളുള്ള കുട്ടികൾ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ചയായിരുന്നു കുട്ടികള്‍ക്ക് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയ കുട്ടികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെലികോപ്റ്റർ കരാർ തുടരണമെന്ന് പോലീസ് മേധാവി. ഓഗസ്റ്റിൽ വാടക കരാർ അവസാനിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിനോട് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കണമെന്ന് ഡിജിപി ശിപാർശ നൽകിയിരിക്കുന്നത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ ധൂർത്തെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. സാമ്പത്തിക മാന്ദ്യകാലത്ത് യുഡിഎഫ് സർക്കാർ ചെലവ് ചുരുക്കി മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം.
ഭരണപക്ഷത്തിരിക്കുന്ന യുഡിഎഫ് വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. പോലീസിന്റെ ഫണ്ടുപയോഗിച്ചാണ് ഒന്നാം പിണറായി സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്.
ടെണ്ടറില്ലാത്ത വാടകയ്ക്കെടുപ്പ് വിവാദമായതോടെ രണ്ടാം പിണറായി സർക്കാർ ടെണ്ടർ വിളിച്ചു. ചിപ്സണ്‍ ഏവിയേഷൻ അഞ്ച് വർഷത്തേക്ക് ടെണ്ടർ നേടിയിരുന്നു.
Kerala
കൊച്ചി: വിട വാങ്ങിയ ചലച്ചിത്രതാരം സലിംകുമാറിനെ അനുസ്മരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും തനിക്ക് തന്റെ കൂടെപിറപ്പിനെയും നഷ്ടമായെന്ന് വി.ഡി.സതീശൻ പറഞ്ഞു.
തനിക്ക് സലിംകുമാര്‍ ചിരിയുടെ മണവാളന് മാത്രമായിരുന്നില്ലെന്നും അയാളും താനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം സലിംകുമാറിനെ അനുസ്മരിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം;
ചിരിയുടെ മണവാളന് മാത്രമായിരുന്നില്ല എനിക്ക് സലിംകുമാര്‍. അയാളും ഞാനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാള്‍. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാള്‍. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാള്‍. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരന്.
എന്റെ തിരഞ്ഞൈടുപ്പുകളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാര്‍, പാര്‍ട്ടിയുടെ വിജയങ്ങളില്‍ അത്രമേല്‍ സന്തോഷിച്ച കൂടപിറപ്പ്, ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള്‍ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാര്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി. സലിം കുമാറിന് വിട.