മലപ്പുറം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന്റെ നടപടിയെച്ചൊല്ലി വിവാദം പുകയുന്നതിനിടെ നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മദ്യം വീര്യം കുറഞ്ഞതായാലും കൂടിയതായാലും വിപത്ത് തന്നെയാണെന്നും, മദ്യവർജനമാണ് യുഡിഎഫിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യത്തിന്റെ നികുതിയിളവ് ബജറ്റിലെ ഒരു പരാമർശം എന്നതിനപ്പുറത്തേക്ക് വലിയ പ്രാധാന്യത്തോടെ കാണേണ്ടതില്ല. ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമായി മുന്നോട്ട് പോകുന്നതിനിടയിൽ ഇങ്ങനെയൊരു ചർച്ച വന്നപ്പോഴാണ് ജനങ്ങൾക്ക് സംശയമുണ്ടായതെന്നും തങ്ങൾ പറഞ്ഞു.
മദ്യം ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമല്ല, സമൂഹത്തെയാകെയാണ് ബാധിക്കുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണം. ഈ വിഷയത്തിൽ മുന്നണിക്കുള്ളിൽ വിശദമായ ചർച്ചകൾക്ക് ശേഷമേ യുഡിഎഫ് അന്തിമ തീരുമാനം എടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.
Tags : Sadiq Ali Shihab Thangal UDF Liqour Policy Latest News