തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരു ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കം യുഡിഎഫിൽ തുടരുന്നു. പ്രധാന വകുപ്പുകളായ ദേവസ്വം, ഫിഷറീസ്, ഉന്നത വിദ്യാഭ്യാസം എന്നിവയെച്ചൊല്ലിയാണ് കോൺഗ്രസിനുള്ളിലും ഘടകകക്ഷിയായ മുസ്ലിം ലീഗുമായും ചർച്ചകൾ വഴിമുട്ടി നിൽക്കുന്നത്. ചില മന്ത്രിമാർ തങ്ങൾക്ക് അനുവദിച്ച വകുപ്പുകളിൽ മാറ്റം ആവശ്യപ്പെട്ടതാണ് വിജ്ഞാപനം വൈകാൻ കാരണം.
കെ.സി. വേണുഗോപാൽ പക്ഷത്തുനിന്നുള്ള മന്ത്രി അനിൽ കുമാറിന് വൈദ്യുതി വകുപ്പിനൊപ്പം ദേവസ്വം വകുപ്പ് കൂടി നൽകുന്നതിനെക്കുറിച്ചാണ് കോൺഗ്രസിൽ ചർച്ചകൾ നടക്കുന്നത്. ആദ്യം ദേവസ്വം വകുപ്പിലേക്ക് പരിഗണിച്ചിരുന്ന കെ. മുരളീധരന് ഇതിന് പകരമായി ആരോഗ്യ വകുപ്പിനൊപ്പം കായിക വകുപ്പ് കൂടി നൽകാൻ സാധ്യതയുണ്ട്.
ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ കത്തോലിക്കാ സഭയും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഫിഷറീസ് വകുപ്പ് ലീഗിന് നൽകിയാൽ മാത്രമേ ഉന്നതവിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുനൽകൂ എന്ന കർശന നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം.
ഫിഷറീസ് വകുപ്പിനെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കപ്പെടാത്ത പശ്ചാത്തലത്തിൽ, നിയുക്ത മന്ത്രിമാരായ കെ. മുരളീധരനും സി.പി. ജോണും തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ലത്തീൻ അതിരൂപതാ ആസ്ഥാനത്തെത്തി സന്ദർശനം നടത്തി.
സന്ദർശനത്തിന് ശേഷം ഫിഷറീസ് വകുപ്പിലെ തങ്ങളുടെ കൃത്യമായ നിലപാട് സഭ ആവർത്തിച്ചു. "കടലിനെ അറിയുന്ന, തീരദേശ ജനതയുടെ പ്രശ്നങ്ങൾ മനസ്സിലാകുന്ന ഒരാൾ തന്നെ ഫിഷറീസ് മന്ത്രിയായി വരണം" എന്ന് മന്ത്രിമാരെ അറിയിച്ചതായി ഫാദർ യൂജിൻ പെരേര മാധ്യമങ്ങളോട് പ്രതികരിച്ചു.
താൻ ബിഷപ്പ് ഹൗസിലെ സ്ഥിരം സന്ദർശകനാണെന്നും സന്ദർശനത്തിൽ പ്രത്യേക രാഷ്ട്രീയമില്ലെന്നുമായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും മണിക്കൂറുകളിൽ ഉഭയകക്ഷി ചർച്ചകളിലൂടെ തർക്കം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണി നേതൃത്വം.
Tags : UDF cabinet Latest News