തിരുവനന്തപുരം: ടാറ്റയുടെ സംയുക്ത സംരംഭമായ കപ്പൽ നിർമാണശാലയുടെ യൂണിറ്റ് കൊച്ചി തുറമുഖത്തിൽ സ്ഥാപിക്കാൻ ആവശ്യമായ ഭൂമി അടക്കം എല്ലാ സൗകര്യവും ഒരുക്കിയതായി സർക്കാർ വിശദീകരണം. പദ്ധതിക്കു വേണ്ട പ്രധാന അനുമതികളെല്ലാം ലഭിച്ചുകഴിഞ്ഞു. മലബാർ സിമന്റ്സ് ലിമിറ്റഡും ടാറ്റ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്സണ് എൻജിനിയറിംഗ് ലിമിറ്റഡും ചേർന്ന് കപ്പൽ നിർമാണ യൂണിറ്റ് സ്ഥാപിക്കാനുള്ള സംയുക്ത സംരംഭത്തിനാണ് സർക്കാർ സൗകര്യമൊരുക്കിയത്.
കൊച്ചിൻ പോർട്ട് അഥോറിറ്റി ആവശ്യമായ ഭൂമി ലഭ്യമാക്കുകയും പ്രാഥമിക വികസന പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കേരളത്തിൽ ആധുനിക ഷിപ്പ് ബിൽഡിംഗ് എക്കോസിസ്റ്റം രൂപീകരിക്കാനുള്ള സുപ്രധാന ചുവടുവയ്പായാണ് ഈ പദ്ധതിയെ സർക്കാർ കാണുന്നത്. മിഷൻ സമുദ്ര കേവലം കപ്പൽ നിർമാണ യൂണിറ്റിൽ ഒതുങ്ങുന്ന പദ്ധതിയല്ല.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം, കൊച്ചിൻ ഷിപ്യാർഡ് എന്നിവയുൾപ്പെടെ സംസ്ഥാനത്തെ തീരദേശ മേഖലയെ പ്രയോജനപ്പെടുത്തി കപ്പൽ നിർമാണം, കപ്പൽ അറ്റകുറ്റപ്പണി, ഓഫ്ഷോർ ഫാബ്രിക്കേഷൻ, മറൈൻ എൻജിനിയറിംഗ്, തീരദേശ നിർമാണ യൂണിറ്റുകൾ, ലോജിസ്റ്റിക്സ്, മാരിടൈം സേവനങ്ങൾ തുടങ്ങി അനുബന്ധ വ്യവസായങ്ങൾ എന്നിവയെ ഏകോപിപ്പിച്ചുള്ള സമഗ്ര സമുദ്ര വികസനമാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
പദ്ധതികളുമായി ബന്ധപ്പെട്ടു രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ നിക്ഷേപകരുമായുള്ള ചർച്ച പുരോഗമിക്കുന്നു. ഈ ചർച്ചകളിലൂടെ മികച്ച നിക്ഷേപം സമീപഭാവിയിൽ സംസ്ഥാനത്തേക്ക് എത്തുമെന്ന ആത്മവിശ്വാസം സർക്കാരിനുണ്ട്. ഓരോ നിക്ഷേപ പദ്ധതിയും അന്തിമഘട്ടത്തിലാകുന്ന മുറയ്ക്ക് അതു സംബന്ധിച്ച പ്രഖ്യാപനം ഔദ്യോഗികമായി നടത്തുമെന്നും അറിയിച്ചു. ടാറ്റയുടെ കപ്പൽശാല കൊച്ചിയിൽ വരില്ലെന്ന വാർത്ത പൂർണമായി തള്ളിയാണ് സർക്കാരിന്റെ വിശദീകരണം.
10,000 കോടി ആകെ നിക്ഷേപം
തിരുവനന്തപുരം: വിവിധ പദ്ധതികളും വിവിധ നിക്ഷേപകരും വഴി വരും വർഷങ്ങളിൽ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ സർക്കാർ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമർശത്തിലൂടെ മുഖ്യമന്ത്രി സൂചിപ്പിച്ചതെന്നും വിശദീകരണം.
അല്ലാതെ ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാർ അന്തിമമായി ഉറപ്പിച്ചുവെന്നല്ല. നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും ആഗോള നിലവാരത്തിലുള്ള മത്സരക്ഷമമായ മാരിടൈം മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റം കേരളത്തിൽ വികസിപ്പിക്കാനും അതുവഴി സംസ്ഥാനത്തിന്റെ ദീർഘകാല സാന്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറ ഒരുക്കാനുമാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.
മിഷൻ സമുദ്രയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് സമഗ്ര കപ്പൽ നിർമാണ ഇക്കോസിസ്റ്റമായി കേരളത്തെ മാറ്റുകയാണ്. മിഷൻ സമുദ്രയുടെ ഭാഗമായി കേരളത്തെ രാജ്യത്തെ പ്രമുഖ കപ്പൽ നിർമാണ-സമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ കാഴ്ചപ്പാടും നിക്ഷേപ ആകർഷക പദ്ധതിയുമാണ് മുഖ്യമന്ത്രി അഭിമുഖത്തിൽ പരാമർശിച്ചതെന്നും വിശദീകരണത്തിൽ ചൂണ്ടിക്കാട്ടുന്നു.
Tags : Tata's joint shipbuilding facility