യുഡിഎഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലേറി രണ്ടു മാസം പിന്നിട്ടിട്ടും മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനം കൃത്യമാകുന്നില്ല. സംസ്ഥാന കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാത്തത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇത്തരത്തിലൊരു ഏകോപനക്കുറവിനു കാരണം. ഇതിനിടെ അടുത്ത ആഴ്ച മുഖ്യമന്ത്രിയും സംസ്ഥാനത്തെ മറ്റു നേതാക്കളും ഡൽഹിയിലെത്തുമെന്നു റിപ്പോർട്ടുകളുണ്ട്. പുതിയ കെപിസിസി പ്രസിഡന്റ് സംബന്ധിച്ചുള്ള ചർച്ച ഈ കൂടിക്കാഴ്ചയിൽ ഉണ്ടായേക്കും.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് മന്ത്രിസഭയിലെത്തിയതിനു പിന്നാലെ അദ്ദേഹം കെപിസിസി പ്രസിഡന്റ് സ്ഥാന ഒഴിയാനുള്ള സന്നദ്ധത കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ പുതിയ അധ്യക്ഷനെ കണ്ടെത്തുന്ന കാര്യത്തിൽ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇതുവരെ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടില്ല. നിലവിലെ പ്രസിഡന്റിനു വൈദ്യുതി മന്ത്രി എന്ന നിലയിൽ വളരെ വലിയ ഉത്തരവാദിത്വമാണ് ഉള്ളത്.
ഇതിനിടയിൽ പാർട്ടിയെക്കൂടി നയിക്കുക എന്നത് പ്രായോഗികമല്ല. ഇതോടെ നിലവിൽ പാർട്ടി പരിപാടികൾ തന്നെ കുറവായി. കെപിസിസി യോഗം വിളിച്ചിട്ടും ഏറെ നാളായി. പല കാര്യങ്ങളിലും പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനത്തിന് നിർണായക പങ്കു വഹിക്കേണ്ടത് കെപിസിസി അധ്യക്ഷനാണ്. പാർട്ടി പരിപാടികളിൽ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ അധ്യക്ഷനു കഴിയുന്നുമില്ല.
സർക്കാരും മുന്നണിയും ചേർന്നു തീരുമാനം കൈക്കൊള്ളേണ്ട പല വിഷയങ്ങളിലും ഇതുമൂലം തീരുമാനം വൈകുകയാണ്. ബോർഡ്, കോർപറേഷനുകളിൽ ഉൾപ്പെടെ പുനഃസംഘടന എങ്ങുമെത്തിയില്ല.
കെപിസിസി യോഗം ചേർന്നു കോണ്‍ഗ്രസിന്റെ തീരുമാനം കൈക്കൊള്ളുകയും തുടർന്ന് യുഡിഎഫ് യോഗം ചേർന്ന് മുന്നണിയിലെ ഓരോ കക്ഷിക്കുമുള്ള ബോർഡ്,കോർപറേഷൻ സ്ഥാനങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുകയുമാണ് വേണ്ടത്. എന്നാൽ നിലവിൽ കെപിസിസി യോഗം ചേരാത്തതിനാൽ ഇക്കാര്യത്തിൽ തീരുമാനങ്ങൾ ഒന്നുമായിട്ടില്ല. പാർട്ടി-സർക്കാർ ഏകോപനത്തിൽ ചില താളപ്പിഴകൾ വന്നതോടെ ഒരേ വിഷയത്തിൽ പല നേതാക്കളും വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.
സർക്കാർ പ്ലീഡർ നിയമനത്തിലും മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിലും ഉൾപ്പെടെ ഇത്തരത്തിൽ പരസ്യ പ്രസ്താവനങ്ങൾ വന്നിരുന്നു. പഴയ എസ്എഫ്ഐക്കാരനെ ഗവണ്മെന്റ് പ്ലീഡറായി നിയമച്ചുവെന്നാരോപിച്ച് കെഎസ്യു സംസ്ഥാന അധ്യഷൻ അലോഷ്യസ് സേവ്യർ ഇന്നലെയും രൂക്ഷ വിമർശനവുമായി രംഗത്തുവന്നു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ് കായിക മന്ത്രിയായതോടെ യൂത്ത് കോണ്‍ഗ്രസിനും പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടതായുണ്ട്. എന്നാൽ ഇക്കാര്യത്തിലും ഇതുവരെ വ്യക്തമായ തീരുമാനങ്ങൾ യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല.