ട്രെയിനുകളിലെ സെക്കൻഡ് ക്ലാസ്
ന്യൂഡൽഹി: ട്രെയിനുകളിലെ സെക്കൻഡ് ക്ലാസ് യാത്രക്കാരൻ എന്ന പ്രയോഗം പുനഃപരിശോധിക്കാൻ ഇന്ത്യൻ റെയിൽവേയ്ക്ക് സുപ്രീംകോടതിയുട നിർദേശം. ക്ലാസ് എന്ന വർഗീകരണം വ്യക്തിക്കല്ല അവർ യാത്ര ചെയ്യുന്ന കോച്ചിനാണ് നൽകേണ്ടതെന്നും ജനാധിപത്യ രാജ്യത്ത് ഇത്തരം പ്രയോഗങ്ങൾ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സമത്വത്തിന് വിരുദ്ധമാണെന്നും ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
2015-ൽ ഓടുന്ന ട്രെയിനിൽനിന്ന് വീണു മരിച്ച ചന്ദ്രകാന്ത് താക്കർ എന്ന യാത്രക്കാരന്റെ ഭാര്യ ലതയ്ക്ക് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
അപകടത്തിൽ ടിക്കറ്റ് അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിനാൽ യാത്രക്കാരൻ അനധികൃതമായാണ് ട്രെയിനിൽ കയറിയതെന്ന് കാട്ടി നേരത്തെ നഷ്ടപരിഹാരം നിഷേധിച്ചിരുന്നു. എന്നാൽ ടിക്കറ്റ് കണ്ടെടുക്കാനായില്ല എന്ന ഒറ്റക്കാരണത്താൽ ഒരാൾ ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്തതെന്ന് കരുതാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. റെയിൽവേ അപകടങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ മാനുഷിക പരിഗണനയോടെയും ഉദാരമായും വ്യാഖ്യാനിക്കേണ്ടതുണ്ടെന്നും കോടതി ഓർമിപ്പിച്ചു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്റ്റേഷൻ മാസ്റ്റർമാർക്കും ഗാർഡുമാർക്കും റെയിൽവേ മാനുവൽ വ്യക്തമായ ചുമതലകൾ നൽകുന്നുണ്ടെങ്കിലും ഇതിന്റെ നിർവഹണത്തിൽ പോരായ്മകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം ട്രെയിൻ അപകടങ്ങളിൽ റെയിൽവേയെ മാത്രം കുറ്റം പറയാനാകില്ലെന്നും ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതുപോലുള്ള അപകടകരമായ ശീലങ്ങൾ മാറ്റാൻ ജനങ്ങളും തയാറാകണമെന്നും കോടതി പറഞ്ഞു.
Tags :