കല്‍പ്പറ്റ: സംസ്ഥാനത്തെ സ്വകാര്യ പൊതുമേഖലകളിലെ തരിശ് നിലങ്ങളുടെ മാപ്പിംഗ് പൂര്‍ത്തിയാക്കി കാര്‍ഷിക യോഗ്യമാക്കുന്നതിലൂടെ സമഗ്ര ഭക്ഷ്യ സ്വയംപര്യാപ്തതയാണു ലക്ഷ്യമിടുന്നതെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജൂബിലി ഹാളില്‍ കൃഷി വകുപ്പും ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും സംയുക്തമായി നടപ്പാക്കുന്ന ‘കനിപ്പന്തല്‍ ഇനി വിദ്യാലയങ്ങളിലും’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിക്ക് തുടക്കമിട്ട് സ്കൂള്‍ പരിസരത്ത് മന്ത്രി ഫലവൃക്ഷത്തൈ നട്ടു. വിദ്യാലയങ്ങളില്‍ ഫലവൃക്ഷ തോട്ടങ്ങള്‍ വളര്‍ത്തി വിദ്യാര്‍ഥികളെ കൃഷിയിലേക്ക് അടുപ്പിക്കാനും പോഷക സുരക്ഷ ഉറപ്പാക്കാനുമാണ് കനിപ്പന്തല്‍ പദ്ധതിയിലൂടെ സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും കതിര് ക്ലബ്ബുകള്‍ രൂപവത്കരിക്കും. ഇതിനായി ഓരോ സ്ഥാപനത്തിനും 10,000 രൂപ വീതം അനുവദിക്കും.
ആദ്യഘട്ടത്തില്‍ 500 സ്കൂളുകളില്‍ കതിര് ക്ലബ്ബുകള്‍ ആരംഭിക്കുമെന്നും കതിര് ക്ലബ് പ്രവര്‍ത്തനങ്ങളില്‍ ഭാഗമാവുന്ന വിദ്യാര്‍ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്കാന് വിദ്യാഭ്യാസ വകുപ്പുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ 85 സ്കൂളുകളിലായി 143 യൂണിറ്റ് ഫലവൃക്ഷത്തോട്ടങ്ങള്‍ സ്ഥാപിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പുറമേ റസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന കൃഷി പ്രോത്സാഹന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കും. യുവജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികള്‍ വകുപ്പ് നടപ്പാക്കും. 2026 വനിതാ കര്‍ഷക വര്‍ഷാചരണത്തോടനുബന്ധിച്ച് അഞ്ചു വര്‍ഷം നീളുന്ന കൃഷി സഖി പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ 2,921 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫലപോഷണ ഉദ്യാനങ്ങള്‍ സ്ഥാപിക്കുകയാണ് കനിപ്പന്തല്‍ എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി മാവ്, പ്ലാവ്, പേര, നെല്ലി, സപ്പോട്ട, റംമ്പൂട്ടാന്, മാങ്കോസ്റ്റീന്‍, ചാമ്പ, നാരകം തുടങ്ങിയ ഫലവൃക്ഷത്തൈകള്‍ വിദ്യാലയങ്ങളില്‍ നട്ടുപിടിപ്പിക്കും. കാര്‍ഷിക പദ്ധതി എന്നതിലുപരി ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള അനാരോഗ്യ ശീലങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ മുക്തരാക്കി പ്രകൃതിയോടും കൃഷിയോടും സാംസ്കാരത്തോടും ചേര്‍ത്തു നിര്‍ത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കനിപ്പന്തലിലൂടെ സംസ്ഥാനത്ത് 4,500 യൂണിറ്റ് ഫലവൃക്ഷത്തോട്ടങ്ങള്‍ സ്ഥാപിക്കും. കതിര് ക്ലബ് വഴിയും ഗ്രീന്‍ കാഡറ്റ് കോര്‍പ്സ് വഴിയും വിദ്യാര്‍ഥി പങ്കാളിത്തം ഉറപ്പുവരുത്തി വിദ്യാലയങ്ങളില്‍ കനിപ്പന്തലുകള്‍ ഉയരും.
ഐ.സി. ബാലകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഉഷ വിജയന് എംഎല്‍എ വിദ്യാര്‍ഥികള്‍ക്ക് ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.