തിരുവനന്തപുരം: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റ് സ്വകാര്യവത്ക്കരണത്തിനുള്ള ആമുഖപ്രഭാഷണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബജറ്റ് പൂർണമായും കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വഴങ്ങുന്നതാണെന്നും അദാനിക്ക് വേണ്ടിയുള്ളതാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
പൊതുമേഖലാ സ്ഥാപനങ്ങൾ തകർത്ത് സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കുന്ന നയമാണ് ബജറ്റിലുള്ളത്. സംസ്ഥാനത്തെ ധാതു സമ്പത്ത് സ്വകാര്യ കുത്തകകൾക്ക് അടിയറവ് വെക്കാനാണ് സർക്കാർ നീക്കം.
ഭൂപരിഷ്കരണം 2.0 എന്ന പേരിൽ പട്ടികവർഗക്കാർക്ക് ഭൂമി നൽകുന്നതിന് പകരം കോർപ്പറേറ്റുകൾക്ക് ഭൂമി കൈമാറാനുള്ള കുത്സിത ശ്രമമാണ് നടക്കുന്നത്. പെൻഷൻ തുക വർദ്ധിപ്പിച്ചില്ല. ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറുന്നു. വയോജന ക്ഷേമത്തിനായി വകുപ്പ് ഉണ്ടാക്കിയെങ്കിലും പണമില്ലാത്ത അവസ്ഥയാണെന്നും ഗോവിന്ദൻ വിമർശിച്ചു.
ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് 10 കോടി രൂപ മാത്രമാണ് നീക്കിവെച്ചത്, ഇത് വെറും മുദ്രാവാക്യം മാത്രമാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണ പ്രതീക്ഷകളും സർക്കാർ അട്ടിമറിച്ചെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
Tags : MV Govindan UDF Budget