മോഹനൻ കുന്നുമ്മൽ
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം' അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം. ഐഐടി മദ്രാസ് പോലെയുള്ള പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ആരും പാറ്റയാകാനല്ല, മറിച്ച് കരുത്തുള്ള സിംഹങ്ങളാകാനാണ് ശ്രമിക്കുന്നതെന്ന് മോഹനൻ കുന്നുമ്മൽ പറഞ്ഞു.
വിദ്യാർഥികൾ പാറ്റകളല്ല കരുത്തുള്ള സിംഹങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. പാറ്റകൾ അല്ലാത്തവർ ശബ്ദമുയർത്താൻ സദസിനോട് ആവശ്യപ്പെട്ടെങ്കിലും ഒന്നോ രണ്ടോ കുട്ടികൾ മാത്രമാണ് പ്രതികരിച്ചത്. നന്നായി പഠിച്ച് അറിവ് നേടണമെന്നും, അങ്ങനെ നേടിയാൽ ഇന്ന് നമ്മളെ പാറ്റകൾ എന്ന് വിളിക്കുന്നവർ നാളെ വെറും ഈയാംപാറ്റകളായി മാറുമെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു.
ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഗവർണർ, മുതിർന്നവരിൽ നിന്ന് പഠിക്കാനും അവരെ ബഹുമാനിക്കാനുമാണ് വിദ്യാഭ്യാസം നമ്മെ പഠിപ്പിക്കുന്നതെന്ന് ഓർമിപ്പിച്ചു. മുതിർന്നവരെ ബഹുമാനിക്കാത്തവരെ സമൂഹം 'കാരക്ടർ ലെസ്' ആയി വിലയിരുത്തുമെന്നും, അത്തരമൊരു വിലയിരുത്തൽ വന്നുകഴിഞ്ഞാൽ പിന്നെ വ്യക്തിക്ക് സ്ഥാനമില്ലാതെ ആ ഗ്രേഡ് മാത്രമേ നിലനിൽക്കൂ എന്നും അദ്ദേഹം പറഞ്ഞു.
പണമല്ല, മറിച്ച് നമ്മൾ സമൂഹത്തിൽ എന്ത് ചെയ്യുന്നു എന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഎൽഎ വി. മുരളീധരനും ചടങ്ങിൽ പങ്കെടുത്തു. വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങൾ ഗവർണർ വിതരണം ചെയ്തു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash