കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ, സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ
ന്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. ഡോ. ബി.ആർ. അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ദിപ്കെ തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (ആർപിഐ-എ) ചേരണമെന്ന് അത്തേവാലെ ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിൽ നിന്നുള്ള യുവനേതാവായ അഭിജീത് ദിപ്കെ തങ്ങളോടൊപ്പം ചേർന്ന് സമൂഹത്തെയും പാർട്ടിയെയും ശക്തിപ്പെടുത്താൻ മുന്നോട്ടു വരണമെന്നാണ് മന്ത്രി പറഞ്ഞത്. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണമെന്ന് വിശ്വസിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും, നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെച്ച നടപടി പരാമർശിച്ച് അത്തേവാലെ വ്യക്തമാക്കി.
എന്നാൽ ഈ ക്ഷണത്തോട് ദീപ്കെ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ താത്പര്യമില്ലെന്നും സിജെപിയെ ഒരു ജനകീയ പ്രസ്ഥാനമായി മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികളെ പിളർത്തുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തേക്കാൾ രാജ്യത്തിന് ആവശ്യം ജനകീയ പ്രസ്ഥാനമാണെന്നാണ് ദീപ്കെയുടെ നിലപാട്.
Tags : RamdasAthawale UnionMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash