ഇമ്രാൻ ഖാൻ.
ഇസ്‌ലാമാബാദ്: ജയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ 48 മണിക്കൂറിനുള്ളിൽ ആശുപത്രിയിലേക്കു മാറ്റണമെന്ന് പാക്കിസ്ഥാൻ സുപ്രീംകോടതി. ഇമ്രാന്‍റെ ഹർജി അനുവദിച്ചുകൊണ്ടാണ് ഉത്തരവ്. മൂന്നു വർഷമായി റാവൽപിണ്ടിയിലെ ജയിലിൽ കഴിയുന്ന ഇമ്രാനെ ഇസ്‌ലാമാബാദിലെ ഷിഫ ഇന്‍റർനാഷണൽ ആശുപത്രിയിലേക്കു മാറ്റാനാണ് കോടതി നിർദേശം.
ഇമ്രാൻ ഖാന്‍റെ ആരോഗ്യനിലയെക്കുറിച്ച് അദ്ദേഹത്തിന്‍റെ കുടുംബാംങ്ങളും തെഹ്‌രിക് ഇ ഇൻസാഫ് പാർട്ടിയും കടുത്ത ആശങ്ക ഉയർത്തുന്നതിനിടെയാണ് കോടതിയിൽനിന്ന് അനുകൂല ഉത്തരവ്. ജയിലിൽവച്ച് ഇമ്രാന്‍റെ ആരോഗ്യം ക്ഷയിച്ചെന്നും വലതുകണ്ണിന്‍റെ കാഴ്ചശക്തി ഏതാണ്ടു നഷ്ടപ്പെട്ടുവെന്നും കുടുംബം അറിയിച്ചിരുന്നു.
ഇമ്രാന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്താനായി കാർഡിയോളജിസ്റ്റ്, ജനറൽ മെഡിസിൻ സ്പെഷ്യലിസ്റ്റ്, നേത്രരോഗ വിദഗ്ധൻ, ഇമ്രാന്‍റെ പേഴ്സണൽ ഫിസിഷ്യൻ എന്നിവരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
വിധിയെ സ്വാഗതം ചെയ്ത തെഹ്‌രിക് ഇ ഇൻസാഫ് പാർട്ടി, പാക് ഭരണകൂടം ഉടനടി ഇതു നടപ്പാക്കണം എന്നാവശ്യപ്പെട്ടു. കോടതി ഉത്തരവു പ്രകാരം ആശുപത്രിവളപ്പിൽ അനുയായികൾ കൂട്ടംകൂടരുതെന്നും പാർട്ടി നിര്‌ദേശിച്ചു.
2022ൽ അവിശ്വാസത്തിൽ പുറത്താക്കപ്പെട്ട ഇമ്രാനെതിരേ തുടർന്ന് അധികാരത്തിലേറിയ ഷെഹ്ബാസ് ഷരീഫ് സർക്കാർ ഒട്ടവവധിക്കേസുകൾ ചുമത്തുകയായിരുന്നു. പാക് രാഷ്‌ട്രീയത്തിൽ ഇമ്രാന്‍റെ സ്വാധീനം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു പല കേസുകളെന്ന് ആരോപണമുണ്ട്.
Tags : Imran Khan Pakistan