കോൽക്കത്ത വിമാനത്താവളം
കോൽക്കത്ത: കോൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ട്രാഫിക് കൺട്രോൾ കെട്ടിടത്തിൽ തീപിടിത്തം. അധികൃതരുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാകുകയും വിമാന സർവീസുകൾ തടസമില്ലാതെ തുടരുകയും ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ നാലിന് എടിസി കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. സെക്യൂരിറ്റി ജീവനക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും തീയും പുകയും ഉയരുന്നത് കണ്ട് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. എടിസിയുടെ പ്രവർത്തനങ്ങളെയും വിമാന സർവീസുകളെയും തീപിടിത്തം ബാധിച്ചിട്ടില്ലെന്നും നിലവിലെ സാഹചര്യം പൂർണമായും സാധാരണ നിലയിലാണെന്നും അധികൃതർ അറിയിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് എടിസി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ അലങ്കാരപ്പണികൾ നടത്തിയിരുന്നു. ഇവിടെ ചെറിയ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ദീർഘനേരം ലൈറ്റുകൾ പ്രവർത്തിച്ചതോ അല്ലെങ്കിൽ അലങ്കാര വയറിംഗിലുണ്ടായ ഷോർട്ട് സർക്യൂട്ടോ ആകാം തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സംശയിക്കുന്നു. സംഭവത്തിൽ മറ്റെന്തെങ്കിലും സാങ്കേതിക തകരാറുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Deepika BreakingNews Airport Fire