യുവരാജ് സിംഗിന്റെ ബാറ്റിംഗ് പ്രകടനം.
ഷാർജ: ലോക ലെജൻഡ്സ് ടി20 ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയ ചാമ്പ്യൻസിനെ തകർത്ത് ഇന്ത്യ. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ 46 റൺസിനാണ് ഇന്ത്യ ഓസീസിനെ കീഴടക്കിയത്. ക്യാപ്റ്റൻ യുവരാജ് സിംഗിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ധവാൽ കുൽക്കർണിയുടെ തകർപ്പൻ ബൗളിങ്ങുമാണ് ഇന്ത്യക്ക് മികച്ച ജയം സമ്മാനിച്ചത്.
44 പന്തിൽ 71 റൺസെടുത്ത യുവരാജ് തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ചാമ്പ്യൻസ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. യൂസഫ് പഠാൻ 20 പന്തിൽ 37 റൺസും നമാൻ ഓജ 26 പന്തിൽ 31 റൺസും നേടി. അവസാന ഓവറുകളിൽ ഋഷി ധവാന്റെ വെടിക്കെട്ട് പ്രകടനവും ഇന്ത്യക്ക് തുണയായി.
മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ ചാംപ്യൻസ് 16.2 ഓവറിൽ 150 റൺസിന് ഓൾഔട്ടായി. ഇന്ത്യയ്ക്കായി ധവാൽ കുൽക്കർണി നാല് വിക്കറ്റ് വീഴ്ത്തി. 197 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ക്യാപ്റ്റൻ ഉസ്മാൻ ഖവാജ ഗോൾഡൻ ഡക്കായി മടങ്ങി.
ആർസി ഷോർട്ടും ജോ ബേൺസും ചേർന്ന് ഓസീസ് ഇന്നിംഗ്സിന് പ്രതീക്ഷ നൽകിയെങ്കിലും മറ്റുള്ളവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. ഷോർട്ട് 28 പന്തിൽ 65 റൺസും ബേൺസ് 32 പന്തിൽ 45 റൺസും നേടി. ജൊനാഥൻ വെൽസാണ് രണ്ടക്കം കടന്ന മറ്റൊരു താരം. ഏഴ് പന്തിൽ 11 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
ഇന്ത്യ, ഓസ്ട്രേലിയ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റൻഡീസ് എന്നിവരുടെ ചാംപ്യൻസ് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. മൂന്നു മുതൽ 18 വരെ ഷാർജയിലാണ് ടൂർണമെന്റ് നടക്കുന്നത്.
Tags : LegendsCricket T20Cricket India Australia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash