കൊലപാതകം നടന്ന കരുവാറ്റയിലെ വീട്ടുപരിസരത്ത് പരിശോധനയ്ക്കെത്തിയ ഡിഐജി യതീഷ് ചന്ദ്രയും പോലീസ് സംഘവും.
ഹരിപ്പാട്: കരുവാറ്റയിൽ വയോധികനെ വാടകവീട്ടിൽ കയ്യും കാലും കെട്ടിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കരുവാറ്റ പഞ്ചായത്ത് ഒൻപതാം വാർഡിൽ മാടപ്പുറക്കൽ പാടീറ്റത്തിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (70) കൊല്ലപ്പെട്ട കേസിൽ, ബന്ധുവായ 13 വയസുകാരിയായ പെൺകുട്ടിയും കാമുകനും അടക്കം നാലംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു.
കവർന്നതിൽ കൊല്ലത്ത് വിറ്റതടക്കം ആകെ 4.5 പവൻ സ്വർണാഭരണങ്ങൾ പോലീസ് കണ്ടെടുത്തു. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയുടെ ആസൂത്രണത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമായ കൊല്ലം പരവൂർ സ്വദേശികളായ മൂന്ന് കൗമാരക്കാരാണ് കൃത്യം നേരിട്ട് നടത്തിയത്. ഇതിൽ ഒരാൾ പ്ലസ് വൺ വിദ്യാർഥിയും ഒരാൾ പ്ലസ് ടു വിദ്യാർഥിയും മൂന്നാമൻ പ്ലസ് വൺ പഠനം കഴിഞ്ഞയാളുമാണ്.
15 ന് വൈകീട്ട് പെൺകുട്ടിയുടെ പ്രേരണയിലാണ് ഈ സംഘം കരുവാറ്റയിലെത്തിയത്. വീട്ടിൽ സ്വർണമുണ്ടെന്നും പണവും സ്വർണവും അപഹരിക്കാമെന്നും പറഞ്ഞാണ് കാമുകൻ സുഹൃത്തുക്കളെ കൂട്ടി എത്തിയത്. കൂടാതെ കൊല്ലപ്പെട്ടയാൾ തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കാമുകനിൽ പെൺകുട്ടി വൈരാഗ്യം വളർത്തുകയും ചെയ്തു. ഫോൺ അമിതമായി ഉപയോഗിക്കുന്നതിനും വൈകി വീട്ടിലെത്തുന്നതിനും ശിവൻകുട്ടി വഴക്കുപറഞ്ഞിരുന്നതും കൊലപാതകത്തിന് ആക്കം കൂട്ടി.
പെൺകുട്ടിക്ക് പുതിയ ഐഫോൺ വാങ്ങുന്നതിനും കാമുകനും കൂട്ടുകാർക്കും ബൈക്ക് വാങ്ങുന്നതിനും പണം സമ്പാദിക്കുകയായിരുന്നു ഇവരുടെ പ്രധാന ഉദ്ദേശം. മകൾ ശ്രീകലയുടെ പ്രസവ ആവശ്യങ്ങൾക്കായി ഭാര്യ സരസ്വതി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലായതോടെ ശിവൻകുട്ടി വീട്ടിൽ തനിച്ചാണെന്ന വിവരം പെൺകുട്ടി കാമുകന് കൈമാറുകയായിരുന്നു. കൊല്ലത്തുനിന്ന് ട്രെയിൻ മാർഗം ഹരിപ്പാട്ടെത്തിയ മൂവർ സംഘം ഓട്ടോറിക്ഷയിലാണ് കരുവാറ്റയിലെ വീട്ടിലെത്തിയത്.
ബാത്ത്റൂമിലെ എക്സ്ഹോസ്റ്റ് ഫാൻ വെക്കുന്നതിനായുള്ള വെന്റിലേഷൻ ഭാഗത്തുകൂടി രണ്ടുപേർ അകത്തുകടക്കുകയായിരുന്നു. തുടർന്ന് വീടിന്റെ മുൻവാതിൽ തുറന്ന് പുറത്തുനിന്ന മൂന്നാമനെയും അകത്തുകയറ്റി. ഡൈനിംഗ് റൂമിലുണ്ടായിരുന്ന ശിവൻകുട്ടിയെ തറയിലിട്ട് കയ്യും കാലും പരസ്പരം വരിഞ്ഞുമുറുക്കി ബലപ്രയോഗത്തിലൂടെ ക്രൂരമായി മർദിച്ചും ശ്വാസംമുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പുവരുത്തിയ ശേഷം പെൺകുട്ടിയുടെ സഹായത്തോടെ വീട്ടിലുണ്ടായിരുന്ന സ്വർണം അപഹരിച്ചു. കൊലപാതകത്തിന് ശേഷം ശിവൻകുട്ടിയുടെ മൃതദേഹവും ദൃശ്യങ്ങളും പ്രതികൾ വീഡിയോ കോളിലൂടെ പെൺകുട്ടിക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു.
സിനിമകൾ കണ്ട പ്രേരണയിലാണ് ഡോഗ് സ്ക്വാഡിനെയും വിരലടയാള വിദഗ്ധരെയും വഴിതെറ്റിക്കാൻ വീട്ടിലുണ്ടായിരുന്ന മുളകുപൊടിയെടുത്ത് മുറികളിലും വാതിൽപ്പടികളിലും ഇവർ വിതറിയത്. രണ്ടുപേർ മുൻവാതിലിലൂടെ പുറത്തിറങ്ങിയ ശേഷം, മൂന്നാമൻ വീടിന്റെ പ്രധാന വാതിലുകൾ അകത്തുനിന്ന് പൂട്ടി വീണ്ടും എക്സ്ഹോസ്റ്റ് ഫാനിന്റെ ഭാഗത്തുകൂടി പുറത്തിറങ്ങി. തുടർന്ന് പുലർച്ചെ കെഎസ്ആർടിസി ബസ് മാർഗം പ്രതികൾ കൊല്ലത്തേക്ക് കടന്നു. അപഹരിച്ചതിൽ കുറച്ചു സ്വർണം പ്രതികൾ കൊല്ലത്ത് വിറ്റ് 16,000 രൂപ വാങ്ങിയിരുന്നു. കൃത്യത്തിൽ പങ്കില്ലെന്ന് വരുത്തിത്തീർക്കാൻ പെൺകുട്ടി പല നാടകങ്ങളും മെനഞ്ഞെങ്കിലും ചോദ്യം ചെയ്യലിൽ പോലീസ് ഇത് പൊളിച്ചടുക്കി.
പ്രതികൾ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും സൈബർ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ പിന്തുടർന്ന് കൊല്ലത്തുനിന്നാണ് 24 മണിക്കൂറിനകം പ്രതികളെ അന്വേഷണംഘം പിടികൂടിയത്. മുതിർന്ന കുറ്റവാളികളെപ്പോലെ കൃത്യം ആസൂത്രണം ചെയ്ത പ്രതികളെ കർശനമായി നിയമപരമായി നേരിടുമെന്ന് പോലീസ് വ്യക്തമാക്കി.
നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.മരണം ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. വിദേശത്തുള്ള മകൾ എത്തിയ ശേഷം സംസ്കാരം നടക്കും. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എഡിജിപി വിജയൻ, ഡിഐജി യതീഷ് ചന്ദ്ര, ആലപ്പുഴ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് എന്നിവരുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി രാജപ്പൻ, സിഐ വിനോദ്, എസ്എച്ച്ഒമാരായ നൗഷാദ്, ഷൈജ, എസ്ഐ ശ്യാം നിവാസ്, എഎസ്ഐമാരായ പ്രമോദ്, ഷിഹാബ്, പോലീസുകാരായ ശ്രീജിത്ത്, നിഷാദ് ഹരി, പ്രദീപ്, അരുൺ, സജാദ്, രഞ്ജിത്ത് ജവഹർ, അഖിൽ മുരളി, രഞ്ജിത്ത്, ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം അംഗങ്ങൾ, സൈബർ സെൽ ഉദ്യോഗസ്ഥരായ ഗിരീഷ്, ഷിബു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash