റാന്നി: കാട്ടാനശല്യം തടയാൻ വനാതിർത്തിയിൽ ചക്ക സംഭരണത്തിനൊരുങ്ങി വനം വകുപ്പ്. അടുത്ത സീസൺ മുതൽ ചക്ക പഴുക്കും മുൻപേ വനം വകുപ്പ് നേരിട്ടെത്തി ശേഖരിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.
കൃഷി വകുപ്പ് മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായും ചക്ക പഴുക്കാൻ അനുവദിക്കാതെ അത് പറിച്ചു തന്നാൽ പണം നൽകാമെന്നും നഷ്ടം വന്നാൽ സഹിച്ചോളാമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. ഇടിച്ചക്കയ്ക്ക് നിലവിൽ നല്ല ഡിമാൻഡുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കാട്ടാനയെ തടയാൻ ഇതൊക്കെയേ പരിഹാരമുള്ളൂ. കർഷകനോട് പ്ലാവ് വെട്ടിക്കളയാൻ പറയാൻ പറ്റില്ല. പ്ലാവ് ഉണ്ടെങ്കിൽ ചക്ക പഴുത്ത് കഴിഞ്ഞാൽ ആന എങ്ങനെയെങ്കിലും ഇറങ്ങും. അത് യാഥാർഥ്യമാണ്. വനം മന്ത്രിയല്ല, ആരും വന്ന് നിന്നാലും അത് തടയാനാവില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ചക്കയുടെ ശല്യം നിലനിൽക്കുമ്പോഴാണ് പ്ലാന്റേഷൻ കോർപറേഷന്റെ നേതൃത്വത്തിൽ വനഭൂമിയിൽ പൈനാപ്പിൾ കൃഷി നടക്കുന്നത്. കാട്ടാന ഇറങ്ങാൻ കാരണം ഇത്തരം രുചിക്കൂട്ടുകളാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Tags : forest department shibu baby john udf Forest division