പ്രതീകാത്മക ചിത്രം
ബെംഗളുരു: ഓണക്കാല തിരക്ക് ഒഴിവാക്കാൻ കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് 150 കെഎസ്ആര്‍ടിസി (കർണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോർട്ട് കോർപ്പറേഷന്) ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കര്‍ണാടക ഗതാഗത മന്ത്രി ബി.എസ്. ബൈരതി സുരേഷ്.
ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കാസര്‍കോട് എന്നീ ജില്ലകളിലേക്കാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഓണം ആഘോഷിക്കാനായി നാട്ടിലേക്ക് പോകുന്നവര്‍ക്കായി ഈ മാസം 21 മുതല്‍ 25 വരെയാണ് കര്‍ണാടകയില്‍ നിന്നുള്ള കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇവിടങ്ങളില്‍ നിന്ന് കര്‍ണാടകയിലേക്ക് തിരികെ പോകേണ്ടവര്‍ക്കായി 27 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലും മടക്ക സര്‍വീസുകളും ലഭ്യമാക്കിയിട്ടുണ്ട്.
സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എംപി നല്കിയ നിര്‍ദേശം പരിഗണിച്ചാണ് തീരുമാനം. ട്രെയിനുകളില്‍ ടിക്കറ്റ് ലഭ്യമല്ലാത്തതും സ്വകാര്യ ബസുകളില്‍ അമിത നിരക്ക് ഈടാക്കുന്നതും യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധിയാകുന്നത് തിരിച്ചറിഞ്ഞാണ് എംപിയുടെ ഇടപെടല്‍. ആദ്യം പ്രഖ്യാപിച്ചിരുന്നത് 60 ബസുകളായിരുന്നു.
Tags : Onam Karnataka Transport Minister 150 KSRTC buses Kerala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash