കേരള ഹൈക്കോടതി (File Photo)
കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസിലെ പ്രോസിക്യൂഷന്‍ അനുമതി ചോദ്യം ചെയ്തുകൊണ്ട് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റുമായ ആര്‍. ചന്ദ്രശേഖരനും മുന്‍ എംഡി കെ.എ. രതീഷും നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേസില്‍ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദാക്കണമെന്നും ഡിവിഷന്‍ ബെഞ്ചിലെ അപ്പീലില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ സിബിഐ നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമാണ് പ്രതികളുടെ ആവശ്യം.
തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്നും കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത് ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശം നിഷേധിക്കപ്പെട്ടെന്നും ആര്‍. ചന്ദ്രശേഖരന്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. കേസില്‍ സിബിഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് തടയണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശത്തു നിന്നും കശുവണ്ടി ഇറക്കുമതി ചെയ്തതിലെ സാമ്പത്തിക അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കെ.എ. രതീഷ് ഒന്നാം പ്രതിയും ആര്‍. ചന്ദ്രശേഖരന്‍ രണ്ടാം പ്രതിയുമാണ്. അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്ന ഉദ്യോഗസ്ഥനായ രതീഷ് ഹൈക്കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഖാദി ബോര്‍ഡ് സെക്രട്ടറി പദവി രാജിവെച്ചത്.
Tags : CashewNut Scam Accused Appeal